Wednesday, 18 Dec 2024

തൃക്കാര്‍ത്തിക ദീപം തെളിച്ച് മഹാലക്ഷ്മിയെ ഭജിച്ചാൽ അതിവേഗം ആഗ്രഹ സാഫല്യം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിവസമായ തൃക്കാര്‍ത്തിക നാളിലെ ഏതൊരു പ്രാര്‍ത്ഥനയ്ക്കും അതിവേഗം ഫലം കിട്ടും. അഭീഷ്ട വിജയത്തിനും ധനധാന്യ സമൃദ്ധിക്കും തൃക്കാര്‍ത്തിക ആചരണം നല്ലതാണ്. തലേന്നും അന്നും സസ്യാഹാരമേ കഴിക്കാവൂ. അമിതാഹാരം ഒഴിവാക്കണം. ഉച്ചക്ക് ഊണ് കഴിക്കാം. രാവിലെയും വൈകിട്ടും ലളിത ഭക്ഷണം മാത്രം.. കഴിയുമെങ്കിൽ പൂര്‍ണ്ണ ഉപവാസം നല്ലത്. ഈ രണ്ടു ദിവസവും ദേവീക്ഷേത്രദര്‍ശനം നിർബ്ബന്ധമായും നടത്തണം. ലക്ഷ്മി, ദുര്‍ഗ്ഗക്ഷേത്രങ്ങള്‍ ഉത്തമം. ഭദ്രകാളി, പാര്‍വ്വതി, തുടങ്ങിയ എല്ലാക്ഷേത്രങ്ങളും ആകാം. ദുർ ചിന്തകൾ വെടിഞ്ഞ് കഴിയുന്നത്ര പ്രാര്‍ത്ഥിക്കണം.

പാലാഴി മഥനത്തിൽ സര്‍വ്വാലങ്കാര വിഭൂഷിതയായി മഹാലക്ഷ്മി വരണമാല്യവുമായി ഉയര്‍ന്ന് വന്ന് വിഷ്ണുഭഗവാന് ചാര്‍ത്തിയ പുണ്യദിനമായാണ് തൃക്കാര്‍ത്തികയെ പറയുന്നത്. ആദിയും അന്തവും ഇല്ലാത്ത പരാശക്തി ഐശ്വര്യത്തിന്റെ പ്രതീകമായ മഹാലക്ഷ്മിയായി രൂപമെടുത്ത ദിവസം എന്ന് ഇതിനെ പറയാം. ദാരിദ്ര്യ ദു:ഖത്താൽ പരവശനായ കുചേലന് ശ്രീകൃഷ്ണന്‍ ഐശ്വര്യങ്ങള്‍ വാരിക്കോരി നല്‍കിയതും ഈ ദിവസമാണ്. തൃക്കാര്‍ത്തികയെപ്പറ്റി ധാരാളം ഐതിഹ്യങ്ങളുമുണ്ടെങ്കിലും ഏറ്റവും പ്രധാനം മഹാലക്ഷ്മി അവതാരമാണ്. 2024 ഡിസംബർ 13 വെള്ളിയാഴ്ചയാണ് ഇത്തവണ തൃക്കാർത്തിക.

വൃശ്ചികത്തിലെ പുണ്യദിനങ്ങളിൽ ഒന്നായ ഈ ദിവസം പ്രധാനമായും ലക്ഷ്മി ബീജമന്ത്രജപമാണ് ജപിക്കേണ്ടത്. ഓം ശ്രീം നമഃ എന്നതാണ് ലക്ഷ്മീ ബീജമന്ത്രം. കാർത്തിക ആചരിക്കുമ്പോൾ കഴിയുന്ന തവണ ജപിക്കുക. തുടർന്നും നിത്യേന 36 തവണ വീതം ജപിക്കുന്നത് നല്ലതാണ്. ഓം ശ്രീം മഹാലക്ഷ്‌മ്യൈ നമഃ എന്ന മന്ത്രവും കാർത്തിക ആചരണത്തോട് അനുബന്ധിച്ച് 41 തവണവീതം ചൊല്ലുക. കാർത്ത്യായനി ദേവിയുടെ തിരുനാൾ കൂടിയായ തൃക്കാർത്തിക ദിവസം ദേവീപ്രീതി നേടിയാൽ രോഗദുരിതങ്ങളും സങ്കടങ്ങളുമകന്ന്
ഐശ്വര്യവും ആഗ്രഹസാഫല്യവും ഉണ്ടാകും. ലളിതമായി ദേവീപ്രീതി നേടാനുള്ള മാർഗ്ഗമാണ് തൃക്കാർത്തിക ദിവസം സന്ധ്യയ്ക്ക് വീട്ടിലും പരിസരത്തും ദീപം തെളിച്ച് പ്രാർത്ഥിക്കുക. നിലവിളക്കിലോ മൺചൊരാതിലോ നല്ലെണ്ണ ഒഴിച്ചാണ് ദീപം തെളിക്കേണ്ടത്. നെയ്‌വിളക്ക് തെളിയിക്കുന്നതും ഐശ്വര്യമാണ്.
ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച സ്ഥലത്ത് വേണം വിളക്ക് തെളിക്കാൻ. ചെരാത് അരയാൽ ഇലയിൽ വച്ച് തെളിയിക്കുന്നതാണ് ഉത്തമം. എണ്ണയോ നെയ്യോ ഒഴിച്ച് വേണം കാർത്തിക വിളക്ക് കൊളുത്താൻ.
ഈ ദിവസം സന്ധ്യക്ക് ഉമ്മറപ്പടിക്കൽ കോലം വരച്ച് വിളക്ക് തെളിച്ചാൽ സഹോദരന് ശക്തിയും ക്ഷേമവും പ്രശസ്തിയും മാതൃഗൃഹത്തിൽ ഐശ്വര്യവും ഉണ്ടാകും. ദേവീപ്രീതിക്ക് തൃക്കാര്‍ത്തിക നാളില്‍ ക്ഷേത്രത്തിൽ ചെയ്യാവുന്ന വഴിപാടുകള്‍ താഴെ പറയുന്നു.

