Monday, 28 Apr 2025

വൈശാഖം മുഴുവൻ വിഷ്ണുവിനെ ഭജിച്ചാൽ ഒരു വർഷം പൂജിച്ച ഫലം

ജോതിഷി പ്രഭാ സീന സി പി

ഈശ്വരവിശ്വാസികളുടെ പുണ്യമാസമാണ് വൈശാഖം. പൂജകൾ, പ്രാർത്ഥനകൾ, ദാനങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയ്ക്കെല്ലാം അപാര ചൈതന്യവും ഫലപ്രാപ്തിയും ലഭിക്കുന്ന വൈശാഖ ദിനങ്ങളെ ഈശ്വരവിശ്വാസികൾ, പ്രത്യേകിച്ച് വിഷ്ണുഭക്തർ ശ്രേഷ്ഠമായി കാണുന്നു. സപ്താഹത്തിനും നാമജപത്തിനും തീർത്ഥാടനത്തിനും പുരാണപാരായണത്തിനും ഹോമങ്ങൾക്കും ഉത്തമമായ വൈശാഖം കർമ്മവിജയത്തിനും സംരംഭങ്ങൾ
മംഗളകരമായി സമാരംഭിക്കുന്നതിനും ഉപയോഗിക്കുന്നു. ഉപാസകർക്ക് ഇത് ഉപാസനാ ബലം കൂട്ടാൻ ആരാധന നടത്താൻ പറ്റിയ സമയമാണ്.

വൈശാഖ മാസത്തിന്റെ പ്രാധാന്യം സ്കന്ദപുരാണം, പത്മ പുരാണം തുടങ്ങിയവയിൽ വിശദമായി പ്രതിപാദിക്കുന്നു. വൈശാഖ മാസ ധർമ്മങ്ങളിൽ മുഖ്യം സ്നാനം, ജപം, ദാനം എന്നിവയാണ്. ഈ മാസം ആറ് നാഴിക പുലരുവോളം എല്ലാ നദികളിലും ജലാശയങ്ങളിലും ഗംഗ ഉൾപ്പെടെ ത്രിലോകങ്ങളിലെ എല്ലാ തീർത്ഥങ്ങളുടെയും സാന്നിദ്ധ്യമുണ്ടാകും. അതിനാൽ ഈ ദിനങ്ങളിലെ പ്രാതസ്നാനം സർവ തീർത്ഥസ്നാന ഫലമേകുന്നു.

പൗർണ്ണമിയും വിശാഖവും ഒരേ ദിവസം വരുന്ന മാസമാണ് വൈശാഖം. ചിത്തിരയും പൗർണ്ണമിയും ഒന്നിച്ചു വരുന്ന ചൈത്രമാസത്തിലെ അമാവാസി കഴിഞ്ഞാൽ വൈശാഖമാസം തുടങ്ങും. 2025 ഏപ്രിൽ 27 നാണ് ചൈത്ര അമാവാസി. അപ്പോൾ ഏപ്രിൽ 28 ന് തുടങ്ങുന്ന വൈശാഖമാസം മേയ് 27 ന് അവസാനിക്കും.  വിഷ്ണുവിന് ഏറെ പ്രിയങ്കരമായ മാസമായതിനാൽ വൈശാഖം മാധവ മാസം എന്നും അറിയപ്പെടുന്നു. മാധവനായ മഹാവിഷ്ണു ഈ മാസം മുഴുവൻ ലക്ഷ്മി ദേവിയോടൊത്ത് ഭൂമിയിൽ കഴിയുന്നു എന്നാണ് വിശ്വാസം. വൈശാഖ മാസത്തിൽ വൈഷ്ണവ പ്രധാനമായ ചില പുണ്യദിനങ്ങളുണ്ട്. ഭഗവാൻ പരശുരാമനായും ബലരാമനായും നരസിംഹമായും അവതരിച്ചത് ഈ മാസമാണ്. പരശുരാമനും ബലരാമനും അവതരിച്ചത്, സൽകർമ്മങ്ങൾക്ക് ഒരിക്കലും ക്ഷയിക്കാത്ത പുണ്യഫലം ലഭിക്കുന്ന അക്ഷയതൃതീയ നാളിലാണ്. ഈ മാസത്തിലെ ശുക്ലപക്ഷ ചതുർദ്ദശി ദിവസമാണ് നരസിംഹ ജയന്തി. വിഷ്ണുവിന്റെ മൂന്ന് അവതാരങ്ങളും വരുന്ന വൈശാഖത്തിലെ പൗർണ്ണമി ബുദ്ധപൂർണ്ണിമയും
വിനായകപൂർണ്ണിമയുമായി ആചരിക്കുന്നു.

വിഷ്ണു ഭഗവാന്റെ അഷ്ടാക്ഷരി മന്ത്രം ഓം നമോ നാരായണായ, ദ്വാദശാക്ഷരി മന്ത്രം ഓം നമോ ഭഗവതേ വാസുദേവായ, കലി സന്തരണ മന്ത്രം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നിവ വൈശാഖത്തിൽ നിരന്തരം ജപിക്കണം. കലിയുഗ ദു:ഖങ്ങൾ അനായാസം
തരണം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും ശക്തിയേറിയ ഹരേ രാമ …… മന്ത്രം വൈശാഖമാസത്തിൽ നിത്യവും ഒൻപതു തവണ ജപിച്ചാല്‍ മനോമാലിന്യങ്ങള്‍ അകന്ന്‌
മന:ശാന്തിയും വിജയവും ലഭിക്കും. മാധവമാസത്തിൽ വിഷ്ണു സഹസ്രനാമം, അഷ്ടോത്തരം, ഭാഗവതം, ഗീത എന്നിവ പാരായണം ചെയ്താൽ അഭീഷ്ടസിദ്ധി ലഭിക്കും. വൈശാഖം മുഴുവന്‍ വ്രതം നോറ്റ് കഴിയുന്ന
വിഷ്ണു ഭക്തർ ധാരാളമുണ്ട്. മാസത്തിലെ എല്ലാ ദിനങ്ങളും പുണ്യ ദിനങ്ങളായ വൈശാഖ മാസം മുഴുവൻ വിഷ്ണു പൂജ നടത്തിയാൽ വർഷം മുഴുവൻ ഉപാസിച്ച ഫലം ലഭിക്കും.

വിഷ്ണുഭക്കർക്കിടയിൽ ഏറ്റവും പ്രസിദ്ധമായ ഒരു സ്തുതിയാണ് വിഷ്ണു ശതനാമ സ്തോത്രം. വിഷ്ണു ഭഗവാനെ ഈ 100 നാമങ്ങളാൽ നിത്യവും ഭജിക്കുന്നവരുടെ ജീവിതത്തിൽ അശുഭങ്ങൾ ഉണ്ടാകാറില്ല എന്നാണ് വിശ്വാസം. വേദവ്യാസ വിരചിതമായ ഈ മധുര സ്തോത്രം
എല്ലാ ദിവസവും ജപിക്കുന്ന ഭക്തർക്ക് ചുരുങ്ങിയ സമയത്തിനകം സമ്പൽ സമൃദ്ധി, പാപമുക്തി, ഐശ്വര്യം, സന്തോഷം, ആരോഗ്യം ഇവ ലഭിക്കും
യാതൊരു വ്രതവും ഈ ജപത്തിന് നിർബന്ധമില്ല. മന്ത്രോപദേശം വേണ്ട. ഈ വൈശാഖമാസത്തിൽ എല്ലാ ദിവസവും വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് ജപിക്കുക. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണു ശതനാമ സ്തോത്രം കേൾക്കാം:

ജോതിഷി പ്രഭാ സീന സി പി
(+91 9961 442256, 989511 2028)
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email: prabhaseenacp@gmail.com)

Story Summary: Significance of Vaisakha Month

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version