Saturday, 23 Nov 2024

പട്ടിനത്താർ: കെട്ടുപോകാത്ത ദിവ്യ ജ്യോതിസ്സ്

എസ്. ശ്രീനിവാസ് അയ്യര്‍

(പി. രവികുമാർ എഴുതിയ പട്ടിനത്താർ
എന്ന കാവ്യ പുസ്തകത്തിൻ്റെ
ഒരു ഹ്രസ്വാവലോകനം)

മദം പൊട്ടിച്ചിരിച്ചാർക്കുകയാണ് മനുഷ്യൻ്റെ മമതകൾ. ക്രോധം നിരങ്കുശമായി വളരുന്നു. കാമമോഹങ്ങൾ രഥോത്സവത്തിലാണ്. ജീവിതത്തിൻ്റെ ‘കൊടിപ്പടം’ താഴ്ത്താൻ മൃത്യുവിന്നാവില്ലെന്ന തോന്നലും ആവോളമുണ്ട്.

അവനി വാഴ് വിൻ്റെ ഉൺമകൾ എങ്ങോ മറഞ്ഞുകിടപ്പാണ്. അതുകണ്ടെത്താൻ ആർക്കുമില്ല നേരവും തോന്നലും. ജീവിതം ഭോഗത്തിൻ്റെ മെത്തയിൽ ചുരുണ്ടുറങ്ങുന്നു.

ഇപ്രകാരം വശങ്ങളിലേക്ക് വാഴ് വ് സ്വയം കോടിപ്പോകുമ്പോൾ പ്രതികർമ്മം പോലെ ചില പ്രതികരണങ്ങൾ ഉണ്ടായിപ്പോകുന്നു. ഭൂമിയമ്മ ഗത്യന്തരമില്ലാതെ ചില താരകബ്രഹ്മമൂർത്തികളെ പ്രസവിക്കുന്നു. ബോധം കെട്ടു വാഴുന്നവരുടെ ഉൾക്കണ്ണ് തുറപ്പിക്കലാവുന്നു, അവരുടെ അറിഞ്ഞും അറിയാതെയുമുള്ള കർമ്മം. ആ ധ്യാനശീലരെ സമൂഹം കണ്ടില്ലെന്ന് നടിക്കാം; പുറം കൈയാൽ തട്ടിക്കളയാം. പക്ഷേ
ആ ദിവ്യജ്യോതിസ്സുകളുണ്ടോ കെട്ടുപോവുന്നു!

ഏ.ഡി. പത്താം നൂറ്റാണ്ടിൽ തമിഴകത്ത് ജീവിച്ച പട്ടിനത്താർ അപ്രകാരമൊരു പ്രകാശഗോളമാണ്. തിരുവെൺകാടൻ എന്നായിരുന്നു, അമ്മയച്ഛന്മാർ നൽകിയ നാമം. അയാൾ കാവേരിപ്പൂമ്പട്ടണത്തെ പണക്കാരനും പ്രതാപിയുമായ വ്യാപാരിയായി വളർന്നു. ഒരിക്കൽ വിദേശത്ത് നിന്നും കച്ചവടം കഴിഞ്ഞെത്തിയ തിരുവെൺകാടൻ്റെ മകൻ മരുതവാണൻ ഒരു പെട്ടി സമ്മാനിച്ച ശേഷം വീടുവിട്ടിറങ്ങി. ഭാര്യ ശിവകല അത് തുറന്നുനോക്കി. ഒരു കാതറ്റസൂചിയും ഒരു പനയോലയും മാത്രമാണതിലുണ്ടായിരുന്നത്. പനയോലയിൽ ഇപ്രകാരം കുറിച്ചിരുന്നു:
” കാതറ്റ ഊശിയും വാരാതു
കാൺ കടൈ വഴിക്കേ”

ഈ സംഭവത്തോടെയാണ് പി. രവികുമാറിൻ്റെ ‘പട്ടിനത്താർ’ എന്ന കാവ്യം തുടങ്ങുന്നത്. “ബോധത്തിൻ്റെ തിരകളിൽ തിരുവെൺകാടൻ ആടിയുലയുന്നു. തുറവിയായ് ജ്ഞാനത്തിലെരിയുന്നു
പട്ടിനത്താരായിത്തീരുന്നു!”

