Monday, 25 Nov 2024

ശിവഭക്തി ചന്ദ്രന് അലങ്കാരം; മൂന്നാം പിറ തൊഴുതാൽ മഹാഭാഗ്യം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ദക്ഷപ്രജാപതിയുടെ 27 പുത്രിമാരാണ് 27 നക്ഷത്രങ്ങള്‍. ഇവരെ ദക്ഷന്‍ ചന്ദ്രന് വിവാഹം കഴിച്ചുകൊടുത്തു. പക്ഷേ രോഹിണിയോട് മാത്രമേ ചന്ദ്രന് ശരിയായ പ്രേമം, ഉണ്ടായുള്ളൂ, ഇതില്‍ മറ്റ് ഭാര്യമാർ ദുഃഖിതരായി. അവര്‍ പിതാവ് ദക്ഷനെ കണ്ട് ചന്ദ്രന്റെ പക്ഷപാതം അറിയിച്ചു. ദക്ഷന്‍ ചന്ദ്രനെ വിളിച്ചു വരുത്തി ഉപദേശിച്ചു. എങ്കിലും ചന്ദ്രന്റെ പെരുമാറ്റത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല. ഇത് പലയാവര്‍ത്തിയായപ്പോള്‍ കുപിതനായ ദക്ഷന്‍ ചന്ദ്രനെ ക്ഷയിച്ചു പോകട്ടെ എന്ന് ശപിച്ചു.

ക്രമേണ പൂര്‍ണ്ണ പ്രകാശമുള്ളവനും സദാശോഭയോടെ നില്ക്കുന്നവനുമായ ചന്ദ്രന്‍ ക്ഷയിച്ച് ക്ഷയിച്ച് പൂർണ്ണ അന്ധകാരത്തിലായി. തുടർന്ന് ചന്ദ്രന്റെ അഭാവത്തില്‍ ഔഷധികളും സസ്യങ്ങളും ക്ഷയിച്ചുതുടങ്ങി. ദേവന്മാര്‍ തപസ്വിയായ ദക്ഷനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.

ശാപം നിലനിര്‍ത്തി ശാപമോക്ഷം

സരസ്വതി നദിയില്‍ സ്‌നാനം ചെയ്താല്‍ പാപം മാറുമെന്നും അന്ധകാരത്തിലാണ്ട ചന്ദ്രന്റെ തേജസ്‌ ഓരോ ദിവസവും കൂടികൂടി വരുമെന്നും ദക്ഷന്‍ പറഞ്ഞു. മാസത്തില്‍ ഒരു ദിവസം ചന്ദ്രന് പൂര്‍ണ്ണപ്രകാശവും തേജസ്സും ലഭിക്കുമെന്നും അതിലൂടെ പ്രകൃതിയും ഔഷധവും, സസ്യങ്ങളും സംരക്ഷിക്കപ്പെടുമെന്നും ദക്ഷന്‍ പറഞ്ഞു. മാസത്തില്‍ 14 ദിവസവും തേജസ്സ് കുറഞ്ഞു കുറഞ്ഞ് 15 –ാം നാളില്‍ പൂര്‍ണ്ണക്ഷയം ഉണ്ടാകുമെന്നും ദക്ഷന്‍ അറിയിച്ചു. ശാപം നിലനിര്‍ത്തി ലഭിച്ച ശാപമോക്ഷം കാരണമാണ് അമാവാസിയും പൗര്‍ണ്ണമിയും ഉണ്ടാകുന്നത്. കറുത്തവാവില്‍ വ്രതം പാലിച്ച് തീര്‍ത്ഥസ്‌നാനം നടത്തിയതു കൊണ്ടാണ് ചന്ദ്രന് തുടര്‍ന്നുള്ള പതിനഞ്ച് നാളുകളില്‍ തേജസ്സ് ലഭിക്കുക എന്നര്‍ത്ഥം.

