Sunday, 27 Apr 2025

വൈശാഖമാസം തിങ്കളാഴ്ച  തുടങ്ങും; ഈ ആഴ്ചയിലെ  നക്ഷത്രഫലം

(2025 ഏപ്രിൽ 27 – മേയ് 3 )
ജ്യോതിഷരത്നം വേണു മഹാദേവ്
2025 ഏപ്രിൽ 27 ന് അശ്വതി നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ മേടമാസത്തിലെ അമാവാസി, വൈശാഖമാസ ആരംഭം, പരശുരാമ ജയന്തി, ബലഭദ്ര ജയന്തി, അക്ഷയ തൃതീയ, ഷഷ്ഠി വ്രതം,
ശങ്കരാചാര്യ ജയന്തി, ചട്ടമ്പിസ്വാമി സമാധി ദിനം എന്നിവയാണ്. വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് മേട മാസത്തിലെ കറുത്ത വാവ്. പിറ്റേന്ന് ഏപ്രിൽ 28 പ്രഥമ മുതൽ വിഷ്ണു ഭജനത്തിന് എറ്റവും അനുയോജ്യകാലമായ വൈശാഖ പുണ്യമാസം തുടങ്ങും. ഏപ്രിൽ 28 മുതൽ മേയ് 26 വരെയാണ്. മാധവമാസം എന്നു കൂടി അറിയപ്പെടുന്ന വൈശാഖമാസം. ഈ പുണ്യ മാസത്തിലെ എല്ലാ ദിവസവും മഹാവിഷ്ണു പ്രീതി നേടാൻ നല്ലതാണ്. കേരളത്തിന്റെ ആത്മീയാചാര്യന്മാരിൽ പ്രമുഖനായ ചട്ടമ്പി സ്വാമികളുടെ മഹാസമാധിയുടെ നൂറ്റിയൊന്നാം
വാർഷികദിനാചരണം ഏപ്രിൽ 29 നാണ്. കൊടുക്കുന്നത് ഇരട്ടിയായി തിരിച്ചു കിട്ടുന്ന മേടമാസത്തിലെ പുണ്യ ദിനമായ അക്ഷയതൃതീയ ഏപ്രിൽ 30 നാണ്. വൈശാഖമാസം വെളുത്ത പക്ഷത്തിലെ മൂന്നാമത്തെ തിഥി വരുന്ന ഈ ദിവസം ക്ഷയിക്കാത്ത പുണ്യം പ്രദാനം ചെയ്യുന്നു. ദാനധർമ്മാദികൾക്ക് ശ്രേഷ്ഠമാണ് ഈ ദിനം. അന്ന് തന്നെയാണ് പരശുരാമ ജയന്തിയും ബലഭദ്ര ജയന്തിയും. മേയ് 2 വെള്ളിയാഴ്ച്ചയാണ് മേടത്തിലെ ഷഷ്ഠി വ്രതം.അന്നാണ് ശങ്കരാചാര്യ ജയന്തിയും.2025 മേയ് 3 ന് പൂയം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സാധിക്കും. സർക്കാറിൽ നിന്ന് സഹായങ്ങൾ ലഭിക്കും. രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തന രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. കടബാധ്യത തീർക്കും. കൃഷിയിൽ നിന്നും ആദായം വർദ്ധിക്കും. കച്ചവടത്തിൽ ഇപ്പോൾ കൂടുതൽ പണം മുടക്കുന്നത് വളരെ നല്ലതാണ്. തൊഴിൽരംഗത്ത് ധാരാളം പുതിയ അവസരങ്ങൾ വന്നുചേരും. എതിർപ്പുകൾ അനായാസം മറികടക്കാനാകും. വിദേശത്ത് ഉപരിപഠനത്തിനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. എല്ലാ ദിവസവും ഓം ഹം ഹനുമതേ നമഃ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
ഒരു പ്രമോഷൻ പ്രതീക്ഷിക്കാം. ഗൃഹം നവീകരിക്കും. വിലപ്പെട്ട വസ്‌തുക്കൾ ലഭിക്കും. ആഗ്രഹിച്ച രീതിയിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. പരീക്ഷയിലും അഭിമുഖത്തിലും അഭിമാനകരമായ വിജയം നേടാൻ കഴിയും. ആരോഗ്യ പ്രശ്നം ശമിക്കും. സന്താനങ്ങളുമായി ഒന്നിച്ചു ജീവിക്കാൻ കഴിയും. വിഷമതകൾ നീങ്ങും. വ്യാപാരം അഭിവൃദ്ധിപ്പെടും. കർമ്മതടസ്സങ്ങൾ നീങ്ങും. പിതൃസ്വത്ത് ലഭിക്കും. പുതിയ വാഹനങ്ങൾ വാങ്ങും. മാനസിക പ്രയാസങ്ങൾ ഇല്ലാതാകും. തൊഴിൽരംഗത്ത് ഉണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടും. ഓം ശ്രീം നമഃ എന്നും 108 ഉരു ജപിക്കുക.

മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
മന:സമാധാനവും ഉണ്ടാകും. ആരോഗ്യം മെച്ചമാകും. ആശങ്കകൾ ഒഴിയും. കുടുംബപരായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. മക്കളുടെ കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാകും കിട്ടാക്കടങ്ങൾ പിരിഞ്ഞു കിട്ടും. അനാവശ്യ ചിന്തകൾ ഒഴിവാക്കും. കൃഷിയിൽനിന്ന് ആദായം കൂടും. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. യാത്രാ തടസ്സങ്ങൾ മാറും. വീട്ടുകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. നിത്യവും 108 ഉരു ഓം ഗം ഗണപതയേ നമഃ ജപിക്കണം.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
തെറ്റിദ്ധാരണകൾ മൂലം അകന്നുപോയ ബന്ധുക്കളും സുഹൃത്തുക്കളും വീണ്ടും ഒന്നിക്കും. എല്ലാ മേഖലകളിലും ഭാഗ്യവും ഈശ്വരാധീനവും അനുഭവപ്പെടും. സർക്കാറിൽ നിന്നും സഹായങ്ങൾ കിട്ടാൻ സാധ്യതയുണ്ട്. ചുമതലാ ബോധവും കാര്യക്ഷമതയും വർധിക്കും. പുണ്യസ്‌ഥലം സന്ദർശിക്കാൻ കഴിയും. ആഗ്രഹിച്ചജോലി ലഭിക്കാൻ
സാധ്യതയുള്ള സമയമാണ്. ഓം നമഃ ശിവായ ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
സർക്കാറിൽ നിന്നും സഹായം ലഭിക്കും. തെറ്റിദ്ധാരണ നീക്കി ബന്ധങ്ങളിലെ പൊരുത്തക്കേടുകൾ തീർക്കും . തൊഴിൽ രംഗത്ത് പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. പുതിയ പദവികൾ കൈവരും. സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കും. ഉപരിപഠനത്തിന് ശ്രമിക്കും. ഉന്നത ബന്ധങ്ങളിൽനിന്ന് ഗുണമുണ്ടാകും. ജീവിതരീതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. തടസ്സപ്പെട്ടു ജോലികൾ പുനരാരംഭിക്കും.
നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ആഗ്രഹിച്ച ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വിദൂര / വിദേശ യാത്രകൾ ചെയ്യും. പുതിയ ചില പദ്ധതികൾ ആവിഷ്‌കരിക്കും. ജീവിതത്തിൽ സുപ്രധാന വഴിത്തിരിവ് ഉണ്ടാകും. വിശിഷ്ട അംഗീകാരങ്ങളും സമ്മാനങ്ങളും ലഭിക്കും. കലാ സാംസ്കാരിക രംഗത്ത് അവസരങ്ങൾ വർദ്ധിക്കും. പ്രതികൂല സാഹചര്യങ്ങൾ സമർത്ഥമായി അതിജീവിക്കും. വിവാഹം തീരുമാനിക്കും. ആരോഗ്യം മെച്ചപ്പെടും. വായ്പ പരിഗണിക്കപ്പെടും. ഭാഗ്യവും ഈശ്വരാധീനവും വർദ്ധിക്കും. വിഷ്ണു സഹസ്രനാമം ദിവസവും ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ഏറെക്കാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സ്വന്തമാക്കാനാവും. പുതിയ സംരംഭങ്ങൾക്ക് ധാരാളം പണം മുടക്കും. മത്സരങ്ങളിൽ മികച്ച വിജയം നേടും. ഏത് പ്രതികൂല സാഹചര്യത്തോടും പൊരുത്തപ്പെട്ടു പോകാൻ കഴിയും. പുതിയ അവസരങ്ങൾ കൈവരും.
