സ്വർണ്ണം വാങ്ങാൻ ലക്ഷ്മി കടാക്ഷം ലഭിക്കുന്ന 4 ദിനങ്ങളിൽ ഒന്ന് ദീപാവലി
മംഗള ഗൗരി
സ്വർണ്ണം വാങ്ങുന്നതിന് ഒരു വർഷത്തിൽ നാല് ദിവസങ്ങൾ ശുഭകരമായി ഭാരതീയർ കരുതുന്നു. അക്ഷയ തൃതീയ, വിജയദശമി, ഗുഡി പഡ് വ , ദീപാവലി എന്നിവയാണ് ഈ ദിവസങ്ങൾ. ഏറ്റവും പരിശുദ്ധവും യാതൊരു അശുദ്ധിയും തീണ്ടാത്തതുമായ ലോഹമാണ് സ്വർണ്ണമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ സ്വർണ്ണത്തിന് മതപരവുമായ ചടങ്ങുകളിൽ പവിത്രമായ പ്രാധാന്യമുണ്ട്. ഒരു വ്യക്തിയെ മാനസികമായും ഭൗതികമായും ബാധിക്കാവുന്ന എല്ലാത്തരം പ്രതികൂലതകളെയും എരിച്ചുകളയുന്ന അഗ്നിയുടെ ഊർജ്ജത്തിൽ നിന്നും രൂപം കൊള്ളുന്ന, അതിൽ സ്ഫുടം ചെയ്തെടുക്കുന്ന സ്വർണ്ണം അവർക്ക് എപ്പോഴും സർവ രക്ഷാകരമായ കവചമാണത്രേ . ഏത് ദിവസവും സ്വർണ്ണം വാങ്ങാമെങ്കിലും, വർഷത്തിലെ നാല് ദിവസങ്ങളിൽ സ്വർണ്ണം വാങ്ങുന്നത് തീർത്തും ഐശ്വര്യകരമാണെന്നാണ് വിശ്വാസം.
1 ദീപാവലി
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ദീപാവലി സ്വർണ്ണം വാങ്ങാൻ ഏറെ ഉത്തമ ദിവസമായി കണക്കാക്കുന്നു. ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മിദേവി ഭക്തരുടെ ഗൃഹങ്ങളിലെത്തി അനുഗ്രഹം ചെരിയുന്ന ദിവസം എന്ന സങ്കല്പത്തിൽ ഉത്തര ഭാരതത്തിൽ ലക്ഷ്മീപൂജയ്ക്ക് വിശേഷപ്പെട്ട ദിവസമായി ദീപാവലി സങ്കല്പിക്കുന്നു. മഹാലക്ഷ്മീ വ്രതമെടുത്ത് ഈ ദിവസം ലക്ഷ്മീപൂജ നടത്തുന്നവർ സ്വർണ്ണം, വെള്ളി, പുതിയ പാത്രങ്ങൾ എന്നിവ വാങ്ങുക ഏറെ ഐശ്വര്യകരമായും സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് ഉത്തമമായും കരുതുന്നു. ദീപാവലി ആഘോഷത്തിന് തുടക്കം കുറിക്കുന്ന ധൻ തേരസ് ദിനവും സ്വർണ്ണം
വാങ്ങാൻ വിശേഷകരമായാണ് സങ്കല്പിക്കുന്നത്.
ധൻതേരസ് ദിവസം ധന്വന്തരിയെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. ഹിമ രാജാവിന്റെ പതിനാറ് വയസ്സുള്ള മകന്റെ കഥയാണ് ഈ ആഘോഷത്തിന് പിന്നിലെ ഐതിഹ്യം. വിവാഹം കഴിഞ്ഞ് നാലാം ദിവസം
മകൻ പാമ്പ് കടിയേറ്റ് മരിക്കുമെന്ന് പ്രവചിക്കപ്പെട്ടു. ഈ പ്രവചനത്തിൽ കുലുങ്ങാതെ മിടുക്കിയായ ഭാര്യ, ഭർത്താവിന്റെ ജീവൻ രക്ഷിക്കാനുള്ള വഴി തേടി. ആ പ്രത്യേക ദിവസം ഭർത്താവിനെ ഉറങ്ങാൻ അവൾ അനുവദിച്ചില്ല. അവൾ സ്വന്തം ആഭരണങ്ങളും സ്വർണ്ണം, വെള്ളി നാണയങ്ങളും ശേഖരിച്ച് അവന്റെ കിടപ്പുമുറിയുടെ വാതിൽക്കൽ ഒരു കൂമ്പാരം തീർത്തു. മുറിയാകട്ടെ എല്ലായിടവും വിളക്ക് കത്തിച്ച് പ്രകാശ സാഗരമാക്കി. അവിടെ സർപ്പ രൂപത്തിൽ എത്തിയ മരണദേവനായ യമന്റെ കണ്ണുകൾ വിളക്കുകളുടെയും ആഭരണങ്ങളുടെയും പ്രഭയിൽ മഞ്ഞളിച്ചു. യമന് ഒന്നും കാണാനും മുറിയിൽ പ്രവേശിക്കാനും കഴിഞ്ഞില്ല, രാത്രി മുഴുവൻ കാത്തു കിടന്ന ശേഷം സമയം പുലരും മുൻപ് മടങ്ങിപ്പോയി. അങ്ങനെ പ്രവചനത്തെ മറികടന്ന് അവൾ തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിച്ചു, അന്നുമുതൽ ഈ ദിനം ധൻതേരസായി ആഘോഷിച്ചു വരുന്നു.
