മേട സംക്രമം, വിഷുക്കണി, വരാഹ ജയന്തിദുഃഖ വെള്ളി; ഈ ആഴ്ചത്തെ നക്ഷത്രഫലം
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
(2025 ഏപ്രിൽ 13 – 19 )
ജ്യോതിഷരത്നം വേണു മഹാദേവ്
ലോകമെങ്ങും സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി കൊണ്ടാടുന്ന ഈസ്റ്ററിൻ്റെ വിളംബരമായ ഓശാന ഞായർ, മേടരവി സംക്രമം, മലയാളത്തിന്റെ സുപ്രധാന ആണ്ടു വിശേഷങ്ങളില്‍ ഒന്നായ വിഷുക്കണി, വരാഹാവതാരവ്രതം, പെസഹാ വ്യാഴം, ദുഃഖ വെള്ളി എന്നിവയാണ് 2025 ഏപ്രിൽ 13 ന് തുലാക്കൂറിൽ ചോതി നക്ഷത്രം ഒന്നാം പാദത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ക്രിസ്തുദേവന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ ഓര്‍മ്മപ്പെരുന്നാളായ ഈസ്റ്ററിന് തുടക്കം കുറിക്കുന്ന കുരുത്തോല പെരുന്നാളോടെയാണ് വാരം തുടങ്ങുന്നത്.
1200 മീനം 30, 2025 ഏപ്രിൽ 14 പുലർച്ചെ 3:31 മണിക്ക് ചോതി നക്ഷത്രം ഒന്നാം പാദം തുലാക്കൂറിലാണ് മേട രവി സംക്രമം നടക്കുന്നത്. സംക്രമം പുലച്ചെ നടക്കുന്നത് കാരണം അപ്പോൾ തന്നെയാണ് വിഷുക്കണി. എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും അന്നാണ് വിഷുക്കണി ദർശനം. നാടെങ്ങും ഐശ്വര്യത്തിന്റെ പ്രതീകമായ
കൊന്നപ്പൂക്കൾ നിറയുന്ന വിഷുക്കാലം പ്രകൃതി സ്വർണ്ണ വർണ്ണത്തിൽ കുളിച്ച് ഏറ്റവും സുന്ദരിയാകുന്ന ദിനങ്ങളാണ്. കണികാണാൻ കൊന്നപ്പൂവും കൈനീട്ടവും ഇല്ലാത്ത വിഷു സങ്കല്പിക്കാൻ പോലും കഴിയില്ല.
തുലാക്കൂറിലാണ് ചോതി നക്ഷത്രത്തിൽ സൂര്യൻ മേടം രാശിയിൽ പ്രവേശിക്കുന്ന നേരം സൗരവർഷത്തിന്റെ ആരംഭമായും കണക്കാക്കുന്നു. കാലത്തിന്റെ ദേവനായ വിഷ്ണുവിനും അവതാരമായ കൃഷ്ണനും വിഷുവിന് പ്രാധാന്യം വന്നത് അതിനാലാണ്. അംബേദ്ക്കർ ജയന്തി ആഘോഷവും ഏപ്രിൽ 14 തിങ്കളാഴ്ചയാണ്. ഭൂമിയുടെ സംരക്ഷകനായ വരാഹമൂർത്തിയുടെ തിരുഅവതാര
ദിനമാണ് ഏപ്രിൽ 17 വ്യാഴാഴ്ച. ദശാവതാരങ്ങളിൽ മൂന്നാമത്തേതായ വരാഹാവതാര വ്രതം കേരളത്തിൽ
ആചരിക്കുന്നത് മേടത്തിലാണ്. അന്ന് തന്നെയാണ് പെസഹാ വ്യാഴം. 17 ന് ദു:ഖവെള്ളി. 18 ന് ഈസ്റ്ററിൻ്റെ തലേന്ന് പൂരാടം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
