Sunday, 13 Oct 2024

വിഷ്ണു സഹസ്രനാമ ജപത്തിൻ്റെ മഹാത്മ്യംഷിർദ്ദി ബാബ ബോദ്ധ്യപ്പെടുത്തിയ കഥ

ശിവ നാരായണൻ
ഈശ്വരനാമ ജപത്തിൻ്റെ ശക്തി അതുല്യവും വിവരണാതീതവുമാണ്. അത് എല്ലാ പാപങ്ങളിൽ നിന്നും ദുർവ്വിചാരങ്ങളിൽ നിന്നും ഭക്തരെ രക്ഷിച്ച് ആഗ്രഹ സാഫല്യവും ജനനമരണ മുക്തിയും നൽകുന്നു. സാധാരണക്കാർക്ക് ഈശ്വരോപാസനയ്ക്ക് ഇതിലും എളുപ്പമുള്ള മറ്റൊരു മാർഗ്ഗമില്ല. നിരന്തരമായ നാമജപം
ഭക്തരുടെ മനസ്സിനെ വിമലീകരിക്കുകയും അവരുടെ ബുദ്ധിശക്തിയെ പ്രകാശിപ്പിക്കുകയും ചെയ്യും. ജപത്തിന്
പ്രത്യേകിച്ച് മുന്നൊരുക്കങ്ങളും അചാരാനുഷ്ഠാനങ്ങളും ഒന്നും തന്നെ ആവശ്യമില്ല. ദേവീ നാമമായാലും ശിവ നാമമായാലും വിഷ്ണു നാമമായാലും അതിൻ്റെ ശക്തി അമൂല്യമാണ്. ഈ മഹാത്മ്യം ശ്രീ ഷിർദ്ദി സായിബാബ ബോദ്ധ്യപ്പെടുത്തിയ ഒരു സംഭവം ഭഗവാന്റെ ലീലകൾ വിവരിക്കുന്ന സായിസച്ചരിതത്തിൽ പറയുന്നുണ്ട്:

ഋഷി രാമദാസിന്റെ ഒരു അനുയായി ഷിർദ്ദിയിൽ വന്ന് കുറച്ചുകാലം താമസിച്ചു. അയാൾ രാവിലെ എഴുന്നേറ്റ്
പ്രഭാത കൃത്യങ്ങൾ നിർവഹിച്ച് കാവി വസ്ത്രം ധരിച്ച് ഭസ്മം പൂശി ഭക്തിപൂർവ്വം വിഷ്ണു സഹസ്രനാമവും ആദ്ധ്യാത്മരാമായണവും വായിക്കുമായിരുന്നു. ഇത് കണ്ട് ബാബ പ്രിയ ശിഷ്യൻ ശാമയെ വിഷ്ണു സഹസ്രനാമം പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. ഒരു ദിവസം ബാബ രാമദാസിയെ വിളിച്ച് തനിക്ക് വയറ്റിൽ വേദനയാണെന്നും സുന്നാമുക്കി കഴിക്കണമെന്നും അങ്ങാടിയിൽ പോയി വാങ്ങിക്കൊണ്ടു വരണമെന്നും പറഞ്ഞു.

രാമദാസി വായന നിർത്തി അങ്ങാടിക്ക് പോയി. ബാബ ഉടൻ തന്നെ രാമദാസി വായിച്ചു കൊണ്ടിരുന്ന വിഷ്ണു സഹസനാമം എടുത്ത് തൻ്റെ സ്ഥാനത്തു വന്നിരുന്ന് ശാമയോട് പറഞ്ഞു: ” ശാമ ഈ പുസ്‌തകം വളരെ അമൂല്യവും ശക്തിമത്തുമാണ്. ഞാൻ ഇത് നിനക്ക് സമ്മാനിക്കുന്നു. നീ അത് വായിക്കു. ഒരിക്കൽ ഞാൻ അത്യധികം വേദനയനുഭവിച്ച് ഹൃദയം തളരാൻ തുടങ്ങി, ജീവൻ തന്നെ അപകടത്തിലായ സമയത്ത് ഈ ഗ്രന്ഥം നെഞ്ചത്തടക്കി പിടിച്ചപ്പോൾ എന്തൊരു സമാധാനമാണ് ലഭിച്ചതെന്ന് അറിയാമോ. അള്ളാഹുതന്നെ ഇറങ്ങി വന്ന് രക്ഷിച്ചു എന്നു ഞാൻ കരുതി. അതുകൊണ്ടിത് ഞാൻ നിനക്ക് തരുന്നു. സാവധാനം കുറച്ചുകുറച്ചായി വായിക്കുക. ഒരു ദിവസം ഒരു നാമമെങ്കിലും വായിക്കുക. അത് നിനക്ക് ഗുണം ചെയ്യും.”

