Saturday, 11 Jan 2025

ക്രിസ്തുമസ്, മണ്ഡലപൂജ, ഏകാദശി, കളഭാട്ടം, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2024 ഡിസംബർ 22 – 28 )

ജ്യോതിഷരത്നം വേണു മഹാദേവ്

2024 ഡിസംബർ 22 ഞായറാഴ്ച ഉത്രം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ
ക്രിസ്തുമസ്, ശബരിമല മണ്ഡലപൂജ, ഗുരുവായൂർ കളഭാട്ടം, ധനുമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി, പ്രദോഷം എന്നിവയാണ്. ക്രിസ്തുദേവന്റെ തിരുപ്പിറവി ലോകമെങ്ങും ആഘോഷിക്കുന്നത് ബുധനാഴ്ചയാണ്.
ഡിസംബർ 26 നാണ് 41 ദിവസത്തെ മണ്ഡല കാലത്തിന് സമാപനം കുറിക്കുന്ന ശബരിമല മണ്ഡല പൂജയും
ധനുവിലെ കൃഷ്ണപക്ഷ ഏകാദശിയായ സഫല ഏകാദശിയും ഗുരുവായൂർ കളഭാട്ടവും. തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നടയ്ക്കു വച്ച 450 പവനുള്ള തങ്കഅങ്കി അയ്യപ്പ സ്വാമിക്ക് ചാര്‍ത്തി അന്ന് ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. അന്ന് തന്നെയാണ് ഗുരുവായൂർ കളഭാട്ടവും. മണ്ഡലകാല സമാപനത്തിന് ഗുരുവായൂരപ്പന് നടത്തുന്ന ഒരു വിശേഷ പൂജാകർമ്മമാണ് കളഭാട്ടം. ഡിസംബർ 28 നാണ് ധനുവിലെ കൃഷ്ണപക്ഷ പ്രദോഷം. അന്ന് വൃശ്ചികക്കൂറ് തൃക്കേട്ട നാളിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ആരോഗ്യം മെച്ചപ്പെടും. പുതിയതായി ചില കാര്യങ്ങൾ പഠിക്കാൻ കഴിയും. സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. ഗൃഹത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും. ബന്ധു ഗൃഹസന്ദർശനത്തിന് സമയം കണ്ടെത്തും. കോപം നിയന്ത്രിക്കണം. തർക്കങ്ങൾ ഉടൻ പരിഹരിക്കും. തിരക്ക് പിടിച്ച് ജോലി പൂർത്തിയാക്കാൻ സാദ്ധ്യതയുണ്ട്. ചില കരാറുകൾ പുതുക്കി നിശ്ചയിക്കും. ഓം വചത്ഭുവേ നമഃ ദിവസവും 108 തവണ ജപിക്കണം

ഇടവക്കൂറ്
(കാർത്തിക 2 , 3 , 4 , രോഹിണി, മകയിരം 1 , 2)
ആരോഗ്യവും കർമ്മശേഷിയും മെച്ചപ്പെടും. നിഷേധ സ്വഭാവം ശരിക്കും നിയന്ത്രിക്കണം. ആർക്കും പണം കടം കൊടുക്കരുത്. കുടുംബത്തിൽ ഒരു സ്വസ്ഥത ഉണ്ടാകും. വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ഏറെ
വിശദമായ അന്വേഷണം ആവശ്യമാണ്. എന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ ജീവിതപങ്കാളിയുമായി നേരിട്ട് സംസാരിച്ച് അത് നീക്കം ചെയ്യണം. ഭൂമി വാങ്ങും. നിത്യവും ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
ലഹരി വസ്തുക്കൾ ഒഴിവാക്കി ആരോഗ്യം നന്നായി സംരക്ഷിക്കണം. ഉറക്കം കുറയും. പ്രമുഖ വ്യക്തികളുടെ പിൻതുണയോടെ പുതിയ തന്ത്രങ്ങളും പദ്ധതികളും ആവിഷ്കരിക്കും. പണം വിവേകപൂർവം നിക്ഷേപിക്കും.
സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും തർക്കം പരിഹരിക്കാനും കഴിയും. ശമ്പളവർദ്ധനവിന് സാധ്യത കൂടും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ഈശ്വരാധീനവും ഭാഗ്യത്തിന്റെ പിന്തുണയും ലഭിക്കും. പണച്ചെലവ് കൂടും. മാനസിക അസ്വസ്ഥതകൾ കാരണം തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടും. യാത്രകൾ അനിവാര്യമാകും. ജീവിതപങ്കാളിയെ കളിയാക്കുകയും പിണക്കുകയും ചെയ്യരുത്. വിദേശയാത്രയ്ക്ക് നേരിട്ട തടസ്സങ്ങൾ മാറും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. ചെറിയ രോഗങ്ങൾക്ക് സാദ്ധ്യത കാണുന്നു. നിത്യവും ഓം ഹ്രീം നമഃ ശിവായ 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം , ഉത്രം 1 )
ആരോഗ്യം മെച്ചപ്പെടും. നല്ല ഭക്ഷണരീതി പാലിക്കണം.
അനാവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ധാരാളം പണം ചെലവഴിക്കും. കുടുംബാന്തരീക്ഷം പതിവിലും കൂടുതൽ മനോഹരമായിരിക്കും. ബന്ധുക്കളോ സുഹൃത്തുക്കളോ വീട് സന്ദർശിക്കും. പുതിയ പ്രണയബന്ധത്തിന് വഴി തുറക്കും. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും.
ജോലിസ്ഥലത്തുള്ളവരോട് വ്യക്തിപരമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് ഒഴിവാക്കണം. കഠിനാധ്വാനം ഗുണം
ചെയ്യും. നിത്യവും ഓം നമഃ ശിവായ 108 ഉരു ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4 അത്തം, ചിത്തിര 1 , 2 )
കർമ്മരംഗത്ത് മികവ് തെളിയിക്കാനും നല്ല ആരോഗ്യം ആസ്വദിക്കാനും കഴിയും. സാമ്പത്തിക പ്രശ്‌നങ്ങൾ ഈ സമയത്ത് പൂർണ്ണമായും പരിഹരിക്കാൻ കഴിയും. പണം ലഭിക്കാനും സാധ്യതയുണ്ട്. വീട്ടിൽ പ്രത്യേക മാറ്റങ്ങൾ വരുത്തും. ദാമ്പത്യ / പ്രണയ ജീവിതം മികച്ചതായിരിക്കും. എത്ര ശ്രമിച്ചാലും ശത്രുക്കൾക്ക് ഉപദ്രവിക്കാൻ കഴിയില്ല. ജോലിസ്ഥലത്തും നിലയും വിലയും നന്നായി വർദ്ധിക്കും. വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം സഫലമാക്കും.
ഓം ദും ദുർഗ്ഗായൈ നമഃ നിത്യവും 108 തവണ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
സാമ്പത്തികമായ ഇടപാടുകൾ വഴി നേട്ടങ്ങളുണ്ടാക്കും. എങ്കിലും ഇപ്പോൾ വലിയ നിക്ഷേപങ്ങൾ നടത്തരുത്.
