Monday, 17 Mar 2025

വൈക്കത്ത് കോടി അർച്ചന തുടങ്ങി; വടക്കുപുറത്തു  പാട്ടിന് ഏപ്രിൽ 2 ന് ആരംഭം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

മംഗള ഗൗരി
ഒരു വ്യാഴവട്ടത്തിന് ശേഷം വൈക്കം മഹാദേവ ക്ഷേത്രത്തിൽ കോടി അർച്ചനയ്ക്ക് തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന വടക്കുപുറത്തു പാട്ടിന് ഏപ്രിൽ 2 ന് ആരംഭമാകും. മാർച്ച് 17 മുതൽ ഏപ്രിൽ 13 വരെയാണ് കോടി അർച്ചന. ക്ഷേത്രം പഞ്ചാക്ഷരി ജപത്താൽ മുഖരിതമാകുന്ന വരുന്ന ഒരു മാസം വൈക്കം മഹാദേവ ക്ഷേത്രം ഉത്സവ ലഹരിയിലാകും.

കാർത്തികയിൽ പാട്ട് തുടങ്ങും
ഏപ്രിൽ 2 മുതൽ 13 വരെയാണ് വടക്കുപുറത്ത് പാട്ട്. ഭദ്രകാളി ആരാധനയുടെ തീവ്രതയും ദേവീസ്തുതികളുടെ ഈരടികളുമാണ് വടക്കുപുറത്ത് പാട്ടിൻ്റെ സവിശേഷത.
കൊടുങ്ങല്ലൂരമ്മയെ സ്തുതിച്ച് ഭദ്രകാളി പ്രീതിക്കായി ദേവിയുടെ കളം എഴുതി 12 ദിവസം പാട്ടും, അവസാന ദിവസം വടക്കുപുറത്തു ഗുരുതിയും നടത്തുന്ന ദിവ്യമായ, ഭക്തിനിർഭരമായ ചടങ്ങാണ് വടക്കുപുറത്തു പാട്ട്. മീന മാസത്തിൽ കാർത്തിക നാളിലാണ് വടക്കുപുറത്തു പാട്ടി ന്റെ ആരംഭം.

27 നാൾ കോടിഅർച്ചന
തിങ്കളാഴ്ച മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയിലെ വ്യാഘ്രപാദത്തറയ്ക്ക് മുൻവശത്ത് പ്രത്യേകം തീർത്ത മണ്ഡപത്തിലാണ് കോടിഅർച്ചനയ്ക്ക് തുടമായത്. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് ഇല്ലത്ത് മാധവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് അർച്ചന. 51 ആചാര്യന്മാർ 27 നക്ഷത്രങ്ങളിൽ 27 ദിവസങ്ങളിലായി ശിവസഹസ്രനാമം, ഭാഗ്യസൂക്തം, ഐകമത്യസൂക്തം, മംഗല്യസൂക്തം, അഷ്ടോത്തരം, മഹാരുദ്രസൂക്തം തുടങ്ങിയ വേദമന്ത്രങ്ങൾ കോടിഅർച്ചനയിൽ ജപിക്കും. ഏപ്രിൽ 12 ന് അത്തം നക്ഷത്രത്തിൽ സമാപിക്കും.

പ്രസാദം തപാലിലും
എല്ലാ ദിവസവും രാവിലെ 4.30 ന് കലശപൂജയോടെയാണ് കോടിഅർച്ചന തുടങ്ങുക. 5.30 മുതൽ ആറു വരെ സൂക്താർച്ചന. ആറ് മുതൽ 8.30 വരെയും 9.30 മുതൽ 11.30 വരെയും വൈകിട്ട് 4.30 മണി മുതൽ രാത്രി 7.30 വരെയുമാണ് കോടിഅർച്ചന. രാത്രി 7.30 മുതൽ എട്ടുവരെ അകത്തെ മണ്ഡപത്തിൽ വേദസ്തുതിയും നടത്തും. 13 ന് കുരുതിയോടെ കോടിഅർച്ചനയും വടക്കുപുറത്തുപാട്ടും സമാപിക്കും. ഈ ദിവസങ്ങളിൽ ക്ഷേത്ര കലാമണ്ഡപത്തിൽ കലാപരിപാടികളും ഉണ്ടാകും. ഭക്തർക്ക് പ്രത്യേക അർച്ചന നടത്താനുള്ള സൗകര്യവും ഉണ്ട്. അർച്ചനപ്രസാദം തപാലിലും ലഭിക്കും.


