Tuesday, 11 Feb 2025

പ്രദോഷം, തൈപ്പൂയം, പൗർണ്ണമികുംഭ സംക്രമം; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2025 ഫെബ്രുവരി 9 – 15)

ജ്യോതിഷരത്നം വേണുമഹാദേവ്
പ്രദോഷം, തൈപ്പൂയം, പൗർണ്ണമി, കുംഭസംക്രമം എന്നിവയാണ് 2025 ഫെബ്രുവരി 9 ന് തിരുവാതിര നക്ഷത്രം മൂന്നാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ . മകര മാസത്തിലെ വെളുത്തപക്ഷ പ്രദോഷം വാരം തുടങ്ങുന്ന ഞായറാഴ്ച തന്നെയാണ് ആചരിക്കുക. ശിവ പാർവതി പ്രീതി നേടാൻ ഉത്തമമായ ഈ ദിവസം മുഴുവൻ ഉപവസിച്ച് അന്ന് സന്ധ്യാ വേളയിൽ ഫലമൂലാദികൾ സമർപ്പിച്ച് ക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചാൽ സർവാനുഗ്രഹവും ധനവും ആരോഗ്യവും ആഗ്രഹസാഫല്യവും ലഭിക്കും. പ്രദോഷ പൂജാ വേളയിൽ ഒരു മാത്ര ഭഗവാന്റെ ദർശനം ലഭിച്ചാൽ നമ്മുടെ സകല പാപങ്ങളും ഒഴിഞ്ഞു പോകും എന്നും വിശ്വസിക്കുന്നു. ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ് തൈപ്പൂയം. തമിഴ് മാസമായ തെെ മാസത്തിലെ പൂയം നക്ഷത്രമാണ് തൈപ്പൂയം. ശ്രീമുരുകൻ താരകാസുരനെ നിഗ്രഹിച്ച ദിവസമായും ശൂരപദ്മാസുരനെ നിഗ്രഹിക്കാൻ മകന് ദേവി പാർവതി വേൽ സമ്മാനിച്ച ദിവസമായും മറ്റും കീർത്തിക്കപ്പെടുന്ന തൈപ്പൂയം സുബ്രഹ്മണ്യ പൂജയ്ക്ക് അതിവിശേഷമാണ്. ഈ വ്രതമെടുക്കുന്നവർ മൂന്ന് നാൾ മുൻപ് വ്രതം തുടങ്ങിയാൽ വളരെ നല്ലതാണ്. ഒരു നേരം അരി ആഹാരം കഴിച്ച് മറ്റ് സമയത്ത് ഫലമൂലാദികൾ ഭക്ഷിച്ച് തൈപ്പൂയ ദിവസം പൂർണ്ണ ഉപവാസമെടുക്കണം.
കഴിയുന്നത്ര സുബ്രഹ്മണ്യൻ മന്ത്രങ്ങൾ ജപിക്കണം. ക്ഷേത്ര ദർശനം നടത്തണം. പിറ്റേന്ന് ബുധനാഴ്ചയാണ്
പൗർണ്ണമി. ക്ഷേത്രങ്ങളിൽ അന്ന് വൈകിട്ടാണ് പൗർണ്ണമി പൂജയും ഐശ്വര്യപൂജയും. ദേവീപൂജയ്ക്ക് ഉത്തമമായ പൗർണ്ണമി ദിവസം വ്രതം എടുത്താൽ സർവസൗഭാഗ്യവും ആരോഗ്യവും ലഭിക്കും. സത്യനാരായണ പൂജയ്ക്കും ഈ ദിവസം ശ്രേഷ്ഠമാണ്. അന്നു പൂർണ്ണമായും പൗർണ്ണമി തിഥിയുണ്ട്. അന്ന് രാത്രി 9:56 മണിക്കാണ് കുംഭ സംക്രമം. അതിനാൽ പിറ്റേന്ന്, ഫെബ്രുവരി 13 നാണ് കുംഭമാസം ആരംഭിക്കുന്നത്. 2025 ഫെബ്രുവരി 15 ന് കന്നിക്കൂറിൽ അത്തം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
വരുമാനം വർദ്ധിക്കും. സാമ്പത്തികമായ ബാധ്യതകൾ തീർക്കാൻ സൃഷ്ടിപരമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കും. വ്യായാമം ദിനചര്യയുടെ ഭാഗമാക്കും. സ്വജനങ്ങളുമായുള്ള ബന്ധം ദൃഢമാകും. കർമ്മരംഗത്ത് മുന്നേറാൻ പുതിയ ചില അവസരങ്ങൾ ലഭിക്കും. ജീവിത പങ്കാളിയുടെ വാക്കുകൾക്കും ഉപദേശങ്ങൾക്കും പ്രാധാന്യം നൽകും. വിദേശസ്ഥാപനത്തിൽ ജോലി കിട്ടും. ഓം നമോ ഭഗവതേ വാസുദേവായ ദിവസവും ജപിക്കുക.

