Saturday, 11 Jan 2025

പാർവതീ പരിണയത്തിൽ ശിവന് 3 അവതാരം; ജടിലൻ, നർത്തനൻ, സാധു

ബ്രഹ്മശ്രീ പി എം ദാമോദരൻ നമ്പൂതിരി
ശ്രീ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെപ്പറ്റിയും അംശാവതാരങ്ങളെക്കുറിച്ചും മിക്കവർക്കും അറിയാം. പക്ഷേ മഹാദേവന്റെ അവതാരങ്ങളെപ്പറ്റിയും ശൈവാശമുള്ള മൂർത്തികളെക്കുറിച്ചും അത്ര വലിയ ധാരണയില്ല. ശിവൻ്റെ അവതാരങ്ങൾ അല്ലെങ്കിൽ ഭാവങ്ങൾ എന്നതിനെക്കാൾ ഈ ദേവതകൾ പലതിനും എതാണ്ട് സ്വതന്ത്രമായ പരിവേഷമാണ് കാണുന്നത്. പരമശിവന് 16 അവതാരങ്ങള്‍ ഉള്ളതായി പുരാണങ്ങള്‍ പറയുന്നു. ഇതില്‍ പരമേശ്വരന്റെ ഒന്‍പത് അവതാരങ്ങള്‍ക്ക് വളരെ പ്രധാന്യം കല്‍പ്പിക്കുന്നുണ്ട്. ഇതൊന്നും അല്ലാത്ത ചില ഭാവങ്ങളും അവതാരങ്ങളും ഭഗവാൻ ഒരോരോ സന്ദർഭങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്. അതിൽ പാർവതി പരിണയവുമായി ബന്ധപ്പെട്ട് ഭഗവാനെടുത്ത ജടിലാവതാരം, നർത്തനാവതാരം, സാധു ദ്വിജാവതാരം, എന്നിവയെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

പാർവ്വതിയെ പരീക്ഷിക്കാൻ
അവതരിച്ച ജടിലൻ

ശിവനെ ഭർത്താവായി ലഭിക്കാൻ പാർവ്വതി കഠിനമായ തപസ്സനുഷ്ഠിക്കുകയുണ്ടായി. ഗ്രീഷ്മത്തിൽ പഞ്ചാഗ്നിമദ്ധ്യത്തിലും ശിശിരത്തിൽ കഴുത്തുവരെ ജലത്തിൽ മുങ്ങിയും മറ്റുമായിരുന്നു ആ തീവ്രതപസ്സ്.
സ്വാഭവികമായി കൊഴിഞ്ഞു വീഴുന്ന ഇല മാത്രം ഭക്ഷിക്കുന്ന, തപസ്സിൻ്റെ പരമകാഷ്ടയിൽ ചെയ്യുന്ന
അവസ്ഥയിൽ വരെ ദേവിയെത്തി. അങ്ങനെ തപസ്സ് വഴി ജീവൻ പോലും വെടിയാൻ തുനിഞ്ഞതിലൂടെ പാർവ്വതിക്ക് അപർണ്ണ എന്ന പേരു വരെ ലഭിച്ചു. ഈ തീവ്ര തപസ്സു മൂലം ദിക്കുകൾ തപിച്ചു തുടങ്ങി. ആ അവസരത്തിൽ ഭഗവാൻ ശിവശങ്കരൻ പാർവ്വതിക്ക് തന്നിലുള്ള പ്രേമവും വിശ്വാസവും പരീക്ഷിച്ച് ഉറപ്പിക്കാൻ ജടാധാരിയായ ഒരു ബ്രഹ്മചാരിയുടെ വേഷത്തിൽ പാർവ്വതിയുടെ തപോവനത്തിൽ എത്തി. അപ്പോൾ ഭഗവാൻ സ്വീകരിച്ച അവതാരമാണ് ജടിലൻ. അതിഥിയായി വന്ന ബ്രഹ്മചാരിയെ ദേവി ഭക്തി ബഹുമാനപൂർവം സ്വീകരിച്ച് സൽക്കരിച്ചു. അന്വോന്യം കുശലം പറയുമ്പോൾ തപസ്സിൻ്റെ ഉദ്ദേശം എന്താണെന്ന് ജടിലൻ പാർവ്വതിയോട് ചോദിച്ചു. ശിവനെ ഭർത്താവായി ലഭിക്കുന്നതിന് വേണ്ടി ആണെന്നായിരുന്നു മറുപടി. അതു കേട്ട ബ്രഹ്മചാരി ശിവപത്നി പദം ആഗ്രഹിച്ചാണ് ഈ തപസ്സെങ്കിൽ അതു നിർത്തുകയാണ് നല്ലതെന്ന് ഉപദേശിച്ചു. തൻ്റെ വാദം സമർത്ഥിക്കാൻ ജടിലൻ ശിവൻ്റെ കുറ്റവുകൾ പെരുപ്പിച്ച് പറഞ്ഞു. പാർവതി ദേവി ഈ വാക്കുകൾ ഓരോന്നും യുക്തിയുക്തം ഖണ്ഡിച്ച് ശിവ ഭഗവാൻ്റെ ഗുണഗണങ്ങൾ വർണ്ണിച്ചു. എന്നിട്ടും ബ്രഹ്മചാരി ശിവനിന്ദ തുടർന്നപ്പോൾ അദ്ദേഹത്തെ അതിൽ നിന്ന് തടയുവാൻ തോഴിയോട് നിർദ്ദേശിച്ച ശേഷം ദേവി അവിടം വിട്ടു പോകാൻ ഒരുങ്ങി. അത്തരുണത്തിൽ ജടിലൻ സാക്ഷാൽ ശിവരൂപം സ്വീകരിച്ച് പാർവ്വതിയുടെ കരം ഗ്രഹിച്ച് എവിടേയ്ക്ക് പോകുന്നുവെന്ന് ചോദിച്ച് തടഞ്ഞു. അന്നുതൊട്ട് താൻ അവളാൽ തപസ്സു കൊണ്ട് വാങ്ങപ്പെട്ട ദാസനായി തീർന്നുവെന്നും ഭഗവാൻ പറഞ്ഞു. ദേവി ആനന്ദത്താൽ നിൽക്കാനും നടക്കാനും പറ്റാത്ത അവസ്ഥയിലായി.

