അമാവാസി, ഹനുമദ് ജയന്തി, പുതുവത്സരപ്പിറവി, മന്നം ജയന്തി ; ഈ ആഴ്ചയിലെ നക്ഷത്രഫലം
(2024 ഡിസംബർ 29 – 2025 ജനുവരി 4 )
ജ്യോതിഷരത്നം വേണു മഹാദേവ്
അമാവാസി, ഹനുമദ് ജയന്തി, പുതുവത്സരപ്പിറവി, മന്നം ജയന്തി എന്നിവയാണ് 2024 ഡിസംബർ 29 ന് തൃക്കേട്ട നക്ഷത്രം രണ്ടാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ഡിസംബർ 30 തിങ്കളാഴ്ചയാണ് ധനു മാസത്തിലെഅമാവാസിയും ഹനുമദ് ജയന്തിയും. കേരളത്തിലും തമിഴ്നാട്ടിലും ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രത്തിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ഹനുമദ് ജയന്തി ആഘോഷം ഉത്തരേന്ത്യയിൽ ഹനുമദ് ജയന്തി ചൈത്രമാസത്തിലെ ചിത്രാപൗർണ്ണിമയ്ക്കാണ് – ഈ ദിവസം മീനം – മേടമാസത്തിൽ വരും – എന്നാൽ കേരളത്തിൽ ഹനുമദ് ജയന്തിയായി പ്രധാനമായും ആചരിക്കുന്നത് ധനുമാസത്തിലെ മൂല നക്ഷത്രമാണ്. ഈ ദിവസം എല്ലാ ഹനുമദ് ക്ഷേത്രത്തിലും വിശേഷാൽ പൂജകളും ആഘോഷങ്ങളും നടക്കും. ജനുവരി 1 ബുധനാഴ്ചയാണ് പുതുവത്സരപ്പിറവി. പിറ്റേന്ന് ജനുവരി 2 നാണ് സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റെ ജയന്തി ആഘോഷം. ജനുവരി 4 ന് പൂരുരുട്ടാതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യം അൽപ്പം മെച്ചപ്പെടും. പുതിയ സാമ്പത്തിക പ്രശ്നങ്ങൾ നേരിടും. പണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനം എടുക്കേണ്ടിവന്നാൽ, നന്നായി ആലോചിച്ച് ഉറപ്പിക്കണം. അല്ലെങ്കിൽ നഷ്ടം ഉണ്ടാകാം. കുടുംബജീവിതം സന്തോഷം നിറഞ്ഞതാകും. മാനസിക പിരിമുറുക്കം ഒഴിവാകും. മോശം പെരുമാറ്റം ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും. പങ്കാളിയുമായി കലഹിക്കരുത്. മാന്യമായി പെരുമാറണം. ജോലിയിൽ ശ്രദ്ധ ചെലുത്തിയാൽ ഉറപ്പായും വിജയം കൈവരിക്കും. നിത്യവും 108 തവണ ഓം നമോ നാരായണായ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4 , രോഹിണി, മകയിരം 1, 2 )
ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകും. സാമ്പത്തിക ഭദ്രതയുണ്ടാക്കാൻ ശ്രമിക്കും. അടുപ്പമുള്ള പലരും
നിങ്ങളെ മനസ്സിലാക്കുന്നില്ല എന്ന് തോന്നും. മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ധ്യാനം, പ്രാർത്ഥന തുടങ്ങിയ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കും. അസ്ഥിരമായ സ്വഭാവം ദാമ്പത്യത്തിലും പ്രണയത്തിലും പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. കർമ്മശേഷി വഴി സഹപ്രവർത്തകരെ ആകർഷിക്കും. ബിസിനസ്സ് വളർച്ച നേടാൻ കഴിയും.
എന്നും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കണം.
മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കണം. കടം വാങ്ങിച്ച ആളുകൾ വീട്ടിൽ വന്ന് പണം ആവശ്യപ്പെടാൻ സാദ്ധ്യത കാണുന്നു. പ്രണയ വിവാഹത്തിന് അനുമതി ലഭിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിയും. വ്യാപാരത്തിൽ പങ്കാളിയിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നേക്കാം. ഇക്കാരണത്താൽ നിങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന എല്ലാ അവസരങ്ങളും നഷ്ടപ്പെടും. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ മികവ് പുലർത്താൻ കഴിയും. ദിവസവും വിഷ്ണുസഹസ്രനാമം ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം , ആയില്യം)
സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കണം. കൈയിൽ പണമുള്ളിടത്തോളം ചെലവ് വർദ്ധിക്കുന്നത് തുടരുമെന്ന് തിരിച്ചറിഞ്ഞ് ധനം സുരക്ഷിതമായി നിക്ഷേപിക്കണം. കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും നിറയും. നിറവേറ്റാനാകുന്ന വാഗ്ദാനങ്ങൾ മാത്രം നൽകാൻ ശ്രമിക്കുക. വീടിന് ചില
അറ്റകുറ്റപ്പണികൾ നടത്തും. ഉത്തരവാദിത്തങ്ങളും എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയില്ല.
നിത്യവും ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കണം.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
ഉന്നതരായ ചില വ്യക്തികളുമായി നേരിട്ട് സംവദിക്കാനും ചില സംശയങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താനും അവസരം ലഭിക്കും. സഹപ്രവർത്തകന്റെ സ്വാർത്ഥമായ പെരുമാറ്റം നിങ്ങളുടെ മാനസിക സമാധാനം കെടുത്തും.
ജീവിതപങ്കാളിയുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ കഴിയും. സാമ്പത്തിക സ്ഥിതി ഈ ആഴ്ച മികച്ചതാകില്ല.
മക്കളെ ശിക്ഷിക്കുന്നതിനു.പകരം അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതാണ് നല്ലത്.
ഡ്രൈവിംഗ് സമയത്ത് വളരെയധികം ശ്രദ്ധിക്കണം. ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. ഓം നമഃ ശിവായ എന്ന് ദിവസവും രാവിലെ 108 ഉരു ജപിക്കുന്നത് ഗുണം ചെയ്യും.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
ഒരു കുടുംബാംഗത്തിന്റെ അനാരോഗ്യം മനസ്സിനെ വിഷമിപ്പിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണം സമ്പാദിക്കാൻ നിരവധി അവസരങ്ങൾ ലഭിക്കും. പ്രതിച്ഛായ, കീർത്തി വർധിക്കും. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. ജീവിത പങ്കാളിയുമായി അനാവശ്യമായ തർക്കങ്ങൾക്ക് സാദ്ധ്യതയുണ്ട്. ചിലർക്ക് സ്ഥാനമാറ്റം അല്ലെങ്കിൽ ജോലിയിൽ സ്ഥലം മാറ്റം ലഭിക്കാൻ സാധ്യത കാണുന്നു. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. ഓം ദും ദുർഗ്ഗായൈ നമഃ എന്നും ജപിക്കണം.
തുലാക്കൂറ്
(ചിത്തിര 3 , 4 , ചോതി, വിശാഖം 1, 2, 3 )
സുഹൃത്തുക്കളും വീട്ടുകാരുമൊത്ത് ഒരു തീർത്ഥാടനം നടത്താൻ പദ്ധതിയിടും. ധാർമ്മിക ബോധം വളരും.
ഈശ്വരാനുഗ്രഹത്താൽ മന:സമാധാനം നേടാൻ കഴിയും. ഭാവിയിൽ വില വർദ്ധിച്ചേക്കാവുന്ന ഭൂമി വാങ്ങുന്നതിന് നല്ല സമയമാണ്. അല്ലെങ്കിൽ സ്വർണ്ണാഭരണങ്ങൾ, വീട് എന്നിവയിൽ നിക്ഷേപം നടത്തും. പ്രണയിക്കുന്നവർക്ക്, സമയം വളരെ നല്ലതായിരിക്കും. ഓഫീസ് അന്തരീക്ഷം മികച്ചതാക്കും. സഹപ്രവർത്തകരോട് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയും. ഈ ആഴ്ച, വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടാകും. എന്നും നരസിംഹ മൂർത്തിയെ ഭജിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം , തൃക്കേട്ട )