കാതറ്റ ഒരു സൂചിപോലും നിൻ്റെ അവസാന യാത്രയിൽ ഒപ്പമുണ്ടാവില്ലെന്ന മകൻ്റെ സന്ദേശം
ഒരു തീപ്പൊരി പോലെ വീണ് തിരുവെൺകാടൻ്റെ മൂഢസ്വർഗത്തെയാകെ വെണ്ണീറാക്കിക്കളഞ്ഞു.
ഒരു വിധിനിയോഗം തന്നെയായിരുന്നു, ആ സംഭവം.

അസ്വസ്ഥമായ അന്വേഷണങ്ങൾ, നിരന്തര പ്രയാണങ്ങൾ, ശിവക്ഷേത്ര ദർശനങ്ങൾ — അങ്ങനെയങ്ങനെ ഒരു പച്ചമനുഷ്യൻ അവധൂതനായി മാറി. ഭിക്ഷാടനം കൊണ്ടു പശി പോക്കി. ഒരു വെറും കൗപീനം മാത്രമുടുത്ത് പട്ടണപ്പരിസരത്തിലെ പാഴ്മണ്ഡപത്തിലിരുന്ന പട്ടിനത്താരെ കാണാൻ അരചൻ വന്നു.

രാജപ്രേരണകൾക്കുപോലും പക്ഷേ പട്ടിനത്താരെ പിന്തിരിപ്പിക്കാനായില്ല! സഹോദരി വിഷം കലർത്തിയ അപ്പം സ്നേഹഭാവേന നീട്ടി! ചിരിച്ചുകൊണ്ട് പട്ടിനത്താർ അപ്പം വാങ്ങി വീടിൻ്റെ മേൽക്കൂരയിലേക്കെറിഞ്ഞു.
“തൻ വിനൈ തന്നൈച്ചുടും ഓട്ടപ്പം വീട്ടൈച്ചുടും” പട്ടിനത്താരുടെ വാക്കുകളിൽ സത്യം അഗ്നിയായി ജ്വലിച്ചു. മേൽക്കൂര നൊടി കൊണ്ട് കത്തിയമർന്നു. പട്ടിനത്താരുടെ കഥ സ്വയം പരീക്ഷണത്തിൻ്റെയും ഒടുവിൽ ശാശ്വതമായ ജീവിതസത്യത്തിലേക്കുള്ള മടക്കത്തിൻ്റെയും അസാധാരണമായ യാത്രയാണ്.

ജീവിത പാരുഷ്യങ്ങളെ ഉള്ളിൽ തറയ്ക്കും വിധം അവതരിപ്പിക്കുന്നതിൽ പി. രവികുമാർ അസൂയാവഹമായ സർഗവിരുത് കാണിക്കുന്നു. വാക്കുകളുടെ മാസ്മരലയം നമ്മുടെ ബോധമരത്തണലിൽ ഇരുന്നു കൂവുകയും കുറുകുകയും ചെയ്യും. എം.ഡി രാമനാഥൻ, നചികേതസ്സ് എന്നീ കാവ്യങ്ങൾക്കു ശേഷമാണ് പി. രവികുമാർ പട്ടിനത്താരിലെത്തുന്നത്. ഏതോ തമിഴ് സിദ്ധൻ്റെ അത്ഭുത ജീവചരിത്രം എന്ന പരിചയപ്പെടുത്തലല്ല ഈ പുസ്തകം അർഹിക്കുന്നത്. ആത്മാവിൻ്റെ മൂടപ്പെട്ട കണ്ണുകൾ തുറന്നുകൊണ്ട് സത്യദർശനം നടത്താൻ ഓരോ മനുഷ്യനെയും പ്രേരിപ്പിക്കുന്ന അക്ഷരങ്ങളാണ് ഈ പുസ്തകത്തിൻ്റെ ചൈതന്യം.. ശിവൻ്റെ ചിത്രീകരണം, ഡോ: എ എം ഉണ്ണിക്കൃഷ്ണൻ്റെ പഠനം , ഷിബു നടേശൻ്റെ കുറിപ്പ് എന്നിവയും ഈ പുസ്തകത്തിൻ്റെ ഉള്ളടക്കത്തെ നന്നായി അനാവരണം ചെയ്യുന്നവയാണ്. ഡി.സി. ബുക്സ് ആണ് പ്രസാധനം നിർവഹിച്ചിരിക്കുന്നത്.

എസ്. ശ്രീനിവാസ് അയ്യര്‍,
+91 98460 23343
അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version