Friday, 14 Feb 2025

അർജ്ജുനന് പാശുപതാസ്ത്രം സമ്മാനിച്ച ശിവൻ്റെ കിരാതാവതാരം

ബ്രഹ്മശ്രീ പി എം ദാമോദരൻ നമ്പൂതിരി

പാശുപതാസ്ത്രം ലഭിക്കുന്നതിന് തപസ്സനുഷ്ഠിച്ച
അർജ്ജുനനെ പരീക്ഷിക്കുന്നതിനു വേണ്ടി മഹാദേവൻ സ്വീകരിച്ചതാണ് കിരാതാവതാരം. ഭഗവാൻ പാർവ്വതി സമേതനായി കാട്ടാളനും കാട്ടാളത്തിയായും വേഷം ധരിച്ച് അർജ്ജുനനെ പരീക്ഷിച്ച് ഉള്ളിലുള്ള ഗർവ്വം തീർത്ത് ദിവ്യാസത്രവും വരവും നൽകി അനുഗ്രഹിച്ചു എന്നാണ് ഒരു കഥ. മഹാഭാരതത്തിലാണ് ഭഗവാൻ പാർവതിദേവീ സമ്മേതനായി ഭക്താനുഗ്രഹത്തിന് പ്രത്യക്ഷപ്പെട്ടു എന്ന ഐതിഹ്യമുള്ളത്. എന്നാൽ ശിവപുരാണത്തിൽ ശിവൻ തന്റെ സേവകന്മാരായ ഭൂതഗണങ്ങളോടൊപ്പമാണ് അർജ്ജുന സവിധത്തിൽ എത്തുന്നത്. ഭൂതഗണങ്ങളും കിരാതവേഷധാരികളാണ്.

ദുര്യോധനാൽ കള്ളച്ചൂതിൽ പരാജിതനായ പാണ്ഡവർ അക്ഷയപാത്രത്തിൻ്റെ സഹായം കൊണ്ട് സ്വൈരമായി കഴിഞ്ഞു പോന്നു. അവർ ദ്വൈതവനത്തിൽ വസിക്കവേ ദുര്യോധനാൽ പ്രേരിതനായ ദുർവ്വാസാവ് മുനി അവിടെ എത്തപ്പെട്ടു. പാഞ്ചാലിയുടെ ഭക്ഷണം കഴിഞ്ഞതിനാൽ അക്ഷയപാത്രം ശൂന്യമായി. ഭക്ഷണം കഴിക്കാനായി എത്തപ്പെട്ട ദുർവ്വാസാവും ശിഷ്യന്മാരും സ്നാനത്തിന് പോയി. മടങ്ങിയെത്തുമ്പോൾ എങ്ങനെ ഭക്ഷണം നൽകുമെന്നാലോചിച്ച് പാഞ്ചാലി ധർമ്മസങ്കടത്തിലായ ഘട്ടത്തിൽ ഭക്തവത്സലനായ ശ്രീകൃഷ്ണ ഭഗവാൻ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു. അക്ഷയപാത്രത്തിൽ
അവശേഷിച്ച ചീര പാഞ്ചാലി നൽകി. അത് കഴിച്ചപ്പോൾ മഹർഷിക്കും ശിഷ്യന്മാർക്കും വയറു നിറയെ ഭക്ഷണം കഴിച്ചതുപോലെ അനുഭവമുണ്ടായി. തൃപ്തരായി അവർ മടങ്ങി വരാതെ വന്നിടത്തേക്കു തന്നെ തിരിച്ചു പോയി.

അനന്തരം ശ്രീകൃഷ്ണൻ്റെ നിർദ്ദേശാനുസരണം ശിവനെ സന്തോഷിപ്പിച്ച് പാശുപതാസ്ത്രം നേടുന്നതിനായി അർജ്ജുനൻ തപസ്സു ചെയ്യുവാൻ ഗംഗാ തീരത്തുള്ള ഇന്ദ്ര കീല പർവ്വതത്തിൽ എത്തി. അവിടെ വച്ച് അദ്ദേഹം വ്യാസൻ ഉപദേശിച്ച ശക്രവിദ്യ ഉപാസിച്ച പാർത്ഥിവ ലിംഗപൂജ നടത്തി ധ്യാനം തുടങ്ങി. അർജ്ജുനൻ്റെ ശിരസ്സിൽ നിന്നുയർന്ന തേജസ് കണ്ട് ഭയന്ന ഇന്ദ്രദൂതൻ വിവരം ഇന്ദ്രനെ ധരിപ്പിച്ചു. ഇന്ദ്രൻ അർജ്ജുനനെ ഒന്ന് പരീക്ഷിക്കുവാനായി ഒരു വൃദ്ധനായ ബ്രഹ്മചാരിയുടെ വേഷത്തിൽ അർജ്ജുന സമീപം വന്നു. അദ്ദേഹത്തിൻ്റെ തപോനിഷ്ഠ കണ്ട് സന്തോഷിച്ച് അനുഗ്രഹിച്ച് മടങ്ങി.

അർജ്ജുനൻ വ്യാസൻ്റെ വിധിപ്രകാരം തപസു തുടർന്നു. ഈ ത്രീവ്ര തപസ് കണ്ട ദേവന്മാർ ശിവൻ്റെ സമീപത്ത് എത്തി വിവരം ധരിപ്പിച്ചു. താൻ വേണ്ടത് ചെയ്യാം എന്ന് ഭഗവാൻ അവർക്കു വാക്കു കൊടുത്തു. ആ ഘട്ടത്തിൽ ദുര്യോധനനാൽ നിയോഗിക്കപ്പെട്ട മൂകാസുരൻ ഒരു പന്നിയുടെ രൂപത്തിൽ അർജ്ജുനൻ്റെ സമീപത്തെത്തി. പരിഭ്രാന്തി വളർത്തും വിധം ബഹളമുണ്ടാക്കി. അതു കണ്ട അർജ്ജുനൻ തന്നെ അപായപ്പെടുത്തുവാൻ വന്നതാണ് ആ മൃഗമെന്ന് അതിൻ്റെ പെരുമാറ്റം കൊണ്ടും ദൃഷ്ടികളുടെ ഭാവം കൊണ്ടും മനസ്സിലാക്കി. അതിനെ വധിക്കുവാനായി വില്ലും അമ്പും സജ്ജമാക്കി. അപ്പോൾ ഒരു കാട്ടാളൻ്റെ വേഷത്തിൽ ശിവനും കാട്ടാളന്മാരുടെ വേഷത്തിൽ ഭൂതഗണങ്ങളും അവിടെയെത്തി.

ഇതെല്ലാം കണ്ടപ്പോൾ ശിവഭഗവാൻ പരീക്ഷിക്കുവാൻ വന്നതായിരിക്കുമോ എന്ന് അർജ്ജുനൻ ഒരു വേള
ശങ്കിച്ചു. പക്ഷേ അപ്പോഴേക്കും ആ സുകരവും അവിടെ എത്തി.അർജ്ജുനൻ അതിൻ്റെ മുഖം ലക്ഷ്യമാക്കിയും കിരാത വേഷധാരിയായ ഭഗവാൻ അതിൻ്റെ പിൻഭാഗം ലക്ഷ്യമാക്കിയും ഓരോ അസ്ത്രം പ്രയോഗിച്ചു. രണ്ടു ബാണങ്ങൾ ഏറ്റ പന്നിയുടെ ദേഹം പിളർന്നു. സുകര വേഷധാരിയായ മൂകാസുരൻ ചത്തുവീണു. ദേവന്മാർക്ക് സന്തോഷമായി. അത്ഭുതരൂപത്തിൽ തന്നെ വധിക്കാൻ വന്ന അസുരനിൽ നിന്ന് രക്ഷിച്ചത് ശിവഭഗവാനല്ലാതെ മറ്റാരുമല്ലെന്ന് മനസ്സിലാക്കിയ അർജ്ജുനൻ ആ പാദങ്ങളിൽ നമസ്ക്കരിച്ചു. അതിൽ പിന്നെ താൻ എയ്ത ബാണം എടുക്കുന്നതിനായി ശിവൻ തൻ്റെ അനുചരനെ നിയോഗിച്ചു. തൻ്റെ ബാണം എടുക്കുവാൻ അർജ്ജുനനും ചെന്നു. ബാണം തൻ്റെ സ്വാമിയുടെതാണെന്ന് ശിവദൂതനും അല്ല തൻ്റെതാണെന്ന് പറഞ്ഞ് അർജ്ജുനും കലഹിച്ചു. അർജ്ജുനൻ കളവ് പറയുകയാണെന്നും കളവു പറയുന്നവൻ്റെ തപസ്സ് കൊണ്ട് യാതൊരുവിധ ഫലവുമില്ലെന്നും ശിവദൂതൻ പറഞ്ഞു. ഒടുവിൽ ആ ദൂതൻ തൻ്റെ സ്വാമിയുടെ അടുത്തുചെന്ന് അർജ്ജുനൻ പറഞ്ഞതെല്ലാം പറഞ്ഞു. അതു കേട്ട് കിരാത രൂപിയായ ഭഗവാൻ സേനയോടു കൂടി അർജ്ജുനൻ്റെ അടുത്തേക്ക് പോയി. വീണ്ടും ഒരു ദൂതനെ അയച്ച് അമ്പും വില്ലും വെടിഞ്ഞ് ഓടി രക്ഷപ്പെട്ടുകൊള്ളുവാൻ പറഞ്ഞു. എന്നാൽ അർജ്ജുനൻ അതു ചെവിക്കൊള്ളാതെ താൻ അതിനൊരുക്കമല്ലെന്നു പറഞ്ഞയച്ചു. കിരാതൻ
അർജ്ജുനൻ്റെ അടുത്തുചെന്നു. രണ്ടു പേരും തമ്മിൽ യുദ്ധം ആരംഭിച്ചു. അർജ്ജുനൻ ശിവനെത്തന്നെ ബലമായി ധ്യാനിച്ചു കൊണ്ട് കിരാതനോടെതിർത്തു. ഒടുവിൽ ഭഗവാൻ അർജ്ജുനന് സ്വന്തം രൂപം കാണിച്ചു കൊടുത്തു.

