ആഞ്ജനേയ ഭഗവാൻ ശ്രീ മഹാദേവന്റെ അവതാരം
ശ്രീരാമദാസനായ ഹനുമാൻ സ്വാമി പാണ്ഡിത്യം, ജ്ഞാനം കരുത്ത് എന്നിവയുടെ പ്രതീകമാണ്. ആസുര ശക്തികളെ ഉന്മൂലനം ചെയ്യുന്നതിനും ഈ ലോകത്തെ സകല മനോമാലിന്യങ്ങളും
ദുർവൃത്തികളും അവസാനിപ്പിക്കുന്നതിനും ഭഗവാൻ ശ്രീ മഹാദേവൻ ആഞ്ജനേയനായി അവതരിച്ചു എന്നാണ് പുരാണ കഥ.
പരമമായ ഈ ദിവ്യാവതാരമെടുക്കാൻ ശ്രീ പരമേശ്വരൻ ഒരു വാനരനായി അവതരിച്ചുവെന്ന് ശിവപുരാണവും ദേവീ ഭാഗവതവും പറയുന്നു.
ശാപം മൂലം വാനരയായി ഭൂമയിൽ പിറക്കേണ്ടി വന്ന അപ്സരസായ അഞ്ജനയും വാനരരാജനായ കേസരിയും 12 വർഷം ശിവനെ തപസ്സ് ചെയ്ത് വരപ്രസാദം നേടിയാണ് ഹനുമാൻ സ്വാമി പിറന്നത്.
വായുഭഗവാൻ്റെ സഹായത്താൽ ശിവചൈതന്യം
അഞ്ജനയിൽ നിക്ഷേപിക്കുകയായിരുന്നു
ബാല്യത്തിലേ അതീവ ബലശാലിയായിരുന്നു ഹനുമാൻ സ്വാമി. ചെറുബാല്യത്തിൽ സംഭവിച്ച ഒരു അസാധാരണ സംഭവമാണ് ആഞ്ജനേയനെ മഹാ ബലശാലിയാക്കിയത്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യദേവനെ കണ്ടപ്പോൾ അത് മാമ്പഴമാന്നെന്ന് കരുതി പറിച്ചെടുക്കാൻ ബാലനായ ആഞ്ജനേയൻ
ആകാശത്തേക്ക് കുതിച്ചു. അപകടം മനസിലാക്കിയ
ഇന്ദ്രൻ വജ്രായുധം പ്രയോഗിച്ച് ആഞ്ജനേയനെ തടഞ്ഞു. അപ്പോൾ ആ വജ്രായുധമേറ്റ് ഹനുവിൽ അതായത് താടിയിൽ മുറിവേറ്റതു കാരണം ആഞ്ജനേയൻ ഹനുമാനായിത്തീർന്നു. മകനെ
ഇന്ദ്രൻ ആക്രമിച്ചതിൻ്റെ ക്ഷോഭം കാരണം മാരുതി ദേവൻ പ്രപഞ്ചത്തിലെ വായു പ്രവാഹം സ്തംഭിപ്പിച്ചു. ഒടുവിൽ ബ്രഹ്മദേവൻ ഇടപെട്ട് മാരുതിയെ ആശ്വസിപ്പിച്ചു. ബോധംകെട്ടു കിടന്ന ആഞ്ജനേയനെ തഴുകി ഉണർത്തി ; അസാധാരണമായ ബലവീര്യങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്തു.
ഈ സമയത്ത് ഗുരുവായ സൂര്യദേവൻ തൻ്റെ
നൂറ് പ്രഭാകിരണങ്ങളും സകല വേദങ്ങളും എല്ലാ ശാസ്ത്രജ്ഞാനവും നൽകി ആഞ്ജനേയനെ അനുഗ്രഹിച്ചു. യമ ധർമ്മരാജൻ എക്കാലവും രോഗമുക്തനായി തീരെട്ടെ എന്ന് ഹനുമാന് വരം നൽകി. യുദ്ധങ്ങളിൽ ആരാലും തോൽപ്പിക്കാൻ കഴിയാത്തവനായിരിക്കട്ടെ എന്ന് കുബേരൻ അനുഗ്രഹിച്ചു.
ദൈവങ്ങളുടെ ആയുധങ്ങൾ കൊണ്ടാണെങ്കിൽ പോലും ആർക്കും ഒരിക്കലും വധിക്കാൻ കഴിയാത്തവനാകട്ടെ ആഞ്ജനേയൻ എന്ന് ശിവനും അനുഗ്രഹിച്ചു. ഇന്ദ്രദേവൻ, ഹനുമാൻ അനശ്വരനാകട്ടെ എന്ന് വരം നൽകി അനുഗ്രഹിച്ചു.