ഇത് കേട്ടതും തനിക്കത് വേണ്ടെന്ന് ശാമ പറഞ്ഞു. അതിൻ്റെ ഉടമ രാമദാസി ഒരു കോപിഷ്ഠനും പിടിവാശിക്കാരനുമായതിനാൽ ശണ്ഠക്കു വരുമെന്നും, തനിക്ക് ദേവനാഗരി അക്ഷരങ്ങൾ നന്നായി വായിക്കാൻ കഴിയില്ലെന്നും ശ്യാമ കൂട്ടിച്ചേർത്തു.

ശാമ വിചാരിച്ചത് തന്നെ രാമദാസിയുമായി തല്ലിക്കാൻ ബാബ നോക്കുകയാണെന്നാണ്. അയാളെ ബാബ
എങ്ങനെ കരുതുന്നു എന്നയാൾക്കറിഞ്ഞുകൂടായിരുന്നു. വിഷ്ണു സഹസ്രനാമമായ ദിവ്യാഭരണം ശാമയുടെ കഴുത്തിൽക്കെട്ടി പാമരനെങ്കിലും തനിക്ക് പ്രിയങ്കരനായ ശ്യാമയെ ജീവിതദുഃഖങ്ങളിൽ നിന്ന് എങ്ങനെയും രക്ഷിച്ച് ഈശ്വരസായൂജ്യം നൽകാനാണ് ബാബ ശ്രമിച്ചത്.

ഭഗവദ് നാമജപത്തിൻ്റെ ശക്തി വിശ്രുതമാണ്. എല്ലാ പാപങ്ങളിൽ നിന്നും ദുർവ്വിചാരങ്ങളിൽ നിന്നും അത്
നമ്മെ രക്ഷിച്ച് ജനനമരണങ്ങൾ ഇല്ലാതാക്കുന്നു. ഇതിലും എളുപ്പമായ മറ്റൊരു സാധനാ മാർഗ്ഗമില്ല. അത് മനസ്സ് ശുദ്ധിയാക്കാനും ഏറ്റവും പറ്റിയതാണ്. അത് ജപിക്കാൻ ചടങ്ങുകളും ഒരുക്കങ്ങളും ഒന്നും ആവശ്യമില്ല. അത് വളരെ എളുപ്പവുമാണ്. ശാമ വിഷ്ണു സഹസ്രനാമ ജപം ശീലിക്കണമെന്നായിരുന്നു ബാബയ്ക്ക്. അതിനാലാണ് ബാബ അയാളെ നിർബന്ധിച്ചത്. ഏകനാഥ് മഹരാജ് ഒരു അയൽവാസി ബ്രാഹ്മണനെ വിഷ്ണു സഹസ്രനാമം നിർബന്ധിച്ചു വായിപ്പിച്ച് കഷ്ടപ്പാടിൽ നിന്ന് രക്ഷിച്ചതായി കേട്ടിട്ടുണ്ട്. വിഷ്ണുസഹസ്രനാമം വായിക്കുക, പഠിക്കുക മനഃശുദ്ധി വരുത്താനുള്ള തുറന്ന വഴിയായതിനാലാണ് ബാബ ശാമയെ നിർബന്ധിച്ചത്.