പാർവ്വതിയെ വധുവായി
ചോദിക്കാൻ നർത്തനാവതാരം

തപസ്സു കൊണ്ട് ദേവി വാങ്ങിയ ദാസനാണ് താനെന്ന് ശിവൻ പറഞ്ഞപ്പോൾ ദേവി പറഞ്ഞത് തൻ്റെ പിതാവിൻ്റെ അടുത്തുചെന്ന് മകളെ ഭിക്ഷയായി ചോദിക്കണം എന്നായിരുന്നു. ഇത്രയും പറഞ്ഞ് പാർവ്വതി ഹിമവാൻ്റെ അരികിലേക്കും ശിവൻ കൈലാസത്തിലേക്കും പോയി. പ്രിയപുത്രി കാര്യസാദ്ധ്യത്തോടെ വരുന്നുവെന്നറിഞ്ഞ ഹിമവാനും പത്നി മേനയും വളരെയധികം സന്തോഷിച്ചു. ഹിമവാൻ സ്നാനത്തിനായി പോയ സമയത്ത് ഭഗവാൻ ശിവൻ ഒരു നർത്തകൻ്റെ വേഷത്തിൽ മേനയുടെ സമീപം വന്ന് ഉടുക്കുകൊട്ടി കുഴലൂതി നടനം തുടങ്ങി. നടനം കണ്ട് സന്തോഷിച്ച മേനസമ്മാനമായി രത്നങ്ങൾ കൊടുക്കാൻ തുനിഞ്ഞപ്പോൾ നർത്തകൻ അത് നിരസിച്ച് പുത്രിയായ പാർവ്വതിയെ ഭാര്യയായി കൊടുക്കുവാൻ ആവശ്യപ്പെട്ടു. അതു കേട്ട് കോപം പൂണ്ട മേന ഹിമവാനോട് വിവരം പറഞ്ഞു. രാജ സേവകർ നർത്തകനെ അവിടെ നിന്നും അകറ്റാൻ ശ്രമിച്ചപ്പോൾ അയാൾ ആദ്യം വിഷ്ണുരൂപവും, പിന്നീട് ബ്രഹ്മരൂപവും സൂര്യരൂപവും സ്വീകരിച്ചു. ഒടുവിൽ നർത്തകൻ സാക്ഷാൽ ശിവ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഗിരിജയെ ഭിക്ഷയായി ചോദിച്ചു. ഹിമവാനും മേനയും സന്തോഷപൂർവം പുത്രിയെ ശിവന് വിവാഹം കഴിച്ചു കൊടുക്കാൻ തയ്യാറായി. ഇതാണ് നർത്തനാവതാരം.