മുഖ്യ ആകർഷണം
മണിക്കൂറുകളോളം നീളുന്ന കളമെഴുത്തും പാട്ടുമാണ് വടക്കുപുറത്തു പാട്ടിന്റെ മുഖ്യ ആകർഷണം. ആചാര്യനാണ് ഇതിന്റെ മേൽനോട്ടം. പുതുശ്ശേരി കുടുംബക്കാർക്കാണ് അവകാശം. വടക്കുപുറത്തു പാട്ടിന്റെ ആചാര അനുഷ്ഠാനങ്ങളോട് പരിപൂർണ ബോധ്യവും കളംപൂജ, കളമെഴുത്ത്, കളംപാട്ട് എന്നിവയിൽ വൈദഗ്ധ്യവുമുള്ള ആളായിരിക്കണം ആചാര്യൻ. കളംപൂജയുടെ പൂജാകാര്യങ്ങൾ നമ്പൂതിരി സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമാണ്. ആചാര്യന്റെ നിർദ്ദേശപ്രകാരം വ്രതാനുഷ്ഠാനത്തോടെ സഹായികൾ നിലകൊള്ളും.

പഞ്ചവർണ്ണപ്പൊടിക്കളം
പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പഞ്ചവർണ്ണ പൊടികൾ കൊണ്ടാണ് കളം വരയ്ക്കുക. ആദ്യത്തെ നാല് ദിവസങ്ങളിൽ എട്ട് കൈകളോടു കൂടിയ ഭഗവതി രൂപവും, അഞ്ചാം ദിനം മുതൽ എട്ടാം ദിനം വരെ 16 കൈകളോടു കൂടിയ ഭഗവതി രൂപവും, ഒൻപതാം ദിനം മുതൽ പതിനൊന്നാം ദിനം വരെ 32 കൈകളോടു കൂടിയ ഭഗവതി രൂപവും അവസാന ദിനം 64 കൈകളോടുകൂടി ആയുധമേന്തിയ ഭഗവതിയുടെ വിശ്വരൂപവും വരയ്ക്കും.
നാല് മണിക്കൂറോളം നീളുന്ന ശ്രമകരമായ ജോലിയാണ് കളം വരയ്ക്കൽ. ആദ്യ ദിനങ്ങളിൽ 10പേരും, അവസാന ദിനങ്ങളിൽ 20 പേരും ചേർന്നാണ് കളം വരയ്ക്കൽ പൂർത്തിയാക്കുന്നത്. കളമെഴുത്തിനെന്നപോലെ വച്ചൊരുക്കിനും മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തതയുണ്ട്. അവസാന ദിനം 64 നിലവിളക്ക്, 64 നാളികേരം, 12 പറ നെല്ല്, ബാക്കി അരി, മഞ്ഞൾ പറ തുടങ്ങിയവയും ഉപയോഗിക്കുന്നു.


ഉച്ചപ്പാട്ടോടെ ആരംഭം
ഏപ്രിൽ 2 ന് ആദ്യ ദിവസം ഉച്ചപ്പാട്ടോടെയാണ്
വടക്കുപുറത്തു പാട്ടിന് ആരംഭം. വൈകിട്ട് ഭക്തർക്ക് ദർശനത്തിന് അവസരം ഒരുക്കും. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് കളമെഴുതിയ മണ്ഡപത്തിൽ നിന്നും വാളേന്തിയ വെളിച്ചപ്പാടിന്റെ അകമ്പടിയിൽ
കൊടുങ്ങല്ലൂരമ്മയെ ആനപ്പുറത്ത് എഴുന്നള്ളിക്കും. വീക്കൻ, ഇലത്താളം എന്നിവയുടെ താളത്തിൽ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് കൊച്ചാലും ചുവട്ടിലേക്ക് പോകും.

