അഘോര ശിവനെ ഉപാസിച്ചാൽ രോഗവും ദുഷ്ടരും ഗ്രഹദോഷവും അടുക്കില്ല
ജ്യോതിഷരത്നം വേണു മഹാദേവ്
ഭക്തർക്ക് അങ്ങേയറ്റം സൗമ്യനും ദുഷ്ടർക്ക് അതിഭയങ്കര ഘോരനുമാണ് അഘോരശിവൻ. മഹാദേവന്റെ പഞ്ചമുഖങ്ങളിൽ നടുവിലത്തേതാണ് അഘോര ഭാവം. ഈശാനം, തത്പുരുഷം, വാമദേവം സദ്യോജാതം എന്നിവയാണ് മറ്റ് നാല് മുഖഭാവങ്ങൾ. അഘോര ഭാവത്തെ ആശ്രയിച്ചുള്ള സങ്കല്പമായത് കൊണ്ടാണ് അഘോരശിവൻ എന്ന് ഈ മൂർത്തിക്ക് പേര് ലഭിച്ചത്. തെക്കോട്ടാണ് ദർശനം.
സര്‍വ്വവിധത്തിലുള്ള തിന്മകളേയും സംഹരിക്കുന്ന ശിവസ്വരൂപമാണിത്. അഘോര മന്ത്രം
ജപിക്കുന്നിടത്തേക്ക് പ്രവേശിക്കുവാന്‍ ഒരു പൈശാചിക ശക്തിക്കും കഴിയില്ല. ശ്രീരുദ്രന്റെ കോപാഗ്നിയാണ് അഘോരത്തിന്റെ ഊര്‍ജ്ജ ശക്തി. അതിവേഗം ഫലസിദ്ധിയേകുന്ന മന്ത്രങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളതാണ് ആഘോരമന്ത്രം. വളരെ ശ്രദ്ധയോടെ തെറ്റുകൂടാതെ വേണം ഇത് കൈകാര്യം ചെയ്യാന്‍. ജപത്തിന് മുമ്പും പിമ്പും 108 തവണ ഗായത്രി ചൊല്ലുന്നത് മന്ത്രജപത്തിലെ പിഴയ്ക്ക് രക്ഷയാണ്. എന്തെങ്കിലും തെറ്റ് പറ്റിയെന്ന് തോന്നിയാൽ 108 തവണ ഗായത്രി ചൊല്ലുന്നതാണ് ഉത്തമമായ പ്രായശ്ചിത്തം. വ്യക്തികൾക്ക് ദോഷം സംഭവിക്കണം എന്ന ഉദ്ദേശത്തോടെ ഈ മന്ത്രം ഒരിക്കലും ജപിക്കരുത്. അങ്ങനെ ചെയ്താൽ ജപിക്കുന്നവർക്ക് തീർച്ചയായും ദോഷം സംഭവിക്കും.
കേരളത്തിൽ ഏറ്റുമാനൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ അഘോരശിവ സങ്കല്പത്തിലാണ്. അഗ്രഗണ്യമായ ശിവസങ്കല്പമാണ് അഘോരമൂർത്തി എന്ന് അഗ്നിപുരാണത്തിൽ പറയുന്നുണ്ട്. ഏഴു കോടി മന്ത്രങ്ങളുള്ളതിൽ ഏറ്റവും ശ്രേഷ്ഠം അഘോരമന്ത്രമാണ്. നിത്യ ജപത്തിനു പോലും ഉത്തമമാണിത്. ഈ മന്ത്രം എന്നും ജപിച്ച് ഭസ്മം ധരിച്ചാൽ എല്ലാ രോഗങ്ങളും അകലും. സകല ഗ്രഹദോഷങ്ങളും ശാപ ദോഷങ്ങളും കണ്ണേറ്, ജിഹ്വാ ദോഷം, ബാധ ദോഷം എന്നിവയെല്ലാം ഒഴിഞ്ഞു പോകും. എത്ര കടുത്ത പാപവും നശിക്കും. ദോഷ ദുരിതങ്ങൾ ഒഴിഞ്ഞ് പാപമോചനം ലഭിക്കുന്നതോടെ ഏതൊരു ജീവിതത്തിലും സമാധാനവും സമൃദ്ധിയും നിറയും.
