മംഗല്യ പ്രാപ്തിക്കും ഇഷ്ട വിവാഹലബ്ധിയും ധനു മാസത്തില്‍ ഉമാമഹേശ്വര പൂജ നടത്താം
ഉമാമഹേശ്വരന്മാരെ ആരാധിക്കാന്‍ ഏറ്റവും ഉത്തമ സമയമാണ് ധനു. ഈ മാസം ഉമാമഹേശ്വരന്മാരെ ഭജിക്കുകയും തിരുവാതിര നാളില്‍ വ്രതം അനുഷ്ഠിച്ച് ഉപവസിക്കുകയും ചെയ്താല്‍ മംഗല്യ പ്രാപ്തിയും ഇഷ്ട വിവാഹലബ്ധിയും ഉണ്ടാകും. ഒപ്പം എല്ലാ ദിവസവും ശിവപാര്‍വ്വതി ക്ഷേത്രദര്‍ശനം നടത്തുന്നത് ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കും. ധനു ശ്രീപരമേശ്വരിക്കു പ്രാധാന്യമുള്ള മാസമായതിനാലാണ് ഈ പുണ്യം ലഭിക്കുന്നത്. ധനു 29,
2025 ജനുവരി 13 തിങ്കളാഴ്ചയാണ് ഇത്തവണ ധനുമാസ തിരുവാതിര. ഉമാമഹേശ്വര പ്രധാനമായ തിങ്കളാഴ്ച ഇത്തവണ തിരുവാതിര കൂടി വരുന്നത് ഇരട്ടി ഫലം തരും.
ധനുമാസ തിരുവാതിര ഭഗവാന്റെ തിരുനാളായതിനാല്‍ ശങ്കര പാർവതിമാർ പൊതുവെ ശാന്തഭാവത്തിലും അനുഗ്രഹഭാവത്തിലുമായിരിക്കും കുടികൊള്ളുക. അതുകൊണ്ടുതന്നെ ധനു മാസത്തിൽ ചെയ്യുന്ന ഏതു വ്രതത്തിനും ഇരട്ടിഫലമാണ്. ശിവ ഭഗവാനുമൊത്ത് സന്തോഷകരമായിരിക്കുന്ന ദേവി സന്തുഷ്ടയും സന്തോഷവതിയും ആയതിനാല്‍ പെട്ടെന്ന് പ്രസാദിക്കും. ശ്രീപരമേശ്വരീ പൊതുവെ ശാന്തസ്വരൂപിണിയാണെങ്കിലും ചില അവസരങ്ങളില്‍ ആവശ്യാനുസരണം രൗദ്രഭാവം കൈക്കൊള്ളാറുണ്ട്.
നല്ല വിവാഹത്തിനും മക്കളുടെയും ഭര്‍ത്താവിന്റെയും തന്റെയും ആയൂരാരോഗ്യസൗഖ്യത്തിനും ഉമാമഹേശ്വര പൂജ, ഉമാമഹേശ്വര സ്തോത്രം ജപം എന്നിവ ഉത്തമമാണ്. ക്ഷേത്രങ്ങളില്‍ ഉമാമഹേശ്വര പൂജ നേര്‍ച്ചയായി നടത്തുന്നതാണ് എളുപ്പം.
ശിവക്ഷേത്രങ്ങളിലോ ശിവപാര്‍വ്വതിക്ഷേത്രങ്ങളിലോ വേണം ചെയ്യാന്‍. എല്ലാ ശിവപാര്‍വ്വതി ക്ഷേത്രങ്ങളിലും ഉമാമഹേശ്വരപൂജ സാധാരണ ചെയ്യാറുണ്ട്. എന്നാല്‍ ഇത് ഒരാള്‍ക്കു മാത്രമായി ക്ഷേത്രങ്ങളില്‍ ചെയ്യില്ല. അതിനാല്‍ കൂട്ടത്തിലേ ചെയ്യാന്‍ സാധിക്കൂ. ഇതിന് പണമടച്ച് രസീതാക്കിയാല്‍ മതി. ധനുമാസം മുഴുവന്‍ ദിവസങ്ങളിലും ഉമാമഹേശ്വര പൂജ ക്ഷേത്രങ്ങളില്‍ ചെയ്ത് ദേവീ ദേവന്മാരെ തൃപ്തിപ്പെടുത്തുന്നത് ഏറ്റവും അനുഗ്രഹദായകമാണ്.
ധനുമാസത്തിൽ മാത്രമല്ല എല്ലാ മാസവും തിരുവാതിര ദിനങ്ങളിൽ സുമംഗലികളും കന്യകമാരും കർശനമായും വ്രതമെടുക്കണം. ഈ ആചരണത്തിന് പല കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും ശ്രീ മഹാദേവന്റെ തിരുനാള്‍ എന്നതു തന്നെയാണ് ഏറ്റവും പ്രധാന കാരണം. ഈ ദിവസം സന്തോഷകരമായ കുടുംബജീവിതത്തിന് ദേവി തിരുവാതിര നോയ്മ്പ് എടുത്തു എന്നാണ് വിശ്വാസം.
പാലാഴി മഥനകാലത്ത് മഹാദേവന്‍ ‘ഹലാഹലം’ എന്ന വിഷം കുടിച്ചപ്പോള്‍ വിഷം ശിവൻ്റെ തൊണ്ടയ്ക്ക് താഴെ പോകാതെ ശ്രീഭഗവതി ഭഗവാനെ രക്ഷിച്ചതും തിരുവാതിര ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു.
സൃഷ്ടിയുടെ തുടക്കമെന്നോണം ഒമ്പതു ദിവ്യശക്തികളെ ശിവന്‍ തന്നിലേക്കു ലയിപ്പിച്ചതും തിരുവാതിര നാളിലായിരുന്നത്രേ. ബാലഗോപാലനെ പതിയായി കിട്ടാന്‍ പണ്ട് കാര്‍ത്ത്യായനി വ്രതമനുഷ്ഠിച്ചിരുന്നു. അതിന്റെ ഓര്‍മ്മപ്പെടുത്തലായും തിരുവാതിര വ്രതം കണക്കാക്കപ്പെടുന്നു.
പൂര്‍വ്വജന്മത്തില്‍ ഭഗവതി ദക്ഷപുത്രിയായ സതിയായിരുന്നു. ഭര്‍ത്താവിനെ നിന്ദിച്ച പിതാവിനു മുമ്പില പതിവ്രതയായ സതി സ്വയം അഗ്നിയായി വെന്തൊടുങ്ങി. അവര പുനര്‍ജനിച്ചത് ഹിമവല്‍പുത്രിയായ ശ്രീപാര്‍വ്വതിയായിട്ടാണ്. മഹേശ്വരനെ ഭര്‍ത്താവായി കിട്ടാന്‍ പഞ്ചാഗ്നി മദ്ധ്യത്തില്‍ തപസ്സ് ചെയ്ത പാര്‍വ്വതിക്ക് ഭഗവാന്‍ ദര്‍ശനം നല്‍കി സ്വയം സമര്‍പ്പിച്ചു. മംഗല്യഭാഗ്യവും ദീര്‍ഘ സുമംഗലി യോഗവും ഭക്തര്‍ക്കു നല്‍കുന്ന ഉമയ്ക്ക് ഈ സമയം സാത്വികഭാവമാണ്. ശിവനെ മാലയിട്ടു വരിക്കാന്‍ നില്ക്കുന്ന തേജോമയിയായ കന്യകാരൂപമാണ് അപ്പോള്‍ ദേവിക്ക്.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017
Story Summary: Significance of Uma Maheswara worshipping on Malayalam Month Dhanu
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved