ശനിദോഷം തീർക്കാൻ പറ്റിയ സമയം; 19 നക്ഷത്രജാതർ ഇപ്പോൾ ചെയ്യേണ്ടത്
ജ്യോതിഷരത്നം വേണു മഹാദേവ്
ശനിദോഷങ്ങൾ അനുഭവിക്കുന്നവർക്ക് ദുരിതങ്ങളിൽ നിന്നും മോചനം നേടാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് വൃശ്ചികം ഒന്നുമുതൽ 41 ദിവസം നീളുന്ന മണ്ഡല കാലത്തെ അയ്യപ്പപൂജ. ഇപ്പോൾ ഗോചരാൽ
കണ്ടകശനി അഷ്ടമശനി, ഏഴരശനി തുടങ്ങിയ ശനിദുരിതങ്ങൾ അനുഭവിക്കുന്ന ഇടവം, കർക്കടകം,
ചിങ്ങം, വൃശ്ചികം, മകരം, കുംഭം, മീനം എന്നീ ആറു കൂറുകളിൽപ്പെടുന്നവരും ജാതകവശാൽ ശനിദശയും ശനി അപഹാരവും ഛിദ്രവും പിന്നിടുന്നവരും ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ള
സമയത്ത് ജനിക്കുന്നവരും രോഗങ്ങൾ കാരണം ക്ലേശം അനുഭവിക്കുന്നവരും വിവാഹ തടസം മൂലം വിഷമം അനുഭവിക്കുന്നവരും എന്ത് കാര്യത്തിന് ഇറങ്ങിയാലും നിരന്തരമായി കാര്യതടസം നേരിടുന്നവരുമാണ് ഇപ്പോൾ
അയ്യപ്പനെ ഭജിച്ച് ദോഷങ്ങൾ അകറ്റേണ്ടത്.
ഇടവക്കൂറിലെ കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 പാദങ്ങൾ, കർക്കടകക്കൂറിലെ പുണർതം അവസാന പാദം, പൂയം, ആയില്യം, ചിങ്ങക്കൂറിലെ മകം, പൂരം, ഉത്രം ആദ്യപാദം, വൃശ്ചികക്കൂറിലെ വിശാഖം 4, അനിഴം, തൃക്കേട്ട മകരക്കൂറിലെ ഉത്രാടം 2, 3, 4 പാദങ്ങൾ തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ കുംഭക്കൂറിലെ അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ മീനക്കൂറിലെ പൂരുരുട്ടാതി നാലാം പാദം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരും ശനിദശയിലും ശനി അപഹാരത്തിലും കഴിയുന്നവരും തികഞ്ഞ ഭക്തിയോടെ അയ്യപ്പനെ ഭജിക്കുകയും സാഹചര്യങ്ങൾ ഒത്തുവന്നാൽ ശബരിമല ദർശനം നടത്തുകയും ചെയ്താൽ എല്ലാ വിധ ശനിദോഷങ്ങളും ദു:ഖദുരിതങ്ങളും അലച്ചിലും അകന്ന് മന:ശാന്തിയും സുഖവും സമൃദ്ധിയും അഭിഷ്ടസിദ്ധിയും ലഭിക്കും. മണ്ഡലകാലയളവിൽ വ്രതനിഷ്ഠയോടെയും കഴിയുവാൻ സാധിക്കുന്നത് മഹാപുണ്യമാണ്. ഈ സമയത്ത് ശാസ്താ പ്രീതികരമായ വഴിപാട് നടത്തുന്നതും ശബരിമല അയ്യപ്പവിഗ്രഹത്തിലെ അഭിഷേക ദർശനവും ശനിദോഷമകലാൻ ഉത്തമമാണ്. കുടുംബസുഖം, രോഗശമനം, മന:സുഖം, ബന്ധു ഗുണം, പാപമോചനം, ഐശ്വര്യം തുടങ്ങി എല്ലാ അഭീഷ്ടങ്ങളും കൈവരിക്കാൻ ഈ അനുഷ്ഠാനങ്ങൾ ഉപകരിക്കും. അയ്യപ്പന്റെ മൂലമന്ത്രം നിത്യേന പരമാവധി തവണ ജപിക്കണം. ശാസ്തൃ ഗായന്ത്രി എന്നും രാവിലെയും വൈകിട്ടും 36 തവണ വീതം ജപിക്കണം. ശനിയാഴ്ചകളിൽ സൂര്യോദയം കഴിഞ്ഞ് ഒരു മണിക്കൂറിനകമുള്ള ശനി ഹോര സമയത്ത് ശനീശ്വര സ്തോത്രം ജപിക്കണം. ഭക്തി വിശ്വാസപൂർവം ഇതെല്ലാം അനുഷ്ഠിച്ചാൽ കടുത്ത ശനിദോഷങ്ങൾ മാറിക്കിട്ടും. സ്വാമിയേ ശരണമയ്യപ്പാ.
മൂലമന്ത്രം
ഓം ഘ്രും നമഃ പരായ ഗോപ്ത്രേ
ശനി സ്തോത്രം
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
ശാസ്തൃ ഗായത്രി
ഓം ഭൂതനാഥായ വിദ്മഹേ
ഭവപുത്രായ ധീമഹേ
തന്ന: ശാസ്താ പ്രചോദയാത്
(എന്നാൽ 2025 മാർച്ച് 29 ന് ശനി കുംഭം രാശിയിൽ
നിന്നും മീനം രാശിയിലേക്ക് മാറുമ്പോൾ ശനി ദോഷ സ്ഥിതി മാറും. അപ്പോൾ കുംഭം, മീനം, മേടം രാശിക്കാർക്ക് ഏഴര ശനിയും മിഥുനം, കന്നി, ധനു രാശിക്കാർക്ക് കണ്ടക ശനിയും ചിങ്ങം രാശിക്കാർക്ക് അഷ്ടമ ശനിയുമാകും.)
ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017
Story Summary: Who is facing Shani dosha now Remadies to remove Shani dosha
Copyright 2024 Neramonline.com. All rights reserved