മൂന്ന് പ്രദക്ഷിണം
കൊച്ചാലുംചുവട്ടിൽ പന്തം, കോൽതിരി, കൈത്തിരി, തിരി എന്നിവയടങ്ങിയ പഞ്ചാലങ്കാര പൂജയ്ക്ക് ശേഷം ഭഗവതിയെ എതിരേൽക്കും. വാദ്യമേളങ്ങളും വ്രതശുദ്ധിയോടെ കുത്തുവിളക്കേന്തിയ സ്ത്രീകളും അനുഗമിക്കും. കൊടുങ്ങല്ലൂരമ്മ വടക്കേഗോപുരം കടന്ന് പ്രവേശിക്കുമ്പോൾ അത്താഴശീവേലിക്ക് എഴുന്നള്ളിയ വൈക്കത്തപ്പനുമായി ക്ഷേത്രത്തിന് രണ്ടു പ്രദക്ഷിണം പൂർത്തിയാക്കും. മൂന്നാമത്തെ പ്രദക്ഷിണം വടക്കുപുറത്ത് എത്തുമ്പോൾ ഭഗവതിയെ കളമെഴുതിയ മണ്ഡപത്തിൽ പീഠത്തിലേക്ക് ഇരുത്തും. ആചാര്യന്റെ നേതൃത്വത്തിൽ കളം പൂജയ്ക്ക് ശേഷം പ്രസന്ന പൂജയും കൊട്ടിപ്പാടി സേവയും ആരംഭിക്കും.

തിരി ഉഴിച്ചിൽ
ആചാര്യൻ താമ്പാളത്തിൽ അക്ഷതം, പുക്കുല, പൂവ്, നെയ്യിൽ നനച്ച ഒമ്പത് തിരി എന്നിവ എടുത്ത് ഗുരു, ഗണപതിമാരെയും കളത്തിനും പീഠത്തിൽ ഇരിക്കുന്ന ഭഗവതിയെയും വഴിപാട് നടത്തുന്നവർ, ഭക്തജനങ്ങൾ, ക്ഷേത്ര ഉടമകൾ, നടത്തിപ്പുകാർ എന്നിവരെയും ഉഴിഞ്ഞ് സമർപ്പിക്കണം.

കളംപാട്ട് കുറുപ്പന്മാർക്ക്
ആചാര്യൻ്റെ നിർദേശപ്രകാരം എത്തുന്ന കുറുപ്പന്മാർക്കാണ് കളംപാട്ടിനുള്ള നിയോഗം. ശംഖ് വിളിച്ച് വീക്കൻ, ചേങ്ങില എന്നിവയുമായി പാട്ട് തുടങ്ങും. വിവിധ വർണ്ണനകൾ അടങ്ങിയ ദേവീസ്തുതികളാണ് മുഖ്യമായും പാടുന്നത്. മഹാദേവനെ സ്തുതിച്ച് പര്യവസാനിപ്പിക്കും. പിന്നീട് ആചാര്യൻ പൂക്കുല കൊണ്ട് കളംമായ്ക്കും. നടത്തിപ്പുകാർക്കും, ഭക്തർക്കും പ്രസാദം വിതരണം ചെയ്യും. ചടങ്ങ് പൂർത്തിയാക്കി പിറ്റേന്നത്തെ കളം വരയ്ക്കാൻ ആരംഭിക്കും.

വടക്കുപുറത്തു ഗുരുതി
പന്ത്രണ്ടാം ദിവസം കളംമായ്ച്ച് പര്യവസാനം ചെയ്ത ശേഷം വടശ്ശേരി ഇല്ലത്തെ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വടക്കുപുറത്തു ഗുരുതി നടത്തും. ഗുരുതി അവസാനിക്കുന്നതോടെ വടക്കുപുറത്തു പാട്ട് പൂർത്തിയാകും.

Story Summary: Vaikom Sree Mahadeva Temple
Celebrating once in Twelve Years Ritual Kodi Archana and Vadakkupurathu Pattu from March 17 to April 13

Tags

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version