ദേവന്മാർക്ക് വേണ്ടി ശിവനെ
നിന്ദിക്കാൻ സാധു ദ്വിജ അവതാരം

ശ്രീ പരമേശ്വരൻ പാർവ്വതി ദേവിയെ പരിണയിക്കും എന്ന് വന്നപ്പോൾ ദേവന്മാരുടെ ഭയം മറ്റൊന്നായി മാറി. ഹിമവാൻ തൻ്റെ പുത്രിയെ ഭഗവാന് കൊടുത്ത് അവർ രുദ്രലോകത്ത് താമസമാക്കിയാൽ ഭൂമിയിൽ പർവ്വത രാജൻ ഹിമവാൻ ഇല്ലാതാകുമെന്നായിരുന്നു അവരുടെ ഭയം. അവരെല്ലാം കൂടി ഗുരുവായ ബൃഹസ്പതിയെ സമീപിച്ച് തങ്ങളുടെ ആശങ്ക അറിയിച്ച ശേഷം ഹിമാലയത്തിലേക്ക് പോകാൻ തങ്ങളുടെ കൂടെ വരണം എന്ന് ആവശ്യപ്പെട്ടു. ഹിമവാൻ്റെ മുന്നിൽ പോയി ശിവനിന്ദ നടത്തി അതിലൂടെ ഹിമവാൻ്റെ ശിവഭക്തി ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിന് തന്നെ കിട്ടില്ലെന്നും ബ്രഹ്മാവിനെ പോയി കണ്ട് വിവരം പറയുകയാണ് ഉചിതമെന്നും പറഞ്ഞ് ദേവ ഗുരുപിന്മാറി. എന്നാൽ ബ്രഹ്മാവിനാൽ അത് സാദ്ധ്യമല്ലെന്ന് കണ്ട ദേവന്മാർ കൈലാസത്തിൽ തന്നെ പോയി ചന്ദ്രശേഖരനെ കണ്ട് ആശങ്ക ധരിപ്പിച്ചു. ഭഗവാൻ അതു കേട്ട മാത്രയിൽ ഒരു സാധു ബ്രാഹ്മണൻ്റെ വേഷത്തിൽ ഹിമവാനെ സമീപിച്ച് ശിവനെ നിന്ദിക്കുന്ന രീതിയിൽ പലതും പറഞ്ഞു. എന്നിട്ടും ഫലം ഉണ്ടായില്ല. ഹിമവാൻ പുത്രിയെ ശിവന് തന്നെ വിവാഹം ചെയ്തു കൊടുത്തു. പരമേശ്വരൻ ശൈലപുത്രിയെ വിവാഹം ചെയ്തത് ലോകവാസികളിൽ പരമാനന്ദമുളവാക്കി. ഇങ്ങനെ ദേവന്മാരുടെ ഇംഗതത്തിനായി സ്വയം നിന്ദിക്കാനായി അവതരിച്ച ശിവനാണ് സാധുദ്വിജൻ.

(തിരുമാന്ധാംകുന്ന് ക്ഷേത്രം മേൽശാന്തിയും മാണിക്യപുരം അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രിയുമാണ്
ലേഖകൻ പി എം ദാമോദരൻ നമ്പൂതിരി. മൊബൈൽ: 98479 59749
, വിലാസം: പന്തലക്കോട്ടത്ത് മനയ്ക്കൽ
ദാമോദരൻ നമ്പൂതിരി, അങ്ങാടിപ്പുറം, മലപ്പുറം – 679321 )

Story Summary: Story of three incarnations of Lord Shiva took during Sri Parvati Parinayam

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version