രാമദാസി സുന്നാമുക്കിയുമായി വേഗം മടങ്ങി വന്നു. അന്നാചിൻചാനിക്കർ അപ്പോൾ അവിടെ ഉണ്ടായിരുന്നു. അയാൾ നാരദന്റെ പണിയെടുത്ത് സംഭവിച്ചതെല്ലാം രാമദാസിയോട് പറഞ്ഞു. രാമദാസി കോപിച്ച് ശാമയെ ശകാരിക്കാൻ തുടങ്ങി. ശാമയുടെ ആവശ്യപ്രകാരമാണ് ബാബ തന്നെ മരുന്ന് വാങ്ങാൻ അയച്ചതെന്നും അങ്ങനെ പുസ്തകം കരസ്ഥമാക്കിയതാണെന്നും അയാൾ ശാമയെ കുറ്റപ്പെടുത്തി. പുസ്‌തകം ഉടൻ കിട്ടിയില്ലെങ്കിൽ അയാൾ ശാമയുടെ മുന്നിൽവെച്ച് തന്നെത്താൻ തല തല്ലിപ്പൊളിക്കുമെന്ന് പറഞ്ഞു. പലരും സമാധാനിപ്പിച്ചിട്ടും ഫലമുണ്ടായില്ല. അപ്പോൾ ബാബ ദയാപൂർവ്വം അയാളോട് പറഞ്ഞു: ” രാമദാസി, നിങ്ങൾക്കെന്താണ് പറ്റിയത് ? എന്തിനാണിത്ര കോപിക്കുന്നത് ? ശാമ നമ്മുടെ കുട്ടിയല്ലെ എന്തിനാണവനെ ഇങ്ങനെ ചീത്തപറയുന്നത് ? എന്താണ് നിങ്ങളിങ്ങനെ ലഹളകൂട്ടുന്നത് ? നിങ്ങൾക്ക് സൗമ്യമായും മധുരമായും സംസാരിക്കാനറിഞ്ഞുകൂടെ ? ഈ പുണ്യ പുസ്‌തകങ്ങൾ നിത്യവും വായിച്ചിട്ടും മനസ്സ് പരിശുദ്ധമാവാതെയും കോപം അടക്കാൻ വയ്യാതെയും ആണല്ലോ നിങ്ങളെ കാണുന്നത് ? എന്തു രാമദാസിയാണ് നിർമ്മമനായിരിക്കണ്ടേ നിങ്ങൾ ? ശരിയായ രാമദാസിക്ക് മമതയില്ലാതെ എല്ലാവരോടും സമതയാണുണ്ടാവേണ്ടത്. ഒരു പുസ്‌തകത്തിനു വേണ്ടി നിങ്ങൾ ശാമയോട് ശണ്ഠ കൂടുന്നു. പോയി അവിടെ ഇരിക്കൂ. പണം കൊടുത്താൽ വേണ്ടത്ര പുസ്‌തകം കിട്ടും. പക്ഷെ മനുഷ്യനെ കിട്ടില്ല. നല്ല പോലെ ആലോചിച്ച് ദാക്ഷിണ്യം കാണിക്കൂ. ശാമയ്ക്ക് ആ പുസ്തകം വേണ്ടായിരുന്നു. ഞാനതെടുത്ത് കൊടുത്തതാണ്. ശാമ അത് വായിച്ചു നന്നാവുമെന്ന് കരുതി ഞാൻ കൊടുത്തു.

ബാബയുടെ സൗമ്യവും ദയാർദ്രവും അമൃത തുല്യവുമായ വാക്കുകളുടെ ഫലം വിസ്‌മയാവഹമായിരുന്നു. രാമദാസി ഉടൻ ശാന്തനായി. അതിന് പകരം തനിക്ക് പഞ്ചരത്നഗീത കിട്ടിയാൽ മതി എന്ന് ശാമയോട് പറഞ്ഞു.

“എന്തിന് ഒന്ന്. പത്തു കോപ്പികൾ പകരം തരാം ” എന്ന് ശാമ പറഞ്ഞു. അങ്ങനെ കാര്യങ്ങൾ ഒത്തു തീർപ്പായി.
പിന്നീട് ശാമ വിഷ്ണുസഹസ്രനാമം പഠിച്ച് അർത്ഥം മനസ്സിലാക്കുക മാത്രമല്ല പുന എഞ്ചിനീയറിംഗ് കോളേജ് പ്രൊഫ. നാർക്കെ എം എ യ്ക്ക് വിവരിച്ച് കൊടുക്കാൻ പോലും അയാൾക്ക് കഴിഞ്ഞു. ഹൃദയത്തിൽ ഞാനുള്ളപ്പോൾ എന്തിന് ഭയപ്പെടണം എന്ന് സ്വന്തം ഭക്തരോട് പറയുന്ന ഷിർദ്ദി സായിനാഥൻ ഭക്തരെ കാത്തു രക്ഷിക്കുക മാത്രമല്ല അവർക്ക് വേണ്ടത് അറിഞ്ഞ് നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതിന് ഇതുപോലെ എത്രയെത്ര സംഭവങ്ങൾ പറയാനുണ്ട്. ഭൗതിക ജീവിതത്തിന് വേണ്ടതും മാനസികമായ കരുത്തിന് ആവശ്യമുളളതും യാതൊരു തടസ്സവും കൂടാതെ തന്ന് ബാബ അനുഗ്രഹിക്കും. ഇത് ഭക്തിയും വിശ്വാസവുമുളള ഭക്തരുടെ അനുഭവമാണ്.

