Tuesday, 15 Apr 2025

വൈക്കത്തപ്പ സന്നിധിയിൽ 27 ദിവസം 27 നക്ഷത്രം; മുഴങ്ങിയത് ഒരു കോടി മന്ത്രം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com)

വൈക്കം മഹാദേവക്ഷേത്രത്തിൽ കഴിഞ്ഞ
27 ദിവസം മുഴങ്ങിയത് ഒരുകോടി മന്ത്രങ്ങൾ. 51 ആചാര്യന്മാർ രാവിലെയും വൈകിട്ടും മന്ത്രങ്ങൾ ജപിച്ചപ്പോൾ ഭക്തരെല്ലാം കൂപ്പുകൈകളോടെ വൈക്കത്തപ്പനെ തൊഴുതു നിന്നു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്ത് പാട്ടിനോടനുബന്ധിച്ചാണ് കിഴക്കേനടയിലെ വ്യാഘ്രപാദത്തറയ്ക്കു സമീപം പ്രത്യേക മണ്ഡപത്തിൽ കോടി അർച്ചന നടത്തിയത്.

ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് ഇല്ലത്ത് മാധവൻ നമ്പൂതിരി, മറ്റപ്പിള്ളി പരമേശ്വരൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി തരണിയിൽ ഡി.നാരായണൻ നമ്പൂതിരി, വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരി, ചെമ്പാഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ആഴാട് നാരായണൻ നമ്പൂതിരി, ചെമ്പല്ലൂർ നാരായണൻ നമ്പൂതിരി തുടങ്ങിയവരുടെ കാർമികത്വത്തിലായിരുന്നു അർച്ചന. ചിത്തിര നക്ഷത്രത്തിൽ തുടങ്ങി അത്തം നാളിൽ അവസാനിക്കുന്ന തരത്തിലാണ് അർച്ചന നടത്തിയത്. വേദസാര ശിവസഹസ്രനാമമാണ് ഓരോദിവസവും മുഴങ്ങിയത്. രാവിലെ മുതൽ വൈകിട്ട് വരെ എട്ടുപ്രാവശ്യം സഹസ്രനാമത്തിലെ ഓരോ മന്ത്രവും ജപിക്കുന്ന രീതിയിലാണ് ജപം ക്രമീകരിച്ചത്.

ഒരു ദിവസം 4,11, 204 തവണ മന്ത്രം ജപിച്ച് അർപ്പിച്ചു. 27 ദിവസംകൊണ്ട് 1.11 കോടി മന്ത്രങ്ങളാണ് ജപിച്ച് അർപ്പിച്ചത്. ദിവസവും നടത്തുന്ന അർച്ചനയ്ക്കുശേഷം രാത്രി ക്ഷേത്രത്തിലേക്ക് നടത്തിയ കലശം എഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായി. 60000 അർച്ചനപ്രസാദം ഭക്തർക്ക് തപാലിൽ അയച്ചു നൽകി. അതിലും ഇരട്ടിയിലധികം ഭക്തർ കിഴക്കേനടയിൽ പ്രത്യേകം ക്രമീകരിച്ച വിതരണ കൗണ്ടറിൽനിന്നും പ്രസാദം നേരിട്ട് വാങ്ങി.

അത്തം നാളിൽ കോടി അർച്ചന അവസാനിച്ചതിനാൽ, ആ നാളിലെ പ്രസാദം ഞായറാഴ്ച ഭക്തർക്ക് നൽകുമെന്ന് കോടി അർച്ചന വടക്കുപുറത്തുപാട്ട് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഇതോടനുബന്ധിച്ച് കിഴക്കേനടയിലെ പ്രത്യേക മണ്ഡപത്തിൽ നടന്ന കോടി അർച്ചനയ്ക്ക് നേതൃത്വം നൽകിയ ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പിള്ളി പരമേശ്വരൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് ഇല്ലത്ത് മാധവൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരി, വേഴപ്പറമ്പ് ഈശാനന്ദൻ നമ്പൂതിരി, ചെമ്പാഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ആഴാട് നാരായണൻ നമ്പൂതിരി, ചെമ്പല്ലൂർ നാരായണൻ നമ്പൂതിരി എന്നിവരോടൊപ്പം ആചാര്യന്മാരും കമ്മിറ്റി അംഗങ്ങളും അണിനിരന്ന ചിത്രം പകർത്തുകയും ചെയ്തു.

Story Summary: Vadakupurathu Pattu concluded at Vaikom Temple

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version