ഇത് ജപിക്കുന്നവർക്ക് ചുറ്റും വാരാഹി ദേവി അഭേദ്യമായ രക്ഷാകവചം സൃഷ്ടിക്കും
മംഗള ഗൗരി
ശ്രീ ലളിതാ ദേവിയുടെ സേനാതലൈവിയാണ് അത്യുഗ്ര ശക്തിയുള്ള ശ്രീ വാരാഹി ദേവി. ശ്രീ പഞ്ചമി ദേവി എന്ന പേരിലും വാരാഹി അമ്മ അറിയപ്പെടുന്നു.
കാട്ടുപന്നിയുടെ മുഖം, സൗന്ദര്യമുള്ള യുവതിയുടെ ശരീരം. 4, 8, 16 ഇങ്ങനെ വിവിധ കൈകളോടു കൂടിയ രൂപങ്ങൾ. തൃപ്പാദങ്ങൾ രണ്ട് മാത്രം. അതിൽ അഭയം തേടിയാൽ ഏതൊരു വ്യക്തിയുടെയും ജീവിതം സുഖകരമാകും എന്നത് അനുഭവം. ഭയം, വിഷമം, തടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് എപ്പോഴും അഭയമാണ് ശ്രീ വാരാഹി ദേവി. ഭക്തരുടെ ഏറ്റവും വലിയ രക്ഷകയാണ് വാരാഹി അമ്മ. ശത്രുക്കളുടെ ശല്യവും പകയും കാരണം ജീവിതം വഴി മുട്ടിയവർ വിളിച്ചാലുടൻ വിളി കേൾക്കുന്ന ഈ ദേവീശക്തി ചഞ്ചല ചിത്തരെ മാനോധൈര്യം പകർന്ന് കരുത്തരാക്കുകയും ചെയ്യും.
സപ്ത മാതൃക്കളിൽ ഒരാളായ വാരാഹി ദേവിയെ താന്ത്രിക ക്രിയകളിൽ സാധാരണ രാത്രിയിലാണ് കൂടുതലും ആരാധിക്കുന്നത്. ഈ ദേവിയുടെ 12 ദിവ്യ നാമങ്ങൾ ശ്രീലളിതോപാഖ്യാനം 11-ാംഅദ്ധ്യായത്തിലുണ്ട്. അതാണ് ശ്രീ വാരാഹി ദ്വാദശനാമവും സ്തോത്രവും. ഈ ദ്വാദശ നാമത്തിലെ ഒരോ നാമം കൊണ്ടും ആരംഭിക്കുന്ന 12 ശ്ലോകങ്ങളാണ് ശ്രീ വാരാഹി ദ്വാദശനാമ സ്തോത്രം. ഈ സ്തോത്രം പതിവായി ജപിക്കുന്ന ഭക്തർക്ക് ചുറ്റും വജ്റ പഞ്ജരം പോലെ അഭേദ്യമായ രക്ഷാകവചം ദേവി സൃഷ്ടിക്കും. ഈ ദിവ്യ സ്തോത്രം പതിവായി ജപിക്കുന്നവരെ ഒരു ആപത്തും ദു:ഖവും ബാധിക്കില്ല. അവരെ ഒരു തരത്തിലും ആർക്കും തന്നെ തകർക്കാനും കഴിയില്ല.
ഈ ദ്വാദശ നാമവും സ്തോത്രവും നിത്യേന ജപിക്കാം. ദേവീ പ്രധാന ദിവസങ്ങളിൽ വിശേഷിച്ച് പഞ്ചമി ദിവസം ഇത് ജപിച്ചാൽ അതിവേഗം ഫലം കിട്ടുമെന്ന് പറയുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വാരാഹി ധ്യാനവും ദ്വാദശ നാമവും സ്തോത്രവും കേൾക്കാം:
വാരാഹി ദേവി പ്രധാന പ്രതിഷ്ഠയായി വരുന്ന ധാരാളം ക്ഷേത്രങ്ങൾ തമിഴ് നാട്ടിലുണ്ട്. കേരളത്തിലെ പ്രധാന
വാരാഹി ക്ഷേത്രങ്ങൾ ഇവയാണ്.
1
തിരുവനന്തപുരം, പേട്ട കല്ലുമ്മൂട് ശ്രീ പഞ്ചമി വാരാഹി ദേവി ക്ഷേത്രം.
2
തിരുവനന്തപുരം, നെടുമങ്ങാട്, വിനോദ് നഗർ കുറക്കോട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം.
3
തൃശ്ശൂർ അന്തിക്കാട് വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം.
4
കണ്ണൂർ, പട്ടുവം വടക്കേക്കാവ് വാരാഹി ക്ഷേത്രം.
5
എറണാകുളം, വടക്കൻ പറവൂർ, കെടാമംഗലം
വെളുത്താട്ടു വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം. ഇത് വാരാഹി സങ്കൽപ്പമുള്ള ക്ഷേത്രമാണ്. 108 ദുർഗ്ഗാലയങ്ങളിൽ ഒന്ന്.
6
ആലപ്പുഴ കണിച്ചു കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള കുമ്പളപ്പള്ളി വരാഹി ദേവി ക്ഷേത്രം.
സപ്തമാതാക്കളുടെ പ്രതിഷ്ഠ ഉള്ള പല ഭഗവതി ക്ഷേത്രങ്ങളിലും വാരാഹി പ്രതിഷ്ഠ കാണാം. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ ശ്രീകോവിന്റെ തുടർച്ചയായി സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഇതിൽ വാരാഹി ദേവിയുമുണ്ട്. മലപ്പുറം, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ ശ്രീകോവിലിൽ സപ്തമാതാക്കളുടെ കൂട്ടത്തിൽ വാരാഹി പ്രതിഷ്ഠ കാണാം. കണ്ണൂർ മാടായിക്കാവ് ഭഗവതി ക്ഷേത്രത്തിൽ സപ്ത മാതാക്കളുടെ കൂട്ടത്തിൽ വാരാഹി പ്രതിഷ്ഠ കാണാം. എറണാകുളം, തൃപ്പൂണിത്തുറ ആമേട സപ്തമാതാ ക്ഷേത്രത്തിലും തൃശ്ശൂർ പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിലും പത്തനംതിട്ട, പരുമല പനയന്നാർക്കാവ് ദേവി ക്ഷേത്രത്തിലും വാരാഹി സാന്നിദ്ധ്യമുണ്ട്.
Story Summary: Significance of VarahiPanchami Worshipping
Copyright 2024 Neramonline.com. All rights reserved