ഗ്രഹദോഷങ്ങളും ആഭിചാര – ബാധാ ദോഷങ്ങളും പരിഹരിക്കുന്നതിന് അഘോരമൂർത്തിയെ കറുത്ത നിറത്തിൽ സങ്കല്പിച്ച് പ്രാർത്ഥിക്കണം. ആഗ്രഹസാഫല്യത്തിന് ഉത്തമം ചുവപ്പ് വർണ്ണത്തിൽ ഉപാസിക്കുകയാണ്. ശിവസായൂജ്യമടയാൻ വെളുത്ത നിറത്തിൽ അഘോരമൂർത്തിയെ പൂജിക്കണം. കന്നി മാസത്തിലെ കറുത്ത പക്ഷ ചതുർദ്ദശിയാണ് അഘോരശിവന് ഏറ്റവും പ്രധാനം. ഈ തിഥിയെ അഘോര തിഥി എന്ന് അറിയപ്പെടുന്നു. 51 അക്ഷരങ്ങൾ അടങ്ങിയ അഘോരമന്ത്രം ഉപയോഗിച്ചാണ് അഘോരശിവനെ ഉപാസിക്കുന്നത്. അഘോരരുദ്രനാണ് മന്ത്രദേവത. ഋഷി അഘോരനും ഛന്ദസ് ത്രിഷ്ടുപ്പുമാണ്.
കാർമേഘം പോലെ കറുത്തവനും പരശു , ഡമരു , ഖഡ്ഗം, ഖേടം, ബാണം, വില്ല്, ശൂലം, കപാലം എന്നിവ കൈകളിൽ ധരിച്ചും അതിഭയങ്കരമായ മുഖത്തോടും മൂന്ന് കണ്ണുകളോടും കൂടിയവനും ചുവന്ന വസ്ത്രം ധരിച്ചവനും സർപ്പാഭരണങ്ങൾ അണിഞ്ഞവനും ദുഷ്ടഗ്രഹാദികളെ നശിപ്പിക്കുന്നവനുമായ അഘോരശിവൻ അനിഷ്ടങ്ങൾ ഉന്മൂലനം ചെയ്യട്ടെ എന്ന് സങ്കല്പിച്ച് പ്രാർത്ഥിച്ച് വേണം ധ്യാനിക്കേണ്ടത്.
ധ്യാനശ്ലോകം
കാലാ ഭ്രാഭ: കരാഗ്രൈ: പരശുഡ മരുകൗ
ഖഡ്ഗഖേടൗ ച ബാണേ –
ഷ്വാസൗ ശൂലം കപാലം ദധദതി ഭയദൌ
ഭീഷണാസ്യ സ്ത്രിണത്രേ:
രക്താകാരാംബരോ ഹി പ്രവരഘടിത ഗാത്രോ ഹി
നാഗഗ്രഹാദീൻ
ഖാദന്നിഷ്ടാർത്ഥദായീ ഭവദനഭിമത
ച്ഛിത്തയേ സ്യാദഘോര :
അഘോരമന്ത്രം
ഓം ഹ്രീം സ്ഫുര സ്ഫുര
പ്രസ്ഫുര പ്രസ്ഫുര
ഘോരഘോര തര തനുരൂപ
ചടചട പ്രചട പ്രചട
കഹ കഹ വമ വമ ബന്ധ ബന്ധ
ഘാതയ ഘാതയ ഹും ഫട് സ്വാഹാ
ജ്യോതിഷരത്നം വേണുമഹാദേവ്
+91 9847475559