ഇടവക്കൂറ്
( കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
കുടുങ്ങിക്കിടന്ന പണം തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയും. ആരെങ്കിലും ഒരാൾ മനസ്സിനെ വിഷമിപ്പിക്കും. ആരോഗ്യം നന്നായി സൂക്ഷിക്കണം. പഴയ കാര്യങ്ങൾ കൂടുതൽ ഓർക്കുന്നത്
നല്ലതല്ല. കുടുംബത്തിൽ ചില മംഗളകർമ്മങ്ങൾ നടക്കും. ജോലിയിൽ മുന്നേറാൻ നല്ലൊരു അവസരം ലഭിക്കും.
മത്സരപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാനാകും. ദിവസവും 108 തവണ വീതം ഓം നമഃ ശിവായ ജപിക്കുക.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തിൽ, സമയം പതിവിലും മികച്ചതായിരിക്കും. അവസരങ്ങൾ ശരിയായി പ്രയോജനപ്പെടുത്തുന്നതിന് പങ്കാളിയുടെ കുടുംബത്തിൽ നിന്ന് സഹായം ലഭിക്കും. മാനസികവും ശാരീരികവുമായ ക്ഷീണം അനുഭവം അനുഭവപ്പെടാൻ സാധ്യതയുണ്ട്. എത്ര ശ്രമിച്ചാലും ശത്രുക്കൾക്ക് ഉപദ്രവിക്കാൻ കഴിയില്ല. കഠിനാധ്വാനത്തിന്റെയും കർമ്മ ശേഷിയുടെയും ഫലമായി നിലയും വിലയും വർദ്ധിക്കും. ദിവസവും വിഷ്ണു സഹസ്രനാമം ജപിക്കാൻ ശ്രമിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
അശുഭചിന്തകൾ മനസ്സിലേക്ക് കടന്ന് വരാതിരിക്കാൻ ശ്രമിക്കുക, ഒഴിവു സമയങ്ങൾ പാഴാക്കാതിരിക്കാൻ
നല്ല പുസ്തകം വായിക്കുക. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നന്നായി പരിപാലിക്കേണ്ടതാണ്. ബിസിനസുകാർക്ക് തെറ്റായ ഉപദേശം കാരണം പ്രശ്നങ്ങൾ നേരിടേണ്ടതായി വരാം. എല്ലാവരെയും അന്ധമായി വിശ്വസിക്കുന്നത് ദോഷം ചെയ്യും. ദിവസവും ഓം ഹം ഹനുമതേ നമഃ 108 തവണ വീതം ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1)
അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. അതിലൂടെ ധനസ്ഥിതി വളരെയധികം മെച്ചപ്പെടും.
ബിസിനസ്സ് പങ്കാളി വാഗ്ദാനം പാലിക്കുന്നില്ലെന്ന് തോന്നും. ബന്ധുവിനെ സാമ്പത്തികമായി സഹായിക്കും
വീട്ടിലെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനാകും. ഒരു അതിഥിയുടെ പെട്ടെന്നുള്ള വരവ് നിങ്ങളുടെ ചില പദ്ധതികൾ അവതാളത്തിലാക്കും. വിദ്യാർത്ഥികൾക്ക് നേട്ടങ്ങളുണ്ടാകും. എന്നും ഓം നമഃ ശിവായ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4 , അത്തം, ചിത്തിര 1, 2)
വരുമാനം കൂടും. ബിസിനസ്സിൽ നല്ല ലാഭമുണ്ടാകാൻ കഴിയും. കൂടുതൽ പണം ചെലവഴിക്കുന്നത് ഒഴിവാക്കും.
ദുഃശീലങ്ങൾ കുടുംബത്തിൽ പിരിമുറുക്കം സൃഷ്ടിക്കും. ജീവിതശൈലിയിൽ മാറ്റം വരുത്തും. ഔദ്യോഗികമായ സമ്മർദ്ദങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. വീട്ടിൽ ചില അറ്റകുറ്റപ്പണികൾ നടത്തും. സന്താനങ്ങളുടെ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം. യാത്ര ഗുണംചെയ്യും. ദിവസവും 108 തവണ ഓം ദും ദുർഗ്ഗായ നമഃ ജപിക്കുക.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1 , 2, 3)
മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും. സാമ്പത്തികമായി ജീവിതത്തിൽ വളരെയധികം മെച്ചം ഉണ്ടാകും. ഇതുവഴി ബില്ലുകളും ചില വായ്പകളും തിരിച്ചടയ്ക്കാൻ കഴിയും. കുടുംബജീവിതത്തിലെ ചില സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും . രക്ഷിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ മാറും.
