Thursday, 13 Mar 2025

2025 മാർച്ച് മാസത്തിലെ  ഗുണദോഷ ഫലങ്ങൾ

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

ജ്യോതിഷി പ്രഭാസീന സി പി
2025 മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:


മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
ഏത് കാര്യത്തിനും ചെറിയ തടസ്സങ്ങളും പ്രശ്നങ്ങളും നേരിടുമെങ്കിലും ഒടുവിൽ ദൈവാധീനത്താൽ എല്ലാം ശരിയാകും. ഉള്ളിലുള്ളതെല്ലാം തുറന്ന് പറയുന്നത് മറ്റുള്ളവരുടെ അതൃപ്തിക്ക് കാരണമാകും. യാതൊരു പ്രയോജനമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് സാമ്പത്തിക നഷ്ടവും സമയ നഷ്ടവും സഹിക്കേണ്ടതായി വരും. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക ധൂർത്ത് ഒഴിവാക്കണം. നന്നായി പ്രാർത്ഥന നടത്തുക.


ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും. ധനാഗമം വർദ്ധിക്കുന്നതോടൊപ്പം ചെലവുകളും കൂടും. പുതിയ ഗൃഹം, ഗൃഹോപകരണങ്ങൾ എന്നിവയുടെ ലഭ്യത തുടങ്ങി സന്തോഷം തരുന്ന പല അവസരങ്ങളും വന്നുചേരും. അധികാരികളുടെ പ്രീതി നേടും. അതിഥി സൽക്കാരത്തിനും ആദ്ധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും ധാരാളം അവസരം ലഭിക്കും. കരാറുകാർക്ക് കിട്ടാനുള്ള പണം ലഭിക്കും.


മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഊർജ്ജസ്വലതയോടെ പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്നത് ഫലപ്രാപ്തിയേകും. സാമ്പത്തിക ഭദ്രതയും കുടുംബാവൃദ്ധിയും കാണുന്നു. പുണ്യ – തീർത്ഥ – ഉല്ലാസ വിനോദയാത്രയ്ക്ക് അവസരം വന്നു ചേരും. നഷ്ടപ്പെട്ടെന്ന് കരുതിയ ആഭരണങ്ങളും
രേഖകളും തിരികെ ലഭിക്കും. വാഹന ഉപയോഗം വളരെ സൂക്ഷ്മതയോടു കൂടി ആവണം.


കർക്കടകക്കൂറ്
(പുണർതം 1/4 , പൂയം, ആയില്യം)
വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവം ,ശ്രദ്ധക്കുറവ് അലസത അനുസരണമില്ലായ്മ തുടങ്ങിയവ വർദ്ധിക്കും. അശ്രാന്ത പരിശ്രമത്താലെ പ്രവർത്തന മേഖലകളിൽ പുരോഗതിയുണ്ടാകും. ചതിയിൽ അകപ്പെടാതിരിക്കാൻ
സൂക്ഷിക്കണം. സഹോദരങ്ങളുമായി വിരോധത്തിൽ ആയിത്തീരും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് മാറ്റങ്ങൾ വന്നു ചേരും ആരോഗ്യത്തിൽ നന്നായി ശ്രദ്ധ വേണം.


ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4)
ആരോഗ്യ പ്രശ്നങ്ങൾ അലട്ടും. പകർച്ച വ്യാധികൾ പിടിപ്പെടാതെ നോക്കണം. മുൻകോപം, ക്ഷമയില്ലായ്മ എന്നിവ കാരണം ധാരാളം വൈഷമ്യങ്ങൾ ഉണ്ടാകും. അനാവശ്യ ചെലവുകൾ വർദ്ധിക്കും. വിചാരിക്കാത്ത ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു നടത്തേണ്ടി വരും. സർക്കാർ ജീവനക്കാർ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ ശ്രമിക്കണം. എല്ലായിടത്തും ശത്രുക്കളെ കരുതിയിരിക്കുക.


കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
ചില എതിർപ്പിപ്പുകൾ നേരിടേണ്ടി വരുമെങ്കിലും മാനസികമായ ശക്തി കൊണ്ട് അതെല്ലാം ഇല്ലാതാകും. പൊതു ചടങ്ങിൽ നേത്യസ്ഥാനത്ത് അവരോധിക്കപ്പെടും ഉന്നതമായ ചിന്തയും ബുദ്ധിയും എല്ലാ കാര്യങ്ങളിലും പ്രകടിപ്പിക്കും. പക്വതയോടെയുള്ള സമീപനം കാരണം കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. അപകീർത്തി
അഥവ ദുഷ് പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4)
സൽക്കർമ്മക്കൾക്ക് വേണ്ടി ഏറെ പണം ചിലവഴിക്കും സമൂഹത്തിലെ ഉന്നതരിൽ നിന്ന് സഹായങ്ങൾ ലഭിക്കും സ്വത്ത് ഭാഗം വയ്ക്കുന്നത് സംബന്ധിച്ച് ചില തർക്കങ്ങൾ ഉണ്ടായേക്കാം. ദൂരയാത്ര ചെയ്യേണ്ട അവസരം വരും. ഈ യാത്രകൾ വളരെ കരുതലോടെയാവണം. അനാവശ്യ ചിന്തകൾ മനസ്സിനെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും.


വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
കൂട്ടു ബിസിനസ്സിൽ നഷ്ടത്തിനിടവരും. പാഴ്ച്ചെലവുകൾ കൂടും. നിസ്സാരകാര്യങ്ങൾക്കു പോലും മറ്റുള്ളവരുമായി കലഹിക്കും. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പലവിധ ആപത്തുകളും ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഒരു ഇടപാടുകളിലും ഉൾപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.


ധനുക്കൂറ്
(മൂലം , പൂരാടം , ഉത്രാടം 1/4)
മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയകുഴപ്പം വരാതെ ശ്രദ്ധിക്കണം, ദൂരദേശത്തെ സങ്കീർണ്ണമായ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടുന്നതിന് സുഹൃത്തുക്കൾ സഹായിക്കും. ആശയവിനിമയത്തിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഭൂമി ക്രയവിക്രയം വഴിയുള്ള നേട്ടങ്ങൾ കുറയും. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കേണ്ടത് അനിവാര്യം.


മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
ഉൻമേഷക്കുറവും അലസതയും കാരണം പല കാര്യങ്ങൾക്കും മുടക്കം വരും. എന്നാൽ അവസരങ്ങൾ കുറയുകയില്ല. ദീർഘയാത്രകൾ വേണ്ടി വരും. യാത്രകൾ കരുതലോടെയാവണം. സംസാരത്തിൽ വളരെയധികം ശ്രദ്ധയും സൗമ്യതയും ശീലിക്കേണ്ടതായുണ്ട്. യാദൃച്ഛിക സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും.


കുംഭക്കൂറ്
(അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4)
മനസ്സ് ഒന്നിലും ഉറച്ചു നിൽക്കില്ല. ചില ശത്രുക്കൾ
എപ്പോഴും ഒരോ തടസ്സങ്ങൾ സുഷ്ടിച്ചു കൊണ്ടിരിക്കും. അയൽക്കാരുമായി വാക്കു തർക്കങ്ങളിൽ ഏർപ്പെടരുത് . മുൻകോപം നിയന്ത്രിക്കേണ്ടതാണ്. അശുഭ ചിന്തകളും അനാവശ്യ സംശയങ്ങളും ഒഴിവാക്കണം. അലർജി, ആസ്മ, അസ്ഥി രോഗങ്ങൾ ഉള്ളവർക്ക് നല്ല കരുതൽ വേണം. ശരീരത്തിനും മനസ്സിനും പൊതുവെ ക്ഷീണം അനുഭവപ്പെടുന്നതാണ്.


മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി)
ഊർജ്ജസ്വലതയോടു കൂടി പ്രവർത്തിക്കാത്തതിനാൽ പല അവസരങ്ങളും നഷ്ടപ്പെടും. കുടുംബ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. മടിയും കാര്യതടസ്സങ്ങളും അനുഭവപ്പെടാം. ഊഹാപോഹങ്ങൾ പലതും കേൾക്കും . എങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത് . പരോപകാരം ചെയ്യാനുള്ള മന:സ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരംക്ഷണച്ചുമതല മറക്കരുത്.

ജോതിഷി പ്രഭാസീന സി പി
+91 9961 442256
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ)
Email: prabhaseenacp@gmail.com)

Summary: Monthly (2025 March) Star predictions based on moon sign by Prabha Seena

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version