സ്വജനങ്ങളുടെ പിൻതുണയും പ്രോത്സാഹനവു ലഭിക്കും. മാനസിക സമ്മർദ്ദങ്ങൾ മാറി ജീവിതത്തിൽ സന്തോഷ, ശാന്തി കൈവരും. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ഉദ്യോഗക്കയറ്റം ലഭിക്കും. അല്ലെങ്കിൽ ജോലി സ്‌ഥിരപ്പെടും. മുടങ്ങിക്കിടന്ന സംരംഭങ്ങൾ പുനരാംരംഭിക്കാൻ തീരുമാനിക്കും. പങ്കാളിയുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം ഇല്ലാതാകും. കുറച്ചു നാളായി ശല്യം ചെയ്യുന്ന രോഗം ഭേദമാകും. ധൈര്യപൂർവം മുന്നിട്ടിറങ്ങിയ കാര്യങ്ങൾ വിജയിക്കും. വരുമാനം വർദ്ധിപ്പിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസപരമായി നല്ല അനുഭവങ്ങൾ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും ആത്മാർത്ഥത ഗുണം ചെയ്യും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
അവസരങ്ങൾ മനസ്സിലാക്കി യുക്തിപൂർവ്വം തീരുമാനം എടുത്ത് പ്രവർത്തിച്ച് ശ്രേയസ്സുണ്ടാകും. അവകാശങ്ങൾ
അംഗീകരിച്ചു കിട്ടും. ആഗ്രഹിക്കുന്ന കാര്യങ്ങൾ പലതും തടസ്സങ്ങൾ കൂടാതെ ലഭിക്കും. ലക്ഷ്യബോധവും കർമ്മശേഷിയും വർദ്ധിക്കും. ഗൃഹ നിർമ്മാണം ആരംഭിക്കും.
വിവാഹം തീരുമാനിക്കും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. കുടുംബസ്വത്ത് കൈവശം വന്നു ചേരും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വീട്ടിൽ സന്തോഷവും ശാന്തിയും കുടും. ഓം നമോ നാരായണായ ജപിക്കണം.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ഭൂമി ക്രയവിക്രയത്തിൽ ലാഭം പ്രതീക്ഷിക്കാം; വിൽക്കാനും വാങ്ങാനും പറ്റിയ സമയമാണ്. കാരുണ്യ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിൽ ശ്രദ്ധയും കീർത്തിയും കരസ്ഥമാക്കും. അർഹമായ സ്വത്തുകൾ ലഭിക്കും. പ്രതീക്ഷകൾ യാഥാർഥ്യമാകും. വീട്ടിൽ മംഗളകർമങ്ങൾ നടക്കും. സൗഹൃദങ്ങൾ ശക്തമാകും.
ജീവിതത്തിൽ സന്തോഷകരമായ ചില സംഭവങ്ങൾ ഉണ്ടാകും. വിദേശയാത്രയ്ക്ക് നേരിട്ട തടസ്സങ്ങൾ മാറും. തൊഴിൽരംഗത്ത് വൻനേട്ടങ്ങൾ കൈവരിക്കാനാകും. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
പുതിയ സംരംഭങ്ങൾ തുടങ്ങാനാകും. ലക്ഷ്യബോധവും കർമ്മ ശേഷിയും വർദ്ധിക്കും. മാതാപിതാക്കളുടെ പ്രതീക്ഷകൾക്കനുസരിച്ച് മുന്നേറാനാകും. അനായാസം പല കാര്യങ്ങളും നേടും. ആഗ്രഹങ്ങൾ സഫലമാകും.
ജീവിതപങ്കാളിയുടെയും മക്കളുടെയും ഉയർച്ചയിൽ സന്തോഷം തോന്നും. ഗൃഹത്തിൽ ആഘോഷങ്ങൾ കൂടും. അപ്രതീക്ഷിതമായി ചില ഗുണാനുഭവങ്ങൾ ഉണ്ടാകും. ഏറെ നാളായി ആഗ്രഹിക്കുന്ന യാത്രകൾ നടത്തും.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഉദ്യോഗക്കയറ്റത്തിന് അർഹത നേടിയെടുക്കാൻ സാധിക്കും. വരുമാനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം. ഈശ്വരാധീനവും ഭാഗ്യവും വർദ്ധിക്കും. വളരെയധികം ആഗ്രഹിച്ച സർക്കാർജോലി ലഭിക്കാൻ ചിലർക്ക് യോഗം
കാണുന്നു. ഇഷ്ട‌കാര്യങ്ങൾ ചെയ്യുന്നതിന് നേരിട്ട എല്ലാ തടസ്സങ്ങളും നീങ്ങാൻസാധ്യതയുണ്ട്. പ്രിയപ്പെട്ട ചില ആളുകളുമായി അടുത്തിടപെടാൻ സാധിക്കും. വിവാഹം സംബന്ധിച്ച് സുപ്രധാനമായ തീരുമാനങ്ങൾ എടുക്കും. സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധ നേടും. നിത്യവും ഓം ശരവണ ഭവഃ 108 തവണ വീതം ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ് ,

  • 91 9847575559
    Summary: Weekly Star predictions based on moon sign by Venu Mahadev

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version