Sunday, 18 May 2025

അപര ഏകാദശി, ശനി പ്രദോഷം; ഈ ആഴ്ചയിലെ നക്ഷത്രഫലം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )

(2025 മേയ് 18 – 24 )
ജ്യോതിഷരത്നം വേണു മഹാദേവ്

2025 മേയ് 18 ന് ഉത്രാടം നക്ഷത്രത്തിൽ തുടങ്ങുന്ന
ഈ ആഴ്ചയിലെ മുഖ്യ വിശേഷങ്ങൾ അപര ഏകാദശി, ശനിപ്രദോഷം എന്നിവയാണ്. ഇടവത്തിലെ കറുത്തപക്ഷ ഏകാദശിയായ അപര ഏകാദശി മേയ് 23 വെള്ളിയാഴ്ചയാണ്. വ്യാഴാഴ്ച ദശമിനാളിൽ ഒരിക്കലോടെ വ്രതം തുടങ്ങണം. മേയ് 23 പകൽ 5 മണി 8 മിനിട്ടിനും രാത്രി 3 മണി 60 മിനിട്ടിനും മദ്ധ്യേയാണ് ഹരിവാസരം. അന്നപാനാദികൾ ഉപേക്ഷിച്ച് ഈ സമയത്ത് വിഷ്ണു നാമജപത്തിൽ മുഴുകണം. അപര ഏകാദശി എന്ന് അറിയപ്പെടുന്ന ഈ ഏകാദശി
നോറ്റാൽ ഐശ്വര്യം, സമ്പൽ സമൃദ്ധി, പാപമോചനം എന്നിവയാണ് ഫലം. പിറ്റേന്ന് രാവിലെ ക്ഷേത്രദർശനം നടത്തി പാരണ വിടാം. ശനിയാഴ്ചയാണ് ശനിപ്രദോഷ വ്രതം. കറുത്ത പക്ഷത്തിൽ ശനിയാഴ്ച വരുന്ന പ്രദോഷം ആയതിനാൽ ഇത് കൂടുതൽ ശ്രേഷ്ഠമാണ്. ശത്രുദോഷം, ദൃഷ്ടിദോഷം, രോഗക്ലേശം, ബാധാദോഷം, ശനിദോഷം തുടങ്ങിയവ മാറുന്നതിന് ഉത്തമമാണ് കൃഷ്ണപക്ഷ ത്രയോദശി തിഥിയിലെ ശിവപ്രീതികരമായ ശനി പ്രദോഷ വ്രതാചരണം. അന്ന് ശിവ പാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുക്കുകയും ചെയ്താൽ വിഷമങ്ങളിൽ നിന്നെല്ലാം മോചനം നേടാം. മേയ് 24 ന് അശ്വതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
മുൻപ് നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങണം എന്ന സ്വപ്നവും  പൂർത്തീകരിക്കപ്പെടും. എന്നാൽ ഏത് വാങ്ങണം എന്ന് കുടുംബാംഗങ്ങളോട് കൂടി ആലോചിക്കണം. ആരോഗ്യം മെച്ചപ്പെടുത്താൻ ദിനചര്യയിൽ നല്ല മാറ്റം വരുത്തുക. സാമൂഹ്യ പ്രവർത്തനങ്ങളിൽ‌ സജീവമാകുന്നതിനുള്ള നല്ല അവസരമാണിത്. ഔദ്യോഗിക കാര്യങ്ങളിൽ നേട്ടം. ബിസിനസിൽ പ്രശംസയും പുരോഗതിയും ലഭിക്കും. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള കഴിവിൽ അഭിമാനം തോന്നും. എന്നും ഓം ഗം ഗണപതയേ നമഃ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ആരോഗ്യം മെച്ചപ്പെടുത്തും. ധാരാളം പണം ലഭിക്കും. ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയും. വിവാഹം സംബന്ധിച്ച് സുപ്രധാന തീരുമാനമെടുക്കാൻ സാധ്യത കാണുന്നു. മേലുദ്യോഗസ്ഥർ നിങ്ങളെ പ്രശംസിക്കും.
അഹംഭാവം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ സാധിക്കും. മത്സരപരീക്ഷയിൽ ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ദിവസവും 108 ഉരു ഓം ഹം ഹനുമതേ നമഃ ജപിക്കണം.

മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആരോഗ്യപരമായി സമയം അത്ര അനുകൂലമാകില്ല. ചെലവുകളിൽ നിയന്ത്രണം പാലിക്കണം. ഉദരമായ പെരുമാറ്റം ചിലർ മുതലെടുക്കുന്നതായി തിരിച്ചറിയും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ജോലികൾ പിന്നത്തേയ്ക്ക് മാറ്റിവച്ച് അനാവശ്യമായ കാലതാമസം വരുത്തുന്നത് ഒഴിവാക്കണം. ബന്ധുമിത്രാദികളുടെ പിൻതുണ നേടാൻ കഴിയും. ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാകും ചിലർ കടന്ന് പോകുന്നത്. പങ്കാളിയുമായുള്ള ബന്ധം മികച്ചതായി മാറും. ദിവസവും ഓം നമോ നാരായണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ജീവിതം സന്തോഷകരവും സൗഭാഗ്യങ്ങൾ നിറഞ്ഞതുമായിരിക്കും. പ്രിയപ്പെട്ടവർ വിരുന്ന വരും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ആർക്കും പണം കടം കൊടുക്കരുത്. ഇപ്പോൾ കൊടുത്താൽ അത് തിരിച്ചു കിട്ടില്ല. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഏറെ
ഊഷ്മളമാകും. നിറവേറ്റാൻ കഴിയാത്ത വാഗ്ദാനങ്ങൾ ആർക്കും നൽകരുത്. ചില ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയില്ല. വ്യാപാരത്തിൽ നഷ്ടത്തിന് സാധ്യത കാണുന്നു. ഓം ഗം ഗണപതയേ നമഃ ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
നിക്ഷേപത്തിൽ നിന്ന് നല്ല ലാഭം കിട്ടാൻ സാധ്യത.
മുതിർന്ന കുടുംബാംഗങ്ങളോട് സൗമ്യമായി പെരുമാറാൻ ശ്രമിക്കണം. ആരിൽ നിന്നും ഒരു പരിധിയിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്. വ്യക്തിജീവിതത്തിലെ സമ്മർദ്ദം ജോലിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
ദേഷ്യം വർദ്ധിക്കും. ഒരു കാര്യത്തിലും മുൻവിധി പാടില്ല. കാർഷികരംഗത്ത് കൂടുതൽ ആദായം കിട്ടും. മക്കളുടെ പരീക്ഷാ വിജയത്തിൽ സന്തോഷിക്കും. തുടർച്ചയായി സംഭവിക്കുന്ന ഉയർച്ചതാഴ്ചകൾ കാരണം ഉത്കണ്ഠ
വർദ്ധിക്കാൻ സാധ്യതയുണ്ട്. ഭൂമി ഇടപാടിൽ നേട്ടങ്ങൾ കൈവരിക്കും. ദിവസവും ഓം നമഃ ശിവായ ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
സത്സംഗത്തിൽ പങ്കെടുക്കുന്നത് സംതൃപ്തി നൽകും. ആത്മവിശ്വാസം ശക്തിപ്പെടും. വീട്ടുകാരുടെ താല്പര്യ പ്രകാരം ശരിയായി ആലോചിക്കാതെ ചില വസ്തുക്കൾ വാങ്ങാൻ ധാരാളം പണം ചെലവഴിക്കും. സാമ്പത്തിക സ്ഥിതി മോശമാകുന്നത് മാനസികമായ സമ്മർദ്ദങ്ങൾ വർദ്ധിപ്പിക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾ മൂലം ദീർഘനാളായി ബുദ്ധിമുട്ടുന്നവർക്ക് വലിയ ആശ്വാസം ലഭിക്കും. ജീവിത പങ്കാളിക്ക് വികാരങ്ങൾ പ്രകടിപ്പിക്കാൻ പറ്റുന്ന സാഹചര്യമുണ്ടാകും. ബിസിനസ് വിപുലമാക്കും.
വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിക്കും. ജോലിയിൽ പുരോഗതി നേടും. വിഷ്ണു സഹസ്രനാമം ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
അമിതമായ ചിന്ത മാനസിക സമ്മർദ്ദം കൂട്ടും. അനായാസം വരുമാനം വർദ്ധിപ്പിക്കാൻ കഴിയും. കടം കൊടുത്ത പണം തിരിച്ചു കിട്ടും. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ടും ഇപ്പോൾ കുറച്ച് പണം സമ്പാദിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ മറ്റ് അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. ഇത് കുടുംബത്തിലെ അന്തരീക്ഷം നശിപ്പിക്കും. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ജോലിയിൽ മികവ് തെളിയിക്കും. ഓഫീസ് അന്തരീക്ഷം നല്ലതാകും. വിദ്യാർത്ഥികൾ വെറുതെ സമയം പാഴാക്കുന്നത് ഏറെ ദോഷം ചെയ്യും. പുതിയ കോഴ്സിന് പ്രവേശനത്തിന് ശ്രമിക്കും. സർപ്പ പ്രീതിക്ക് വഴിപാട് നടത്തുന്നത് നല്ലത്.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
