Friday, 22 Nov 2024

സ്കന്ദഷഷ്ഠി, തിരുവോണം ഗണപതി ; ഈ ആഴ്ചയിലെ നക്ഷത്ര ഫലം

(2024 നവംബർ 3 – 9 )

ജ്യോതിഷരത്നം വേണുമഹാദേവ്
2024 നവംബർ 3 ന് അനിഴം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ സ്കന്ദഷഷ്ഠിയും തിരുവോണം ഗണപതിയും തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുമാണ്. സുബ്രഹ്മണ്യ പ്രീതി നേടാൻ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിതിഥി ദിവസം സമാഗതമാകുന്ന സ്‌കന്ദഷ്ഷഠി. ശിവപാർവതീപുത്രനായ ശ്രീമുരുകൻ ദുഷ്ടനായ ശൂരപത്മാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ച ദിനമായും താരകാസുരനെ നിഗ്രഹിച്ച ദിനമായും ബ്രഹ്മാവിനെ തടവിലാക്കിയതിന്റെ പ്രായച്ഛിത്തമായി സ്വയം സ്വീകരിച്ച നാഗരൂപം വെടിഞ്ഞ് സ്വന്തം രൂപത്തിൽ അമ്മയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ദിനമായും സ്‌കന്ദഷഷ്ഠിയെ വിശേഷിപ്പിക്കുന്നു. എല്ലാ ജീവിത ദുഃഖങ്ങളും അകറ്റി ഐശ്വര്യവും ആഗ്രഹസാഫല്യവും നൽകുന്ന സ്കന്ദഷഷ്ഠി വ്രതാചരണം സന്താന ഭാഗ്യത്തിനും സന്താനങ്ങൾ കാരണമുള്ള വിഷമങ്ങൾ മാറുന്നതിനും ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വളരെ നല്ലതാണ്. 7 ന് വ്യാഴാഴ്ചയാണ് സ്കന്ദഷഷ്ഠി. ഗണപതി പ്രീതിക്ക് ഉത്തമമായ തുലാമാസത്തിലെ തിരുവോണം ഗണപതി നവംബർ 9 ശനിയാഴ്ചയാണ് ഗണപതി ഭഗവാനെ ഉപാസിച്ചാൽ ഇരട്ടിഫലം കിട്ടുന്ന ഒരു വിശേഷ ദിവസമാണ് തുലാമാസത്തിലെ തിരുവോണം. ശനിയാഴ്ച തന്നെയാണ് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം തിരുആറാട്ട്. അന്ന് അവിട്ടം നക്ഷത്രം നാലാംപാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്ര ഫലം :

മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1)
നല്ല ദിനചര്യ ആരോഗ്യം മെച്ചപ്പെടുത്തും. എല്ലാത്തരം സാമ്പത്തിക ബുദ്ധിമുട്ടുകളും നീക്കം ചെയ്യപ്പെടുക, മാത്രമല്ല സമ്പാദ്യത്തിൽ മികച്ച പുരോഗതിയും ഉണ്ടാകും. ജോലിത്തിരക്ക് കാരണം കുടുംബപ്രശ്നങ്ങൾക്ക് ആവശ്യമായ സമയം ചെലവഴിക്കാൻ കഴിയില്ല. മാനസിക സമ്മർദ്ദം വർദ്ധിക്കും. കർമ്മശേഷിയും സർഗ്ഗശക്തിയും വികസിക്കും. വിദേശയാത്രയ്ക്ക് അനുകൂലമായ മറുപടി ലഭിക്കും. അസാധ്യമായി കരുതിയ കാര്യങ്ങൾ നടക്കും. ദിവസവും ഓം ഹം ഹനുമതേ നമഃ 108 ഉരു ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
അധികജോലിഭാരം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വിശ്രമത്തിന് സമയം മാറ്റിവയ്ക്കണം. പല വഴികളിലൂടെ പണം സമ്പാദിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ മാനസികമായി വൻസമ്മർദ്ദവും ഉത്കണ്ഠയും സൃഷ്ടിക്കും. ദാമ്പത്യജീവിതത്തിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാകാം. ശുഭാപ്തിവിശ്വാസത്തോടെ നീങ്ങിയാൽ സാഹചര്യത്തെ ധൈര്യത്തോടെ നേരിടാൻ കഴിയും. തർക്കിക്കുന്നത് ഒഴിവാക്കണം. വാക്കുകൾ നല്ല ശ്രദ്ധാപൂർവ്വം ഉപയോഗിക്കണം. ഓം ശ്രീം നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