മൂന്നാംപിറ ദർശനം ധനസമൃദ്ധിയേകും
ഇതുപോലെ കറുത്ത പക്ഷത്തിനും ചന്ദ്രന്റെ കറുത്തഭാഗത്തിനും പിതൃക്കളുമായി ബന്ധത്തെപ്പറ്റി ഒരു ഐതിഹ്യമുണ്ട്. ദക്ഷശാപത്താല്‍ ദുഃഖിതനായ ചന്ദ്രന്‍ ദക്ഷശത്രുവായ ശിവന്റെ പരമഭക്തനായി മാറി. ചന്ദ്രന്റെ ഭക്തിയില്‍ പ്രീതനായ ശിവന്‍ എന്ത് വരം വേണമെന്ന് ചോദിച്ചു. ദക്ഷന്റെ ശാപവും അത് കാരണം സംഭവിച്ച
15 ദിവസത്തെ ക്ഷയാവസ്ഥയും അമാവാസിയിലെ പൂര്‍ണ്ണമായ ക്ഷയവും വളരെ അപമാനമാണെന്നും അതില്‍ നിന്നും മോചനമാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ചന്ദ്രന്‍ പറഞ്ഞു. ഋഷിയും, തപസ്വിയും, ബ്രഹ്മപുത്രനുമായ ദക്ഷന്റെ ശാപം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയില്ലെന്ന് ശിവന്‍ അരുളി ചെയ്തു. എന്നാല്‍ ദക്ഷവിരോധിയായ ശിവന്‍ ദക്ഷന്റെ ശാപം ചന്ദ്രന് അലങ്കാരമാകട്ടെയെന്ന് ഭഗവാൻ അനുഗ്രഹിച്ചു. എന്നിട്ട് അമാവാസി കഴിഞ്ഞ് ക്ഷയത്തിൽ നിന്നും മുക്തനായി വരുന്ന തൃതീയ ചന്ദ്രരൂപം അതായത് മൂന്നാംപിറയിലെ ചന്ദ്രക്കല ശിവന്‍ ശിരസ്സിലേറ്റി. തുടർന്ന് ഈ ദിവസത്തെ ചന്ദ്രോദയത്തിന് സവിശേഷ പ്രാധാന്യവും കൈവന്നു. അങ്ങനെ മൂന്നാം പിറ കാണൽ മഹാഭാഗ്യമായി മാറി. ആ ചന്ദ്രദർശനം ശിവകടാക്ഷമായിത്തീർന്നു. അങ്ങനെ മൂന്നാം പിറ കണ്ട് ചന്ദ്രനെ തൊഴുത് എന്ത് ആഗ്രഹിച്ച് പ്രാർത്ഥിച്ചാലും അത് അതിവേഗം സഫലമാകും എന്ന് വിശ്വസിക്കുന്നു. പോരാത്തതിന് മൂന്നാം പിറ കണ്ടാൽ പൂർവ്വജന്മ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും. അത് വഴി ധനസമൃദ്ധിയും ഭാഗ്യവും ഐശ്വര്യവും ലഭിക്കും. ശിവൻ ചന്ദ്രക്കലാധരനായതോടെ ഭദ്രകാളിയും, ദുര്‍ഗ്ഗയും, ഗണപതിയും ചന്ദ്രന്റെ അപൂര്‍ണ്ണരൂപത്തെ അലങ്കാരമായി ശിരസ്സില്‍ ധരിച്ചു.

ചന്ദ്രവൃദ്ധിക്ഷയം ഒരേപോലെ പവിത്രം

ഇത് ചന്ദ്രന്റെ യശ്ശസ്സുയര്‍ത്തി. ചന്ദ്രനെ നോക്കിക്കൊണ്ട് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകള്‍ പെട്ടെന്ന് ഫലിക്കട്ടെ എന്നും വെളുത്തപക്ഷത്തിലെ ചന്ദ്രനിലൂടെ ദേവകളെയും കറുത്തപക്ഷത്തിലെ ചന്ദ്രനിലൂടെ പിതൃക്കളെയും പ്രാര്‍ത്ഥിക്കാമെന്നും ശിവൻ അരുളി ചെയ്തു. ചന്ദ്രന്റെ കറുത്ത അംശം പിതൃഭാഗമായും വെളുത്തഭാഗം ദേവഭാഗമായും കണക്കാക്കപ്പെടുമെന്നും വരം നല്കി. ഇതിലൂടെ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ഒരേപോലെ പവിത്രമായി അംഗീകരിക്കപ്പെട്ടു തുടങ്ങി. കറുത്തപക്ഷം എന്ന 15 ദിനം പിതൃക്കളുടെ പകല്‍ സമയമാണ്. ഈ സമയം ചന്ദ്രമണ്ഡലത്തിലിരുന്ന് പിതൃക്കള്‍ തര്‍പ്പണം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം ആചാരപരമായ എല്ലാ കാര്യങ്ങള്‍ക്കും പല കഥകളും ഐതിഹ്യങ്ങളും ഉണ്ടാകാം. പ്രമുഖമായ ഐതിഹ്യം ഇതാണെന്നേയുള്ളൂ.

അമാവാസി ദാനം, ഫലം
വസ്ത്രദാനം …………….ധനലാഭത്തിന്
ഫലവര്‍ഗ്ഗദാനം ………..രോഗശാന്തിക്ക്
ധാന്യം …………………….. ശാപദോഷശാന്തി
എണ്ണ ………………………. പാപശമനം
നെയ്യ്……………………….. ഐശ്വര്യത്തിന്
ശര്‍ക്കര ………………….. രോഗശാന്തി
എള്ള് ……………………….പാപശാന്തിക്ക്
പശു …………………………മുന്‍ജന്മ ദുരിതശാന്തി
സ്വര്‍ണ്ണം ……………………ഭാഗ്യം തെളിയുന്നതിന്
വെള്ളി ………………………ജന്മാന്തര ദുരിത ശാന്തി
രുദ്രാക്ഷമാല …………… ഗുരുശാപ ശാന്തിക്ക്
പട്ടുവസ്ത്രങ്ങള്‍ ………ഭൗതികസുഖസമൃദ്ധിക്ക്

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655

Story Summary: The Relationship between Lord Shiva and Lord Chandra; Why Seeing Moonampira is very Auspicious

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version