അതു കണ്ട് അത്ഭുതവും സന്തോഷവും പൂണ്ട അർജ്ജുനൻ കൈകൂപ്പിക്കൊണ്ട് ഭഗവാൻ്റെ കാൽക്കൽ നമസ്കരിച്ചു കൊണ്ട് തൻ്റെ അപരാധം ക്ഷമിക്കുവാൻ യാചിച്ചു. ഭഗവാനകട്ടെ അർജ്ജുനനെ സമാശ്വസിപ്പിച്ചു കൊണ്ട് താൻ പരീക്ഷിക്കുവാൻ വേണ്ടിയാണ് ഇതെല്ലാം കാട്ടിയതെന്നും ഇഷ്ടമുള്ളവരം ചോദിച്ചു കൊള്ളുവാൻ പറഞ്ഞു. അർജ്ജുനൻ ഭഗവാനെ കേശാദിപാദം കണ്ട് വർണിച്ചു കൊണ്ട് സ്തുതിച്ചു. പ്രസന്നമായ ഭഗവാൻ തന്നിലുള്ള ഭക്തി കണ്ട് സന്തുഷ്ടനാണെന്ന് പറഞ്ഞു കൊണ്ട് പാശുപതാസ്ത്രം എന്നു പേരുള്ള തൻ്റെ സ്വന്തം അസ്ത്രം നൽകി. ആ അസ്ത്രത്താൽ അർജ്ജുനൻ അജയ്യനായിത്തീരുമെന്ന് അനുഗ്രഹിച്ച് ശിവഭഗവാൻ അന്തർധാനം ചെയ്തു. അർജ്ജുനൻ കൃതകൃത്യനായി തൻ്റെ സഹോദരന്മാരുടെ സമീപത്തേക്ക് തിരിച്ചു പോയി. അർജ്ജുനന്പാശുപതാസ്ത്രവുമായി തിരിച്ചെത്തിയ വിവരം അറിഞ്ഞ ശ്രീകൃഷ്ണനും സന്തോഷത്തോടെ അവിടെ സമാഗതനായി.

(തിരുമാന്ധാംകുന്ന് ക്ഷേത്രം മേൽശാന്തിയും മാണിക്യപുരം അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രിയുമാണ് ലേഖകൻ പി എം ദാമോദരൻ നമ്പൂതിരി. മൊബൈൽ: 98479 59749, വിലാസം: പന്തലക്കോട്ടത്ത് മനയ്ക്കൽ ദാമോദരൻ നമ്പൂതിരി, അങ്ങാടിപ്പുറം, മലപ്പുറം – 679321)

Story Summary: The story of Kirathamoorthy, the hunter form Avthar Lord Shiva took for to giving the weapon Pashupatastra to Arjuna

Tags

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version