ശാപദൃഷ്ടിദോഷവും തീരാവ്യഥകളും മാറ്റും ചൊവ്വാഴ്ച വ്രതവും ഭദ്രകാളി ഭജനയും
മംഗള ഗൗരി
അതിശക്തമായ ശാപദോഷം, ദൃഷ്ടിദോഷം എന്നിവ മൂലം നരകതുല്യമായി ക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് ഭദ്രകാളി ഉപാസന ഉത്തമമായ പരിഹാരമാണ്. ഇവർ നിശ്ചിതകാലം ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉറപ്പായും അനുഗ്രഹദായകമാണ്.
ആദിപരാശക്തിയായ ഭഗവതിയുടെ രൗദ്രഭാവമാണ് ഭദ്രകാളി. അജ്ഞാനത്തെ ഇല്ലാതാക്കി ജ്ഞാനം സമ്മാനിച്ച് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ദേവി അവതരിച്ചത്. ഭദ്രകാളിയെ ഉപാസിക്കുന്നവർക്ക് വളരെ വേഗം ശത്രുദോഷവും ദൃഷ്ടിദോഷവും അകലും.
ചൊവ്വാഴ്ച വ്രതത്തിന് തലേദിവസം മുതൽ വ്രതം തുടങ്ങണം. മത്സ്യമാംസാദിഭക്ഷണം ഒഴിവാക്കണം. ബ്രഹ്മചര്യം പാലിക്കണം. പുല, മാസമുറ, വാലായ്മ എന്നിവയുള്ളവർ വ്രതമെടുക്കരുത്. ചൊവ്വാഴ്ച പൂർണ്ണ ഉപവാസമായി വ്രതം നോറ്റ് ഭദ്രകാളിയെ ഉപാസിക്കണം. അന്ന് രാവിലെയും വൈകിട്ടും നെയ്‌വിളക്ക് കൊളുത്തി ഭദ്രകാളിയെ യഥാശക്തി പ്രാർത്ഥനകൾ ചൊല്ലി സ്തുതിക്കണം. രണ്ട് നേരവും ദേവീക്ഷേത്രദർശനം നടത്തണം. കാളിസംബന്ധമായ അഷ്‌ടോത്തര ശതനാമ സ്തോത്രമോ സഹസ്രനാമമോ ദദ്രകാളിപ്പത്തോ ചൊല്ലുന്നത് ക്ഷിപ്രഫലസിദ്ധികരമാണ്. വ്രതദിനത്തിൽ ചുവന്ന വസ്ത്രം ധരിക്കുന്നതും ചുവന്നകുറി, പൂക്കൾ എന്നിവ ധരിക്കുന്നതും ഉത്തമമാണ്.
വ്രതം അനുഷ്ഠിക്കുന്നവർ മുഖ്യമായും ദേവിയുടെ മൂലമന്ത്രമാണ് ജപിക്കേണ്ടത്. ഇത് 336 പ്രാവശ്യം വീതം രാവിലെയും വൈകിട്ടും ജപിക്കണം. ഓം ഐം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ എന്നതാണ് മൂലമന്ത്രം. ജപിക്കാൻ മന്ത്രോപദേശം നിർബന്ധമില്ല. തെറ്റില്ലാതെ ശ്രദ്ധയോടെ ജപിക്കുക. വളരെയധികം ശക്തിയുള്ള ഈ മന്ത്രം നിത്യജപത്തിനും നല്ലതാണ്. ശത്രുദോഷം മൂലമുള്ള ദുരിതമകറ്റാൻ മാത്രമല്ല കാര്യസിദ്ധിക്കും ഈ മന്ത്ര ജപം നല്ലതാണ്. വ്രതം 12 ചൊവ്വാഴ്ച തുടർച്ചയായി അനുഷ്ഠിക്കണം.
ചൊവ്വാഴ്ച വ്രതം എടുക്കുന്നവർ ലളിതാസഹസ്രനാമം , ദേവീ മാഹാത്മ്യം, ഭദ്രകാളി അഷ്ടോത്തരം, ഭദ്രകാളിപ്പത്ത്
എന്നിവ ജപിക്കുന്നത് ഉത്തമമാണ് . തെളിഞ്ഞ മനസ്സോടെയുള്ള ഭക്തന്റെ പ്രാർഥന ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ അമ്മയുടെ കരുതൽ പോലെ ദേവിഭക്തരെ തുണയ്ക്കും.
വ്രതത്തിനൊപ്പം ദേവീ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാ പ്രാധാന്യമനുസരിച്ച് കടുംപായസം, പുഷ്‌പാഞ്‌ജലി , രക്തപുഷ്‌പാഞ്‌ജലി , ഗുരുതി , ചുവന്നപട്ട് എന്നിവ വഴിപാടായി സമർപ്പിക്കുന്നത് ശ്രേഷ്ഠമാണ്. വളരെ ശക്തിയുള്ള മന്ത്രങ്ങളാണ് ഭദ്രകാളി ഉപാസനാ വിധികളിലുള്ളത്. ഭദ്രകാളി മന്ത്രങ്ങൾ ചിട്ടയോടെയും നിഷ്ഠയോടെയും ജപിച്ചാൽ വളരെ വേഗം ഫലം ലഭിക്കും. സാത്വിക ഭാവത്തിലൂടെ ആറു മാസം കൊണ്ടും രജോഗുണഭാവത്തിലൂടെ മൂന്നു മാസം കൊണ്ടും തമോഗുണഭാവത്തിലൂടെ ഒരു മാസം കൊണ്ടും ദേവിയെ പ്രീതിപ്പെടുത്താം. ഭദ്രകാളി പ്രീതിക്ക് വേണ്ടി സാധാരണക്കാർക്ക് എളുപ്പം ചെയ്യാവുന്ന കാര്യം ക്ഷേത്രങ്ങളിൽ വഴിപാട് നടത്തി പ്രാർത്ഥിക്കുകയാണ്.
ഭദ്രകാളിപ്പത്ത് കേൾക്കാം :
Story Summary: Significance Tuesday Fasting and Bhadra Kali Worshipping
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved