Tuesday, 3 Dec 2024

തുലാമാസത്തിൽ തുളസി പൂജയ്ക്ക് തുളസി നാമാഷ്ടകം ജപിക്കണം

ഭാഗവത സപ്താഹ ആചാര്യൻ
പള്ളിക്കൽ സുനിൽ

ലോകം വിശുദ്ധ സസ്യമായി കാണുന്ന ചെടിയാണ് തുളസി. മഹാവിഷ്ണുവിന്റെ പത്‌നിയായ മഹാലക്ഷ്മി തന്നെയാണ് തുളസിച്ചെടിയായി രൂപാന്തരം പ്രാപിച്ചത് എന്ന് വേദവ്യാസവിരചിതമായ ദേവീ ഭാഗവതത്തിൽ വിശദീകരിക്കുന്നു. ആ കഥ ഇങ്ങനെ:

ശാപകോലാഹലം കലഹം
ഗംഗയും ലക്ഷ്മിയും സരസ്വതിയും ആദ്യകാലത്ത് മഹാവിഷ്ണുവിന്റെ ഭാര്യമാരായിരുന്നു. ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി ജനിക്കട്ടെയെന്ന് ഒരിക്കൽ സരസ്വതി ശപിച്ചു. ഇതു കേട്ടു നിന്ന ഗംഗ സരസ്വതിയെ ശപിച്ച് നദിയാക്കി. അതിനുപകരം ഗംഗ നദിയായി ഭൂമിയിൽ ഒഴുക്കട്ടെ എന്ന് സരസ്വതിയും ശപിച്ചു. ശാപകോലാഹലം തീന്നപ്പോൾ മഹാവിഷ്ണു ലക്ഷ്മിയെ അടുത്ത് വിളിച്ച് അല്ലയോ ദേവീ കാലഗതിക്കനുസരിച്ച് ഇങ്ങനെയെല്ലാം സംഭവിച്ചു എന്നേയുള്ളൂ. നീ സങ്കടപ്പെടരുത് നീ ഭൂമിയിൽ പോയി ധർമ്മധ്വജന്റെ ഗൃഹത്തിൽ അയോനിജയായി ജനിച്ച് അവന്റെ പുത്രിയായി വളരുക. അവിടെ നിന്ന് നീ ദേവയോഗം നിമിത്തം ത്രിലോകങ്ങളെ പരിശുദ്ധമാക്കുന്ന ചെടിയായിത്തീരും. ആ ചെടിക്ക് തുളസി എന്നു പേരുണ്ടാകും. നീ തുളസി എന്ന പേരിൽ ധർമ്മധ്വജന്റെ പുത്രിയായി കഴിഞ്ഞു കൂടുന്ന കാലഘട്ടത്തിൽ എന്റെ അംശമായി ശംഖചൂഡൻ എന്ന പേരോടുകൂടിയ ഒരു അസുരൻ ജനിക്കും. ആ അസുരൻ നിന്നെ ഭാര്യയായി സ്വീകരിക്കും. അതിനുശേഷം നിനക്കു ഇങ്ങോട്ടു തന്നെ പോരാം. എന്ന് അരുളി ചെയ്തു. അങ്ങനെ ധർമ്മധ്വജ രാജാവിന് മാധവി എന്ന ഭാര്യയിൽ ലക്ഷ്മി ദേവിയായി പ്രവേശിച്ച ചൈതന്യം തുളസിയായി ജനിച്ചു. തുല – ഉപമ – ഇല്ലാത്തവൾ എന്നാണ് തുളസി എന്ന വാക്കിന്റെ അർത്ഥം.