സാമൂഹിക ബാദ്ധ്യതകളേക്കാൾ സ്വന്തം ആരോഗ്യത്തിന് മുൻ‌ഗണന നൽകണം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ജോലിയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസം നേടിയ ജോലി അന്വേഷിക്കുന്നവർക്ക് ഒരു നല്ല കമ്പനിയിൽ നിന്ന് അഭിമുഖത്തിനായി ക്ഷണം ലഭിക്കും. പ്രണയത്തിൽ സംഘർഷങ്ങൾ അസ്വസ്ഥത സൃഷ്ടിക്കും. ഓം നമോ നാരായണായ എന്നും ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സന്തോഷകരമായ പ്രവർത്തനങ്ങളിൽ പങ്കാളിയാകും. സ്വന്തം കഴിവിലധികം
വാഗ്ദാനങ്ങൾ നൽകരുത്. കുടുംബത്തിൽ ഏതെങ്കിലും തരത്തിലുള്ള തർക്കത്തിൽ പെടാതെ ഒഴിഞ്ഞുമാറാൻ
ശ്രദ്ധിക്കണം. പ്രണയ/ ദാമ്പത്യ ജീവിതത്തിൽ ചില നല്ല നിമിഷങ്ങൾ സംജാതമാകും. ഇച്ഛാശക്തി ശക്തമാകും, ഔദ്യോഗിക ജീവിതത്തിൽ ചില നേട്ടങ്ങൾ കൈവരിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർ നല്ല വാർത്ത കേൾക്കും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1)
ദിനചര്യയിൽ മാറ്റങ്ങൾ വരുത്തും. അത് പതിവായി നിലനിർത്താൻ ശ്രമിക്കണം. നിക്ഷേപങ്ങളിൽ നിന്ന് പ്രതീക്ഷിച്ചത്ര ലാഭമുണ്ടാക്കില്ല. കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ജീവിത പങ്കാളിയിൽ നിന്ന് ഒരു സന്തോഷവാർത്ത കേൾക്കും. പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് ബന്ധങ്ങളിൽ സ്വാധീനം ചെലുത്തും. ബിസിനസുകാർ വെല്ലുവിളി അതിജീവിക്കും.
നിത്യവും 108 ഉരു ഓം ഹം ഹനുമതേ നമഃ ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. നേത്രരോഗം, കർണ്ണരോഗം എന്നിവയ്ക്ക് സാധ്യതയുണ്ട്. നന്നായി
ചിന്തിച്ച ശേഷം മാത്രമേ വൻ നിക്ഷേപങ്ങൾ നടത്താവൂ. ക്ഷമയുടെ അഭാവം പ്രശ്നങ്ങൾ സൃഷ്ടിക്കും. വീട്ടിൽ
ചില പ്രശ്നങ്ങൾക്ക് സാദ്ധ്യത കാണുന്നു. പങ്കാളിയോടും കുടുംബാംഗങ്ങളോടും നന്നായി പെരുമാറേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ അവരുമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. ദേഷ്യം നിയന്ത്രിക്കണം.
നിത്യവും ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 4, 5, ചതയം, പൂരുരുട്ടാതി 1, 2, 3 )
കണക്കില്ലാതെ പണം ചെലവഴിച്ചവർക്ക് ധാരാളം പണം ആവശ്യമായി വരും. കുടുംബത്തിൽ ഒരു നിലയും വിലയും ലഭിക്കും. പ്രതിച്ഛായ വർദ്ധിക്കും. പ്രണയ/ ദാമ്പത്യജീവിതം വളരെയധികം സന്തോഷം കൊണ്ട് നിറയും. ജോലിയിൽ നേട്ടങ്ങൾ വേണമെങ്കിൽ, ഭാഗ്യത്തെ ആശ്രയിക്കാതെ പുറത്തു പോയി പുതിയ അവസരങ്ങൾക്ക് ശ്രമിക്കണം. കൂട്ടുകാരുമൊത്ത് വിനോദയാത്ര ആസൂത്രണം ചെയ്യും. അനാവശ്യമായ കാര്യങ്ങൾക്ക് സമയം ചെലവഴിക്കരുത്. ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സഹപ്രവർത്തകന്റെ മോശം പെരുമാറ്റം മന:സമാധാനം കെടുത്തും. വാഹനമോടിക്കുമ്പോൾ നല്ല ശ്രദ്ധ വേണം.
കഠിനാധ്വാനത്തിന് നല്ല ഫലം കിട്ടും. ചെലവ് കൂടുന്നത് നിയന്ത്രിക്കണം. മാതാപിതാക്കളുടെ സഹായം ലഭിക്കും.
മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവ് കുടുംബത്തിൽ സമാധാനം നിലനിർത്താൻ സഹായിക്കും. പ്രണയ ജീവിതത്തിൽ കൂടുതൽ സന്തോഷം ലഭിക്കും. യാത്രകൾ വേണ്ടിവരും. തീരുമാനം എടുക്കുന്നതിന് ബുദ്ധിമുട്ടുകൾ
നേരിടും. ഓം ഭദ്രകാള്യൈ നമഃ നിത്യവും ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version