സാമ്പത്തികമായി നേട്ടം ഉണ്ടാകുമെങ്കിലും, ചെലവ് വർദ്ധിക്കും. മോശം പെരുമാറ്റം കാരണം ചില ബന്ധങ്ങൾ വേർപിരിയാൻ സാധ്യതയുണ്ട്. ഇത് കുടുംബജീവിതത്തെ നേരിട്ട് ബാധിക്കും. പെരുമാറ്റത്തിൽ വഴക്കം കൊണ്ടു വരണം. മറ്റുള്ളവരുമായുള്ള തർക്കങ്ങൾ ഒഴിവാക്കുക. ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് സംസാരിച്ച് എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം കാണും. വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവർക്ക് സമയം വളരെ നല്ലതായിരിക്കും. ദിവസവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
ഏകാഗ്രത കുറയും. ഒരു കാര്യത്തിലും മനസ്സർപ്പിക്കാൻ കഴിയില്ല. കണക്കില്ലാതെയും ചിന്തിക്കാതെയും പണം ചെലവഴിച്ചവർക്ക് ധാരാളം പണം ആവശ്യമായി വരാം. കുടുംബജീവിതം അനുകൂലമാകും. പുതിയ വാഹനം വാങ്ങും. വീട്ടുജോലികളിൽ സജീവമായി പങ്കെടുക്കും. മേലധികാരിയുടെ കോപം അഭിമുഖീകരിക്കേണ്ടതായി വരാം. വിദ്യാർഥികൾക്ക് പഠനത്തിൽ കുടുതൽ
ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ വലിയ ബുദ്ധിമുട്ട് തോന്നാം. ദിവസവും 108 തവണ ഓം ശ്രീം നമഃ ജപിക്കുക.
മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
മധുര പ്രിയം രോഗങ്ങൾക്ക് കാരണമാകും. വരുമാനം വർദ്ധിക്കും. അതുവഴി സാമ്പത്തിക സ്ഥിരത ഉണ്ടാകും. മികച്ച നിക്ഷേപങ്ങൾ നടത്തും. കുടുംബത്തിൽ ബഹുമാനം ആദരവ് വർദ്ധിക്കും. ക്ഷമ കുറവായിരിക്കും, ജോലിസ്ഥലത്ത് ആവേശം കുറയ്ക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ നിരവധി ആളുകൾ എതിരാകും. മേലുദ്യോഗസ്ഥർക്കും അപ്രീതി ഉണ്ടാകും. യുക്തിപൂർവം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് അത്ഭുതകരമായി കൂടും. വിഷ്ണു സഹസ്രനാമം ദിവസവും ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
മന:സമാധാനത്തിന് സാമൂഹ്യ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ദാനധർമ്മങ്ങളിലും ഏർപ്പെടും. സമൂഹത്തിൽ നിലയും വിലയും അംഗീകാരവും ലഭിക്കും. കച്ചവടത്തിൽ നല്ല ലാഭം നേടും. മികച്ച നിക്ഷേപങ്ങൾ വഴി ഭാവി സുരക്ഷിതമാക്കാൻ കഴിയും. വീട് വിട്ട് അകലെ കഴിയുന്നവർക്ക് നിരാശയും ദേഷ്യവും ശക്തമാകും. എടുത്ത് ചാട്ടം നിയന്ത്രിക്കണം. ശ്രദ്ധയോടെ ജോലികൾ നേരത്തേ തന്നെ പൂർത്തിയാക്കും. പ്രമോഷൻ ഉറപ്പാക്കും. വിദേശ യാത്ര പോകാൻ ഒരുക്കം തുടങ്ങും. ദിവസവും 108 തവണ ഓംദും ദുർഗ്ഗായൈ നമഃ ജപിക്കുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കും. ചങ്ങാതിമാരും അടുത്ത ബന്ധുക്കളും എല്ലാ വിധത്തിലും പിന്തുണ നൽകും. എല്ലാത്തരം സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കരകയറും. വായ്പ തിരിച്ചടയ്ക്കാൻ കഴിയും.