വഴിപാടുകള്‍
നെയ്‌വിളക്ക്………. പാപശമനം
എണ്ണദീപം…………… കാര്യസിദ്ധി
ത്രിമധുരം……………. ഭാഗ്യം തെളിയാന്‍
ലഡു…………………… ദു:ഖശാന്തി
എള്ളുണ്ട……………. ദുരിതം നീങ്ങാന്‍
പഴവര്‍ഗ്ഗങ്ങള്‍ ……..ദാമ്പത്യ ഭദ്രത
തേന്‍…………………… രോഗ ശമനം
കദളിപ്പഴം……………. ബുദ്ധി വികാസം
താമരമാല………….. ഭാഗ്യം തെളിയാന്‍
തുളസിമാല ……….. കര്‍മ്മലാഭം
പൂക്കുലമാല……. ….അലച്ചിൽ അകറ്റാൻ
മുല്ലമാല……………….കാര്യ വിജയം
ഉടയാട ചാര്‍ത്ത്….. കാര്യ സിദ്ധി

പ്രദക്ഷിണം
തൃക്കാര്‍ത്തിക ദിവസം സൂര്യോദയത്തിന് മുമ്പ് കുളിച്ച് ദേവീ ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുന്നത് ഇഷ്ടകാര്യസിദ്ധിക്ക് നല്ലതാണ്. ആവശ്യമായ സംഖ്യ പ്രദക്ഷിണം 3, 5, 7 തുടങ്ങി യഥാശക്തി ദിവസം ചെയ്യുക. പ്രതിസന്ധികള്‍ നേരിടാനും, കാര്യവിജത്തിനും ഉത്തമമാണ്. ഏകാഗ്രതയോടെ ശ്രദ്ധയോടെ നാമജപത്തോടെ ചെയ്യുന്ന പ്രദക്ഷിണം എല്ലാ ദോഷങ്ങളുമകറ്റും:

ഒരു പ്രദക്ഷിണം……..പാപശാന്തി
3 പ്രദക്ഷിണം….കാര്യസിദ്ധി
4 പ്രദക്ഷിണം… ഐശ്വര്യം
5 പ്രദക്ഷിണം… മുജ്ജന്മദോഷമുക്തി
7 പ്രദക്ഷിണം ….ശാപദോഷശാന്തി
9 പ്രദക്ഷിണം…. ശത്രു- ദൃഷ്ടിദോഷശാന്തി
12 പ്രദക്ഷിണം….. ധന -ഐശ്വര്യ അഭിവൃദ്ധി
21 പ്രദക്ഷിണം….. സര്‍വ്വകാര്യവിജയം

അഗ്നിയാണ് കാർത്തിക നക്ഷത്രത്തിന്റെ ദേവത. ദേവി അഗ്നിസ്വരൂപിണിയും അഭീഷ്ടദായിനിയും ആണ്. അതിനാലാണ് കാർത്തിക വിളക്കിന് വലിയ പ്രാധാന്യമുണ്ടായത്. തൃക്കാർത്തിക ദിവസം സന്ധ്യക്ക് ഗൃഹത്തിൽ ദീപം തെളിച്ച് പ്രാർത്ഥിച്ചാൽ തീർച്ചയായും ദേവീപ്രീതി ലഭിക്കും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+919447020655

Story Summary: Significance Thrikarthika and Karthika Deepam Lighting

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version