Wednesday, 18 Sep 2024

സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ഭജിച്ചാൽ ചൊവ്വാദോഷ ക്ലേശങ്ങൾ മാറ്റാം

മംഗള ഗൗരി
ജാതകത്തിലെ ചൊവ്വാ ദോഷത്തിനും ചൊവ്വാ ദശയും അപഹാരവും മൂലമുണ്ടാകുന്ന ക്ലേശങ്ങൾ മാറ്റുന്നതിനും
സുബ്രഹ്മണ്യഭജനവും കാളീ ഭജനവും വഴിപാടുകളും പ്രധാനമാണ്. ലഗ്‌നാലോ ചന്ദ്രാലോ അതായത് ലഗ്‌നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ 2 (ധനം) 4 (കുടുംബം) 7 (ദാമ്പത്യം) 8 (നിധനം) 12 (വ്യയം) എന്നീ സ്ഥാനങ്ങളിൽ ചൊവ്വ വരുന്നത് ദോഷകരമാണ്. അതിന്റെ ദോഷപരിഹാരത്തിനും അനുകൂല സ്ഥാനത്തുള്ള ചൊവ്വയെ കൂടുതൽ അനുകൂലനാക്കാനും സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ഭജിക്കുന്നതിനൊപ്പം അംഗാരകവ്രതം നോൽക്കുന്നതും നല്ലതാണ്. ചൊവ്വയുടെ മറ്റ് പേരുകളാണ് അംഗാരകൻ, കുജൻ, മംഗളൻ ഇവയെല്ലാം.

വളരെയധികം ക്ഷമയുള്ള ഭൂമിദേവി ഐശ്വര്യദായിനിയും വരദായിനിയും കൃപാകരിയും എല്ലാമാണ്. ഈ ഭൂമിയിൽ മനുഷ്യർ എന്തെല്ലാം അധർമ്മങ്ങളും തെറ്റുകളുമാണ് കാണിക്കുന്നത്. എന്നാൽ ഭൂമിദേവിയായ അമ്മ അതെല്ലാം ക്ഷമിക്കുന്നു. അങ്ങനെയുള്ള ഭൂമിദേവിയുടെ പുത്രനായ ചൊവ്വയെ വേണ്ട ഭക്തിയോടെ ശ്രദ്ധയോടെ ഭജിച്ചാൽ ചൊവ്വാദോഷ ശമനം പെട്ടെന്നുണ്ടാകും. ചൊവ്വാദോഷമുള്ളവർക്ക് അതേ ദോഷമുള്ള ജാതകമേ ചേരുകയുള്ളൂ. അതു പെട്ടെന്നു കിട്ടുകയില്ല. അതാണ് വിവാഹതടസവും താമസവും സൃഷ്ടിക്കുന്നത്. ചൊവ്വാ ദോഷമുള്ളവരും ദശ നടക്കുന്നവരും അതിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഇനിപ്പറയുന്ന ആരാധനാരീതികൾ നടത്തി ഫലസിദ്ധി ഉറപ്പാക്കണം. ചൊവ്വാദശയുള്ളവർ ചൊവ്വദശ തീരുന്നതുവരെയും ജാതകത്തിൽ ദോഷസ്ഥാനങ്ങളിൽ ചൊവ്വ നിൽക്കുന്നതുവരെയും ചൊവ്വയുടെ മൂലമന്ത്രം, അംഗാരക ഗായത്രി തുടങ്ങിയവ നിശ്ചിത തവണ ദിവസവും രാവിലെയും വൈകിട്ടും അല്ലെങ്കിൽ ഏതെങ്കിലും ഒരുനേരം മാത്രമെങ്കിലും ജപിക്കണം.

മൂലമന്ത്രം
ഓം ഹ്രീം ശ്രീം മംഗളായ നമഃ

അംഗാരകഗായത്രി
അംഗാരകായ വിദ്മഹേ
ഭൂമിപുത്രായ ധീമഹി
തന്നോ ഭൗമ: പ്രചോദയാത്:

അംഗാരകന്റെ 21 നാമങ്ങൾ
മംഗളോ ഭൂമിപുത്രശ്ച
ഋണഹർത്താ ധനപ്രദ:
സ്ഥിരാസനോ മഹാകായ
സർവ്വകർമ്മാ വരോധക:
രോഹിതോ ലോഹിതാ ക്ഷശ്ച
സാമഗാനാം കൃപാകര:
ധരാത്മജ:കുജോ ഭൗമോ
ഭൂതി ദോ ഭൂമിനന്ദന:
അംഗാരകോയമശ്‌ചൈവ
സർവരോഗാപഹാരക:
വൃഷ്ടി കർത്താച ഹർത്താച
സർവകാമഫലപ്രദ:

അംഗാരക സ്തോത്രം
സത്ത്വം യസ്യ പ്രസാദാദ്
ഭവതിതനുമതാ
മപ്രകമ്പ്യം വീപത്‌സു
സ്ഫുർജദ്‌വൈരി
പ്രപഞ്ചത്രുടന പടുതര-
പ്രക്രമോ വിക്രമശ്ച
ചിത്രാകല്പ പ്രദീപ്താകൃതി
രതിസുകുമാര:
കുമാരോ ധരണ്യാ
നിത്യാനന്ദായ ഭൂയാ
ദുരു ദുരിതവനാം
ഗാരകോംഗാരകോന:
യോ വക്രഗതി മാപന്നോ
(നവഗ്രഹസേ്താത്രം)

അംഗാരക വ്രതം
അംഗാരക വ്രതം ആരംഭിക്കുന്നത് മാർഗ്ഗശീർഷ മാസത്തിലോ (വൃശ്ചികം) വൈശാഖത്തിലോ(മേടം, ഇടവം) ആണ്. ചൊവ്വാഴ്ച തോറും ഈ വ്രതം അനുഷ്ഠിക്കണം. അരുണോദയത്തിൽ നിത്യാനുഷ്ഠാനം കഴിഞ്ഞ് ചുവന്ന വസ്ത്രങ്ങൾ ധരിച്ച് ചെമ്പുതട്ടത്തിൽ രക്താക്ഷതങ്ങളും രക്തപുഷ്പങ്ങളും രക്തചന്ദനവും മറ്റും വച്ച് പൂജയാരംഭിക്കുന്നു. അംഗാരകനെ ത്രികോണപീഠത്തിൽ തെക്കോട്ട് ദർശനമാക്കി ഇരുത്തേണ്ടതാണ്. അംഗാരകധ്യാനം ഒരു നിശ്ചിത തവണ വ്രത ദിവസം ജപിക്കണം :

അംഗാരകധ്യാനം
അസൃജമരുണവർണ്ണം രക്തമാല്യാംഗരാഗം
കനകകമല മാലാമാലിനം വിശ്വവന്ദ്യം
അതിലളിത കരാഭ്യാം ബിഭ്രതം ശക്തിശൂലേ
ഭജത ധരണി സൂനും മംഗളം മംഗളാനാം
ഓം ഹ്രീം ശ്രീം മംഗളായ നമഃ
ഓം അംഗാരകായ നമഃ

റ്റി.കെ.രവീന്ദ്രൻനാഥൻപിള്ള ,
+91 9539491281


Story Summary : Subramanya and Bhadrakali worshipping; Astrological remedy for Malefic Mars

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version