സഹപ്രവർത്തകരുമായി വഴക്കും തർക്കവും ഉണ്ടാകും. ദിവസവും 108 തവണ ഓം ഭദ്രകാള്യൈ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
മെച്ചപ്പെട്ട ആരോഗ്യം ആസ്വദിക്കും. പൂർവ്വിക സ്വത്ത് കൈവശം വരും. വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്.
പണം ഒരു മികച്ച പദ്ധതിയിൽ വീണ്ടും നിക്ഷേപിക്കാൻ തീരുമാനിക്കും. കുടുംബജീവിതം സന്തോഷപ്രദമാകാൻ സാധ്യതയുണ്ട്. എല്ലാ മാനസിക പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടും. വിശ്വാസവും ബുദ്ധിയും ഉപയോഗിച്ച് എല്ലാ തടസ്സങ്ങളും ഇല്ലാതാക്കുന്നതിൽ വിജയിക്കും. ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയും. അശുഭ ചിന്തക
ഒഴിവാക്കും. ഓം വചത്ഭുവേ നമഃ നിത്യവും ജപിക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ജീവിതവിജയത്തിന് ശുഭ ചിന്തകൾ വളരെയധികം ആവശ്യമാണെന്ന് ബോദ്ധ്യമാകും. അപ്രതീക്ഷിതമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ ആത്മസംതൃപ്തി നൽകും. ആരോഗ്യപരമായി നല്ല സമയമാണ്. നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാകില്ല. കുടുംബത്തിൽ, ചില ചെറിയ പ്രശ്നങ്ങൾ തുടരും. ഈ സാഹചര്യത്തിൽ സമാധാനം നിലനിർത്താൻ നയപരമായി ശ്രമിക്കണം. ബിസിനസ്സിൽ തന്ത്രപരമായി നീങ്ങിയാൽ ലാഭം നേടാൻ കഴിയും. ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നത് ചില ഘട്ടത്തിൽ ദോഷം ചെയ്യും. നിക്ഷേപത്തിൽ നിന്ന് മികച്ച ആദായം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാൻ കഴിയും. സമൂഹത്തിൽ ആദരവും അംഗീകാരവും കിട്ടും. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കും. ഒരു വലിയ പ്രമോഷൻ അല്ലെങ്കിൽ ശമ്പള വർദ്ധനവ് ലഭിക്കുന്നതിന് ശക്തമായ സാധ്യതയുണ്ട്, വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ അശ്രദ്ധ ദോഷം ചെയ്യും.
108 തവണ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2 , 3 )
സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ്, തീർച്ചയായും കുടുംബാംഗങ്ങളുടെ അഭിപ്രായം കൂടി
ആരായണം. പണച്ചെലവ് വർദ്ധിക്കും. മാനസിക പിരിമുറുക്കത്തിന് സാധ്യതയുണ്ട്. പുതിയ പദ്ധതികൾ
തുടങ്ങും മുമ്പ് സമഗ്രമായി പഠിക്കണം. അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സ്വയം മുൻകരുതൽ എടുക്കണം.
വിദേശ പഠനത്തിന് ശ്രമിക്കുന്നവർ കൂടുതൽ കാലം കാത്തിരിക്കേണ്ടിവരും. ചെറിയ കാര്യങ്ങൾ കൂടുതൽ
സംസാരിച്ച് വലിയ വിവാദമായി മാറ്റാനുള്ള സാധ്യത കൂടുതലാണ്. ഓം നമഃ ശിവായ 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ആരോഗ്യം മെച്ചപ്പെടും. ഇതിനായി നല്ല ഭക്ഷണക്രമം ശീലിക്കണം. പണം സമ്പാദിക്കാൻ ചില അവസരങ്ങൾ ലഭിക്കും. സൽപ്പേര് വർദ്ധിക്കും. കുടുംബജീവിതത്തിൽ സന്തോഷം ഉണ്ടാകും. വീട്ടിൽ വിവാഹനിശ്ചയത്തിനോ കുട്ടിയുടെ ജനനത്തിനോ സാധ്യതയുണ്ട്. ജോലിയിൽ
തിളങ്ങും. ഒരു പ്രമോഷൻ അല്ലെങ്കിൽ ശമ്പള വർധനവ് ലഭിക്കും. മത്സരപരീക്ഷകളിൽ കഠിനാധ്വാനം ഉറപ്പായും ഫലം ചെയ്യും. എന്നും ഓം ഗം ഗണപതയേനമഃ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version