വരുണ ദേവൻ ലക്ഷക്കണക്കിന് വർഷം ജീവിച്ച് ചിരഞ്ജീവി ആയിത്തീരാൻ വരം നൽകി.
വേഷപ്രച്ഛന്നനായി മാറാനും ആരുടെ രൂപവും
ഞൊടിയിടയിൽ നിഷ്പ്രയാസം സ്വീകരിക്കുവാനും ബ്രഹ്മദേവൻ അനുഗ്രഹിച്ചു. ആഗ്രഹിക്കുന്ന ഏത് ദിക്കിൽ എപ്പോൾ വേണമെങ്കിലും പോകാനും ആശിക്കുന്ന വേഗത്തിൽ അവിടെ എത്തിച്ചേരാനും ബ്രഹ്മാവ് ഹനുമാന് വരം നൽകി.
മുതിർന്നപ്പോൾ ഹനുമാൻ വാനരരാജൻ സുഗ്രീവൻ്റെ മന്ത്രിയായി. ഹനുമാൻ സ്വാമിയാണ് രാമൻ്റെയും സുഗ്രീവൻ്റെയും സൗഹൃദത്തിനു പാലമായത്. രാമൻ സീതാന്വേഷണത്തിലായിരിക്കുമ്പോഴായിരുന്നു അത്.
പിന്നീട് സീതാദേവിയെ അന്വേഷിച്ച് ലങ്കയിലെത്തിയ ഹനുമാനെ സീതയാണെന്ന് രാവണൻ തെറ്റിദ്ധരിച്ചു. സീത ധരിക്കാത്ത ഒട്ടേറെ ആഭരണങ്ങൾ ഹനുമാൻ സ്വാമി ധരിച്ചിരിക്കുന്നത് കണ്ടപ്പോഴാണ് അത് ഏതോ മായാരൂപമാണെന്ന സത്യം രാവണൻ തിരിച്ചറിഞ്ഞത്.
ലങ്കയിൽ പല സ്ഥലങ്ങളിലും സീതയെ തിരഞ്ഞിട്ടും ഹനുമാന് കണ്ടെത്താനായില്ല. ഉത്കണ്ഠാകുലനായ സ്വാമി സീതാ മാതാവ് വധിക്കപ്പെട്ടോ എന്ന് സംശയിച്ചു. ശ്രീരാമദേവനെ ധ്യാനിച്ചപ്പോൾ ആശങ്ക അകന്ന് ഒടുവിൽ അശോക വനിയിൽ ദേവിയെ കണ്ടെത്താൻ സാധിച്ചു; മുദ്ര മോതിരം കാണിച്ച് രാമൻ്റെ ദൂത് അറിയിച്ചു.
രാമ – രാവണ യുദ്ധത്തിൽ ദാരുണമായി മുറിവേറ്റ ലക്ഷ്മണനെ സുഖപ്പെടുത്താൻ ഹിമാലയ സാനുക്കളിലേക്ക് പറന്ന് ഔഷധ സസ്യങ്ങൾ നിറഞ്ഞ മരുത്വാമലയേന്തി വന്നത് ഹനുമാനാണ്.
ബുദ്ധിയും ശക്തിയും ഒത്തുചേർന്ന ഹനുമാൻ സ്വാമിക്ക് ശ്രീരാമദേവനാണ് എല്ലാമെല്ലാം. രാമനാമം ജപിക്കുന്നിടത്തെല്ലാം ഹനുമാൻ്റെ സാന്നിദ്ധ്യം ഉണ്ടാകും. ശ്രീരാമജയം’ എന്ന് ജപിച്ചാൽ മതി
ആശ്രിതവത്സലനായ ഹനുമാൻ സ്വാമി ‘പ്രീതിപ്പെടും. ഹനുമദ് ഭക്തരെ നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷങ്ങൾ ബാധിക്കില്ല. മൂലമാണ് ഭഗവാൻ്റെ ജന്മനക്ഷത്രം. ഓം ഹം ഹനുമതേ നമഃ യാണ് മൂലമന്ത്രം. ചോതി നക്ഷത്രക്കാർ ഹനുമാൻ സ്വാമിയെ ഉപാസിച്ചാൽ എല്ലാ ദുരിതങ്ങളിൽ നിന്നും കരകയറ്റി എപ്പോഴും രക്ഷിക്കും.
ജ്യോതിഷരത്നം വേണുമഹാദേവ്,
+91 98474 75559