തുളസി ഗണ്ഡകി നദിയായി
അതേ സമയം സുദാമാവെന്ന ഗോപാലൻ ശംഖചൂഡൻ എന്ന അസുരനായി ജനിക്കുകയും വിഷ്ണു കവചം സമ്പാദിച്ച് തുളസിയെ വിവാഹം ചെയ്തു. കുറെക്കാലം കഴിഞ്ഞ് പരമശിവൻ ശംഖചൂഡന്റെ അടുത്തെത്തി യുദ്ധം ചെയ്ത് ശംഖചൂഡനെ വധിച്ചു. മഹാവിഷ്ണു തുളസിയുടെ അടുത്തെത്തി ശാപമോക്ഷം നൽകുകയും ചെയ്തു. തുളസിയുടെ ശരീരം ദ്രവിച്ച് ഗണ്ഡകി എന്ന പുണ്യനദിയാകുമെന്നും തലമുടിയും രോമങ്ങളും ലോകത്തിൽ തുളസിച്ചെടിയായി തീരുമെന്നും തുളസീദളം മൂന്നു ലോകത്തിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായ പുഷ്പമായിത്തീരുമെന്നും മഹാവിഷ്ണു അനുഗ്രഹിച്ചു. തുടർന്ന് ലക്ഷ്മീരൂപത്തിൽ തുളസി മഹാവിഷ്ണുവും ഒന്നിച്ചു വൈകുണ്ഠത്തിലേക്കു പോയി എന്ന് ദേവീ ഭാഗവതം നവമസ്‌കന്ധത്തിൽ പതിനഞ്ചാം അദ്ധ്യായം വരെ വിശദമായി പ്രതിപാദിക്കുന്നു. (ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ വിവർത്തനം)

ഈ സമയത്ത് തുളസിദളം ഇറുക്കരുത്
സംക്രാന്തി ദ്വാദശിക്കും കറുത്ത വാവിനും വെളുത്തവാവിനും തുളസീ ദളം ഇറുക്കരുത്. ശരീരത്തിൽ എണ്ണ തേച്ചിരിക്കുമ്പോഴും ഉച്ച, സന്ധ്യ, രാത്രി നേരങ്ങളിലും തുളസിദളം ഇറുക്കരുത്. അഴുക്ക് വസ്ത്രം ഉടുത്തും ശരീരശുദ്ധി ഇല്ലാത്തപ്പോഴും പുലയുള്ളപ്പോഴും തുളസിദളം ഇറുത്താൽ മഹാവിഷ്ണുവിന്റെ ശിരസ് മുറിക്കുന്നതിന് തുല്യമാണെന്നും ദേവീ ഭാഗവതം പറയുന്നു.

തുളസി നാമാഷ്ടകം
തുളസിയുടെ എട്ടു നാമങ്ങൾ ചേർന്ന നാലുവരിയാണ് തുളസീനാമാഷ്ടകം. ഈ അഷ്ടകം തുളസി വിവാഹ പൂജ നടക്കുന്ന കാർത്തിക മാസത്തിലെ പ്രഥമ മുതൽ ദ്വാദശി വരെ 12 ദിവസവും രാവിലെയും വൈകിട്ടും ജപിക്കുന്നത് ശ്രേഷ്ഠമാണ്. ഇത്തവണത്തെ തുളസീപൂജാ അവസാനം
നവംബർ 13 ബുധനാഴ്ചയാണ്. തുളസിനാമാഷ്ടകം:

വൃന്ദ, വൃന്ദാവനീ വിശ്വ-
പൂജിതാ വിശ്വപാവനീ
നാന്ദിനീ പുഷ്പസാരാഖ്യ
തുളസീ കൃഷ്ണ ജീവനി

വിഷ്ണു ഭഗവാന്റെ അവതാരമായ ശ്രീകൃഷണനും ലക്ഷ്മീ ദേവിയുടെ അവതാരമായ വിശുദ്ധ സസ്യം തുളസിയും തമ്മിൽ വിവാഹിതരായ സുദിനം എന്ന സങ്കല്പത്തിലാണ് കാർത്തിക മാസത്തിലെ ദ്വാദശി നാൾ, തുളസി വിവാഹപൂജയായി ആഘോഷിക്കുന്നത്. ദാമ്പത്യ ക്ഷേമത്തിനും മംഗല്യ ഭാഗ്യത്തിനും തുളസി വിവാഹപൂജ ആചരിക്കുന്നത് ഉത്തമാണ്.

പള്ളിക്കൽ സുനിൽ
+91 9447310712, + 91 9745741117

Story Summary : Story of Thulasi Devi , Thulasi Vivaham

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version