മാനസികസമ്മർദ്ദത്തിന്റെ കാരണങ്ങൾ മനസിലാക്കി, പ്രവർത്തിക്കാൻ ശ്രമിക്കണം. സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചെലവുകൾ കർശനമായി നിയന്ത്രിക്കേണ്ടതാണ്. വളരെ അടുപ്പമുള്ള ഒരു വ്യക്തി വഞ്ചിക്കാൻ സാധ്യതയുണ്ട്. രഹസ്യങ്ങൾ ഒരാളുമായും പങ്കിടരുത്. ജോലിസ്ഥലത്തെ ആരുടെയും ചൂഷണത്തിന്
നിന്നു കൊടുക്കരുത്. ജോലിയുമായി ബന്ധപ്പെട്ട് വിദൂര യാത്ര വേണ്ടിവരും. ഓം നമോ നാരായണായ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ക്ഷീണം അനുഭവപ്പെടും. ചെറിയ കാര്യങ്ങൾക്ക് പോലും മറ്റുള്ളവരോട് ദേഷ്യപ്പെടും. ഇതവരുടെ പിൻതുണയും സഹകരണം ഇല്ലാതാക്കാൻ ഇടയാക്കും. ഇപ്പോൾ പണം സമ്പാദിക്കാൻ പറ്റിയ സമയമാണ്. അല്ലാത്തപക്ഷം അടുത്ത് തന്നെ സാമ്പത്തിക ക്ലേശം അനുഭവിക്കേണ്ടി വരും. സ്വാധീനമുള്ള ചില ആളുകളുമായി ബന്ധപ്പെടാൻ അവസരം ലഭിക്കും. പ്രത്യേക വ്യക്തിയോടുള്ള ഇഷ്ടം വെളിപ്പെടുന്ന രീതിയിൽ പ്രവർത്തിക്കരുത്. ബിസിനസ് മെച്ചപ്പെടും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
ആരോഗ്യം മെച്ചമാകും. വിട്ടുമാറാത്ത രോഗങ്ങൾ ശമിക്കും. സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ധാരാളം പണം ചെലവഴിക്കും. വിരുന്നുകാർ വീട്ടിൽ ഉത്സാഹം നിറയ്ക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. കർമ്മശേഷി വികസിക്കും. ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനായി പ്രധാന തീരുമാനം എടുക്കാൻ കഴിയും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. പരീക്ഷയിൽ മികച്ച ഫലം നേടാനാകും. ഓം നമഃ ശിവായ ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
അടുത്ത സുഹൃത്തുക്കളും വീട്ടുകാരുമൊന്നിച്ച് ഒരു തീർത്ഥാടനത്തിന് പദ്ധതിയിടും. മന:സമാധാനം ലഭിക്കും.
സർഗ്ഗാത്മകമായ കഴിവുകൾ ശരിയായി ഉപയോഗിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കച്ചവടത്തിൽ നല്ല ലാഭം ലഭിക്കും. കുടുംബങ്ങളോടുള്ള പെരുമാറ്റം വളരെ മോശമായിരിക്കും. പിന്നീട് ഇതിൽ വിഷമിക്കുകയും ചെയ്യും. അഹംഭാവത്തിന് കനത്ത തിരിച്ചടി നേരിടാൻ സാധ്യതയുണ്ട്. കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം കിട്ടും. ദിവസവും വിഷ്ണുസഹസ്രനാമം ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3 )
ചില ആഗ്രഹങ്ങൾ സാധിക്കും. കഠിനാദ്ധ്വാനം ഫലം ചെയ്യും. വായ്പ തിരിച്ചടയ്ക്കാനാകും. ബന്ധുക്കളും വീട്ടുകാരും ആവശ്യങ്ങൾ അറിഞ്ഞ് പ്രതികരിക്കുന്നില്ല എന്ന് തോന്നും. ഈശ്വരാനുഗ്രഹവും ഭാഗ്യവും ലഭിക്കും. മറ്റുള്ളവരിൽ മാറ്റങ്ങൾ വരുത്തുന്നതിനു പകരം സ്വയം മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ മന:സമ്മർദ്ദമില്ലാതെ കഴിയാനാകും. ജീവിതപങ്കാളിയുടെ മോശം വാക്കുകൾ വിഷമിപ്പിക്കും. വിദ്യാർത്ഥികൾ അലസത കളയണം. ഓം ശരവണഭവഃ നിത്യവും 108 ഉരു വീതം ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം , തൃക്കേട്ട)