2 അക്ഷയ തൃതീയ
വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിന്റെ മൂന്നാം ദിവസമാണിത്. ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ അക്ഷയ തൃതീയ കൊണ്ടാടുന്നു. അക്ഷയ പദത്തിന്റെ അര്‍ത്ഥം ക്ഷയം ഇല്ലാത്തത് , കുറയാത്തത് അല്ലെങ്കില്‍ നശിക്കാത്തത്, അനശ്വരമായ സത്കര്‍മ്മഫലം നല്കുന്നത് എന്നാണ്. പൊതുവെ പുണ്യം ക്ഷയിക്കാത്ത ദിവസമായി അക്ഷയതൃതീയയെ കരുതാം. സൂര്യനും, ചന്ദ്രനും അവരവരുടെ ഉച്ചരാശിയില്‍ സഞ്ചരിക്കുമ്പോള്‍ വന്നുചേരുന്ന ഈ ശുഭദിനത്തില്‍ ശേഖരിക്കുന്ന ഏത് വസ്തുക്കള്‍ക്കും മെച്ചപ്പെട്ട ഫലം ലഭിക്കും. വസ്ത്രം, അന്നം, ആഭരണം, തുടങ്ങി ഏതു വസ്തു ഈ ദിവസം ശേഖരിക്കുന്നുവോ ആ വസ്തുവിന് പിന്നീട് അവർക്ക് ഒരു കുറവുണ്ടാകില്ല. സ്വര്‍ണ്ണാഭരണം വാങ്ങുന്നതും അക്ഷയതൃതീയയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രാധാന്യം ഉണ്ടാകാൻ കാരണം ഇതാണ്.
3 വിജയദശമി
അശ്വിനി മാസത്തിലെ ശുക്ലപക്ഷത്തിന്റെ പത്താം ദിവസമാണിത്. സെപ്തംബറിലോ ഒക്ടോബറിലോ ഇത് കൊണ്ടാടുന്നു. തിന്മയ്ക്ക് മേൽ നന്മ വിജയം കൈവരിച്ച ഈ ദിവസം സ്വർണ്ണം വാങ്ങാൻ ശുഭകരമാണ്. വിജയ നക്ഷത്രം ഉദിക്കുന്ന വിജയദശമി നാളിൽ ദേവി ദുർഗ്ഗൻ എന്ന അസുരനെ വധിച്ചെന്നും അങ്ങനെ ദേവി ദുർഗ്ഗയായി എന്നും വിശ്വസിക്കുന്നു. വിജയം നേടാൻ ആരംഭിക്കുന്ന എല്ലാക്കാര്യങ്ങളും ഈ ദിവസമാണ് തുടങ്ങേണ്ടത്. സമൃദ്ധികരമായ എല്ലാ വിഷയങ്ങൾക്കും വിജയദശമി ദിവസം നല്ലതാണ്. അതിനാലാണ് സ്വർണ്ണം
വാങ്ങാൻ വിജയ ദശമി അഥവ ദസ് റ ഉത്തമം.
4 ഗുഡി പഡ് വ
ചൈത്ര മാസത്തിലാണ് ഗുഡി പഡ് വ ആചരിക്കുന്നത്. ശുക്ലപക്ഷത്തിന്റെ ആദ്യദിവസമാണിത്. സാധാരണ മാർച്ചിലോ ഏപ്രിലിലോ ഈ ആഘോഷം വരുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും വടക്കേ ഇന്ത്യയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കർണാടകത്തിലും പുതുവർഷമായി ഗുഡി പഡ് വ കൊണ്ടാടുന്നു.
Story Summary: The significance of gold at Dewali and Dhanteras
Copyright 2024 Neramonline.com. All rights reserved