ചിലർക്ക് വീട്ടിലെ പ്രക്ഷുബ്ധമായ അന്തരീക്ഷം മൂലം മന:സമാധാനം നഷ്ടമാകും. ജോലി സ്ഥലത്ത് ശത്രുക്കൾ മിത്രങ്ങളാകും. ഒരു വലിയ പ്രമോഷൻ ലഭിക്കും. സൗഹൃദങ്ങൾ മെച്ചപ്പെടുത്തും. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടാൻ കഴിയും. ദിവസവും 108 തവണ ഓം നമോ നാരായണായ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
സന്ധിവേദന, നടുവേദന തുടങ്ങിയവയ്ക്ക് സാധ്യത. വിവേകത്തോടെ നീങ്ങിയാൽ കൂടുതൽ വരുമാനം നേടാൻ കഴിയും. ചില നല്ല വാർത്തകൾ കേൾക്കും. ദുശ്ശീലങ്ങൾ കുടുംബാംഗങ്ങളെ അസ്വസ്ഥരാക്കും. സഹപ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കും. മുൻകാല തർക്കങ്ങളെല്ലാം പരിഹരിക്കാൻ കഴിയും. ശമ്പള വർദ്ധനവിന് സാധ്യത വർദ്ധിക്കും.
ജോലിയുടെ ഭാരവും മറ്റ് ഉത്തരവാദിത്തങ്ങളും തിരക്ക് വർദ്ധിപ്പിക്കും. വിദ്യാർത്ഥികൾക്ക് സമയം ഏറ്റവും അനുകൂലമായി കാണുന്നു. ഓം ഗം ഗണപതയേ നമഃ 108 തവണ എന്നും ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
വരുമാനവും ചെലവും കൃത്യമായി കണക്കാക്കി
വളരെ കരുതലോടെ മുന്നോട്ട് പോകാൻ തീരുമാനിക്കും. മാതാപിതാക്കളുടെ സഹായം ലഭിക്കും. കുടുംബത്തിൽ സന്താന ഭാഗ്യം കാണുന്നു. കുടുംബാന്തരീക്ഷത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞതാകും. അടുത്ത ബന്ധുക്കളുമായി ചേർന്നുള്ള പങ്കാളിത്ത ബിസിനസ്സിൽ വലിയ ചതി പറ്റും. ഒറ്റയ്ക്ക് നടത്തുന്ന ബിസിനസ്സ് വിപുലീകരണത്തിന് വായ്പ കിട്ടും. എന്തു കാര്യത്തിലും, അനുഭവപരിചയമുള്ള വ്യക്തികളുടെ നിർദ്ദേശങ്ങൾ പരിഗണിക്കും. ഓം നമഃ ശിവായ നിത്യവും 108 തവണ വീതം ജപിക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യവും കർമ്മശേഷിയും മെച്ചപ്പെടും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. പണം ലാഭിക്കാൻ നടത്തുന്ന ശ്രമം വിജയിക്കും. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം അൽപ്പം ഉത്കണ്ഠാകുലരാകും. പക്ഷേ പ്രതികൂലമായ സാഹചര്യങ്ങൾ സ്ഥിരമായി എന്നേക്കും നിലനിൽക്കില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. വളരെക്കാലമായി ഒരു അടുത്ത ബന്ധുവിനെ കാണാൻ പദ്ധതിയിട്ടിരുന്നെങ്കിൽ അത് നടക്കും. മത്സരപരീക്ഷ എഴുതിയാൽ നല്ല വിജയം പ്രതീക്ഷിക്കാം. ഓം വചത്ഭുവേ നമഃ 108 തവണ വീതം ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ആരോഗ്യം മെച്ചപ്പെടുത്തും. ഇതിനായി നല്ല ദിനചര്യയും ഭക്ഷണക്രമവും പാലിക്കാൻ ശ്രദ്ധിക്കും. കൂടുതൽ ബുദ്ധിമുട്ടില്ലാതെ തന്നെ കച്ചവടത്തിൽ മികച്ച ലാഭം നേടാൻ കഴിയും. അപ്രതീക്ഷിത ചെലവുകൾ വളരെ കുറയും. ജോലികൾ മാറ്റിവയ്ക്കുന്നതിനു പകരം അത്