ഈ ലോകത്ത് നിന്നും ഷിർദ്ദി ബാബ ഭൗതിക ദേഹം ഉപേക്ഷിച്ച് പോയിട്ട് ഈ വിജയദശമി ദിവസം, 2024 ഒക്ടോബർ 13 ന് 106 സംവത്സരമാകും. എന്നിട്ടും ബാബയുടെ ദിവ്യസന്നിധിയായ ഷിർദ്ദിയിലേക്ക് ഭക്തജന പ്രവാഹത്തിന് ഒരു കുറവും ഇല്ല. നാല് കോടിയോളം ഭക്തരാണ് പ്രതിവർഷം ഷിർദ്ദിയെന്ന പുണ്യഭൂമിയിൽ എത്തുന്നത് . പ്രതിദിനം 70, 000 മുതൽ ഒരു ലക്ഷം വരെയാണ് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ
ഷിർദ്ദിയിലെത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന പുണ്യസ്ഥലങ്ങളിൽ മുന്നിൽ ഷിർദ്ദിയുണ്ട്.

1918 ലെ വിജയദശമി നാളിലായിരുന്നു ബാബയുടെ ദിവ്യ സമാധി. ശരീരം ഉപേക്ഷിച്ച് പോയാലും എപ്പോഴും തന്റെ ഭക്തരുടെ കൂടെയുണ്ടാകുമെന്ന് ബാബ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ബാബയുടെ ദിവ്യ സാന്നിദ്ധ്യം കോടിക്കണക്കിന് ഭക്തരുടെയും അനുഭവമാണ്. ഉറച്ച വിശ്വാസവുമുള്ള സായിഭക്തരുടെ ആഗ്രഹങ്ങളെല്ലാം നടക്കും. ജീവിത വിജയം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ബാബയുടെ പാദാരവിന്ദങ്ങളിൽ അഭയം തേടുകയാണ്.
അനുകമ്പയുടെയും ആശ്രിതവാത്സല്യത്തിന്റെയും അത്ഭുതങ്ങളുടെയും ഘോഷയാത്രയാണ് സമാധിക്ക്
ശേഷവും ഷിർദ്ദിബാബയുടെ ചൈതന്യം സമ്മാനിക്കുന്നത്.

ലോകമെമ്പാടുമുള്ള ആയിരത്തി ഇരുന്നോറോളം ഷിർദ്ദിബാബ ക്ഷേത്രങ്ങളിൽ കോടിക്കണക്കിന് ഭക്തർ തികഞ്ഞ ഭക്തിവിശ്വാസത്തോടെ വിജയദശമി നാളിൽ മഹാസാമാധി പൂജ നടത്തുന്ന ഈ പുണ്യ വേളയിൽ നമുക്ക് എല്ലാ സങ്കടങ്ങളും മോഹങ്ങളും സായിനാഥന്റെ പാദങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കാം. കർമ്മ നിരതരാകാം. എല്ലാത്തിനും ബാബ പോംവഴി കാണും.

ഓം സായി നമോ നമഃ
ശ്രീസായി നമോ നമഃ
ജയ് ജയ് സായി നമോ നമഃ
സദ്ഗുരു സായി നമോ നമഃ

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ
ആലപിച്ച ഷിർദ്ദി സായി ബാബ
അഷ്ടോത്തരം കേൾക്കാം :

Story Summary: The devotees of Sai Baba are now celebrating the 106 th anniversary of the Maha Samadhi of Shirdi Sai Maharaj Baba on 13th October 2023

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version