ആപത്തിൽ രക്ഷിക്കുന്ന മൂർത്തി ഇഷ്ടദേവത
ജോതിഷി പ്രഭാ സീന സി.പി
ഈ ലോകത്തുള്ള ഒരു മനുഷ്യൻ്റെയും മുഖം ആവർത്തിക്കപ്പെടുന്നില്ല. മുഖം മനസ്സിൻ്റെ കണ്ണാടിയാണെന്നാണ് പറയുന്നത്. ഓരോ മനുഷ്യനും ഓരോ മുഖം. ഈശ്വരൻ്റെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്ന് ഇതല്ലാതെ മറ്റെന്താണ്?ഇവിടെയും കണ്ണാടി ഒന്നാണ്. അതിൽ പ്രതിഫലിക്കുന്ന മുഖങ്ങൾക്കാണ് വ്യത്യാസം. ഈശ്വരൻ ഒന്നാണെങ്കിലും അതിൽ പ്രതിഫലിക്കുന്ന മുഖങ്ങൾ വ്യത്യാസം വരുന്നു. വികാര വിചാരങ്ങളുടേയും ഇഷ്ടാനിഷ്ടങ്ങളുടെയും വ്യത്യാസമാണ് ഒരോ മനുഷ്യരെയും വ്യത്യസ്തർ ആക്കുന്നത്. ഈശ്വരനോടുള്ള സമീപനത്തിലും
ഓരോ വ്യക്തിയിലും ഈ വ്യത്യാസം നിഴലിക്കും. രൗദ്രഭാവത്തിലുള്ള ഈശ്വര മൂർത്തികളോടായിരിക്കും ചിലർക്ക് താദാത്മ്യം പ്രാപിക്കാൻ കഴിയുക. മറ്റു ചിലർക്കാകട്ടെ ശാന്തസ്വരൂപ ഭാവത്തിലുള്ള ഈശ്വര സങ്കല്പങ്ങളോടാകും താല്പര്യം.
ഇവിടെയാണ് സങ്കല്പത്തിൻ്റെ പ്രാധാന്യം. പുറമെ കാണുന്ന ഈശ്വര രൂപത്തെപ്പോലും നമ്മൾ മനസ്സിൽ സങ്കല്പിച്ചാണ് പ്രാർത്ഥിക്കുന്നത്. ഏത് ഈശ്വര രൂപത്തെ സങ്കല്പിക്കുമ്പോഴാണോ ഒരു വ്യക്തിക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വ ബോധവും ശുഭാപ്തി വിശ്വാസവും സമാധാനവും തോന്നുന്നത് ആ രൂപമാണ് ആ വ്യക്തിയുടെ ഇഷ്ടദൈവം. ഇത് മനസ്സിലാക്കാൻ മറ്റാരുടെയും സഹായം ആവശ്യമില്ല. ഓരോ വ്യക്തിയും അവനവൻ്റെ ഉള്ളിലേക്ക് ശാന്തമായി നോക്കിയാൽ അത് മനസ്സിലാക്കാനാകും
എന്നാൽ മനസിന്റെ സ്ഥിരതയില്ലായ്മ സ്യഷ്ടിക്കുന്ന ചിന്താക്കുഴപ്പം കാരണം ഇഷ്ടദേവനെ സംബദ്ധിച്ച് പലരിലും സംശയങ്ങൾ ഉടലെടുക്കും. ഭൂരിപക്ഷം പേരുടെ കാര്യത്തിലും ചെറുപ്രായത്തിലേ മനസ്സിൽ പതിയുന്നതാണ് ഇഷ്ടദേവൻ/ ദേവിയുടെ രൂപം. നിഷ്കളങ്കതയുള്ള മനസ്സിലാണ് ഇഷ്ടദേവൻ്റെ രൂപം കൂടുതൽ തെളിഞ്ഞു വരുന്നത്. ഇളം പ്രായത്തിൽ ചെറിയ ചെറിയ കാര്യങ്ങൾക്കായും കൊച്ചു കൊച്ചു ഭയങ്ങൾ ഒഴിവാക്കാനായും മനസ്സ് തുറന്ന് ഈശ്വരനെ വിളിക്കാത്തവരായി ആരും കാണില്ല. അത് ചിലപ്പോൾ വീടിനടുത്തുള്ള ആരാധനാലയത്തിലെ പ്രതിഷ്ഠയാകാം, കുടുംബ ക്ഷേത്രത്തിലെ വിഗ്രഹമാകാം, പൂജാമുറിയിലെ ഏതെങ്കിലും ഭഗവത് രൂപത്തിൻ്റെ ചിത്രമാകാം. ഇത് മനസ്സിൽ പതിയും.
എന്നാൽ കാലക്രമത്തിൽ സ്ഥിരമായ ഉപാസനയുടെ കുറവു കൊണ്ടും പല പല ആരാധനാലയങ്ങൾ സന്ദർശിക്കുന്നത് ശീലമാക്കുന്നത് കൊണ്ടും പ്രതിസന്ധി ഘട്ടങ്ങളിൽ ഒരേ സമയം പല രൂപങ്ങളെ മാറി മാറി വിളിക്കുന്നതിനാലും ഭക്തരിൽ ചിന്താക്കുഴപ്പം വർദ്ധിക്കും. വിളിച്ച് പ്രാർത്ഥിക്കുന്ന കാര്യം ലക്ഷ്യപ്രാപ്തിയിലെത്തിയാലും ഇല്ലെങ്കിലും ഇഷ്ടമൂർത്തിയെ തന്നെ സ്ഥിരമായി ഉപാസിക്കാനാണ് ആചാര്യന്മാർ ഉപദേശിക്കാറുള്ളത് .
ഭക്തിയുടെ സുപ്രധാന ലക്ഷണങ്ങളിലൊന്ന് സ്ഥിരതയാണ്. അതില്ലെങ്കിൽ ഈശ്വരനെപ്പോലും സംശയിച്ച് നമുക്ക് നരകിക്കേണ്ടി വരും.
ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ഉള്ളിൽ ഏറ്റവും കൂടുതൽ ദുഃഖം നിറയുമ്പോൾ അവ്യക്തമായാണെങ്കിലും തെളിഞ്ഞു വരുന്നതാണ് ഇഷ്ടദൈവം. അത് ഗണപതിയാകാം, ശിവനാകാം, വിഷ്ണുവാകാം, ദുർഗയാകാം, സ്വരസ്വതിയാകാം, ലക്ഷ്മിയാകാം, കാളിയാകാം, മുരുകനാകാം, അയ്യപ്പനാകാം, ഹനുമാനാകാം – ജാതക പ്രകാരം ആ രൂപം നമ്മുടെ ഇഷ്ടദേവൻ അല്ലെങ്കിൽ പോലും ആ രൂപത്തെ സ്ഥിരമായി ഉപാസിച്ച് ഇഷ്ടദേവതയായി സ്വീകരിക്കാമെന്നാണ് പ്രമാണം. ഇഷ്ടദേവതയെ സ്ഥിരമായി ഉപാസിക്കുന്നവരെ ഒരു പ്രതിസന്ധിയിലും ഭഗവാൻ കൈവിടില്ലെന്നും വേദങ്ങളിൽ പറയുന്നു.
ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)