ആരോഗ്യം മികച്ചതായിരിക്കും. വിട്ടുമാറാത്ത ചില രോഗങ്ങളിൽ നിന്ന് മുക്തി നേടാനുള്ള സാധ്യതയുണ്ട്. ജീവിതം ഏറെ ഊർജ്ജസ്വലവും സന്തോഷഭരിതവും ആകും. പല വഴികളിലൂടെയും പണം സമ്പാദിക്കുന്നത് തുടരും. കുടുംബ ജീവിതത്തിൽ അമിതപ്രതീക്ഷ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കും. ജോലിയിൽ മുന്നേറുന്നതിനായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വിമുഖത കാണിക്കും. വിദ്യാർത്ഥികൾ, ഈ സമയം അവർക്ക് വളരെ ഫലപ്രദമായിരിക്കും. നിത്യവും 108 തവണ വീതം ഓം ഹം ഹനുമതേ നമഃ ജപിക്കണം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
കഠിനാദ്ധ്വാനം പരിഗണിച്ച് നല്ല ആനുകൂല്യങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് മികച്ച ശമ്പളമുള്ള നല്ല ഓഫർ ലഭിക്കും. എല്ലാ അവസരങ്ങളും ശരിയായി പ്രയോജനപ്പെടുത്തുക. ചില ബന്ധുക്കളുമായുള്ള ബന്ധം പുതുക്കുന്നതിന് കഴിയും. ദീർഘകാലമായി തീർക്കാത്ത വീട്ടുജോലികൾ പൂർത്തിയാക്കാൻ കഴിയും. വൈകാരിക സ്വഭാവവും കരുതലും കാരണം നല്ല പങ്കാളിയാകാൻ കഴിയും. ജോലിസ്ഥലത്ത് കൂടുതൽ ഉത്തരവാദിത്തവും
കാര്യക്ഷമതയും പ്രദർശിപ്പിക്കും. നല്ല ആരോഗ്യത്തിന്, വ്യായാമം പുനരാരംഭിക്കും. വിദേശ യാത്രാതടസ്സം മാറും.
നിത്യവും ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കണം.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സാമ്പത്തികമായി മികച്ച നേട്ടങ്ങൾ ഉണ്ടാകുമെന്ന് മാത്രമല്ല ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാക്കുകയും ചെയ്യും. കുടുംബാംഗങ്ങളോട് സൗമ്യമായി പെരുമാറാൻ പ്രത്യേകം ശ്രദ്ധിക്കണം. മോശം പെരുമാറ്റം പ്രണയ/ ദാമ്പത്യ ബന്ധത്തെ ബാധിക്കാം. വാക്കുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ഔദ്യോഗിക കാര്യങ്ങളിൽ സമ്മർദ്ദത്തിൽ നിന്നും ആശ്വാസം ലഭിക്കും. ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാകും.വിദ്യാർത്ഥികൾക്ക്
വിദ്യാഭ്യാസത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. മുൻകാല തെറ്റുകളിൽ നിന്ന് പലതും പഠിക്കും. നിത്യവും
ലളിതാ സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കും. കലാ – കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ ജീവിതത്തിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കും. പണവുമായി ബന്ധപ്പെട്ട ഒരു തർക്കത്തിൽ നിന്നും മോചനം ലഭിക്കും. സമൂഹത്തിൽ ആദരവ് ലഭിക്കും. കൂടപ്പിറപ്പുകളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ പണം ചെലവഴിക്കും. ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കും. വിവാഹം തീരുമാനിക്കുന്നതിന് നല്ല സാധ്യത കാണുന്നു. പ്രണയ/ ദാമ്പത്യത്തിന് സമയം അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് വീഴ്ചകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. നിത്യവും ഓം ശരവണ ഭവഃ 21 തവണ വീതം ജപിക്കുക.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
മാനസിക പ്രശ്‌നങ്ങൾ ശാരീരികമായ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. നിഷേധ സമീപനം ജോലിസ്ഥലത്തെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കും. ചില അനാവശ്യ ചെലവുകൾക്ക് സാധ്യതയുണ്ട്. വരുമാനത്തിലെ വർദ്ധന കാരണം ഈ ചെലവുകളുടെ മോശം ഫലം ജീവിതത്തിൽ അനുഭവിക്കില്ല. കുടുംബജീവിതത്തിൽ വളരെയധികം നേട്ടങ്ങളുണ്ടാകും. പ്രശ്‌നത്തിൽ നിന്ന് കരകയറാനാകും. ജീവിത പങ്കാളിയുമായി സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് മുതിർന്നവരിൽ നിന്ന് ശാസന ലഭിച്ചേക്കാം. നിത്യവും 108 ഉരു വീതം ഓം നമോഭഗവതേ വാസുദേവായ ജപിക്കുക
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved