Monday, 30 Sep 2024

അഷ്ടലക്ഷ്മി സമ്പത്തും സമൃദ്ധിയും ഭാഗ്യവും നൽകുന്നത് ഇവർക്ക്

ശ്രീമഹാലക്ഷ്മിയുടെ എട്ട് വ്യത്യസ്ത അവതാര ഭാവങ്ങളാണ് അഷ്ട ലക്ഷ്മി – ധന, ധാന്യ, സന്താന, ഗജ, ധൈര്യ അല്ലെങ്കിൽ വീര്യ, വിജയ, വിദ്യ, ആദി ലക്ഷ്മി എന്നിവയാണ് ഈ ഭാവങ്ങൾ. സമ്പത്തിന്റെ എട്ട് അടിസ്ഥാന ഘടകങ്ങളെയും നിയന്ത്രിക്കുന്ന ലക്ഷ്മി ഭാഗവതി എന്ന സങ്കല്പത്തിലാണ് ഈ അഷ്ടാവതാരങ്ങളുടെ ഉത്ഭവം. വെള്ളിയാഴ്ച വ്രത്രവും വരലക്ഷ്മി വ്രതവും ഈ ദേവതകളുടെ അനുഗ്രഹത്തിനാണ് അനുഷ്ഠിക്കുന്നത്. വൈകുണ്ഠ വാസിയായ മഹാലക്ഷ്മിയുടെ ദേവൻ മഹാവിഷ്ണുവാണ്. ശുക്രഗ്രഹത്തിന്റെ ആധിപത്യം ദേവിക്കാണ്. ആനയും മൂങ്ങയുമാണ് വാഹനങ്ങൾ.

മൂലമന്ത്രം:

ഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ.

അവതാര ലക്ഷ്മിമാരും പ്രത്യേകതകളും:

ധന ലക്ഷ്മി

ധനഭാവത്തിലുള്ള അഷ്ടലക്ഷ്മി ഭാവമാണ് ധനലക്ഷ്മി. പരമ്പരാഗതമായി ലഭിച്ചതും നമ്മൾ സമ്പാദിച്ചതുമായ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും ധനത്തിന്റെ നിർവ്വചനത്തിൽ വരും. പണം, ഭൂമി, വാഹനം ഇതെല്ലാം ധനലക്ഷ്മിയുടെ അനുഗ്രഹത്തിൽ ഉൾപ്പെടുന്നു. ശ്രീലക്ഷ്മിയെന്നും ധനലക്ഷ്മി അറിയപ്പെടുന്നു. വസ്ത്രത്തിന് ചുവപ്പ് നിറം. നാല് കൈകളിൽ ശംഖും ചക്രവും കലശവും ധനകുഭവും അഭയമുദ്രയും വരമുദ്രയും ഉണ്ട്. കൈകൾ സ്വർണ്ണ നാണയങ്ങൾ വർഷിക്കുന്നു. ഗ്രഹനിലയിലെ 2, 4, 11 ഭാവങ്ങൾ നന്നാകുന്നത് ധനലക്ഷ്മിയുടെ അനുഗ്രഹം സൂചിപ്പിക്കുന്നു.

ധാന്യ ലക്ഷ്മി
കാർഷിക വിളകൾ, കൃഷിഭൂമി, ഭക്ഷണ ധാന്യങ്ങൾ, ആഹാരം എന്നിവയുടെ ഭഗവതിയാണ് ധാന്യലക്ഷ്മി. ജാതകത്തിൽ 2,4 ഭാവങ്ങളെയും ചന്ദ്രൻ നിൽക്കുന്ന രാശിയെയും ഇത് സൂചിപ്പിക്കുന്നു. പച്ച വസ്ത്രം അണിഞ്ഞ എട്ട് കൈകളുള്ള രൂപമാണ് ധാന്യലക്ഷ്മി. ധാന്യക്കതിർ, കരിമ്പ്, കദളിപ്പഴം, താമര, വരമുദ്ര, അഭയമുദ്ര എന്നിവയാണ് കൈകളിൽ. ശാകംഭരീ ദേവിക്കും അന്നപൂർണേശ്വരിക്കും തുല്യമായ ലക്ഷ്മി സങ്കല്പമാണിത്.

സന്താന ലക്ഷ്മി
സന്താനങ്ങൾ നമ്മുടെ സ്വത്താണ് – പ്രത്യേകിച്ച് അവർ മുതിർന്ന് കരുത്തും ബുദ്ധിയും ഉത്തരവാദിത്വവും സ്നേഹവും ആർജ്ജിക്കുമ്പോൾ. നമ്മുടെ ജാതകത്തിലെ അഞ്ചാം ഭാവമാണ് സന്താനഭാവം. അഞ്ചാം ഭാവാധിപൻ, നവാംശത്തിലെ അതിന്റെ ബലം, വ്യാഴം, സൂര്യ ബലം ഇതെല്ലാമാണ് ആൺ സന്താനങ്ങളുടെ കാര്യത്തിൽ പരിശോധിക്കുന്നത്. പെൺകുട്ടികളുടെ കാര്യത്തിൽ ചന്ദ്രന്റെയും ശുകന്റെയും ജാതകത്തിലെയും നവാംശത്തിലെയും ബലവും അഞ്ചാം ഭാവത്തിന്റെ വർഗ്ഗബലവും മറ്റും കണക്കിലെടുക്കും.

ഗജ ലക്ഷ്മി
അധികാരത്തിന്റെയും രാജയോഗത്തിന്റെയും പ്രതീകമായ ഭഗവതിയാണ് ഗജലക്ഷ്മി. ആന അധികാരത്തിന്റെ ചിഹ്നമാണ്. പണ്ട് കാലത്ത് ആനയുണ്ടായിരുന്നത് രാജാക്കന്മാർക്കും നാടുവാഴുന്ന തമ്പുരാക്കന്മാർക്കും ആയിരുന്നു. നാലു കൈകളിൽ രണ്ട് താമരകളും വരമുദ്രയും, അഭയമുദ്രയുമുണ്ട്. ഇരുവശങ്ങളിൽ രണ്ട് വെളുത്ത ആനകളെയും കാണാം. ജാതകത്തിൽ ലഗ്നം, 5, 6, 9, 10 ഭാവങ്ങൾ പരിശോധിച്ചാൽ അധികാരത്തിന്റെ വിലയറിയാം. ല്ഗനം നിങ്ങളുടെ വ്യക്തിത്വത്തിന്റെ മാറ്റ് വെളിപ്പെടുത്തുന്നു. കർമ്മ ക്ഷേത്രമായ പത്താം ഭാവം അധികാര ബലവും അതിലൂടെ നേടുന്ന പേരും പെരുമയും വ്യക്തമാക്കും. അഞ്ചാം ഭാവം അനുയായികളെയും ഒൻപതാം ഭാവം പൊതുഭാഗ്യവും ആറാം ഭാവം അയൽക്കാരെയും അജ്ഞാനുവർത്തികളെയും സൂചിപ്പിക്കുന്നു. ഭാഗ്യലക്ഷ്മിയാണ് ഗജലക്ഷ്മി.

ധൈര്യ / വീര ലക്ഷ്മി
ജീവിതത്തിൽ വെല്ലുവിളികൾ ഉയരുന്ന ഘട്ടങ്ങളിൽ ധൈര്യം, ശക്തി, വീര്യം എന്നിവയേകുന്ന ദേവിയാണ് ധൈര്യലക്ഷ്മി. ക്ഷമയുടെ ക്രിയാരൂപമാണ് ധൈര്യം. ഒരു വ്യക്തിയുടെ ക്ഷേമത്തിന് അനിവാര്യമാണ് ക്ഷമ. അതിനാൽ ധൈര്യം അല്ലെങ്കിൽ വീര്യം സുപ്രധാന ജീവിത ഗുണവും സമ്പത്തുമായി കരുതിപ്പോരുന്നു. ജാതകത്തിലെ 3, 6 ഭാവങ്ങൾ നോക്കിയാൽ ഈ കരുത്തറിയാം. ഈ ഉപചയ ഭാവങ്ങൾ എങ്ങനെ നമ്മൾ വെല്ലുവിളികൾ നേരിടുമെന്നും അതിന് നമുക്ക് കരുത്തുണ്ടോ എന്നും സൂചിപ്പിക്കുന്നു. വീരലക്ഷ്മിക്ക് എട്ട് കൈകളുണ്ട് . ശംഖ്, ചക്രം, വാൾ, പാശം, ത്രിശൂലം, ഗ്രന്ഥം തുടങ്ങിയവയും വരമുദ്ര, അഭയമുദ്ര എന്നിവയുമാണ് ദേവീരൂപം. ശക്തിസ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമുള്ള ധൈര്യലക്ഷ്മി ചുവന്ന വസ്ത്രമാണ് ധരിക്കുന്നത്.

വിജയ ലക്ഷ്മി
ജീവിത വിജയം തരുന്ന ലക്ഷ്മിയാണ് വിജയലക്ഷ്മി. ഏറ്റക്കുറച്ചിൽ കാണാമെങ്കിലും ഈ പേരുള്ളവർ വിജയശ്രീ ലാളിതരാകുന്നത് കാണാം. ജയലക്ഷ്മിയെന്നും പറയപ്പെടുന്ന ഈ ലക്ഷ്മിയുടെ സാന്നിദ്ധ്യം ജാതകത്തിലെ ലഗ്നം, 9, 11 ഭാവങ്ങളിൽ നിന്നും മനസിലാക്കാം. പൊതുവായ ജീവിത വിജയം ലഗ്നവും ഭാഗ്യം ഒൻപതാം ഭാവവും ധനം, ദ്രവ്യം, ആഗ്രഹം, ആഭരണം, വാഹനം, ഭൂമി, വിദ്യ ഇതെല്ലാം സംബന്ധിച്ച ലാഭവും വിജയവും ലക്ഷ്മി കടാക്ഷവും പതിനൊന്നാം ഭാവവും വെളിപ്പെടുത്തും. എട്ട് കൈകളുള്ള രൂപമാണ് വിജയലക്ഷ്മി. ശംഖ്, ചക്രം, വരമുദ്ര, അഭയമുദ്ര എന്നിവയോടെയുള്ള ദേവി സാക്ഷാൽ പരാശക്തിയാണ്.

വിദ്യാ ലക്ഷ്മി
ജ്ഞാനം, അറിവാണ് ധനമെന്ന് വിശ്വസിക്കുന്ന സംസ്ക്കാരമാണ് നമ്മുടേത്. ജ്ഞാനത്തിൽ തന്നെ അദ്ധ്യാത്മിക ജ്ഞാനമാണ് അത്യുദാത്തം. സരസ്വതി ദേവിക്ക് സമാനയാണ് വിദ്യാലക്ഷ്മി. ഗ്രഹനിലയിലെ 2, 4, 5, 9 ഭാവങ്ങൾ വിദ്യാഭ്യാസത്തെയും ജ്ഞാനത്തെയും സൂചിപ്പിക്കുന്നു. ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ സ്ഥാനവും ഒൻപതാം ഭാവാധിപന്റെയും നവാംശത്തിന്റെയും ബലവും അറിവിന്റെ ദൃഷ്ടാന്തമാണ്. ബുധനും വ്യാഴവും അഞ്ചാം ഭാവത്തിൽ നിലകൊണ്ടാൽ വിദ്യാലക്ഷ്മി ജന്മനാൽ തന്നെ അനുഗ്രഹിച്ചതായി കരുതുക. ആദി ലക്ഷ്മി പാരമ്പര്യം, കുലം, സംസ്ക്കാരം, വേരുകൾ ഇതെല്ലാം ഏതൊരാളെ സംബന്ധിച്ചും അപാരമായ ധനമാണ്. ഇതിന്റെയെല്ലാം പ്രതീകമാണ് ആദി ലക്ഷ്മി. പൗരാണികതയുടെ കണ്ണികൾ കലർപ്പില്ലാതെ സൂക്ഷിക്കണം. സമൂഹത്തിന്റെ നട്ടെല്ലാണിത്. ഇതിലാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം കൂടി കൊള്ളുന്നത്. സ്വന്തം കുലമഹിമയിൽ അഭിമാനം തോന്നുന്നവർക്ക് ആ ഒരു മുൻതുക്കത്തോടെ തന്നെ ജീവിതം ആരംഭിക്കാം. ഗ്രഹനിലയിലെ 4, 2 ഭാവങ്ങൾ പാരമ്പര്യവും കുലമഹിമയും കുടുംബവും സൂചിപ്പിക്കുന്നു. നാല് കൈകളോട് കൂടിയ പത്മാസന രൂപിണിയാണ് ആദിലക്ഷ്മി. കൈകളിൽ ധ്വജവും താമരയും അഭയമുദ്രയും വരമുദ്രയും ഉണ്ട്. ആദി പരാശക്തി തന്നെയാണ് ആദി ലക്ഷ്മി.

Story Summary: Significance of Ashtalakshmi: The group of eight manifestations of Devi Lakshmi, The Goddess of wealth

error: Content is protected !!
Exit mobile version