പൂർത്തിയാക്കാൻ ശ്രമിക്കും. ജോലിയിൽ മുന്നേറാൻ നല്ലൊരു അവസരം ഉടൻ ലഭിക്കും. കഠിനാധ്വാനം പരീക്ഷയിൽ മികച്ച വിജയം സമ്മാനിക്കും. ദിവസവും 108 തവണ വീതം ഓം ശിവായ നമഃ ജപിക്കുക.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ പണം സമ്പാദിക്കാൻ കഴിയും. കഴിവിനേക്കാൾ കൂടുതൽ വാഗ്ദാനം നൽകുന്നത് കാരണം സ്വയം കുഴപ്പത്തിലാകാം. ഉത്സാഹത്തോടെ ജോലി ചെയ്യാൻ കഴിയില്ല. ഇത് സഹപ്രവർത്തകരെ അസ്വസ്ഥരാക്കുകയും അലസസ്വഭാവം അവരുടെ പ്രകടനത്തെയും ബാധിക്കും. അനാവശ്യമായി യാത്ര ചെയ്യേണ്ടിവരും. വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യത്തിന് സമയം ലഭിക്കില്ല. നിത്യവും ഓം ഘ്രൂം നമഃ പരായഗോപ്ത്രേ 108 തവണ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ശരിയായ ദിനചര്യ മുമ്പത്തെ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. സാമ്പത്തികമായ നേട്ടങ്ങൾ പതിവിലും മികച്ചതായിരിക്കും. അവസരങ്ങൾ ശരിയായി ഉപയോഗപ്പെടുത്തും. പൂർവ്വിക സ്വത്തിൽ നിന്നോ പങ്കാളിയുടെ കുടുംബത്തിൽ നിന്നോ പെട്ടെന്ന് ധനം ലഭിക്കും. ചില കുടുംബാംഗങ്ങളുമായി കലഹിക്കും. പുതിയ ജോലി ആരംഭിക്കുന്നതിനോ നല്ല നിക്ഷേപം നടത്താനോ യോഗമുണ്ട്. വിദ്യാർത്ഥികൾക്ക് സ്വന്തം ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ കഴിയും. നിരന്തരമായ ശ്രമം നടത്തി ചിലർ ലക്ഷ്യപ്രാപ്തി നേടും. ദിവസവും 108 ഉരു ഓം ഹം ഹനുമാതേ നമഃ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
കുടുംബത്തിൽ സന്തോഷത്തിന്റെ സന്ദർഭം ഉണ്ടാകും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും. അതിതീവ്രമായി ആഗ്രഹിച്ചു കൊണ്ടിരുന്ന കാര്യങ്ങൾ ചെറിയ പരിശ്രമത്തിലൂടെ സ്വന്തമാക്കാൻ കഴിയും.
പുതിയ സാങ്കേതിക വിദ്യാ ജ്ഞാനം ജോലിയിൽ മറ്റുള്ളവരെക്കാൾ മുന്നേറാൻ സഹായിക്കും. സമ്പാദ്യം ഒരു പരിധി വരെ കൂട്ടാനും അത് ശേഖരിക്കാനും കഴിയും. കലാരംഗത്ത് സൃഷ്ടിപരമായ കഴിവ് വർദ്ധിപ്പിക്കാൻ ശ്രമിക്കും. ഓം നമോ നാരായണായ നിത്യവും 108 ഉരു ജപിക്കണം
ജ്യോതിഷരത്നം വേണു മഹാദേവ്
- 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved