Friday, 20 Sep 2024

വിനായക ചതുർത്ഥിയിലെ ഗണേശ പൂജ വിഘ്നമകറ്റി ആഗ്രഹസാഫല്യം നൽകും

ജ്യോതിഷരത്നം വേണുമഹാദേവ്

ഓംകാര സ്വരൂപനായ ഗണപതി ഭഗവാനെ സ്മരിക്കാതെ, തുടങ്ങുന്ന കർമ്മങ്ങൾ പൂർണ്ണവും സഫലവുമാകില്ല. വിനായകൻ്റെ അനുഗ്രഹം ലഭിച്ചാൽ എന്തും അനയാസം പൂർത്തിയാക്കാൻ കഴിയും. പാർവ്വതി പരമേശ്വരന്മാരുടെ പ്രിയപുത്രനായ ഗണപതി അവതരിച്ചത് ചിങ്ങമാസം വെളുത്തപക്ഷത്തിലെ വിനായക ചതുർത്ഥി നാളിലാണ്.

ആരാധിക്കുന്നവർക്കെല്ലാം സിദ്ധിയും ബുദ്ധിയും പകരുന്ന ഗണേശനെ പ്രീതിപ്പെടുത്തി സർവ്വവിഘ്‌നങ്ങളും അകറ്റി അഭീഷ്ടസിദ്ധി കൈവരിക്കാൻ ഏറ്റവും മികച്ച ദിവസമായാണ് വിനായക ചതുർത്ഥിയെ പറയുന്നത്.
2024 സെപ്തംബർ 7 ശനിയാഴ്ചയാണ് ഇത്തവണ ഗണേശ ചതുർത്ഥി. ഈ ദിവസം വ്രതനിഷ്ഠയോടെ
ഗണപതിയെ ആരാധിച്ചാൽ അസാധ്യമായ കാര്യങ്ങൾ പോലും സാധിക്കും. സാധാരണയായി ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രത്യേക പ്രാധാന്യത്തോടെ ഗണപതിഹോമം തുടങ്ങിയ പൂജകൾ നടത്താറുണ്ട്. ക്ഷേത്രത്തിൽ പോകാൻ കഴിയുന്നില്ലെങ്കിൽ ഗൃഹത്തിൽ ഇരുന്ന് തന്നെ നാമജപത്തോടെ ഗണപതിയെ ആരാധിക്കാവുന്നതാണ്.

വ്രതനിഷ്ഠയോടെ ഗണപതിയെ പൂജിച്ചാൽ കൂടുതൽ ഫലസിദ്ധിയുണ്ടാകും. പൂജാമുറിയിലോ ശുദ്ധമായ സ്ഥലത്തോ വച്ച ഗണപതിയുടെ ചിത്രത്തിന് മുന്നിലിരുന്ന് പ്രാർത്ഥിക്കുകയാണ് ഫലപ്രദം. ഗണപതിയെ സങ്കല്പിച്ച് വിളക്കുവച്ച് അവൽ, മലർ, നാളികേരം, പഴം, കൽക്കണ്ടം, മുന്തിരി എന്നിവ സമർപ്പിച്ച്‌ വേണം പ്രാർത്ഥിക്കാൻ.
പൂജാമുറിയില്ലെങ്കിൽ ശുദ്ധമായ സ്ഥലത്ത് രാവിലെ വിളക്കു കത്തിച്ച് സന്ധ്യവരെ അണയാതെ സൂക്ഷിക്കുക നല്ലതാണ്. രാവിലത്തെ പ്രാർത്ഥനയ്ക്ക് ശേഷം വിളക്ക് അണക്കുകയും വൈകുന്നേരം വീണ്ടും കത്തിക്കുകയും ആകാം. രാവിലെയും സന്ധ്യയ്ക്കും ഓം ഗം ഗണപതയേ നമഃ തുടങ്ങിയ ഗണേശപ്രീതികരമായ പ്രാർത്ഥനകൾ നടത്താവുന്നതാണ്. ഗണേശചതുർത്ഥിക്ക് വ്രതം അനുഷ്ഠിക്കുന്നവർ തലേന്ന് മുതൽ മത്സ്യമാംസാദികൾ ഉപേക്ഷിക്കുന്നത് നല്ലതാണ്. ബ്രഹ്മചര്യം പാലിക്കണം.

വിനായകചതുർത്ഥി ദിവസത്തെ ഗണപതിഹോമത്തിന് ഫലസിദ്ധി വർദ്ധിക്കും. ഗൃഹത്തിലും ക്ഷേത്രത്തിലും ഗണപതി ഹോമം നടത്താം. ഗൃഹത്തിൽ ഗണപതിഹോമം നടത്താൻ കഴിയാത്തവർ ഏതെങ്കിലും ക്ഷേത്രത്തിൽ നടക്കുന്ന ഗണപതിഹോമത്തിൽ പങ്കെടുത്താലും മതി. വ്രതനിഷ്ഠയോടെ വിനായകചതുർത്ഥി ആചരിച്ചാൽ ഉദ്ദിഷ്ടകാര്യജയം, മംഗല്യഭാഗ്യം, ദാമ്പത്യസുഖം, ഐശ്വര്യം, അഭിവൃദ്ധി, സത്‌സന്താനസൗഭാഗ്യം, രോഗനിവാരണം വിദ്യാഭിവൃദ്ധി തുടങ്ങിയ അനുഭവങ്ങൾ ഉണ്ടാകും.

ഗണപതി ഭഗവാന് ഏറ്റവും പ്രിയപ്പെട്ട സമർപ്പണം കറുകയാണ്. ക്ഷേത്ര ദർശനം നടത്തുന്നവർ ഭഗവാന് ഗണേശനാമങ്ങൾ ചൊല്ലി കറുകമാല സമർപ്പിക്കണം. വിനായകചതുർത്ഥി ദിവസം ചന്ദ്രനെ കാണരുതെന്നാണ് വിശ്വാസം. ഗണപതി ഒരിക്കൽ ചന്ദ്രനെ ശാപിച്ചതിന്റെ ഫലമായ ഈ ദിവസം ചന്ദ്രനെ കാണ്ടാൽ മാനഹാനി
ഉണ്ടാകുമത്രേ.

മൂലമന്ത്രം
ഓം ഗം ഗണപതയേ നമഃ

മഹാഗണപതി മന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം
ഗണപതയേ വര വരദ
സര്‍വ്വ ജനം മേ
വശമാനായ സ്വാഹഃ

ഗണേശ ഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
വക്ര തുണ്ഡയെ ധീമഹി
തന്നോ ദന്തി പ്രചോദയാത്

ഗണപതി ദ്വാദശനാമാവലി

പ്രണമ്യ ശിരസാ ദേവം
ഗൗരീ പുത്രം വിനായകം
ഭക്താവാസം സ്മരേന്നിത്യം
ആയു: കാമാർത്ഥ സിദ്ധയേ

പ്രഥം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുര്‍ത്ഥകം
ലംബോധരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്‌നരാജം ച
ധൂമ്രവര്‍ണ്ണം തഥാഷ്ടകം
നമവം ഫാലചന്ദ്രം ച,
ദശമം തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശം തു ഗജാനനം
ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യ: പഠേത് നര:
ന ച വിഘ്‌നഭയം തസ്യ
സര്‍വ്വസിദ്ധികരം പരം

ഫലശ്രുതി
വിദ്യാര്‍ത്ഥീ ലഭതേ വിദ്യാം
ധനാര്‍ത്ഥി ലഭതേ ധനം
പുത്രാര്‍ത്ഥീ ലഭതേ പുത്രാന്‍
മോക്ഷാര്‍ത്ഥി ലഭതേ ഗതിം
ജപേത് ഗണപതി സ്‌തോത്രം,
ഷഡ്ഭിര്‍മാസൈഃ ഫലം ലഭേത്
സംവത്സരണേ സിദ്ധിം ച
ലഭതേ നാത്രസംശയഃ

സങ്കഷ്ട നാശന ഗണേശ സ്തോത്രം


പ്രാർത്ഥനാ മന്ത്രങ്ങൾ

1
ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

2
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബു ഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്‌നേശ്വരപാദപങ്കജം

3
പ്രണമ്യ ശിരസാദേവം
ഗൗരിപുത്രം വിനായകം
ഭക്താവാസ സംസ്മര്യേനിത്യം
ആയുഷ്‌ കാമാർത്ഥസിദ്ധയേ

ജ്യോതിഷരത്നം വേണുമഹാദേവ്
+91 9847575559


Story Summary: Vinayaka Chaturthi: Significance, Puja Vidhi And Benefits

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version