മുതിർന്ന വ്യക്തികളും ഗർഭിണികളും വളരെ ജാഗ്രത പാലിക്കണം. കച്ചവടം വിപുലീകരിക്കാൻ ഏതെങ്കിലും വായ്പ എടുക്കാൻ പദ്ധതിയിടാം. കുടുംബസമാധാനം നിലനിർത്താൻ കഴിയുന്നതും പ്രതികരണങ്ങൾ, തർക്കം ഒഴിവാക്കണം. ഒരു യാത്ര പോകാനുള്ള പദ്ധതി ഉടൻ നടക്കില്ല. നിയമപരമായ രേഖകൾ മനസിലാക്കാതെയും നന്നായി വായിക്കാതെയും ഒപ്പിടരുത്. പങ്കാളിയോട് ദേഷ്യം തോന്നും. രണ്ടുപേരും തമ്മിൽ തർക്കമുണ്ടാകാൻ സാധ്യത കാണുന്നു. നാഗദേവതകളെ ഭജിക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പഴകിയ, പുറത്തു നിന്നുള്ള ഭക്ഷണം കഴിയുന്നതും ഒഴിവാക്കണം. അനാവശ്യ ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. വരുമാനത്തിലെ വർദ്ധനവ് കാരണം ഈ ചെലവുകളുടെ ഭാരം അനുഭവിക്കേണ്ടി വരില്ല. സാമൂഹിക പ്രവർത്തനങ്ങളിൽ വളരെ സജീവമായി പങ്കെടുക്കും. ജോലിയിൽ, എല്ലാ സാഹചര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. പ്രമോഷനും ലഭിക്കാം.
ഓം നാരസിംഹായ നമഃ എന്ന് ദിവസവും ജപിക്കണം.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സൃഷ്ടിപരമായ കഴിവ് വർദ്ധിക്കും. കലാ സാഹിത്യ പ്രവർത്തനങ്ങളിൽ നിന്ന് നല്ല വരുമാനം നേടുന്നതിന് കഴിയും. സന്തോഷവാർത്ത കേൾക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. പുതിയ ചില ആശയങ്ങൾ വികസിപ്പിച്ചെടുക്കും. തീരുമാനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം എടുക്കേണ്ടതുണ്ട്. പ്രണയ ബന്ധം വിവാഹത്തിൽ എത്തിക്കുന്ന കാര്യത്തിൽ തിടുക്കം കാണിക്കാതിരിക്കണം. പങ്കാളിത്ത ബിസിനസ്സിൽ വീഴ്ച
വരാതെ നോക്കണം. ഓം ഹം ഹനുമതേ നമഃ ജപിക്കുക.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
പ്രധാനപ്പെട്ട ചില പദ്ധതികൾ നടപ്പിലാക്കും. അതിലൂടെ നല്ല സാമ്പത്തിക ലാഭം ലഭിക്കും. വിട്ടുവീഴ്ചയില്ലായ്മയും ധാർഷ്ട്യവും ദോഷമാകും. സന്തോഷവും ശാന്തവുമായ കുടുംബജീവിതം ആസ്വദിക്കും. മാനസിക പിരിമുറുക്കം ഒഴിവാകും. വിവാഹം തീരുമാനിക്കും. പരസ്പര ധാരണ വഴി ദാമ്പത്യത്തിലെ എല്ലാ തർക്കങ്ങളും പരിഹരിക്കാൻ ശ്രമിക്കണം. ജോലിയിൽ നിരന്തരമായ തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. ഓം ഗം ഗണപതയേ നമഃ ജപിക്കണം.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
പൊതുവേ കാര്യങ്ങൾ അത്ര അനുകൂലമായിരിക്കില്ല. അതിനാൽ ദേഷ്യം വർദ്ധിക്കും. വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. പണം ചെറിയ നിക്ഷേപ പദ്ധതികളിൽ മാത്രം നിക്ഷേപിക്കുന്നതാണ് ഇപ്പോൾ സുരക്ഷിതം. കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും. ഭൂമി വാങ്ങാൻ ആലോചിക്കും. ദാമ്പത്യബന്ധത്തിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാകും. തീരുമാനം എടുക്കുന്നതിന് ബുദ്ധിമുട്ടും. ജോലിയിൽ കഴിവ് തെളിയിക്കാൻ ശ്രമിക്കും. എന്നാലും കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ കഴിയില്ല. ഓം നമോ നാരായണായ എന്നും ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version