മുമ്പത്തേതിനേക്കാൾ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ ഏതെങ്കിലും നിക്ഷേപത്തിന് ആഗ്രഹിക്കുന്നുവെങ്കിൽ, പരിചയസമ്പന്നരുടെ ഉപദേശപ്രകാരം മാത്രം അത് ചെയ്യേണ്ടതാണ്. കച്ചവടത്തിൽ നല്ല ലാഭം നേടാനാകും.
ദേഷ്യം നിയന്ത്രിക്കണം. സംഭാഷണത്തിനിടയിൽ
അസുഖകരമായ കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞ ശേഷം പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. പുതിയ ജോലി ആരംഭിക്കുന്നതിന് പറ്റിയ സമയമാണ്. സംശയങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കും. പരാജയം ആത്മവിശ്വാസം കുറയ്‌ക്കും. ദിവസവും 108 തവണ ഓം നാരസിംഹായ നമഃ ജപിക്കുന്നത് ഉത്തമമാണ്.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സർക്കാർ ഉദ്യോഗസ്ഥർക്ക് സമയം മികച്ചതായിരിക്കും. ധാരാളം ആനുകൂല്യങ്ങളും തടഞ്ഞുവച്ച പ്രതിഫലവും ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പണവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അവ പൂർണ്ണമായും പരിഹരിക്കാൻ കഴിയും. മുതിർന്ന സഹോദരങ്ങളുടെ സഹായം നേടാൻ സാധിക്കും. എത്ര ശ്രമിച്ചാലും ശത്രുക്കൾക്ക് നിങ്ങളെ
ഉപദ്രവിക്കാൻ കഴിയില്ല. കഠിനാധ്വാനത്തിന്റെയും പ്രവർത്തന മികവിൻ്റെയും അടിസ്ഥാനത്തിൽ നിലയും വിലയും വർദ്ധിക്കും. ഏത് പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാൻ കഴിയും. ഓം നമോ നാരായണായ എന്നും 108 തവണ വീതം ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സന്താനങ്ങളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. ആരോഗ്യപ്രശ്നങ്ങൾ കാരണം ആത്മവിശ്വാസക്കുറവ് തോന്നും. ജോലിയിൽ മുന്നേറുന്നതിന് നന്നായി ശ്രമിക്കും.
ധാർഷ്ട്യവും അഹങ്കാരവും ഒഴിവാക്കിയില്ലെങ്കിൽ വ്യക്തിപരവും തൊഴിൽപരവുമായി നിങ്ങൾക്ക് ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വരും. തെറ്റിദ്ധാരണ പരിഹരിച്ച് ദാമ്പത്യ ജീവിതം ഊഷ്മളമാക്കും. ജീവിത പങ്കാളിയോട്
എല്ലാം തുറന്ന് പറയുകയും അവരുടെ കാഴ്ചപ്പാടുകൾ അറിയുകയും വേണം. വിദ്യാർത്ഥികൾ‌ പഠനത്തിൽ ഏറെ ശ്രദ്ധിക്കണം. ഓം ശരവണ ഭവഃ നിത്യവും ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തികമായി സമയം വളരെ നല്ലതായിരിക്കും.
ചില പ്രമുഖ വ്യക്തികളെ കണ്ടുമുട്ടാൻ കഴിയും. അവരുടെ സഹായത്താൽ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. ആരോഗ്യപരമായ കാര്യങ്ങൾക്ക് മുൻ‌ഗണന നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കേണ്ടതാണ്; അല്ലെങ്കിൽ കേടുപാടുകൾ തീർക്കാൻ പണം ചെലവഴിക്കേണ്ടി വരും. ബിസിനസ്സ് ഇടപാടുകളിലും കൂടുതൽ ജാഗ്രത വേണം. കുടുംബാംഗങ്ങളെ നല്ല രീതിയിൽ പരിഗണിക്കണം. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ഭാഗ്യം നിങ്ങൾക്ക് അനുകൂലമാണ്. അതിനാൽ, ഒരു പ്രവൃത്തിയിലും അനാവശ്യ തിടുക്കം കാണിക്കാതെ, ക്ഷമയോടെ നീങ്ങുക. ഒരു ബന്ധുവിൽ നിന്ന് ശുഭ വാർത്ത കേൾക്കാം. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം വളരെ നല്ലതായിരിക്കും. സർക്കാർ സഹായം ലഭിക്കും. ആരോഗ്യത്തിൽ നിരവധി നല്ല മാറ്റങ്ങൾ സംഭവിക്കും. വിദൂര യാത്രകൾ ആവശ്യമായി
വരും. വീട്ടിൽ അറ്റകുറ്റപ്പണികൾ നടത്തും. മക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയും. ദിവസവും ഓം ശ്രീം നമഃ എന്നും 108 ഉരു ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്

മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version