Monday, 20 May 2024

ആയില്യം നാളിൽ സർപ്പദേവതകളെ പ്രസാദിപ്പിച്ചാൽ അതിവേഗം സങ്കടമോചനം

മംഗള ഗൗരി
ആധിവ്യാധികളും സങ്കടങ്ങളും ദോഷ ദുരിതങ്ങളും പരിഹരിക്കാൻ മാസന്തോറും ആയില്യം നാളിൽ ഏതെങ്കിലും ക്ഷേത്രത്തിലെ നാഗസന്നിധിയിൽ ആയില്യം പൂജ നടത്തണം. 2023 ഏപ്രിൽ 29 ശനിയാഴ്ചയാണ് മേടമാസത്തിലെ ആയില്യ പൂജ.

ആയുരാരോഗ്യത്തിനും സന്താനസൗഭാഗ്യം നേടാനും സന്താന ദുരിതമോചനത്തിനും മന:സമാധാനമുള്ള ജീവിതത്തിനും സമ്പദ് സമൃദ്ധിക്കും നാഗപൂജ പോലെ ഫലപ്രദമായ മറ്റൊരു ആരാധനാ സമ്പ്രദായമില്ല.

രോഗശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗങ്ങള്‍ മാറാനും മാനസിക പ്രയാസങ്ങൾ തീരാനും വിദ്യ, വിവാഹം എന്നിവയിലെ തടസങ്ങൾ മാറാനും കുടുംബ കലഹം ഒഴിയാനും ഉദ്യോഗ സംബന്ധമായ തടസങ്ങൾ അകറ്റാനും സാമ്പത്തിക ക്ലേശം പരിഹരിക്കാനും ശത്രുദോഷ ശാന്തിക്കും ക്ഷേത്രങ്ങളിൽ ആയില്യപൂജ നടത്താം. രാഹു ദോഷശാന്തിക്കും ഉത്തമമാണിത്.

നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ ആയില്യത്തിന് നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പ്രാർത്ഥിക്കണം.
സര്‍പ്പക്കാവില്‍ അഭിഷേകത്തിന് മഞ്ഞള്‍പ്പൊടിയും
നൂറും നല്കുന്നതും, നിവേദിക്കുന്നതിന് പാലും, പഴവും, കരിക്കും കൊടുക്കുന്നതും നാഗശാപമകറ്റും. എല്ലാ മാസവും ആയില്യം വ്രതം നോറ്റാൽ നാഗദോഷങ്ങളും നാഗശാപവും അകലും.12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍ എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പായി ഒരു ദിവസം നാഗരാജാവിന് ആയില്യം പൂജ നടത്തി തൃപ്തിപ്പെടുത്തുന്നതും ശ്രേയസ്‌കരമാണ്. നൂറും പാലുമാണ് സർപ്പ ദേവതകൾക്കുള്ള ഒരു പ്രധാന വഴിപാട്. സർപ്പങ്ങൾക്ക് സമർപ്പിക്കുന്ന വിശിഷ്ട ഭോജ്യമാണിത്. ആയില്യദിവസം സർപ്പങ്ങൾക്ക് നൂറുംപാലും സമർപ്പിക്കുന്നതിന് നാഗരൂട്ട് എന്നാണ് പേര്. സർപ്പ ഊട്ട് എന്നും ആയില്യമൂട്ട് എന്നും ഇതിന് പറയും.

കളം വരച്ച് നാഗപ്രതിഷ്ഠ കഴുകി തുടച്ച് ശുദ്ധമാക്കി പുണ്യാഹശുദ്ധി നടത്തി എണ്ണ, പാൽ, കരിക്ക് എന്നിവയാൽ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്ത് കമുകിൻ പൂക്കുല, മഞ്ഞൾപ്പൊടി, മാല ഇവ കൊണ്ടലങ്കരിച്ചിട്ടാണ് നൂറുംപാലും തർപ്പിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി, പാൽ, കരിക്ക്, കദളിപ്പഴം ഇവ ചേർത്താണ് നൂറുംപാലും ഉണ്ടാക്കുന്നത്. എല്ലാ മാസവും ആയില്യം നാളിൽ സർപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ നൂറുംപാലും നേദിക്കാറുണ്ട്.

ആയില്യം നാളിൽ സർപ്പ പ്രീതിക്കായി വ്രതം, വഴിപാട് പ്രാർത്ഥനകൾ നടത്തുന്നവർ ഓം നമഃ ശിവായ പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുകയും ചെയ്യണം. ഓം അനന്തമായ നമഃ, ഓം വാസുകയേ നമഃ , ഓം തക്ഷകായ നമഃ , ഓം കാര്‍ക്കോടകായ നമഃ , ഓം ഗുളികായ നമഃ , ഓം പത്മായ നമഃ , ഓം മഹാപത്മായ നമഃ , ഓം ശംഖപാലായ നമഃ എന്നീ അഷ്ടനാഗ മന്ത്രങ്ങള്‍ 12 പ്രാവശ്യം വീതം ആദ്യം മുതല്‍ അവസാനം വരെ ചൊല്ലണം. നാഗപ്രീതിക്ക് ജപിക്കാവുന് മറ്റ് മന്ത്രങ്ങൾ :

നാഗരാജാവിന്റെ ധ്യാനം
സഹസ്രവക്ത്രം ദ്വിസഹസ്രജിഹ്വം
പിശംഗ നേത്രം കപിലാംശുകാന്തം
വിഷായുധം പ്രോജ്വല ദംഷ്ട്ര ബാഹും
തം നാഗരാജം പ്രണതോസ്മിനിത്യം

(അർത്ഥം : ആയിരം മുഖവും രണ്ടായിരം നാക്കുകളും ചുവന്ന കണ്ണുകളും ഉള്ളവനും തവിട്ടു നിറമുള്ള പട്ടണിഞ്ഞവനും വിഷം എന്ന ആയുധം പൂണ്ടവനും ഉജ്ജ്വലമായ ദംഷ്ട്രകൾ, ബാഹുക്കൾ എന്നിവയോട് കൂടിയവനുമായ നാഗരാജാവിനെ എന്നും
പ്രണമിക്കുന്നു.)

നാഗരാജമൂലമന്ത്രം
ഓം നമ: കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമ:

നാഗരാജഗായത്രി
ഓം നാഗരാജായ വിദ്മഹേ
ചക്ഷശ്രവണായ ധീമഹി
തന്നോ സർപ്പ: പ്രചോദയാത്

അനന്തഗായത്രി
ഓം സഹസ്രശീർഷായ വിദ്മഹേ
വിഷ്ണു തല്പായ ധീമഹി
തന്നോ ശേഷ: പ്രചോദയാത്

വാസുകി ഗായത്രി
ഓം സർപ്പരാജായ വിദ്മഹേ
പദ്മഹസ്തായ ധീമഹി
തന്നോ വാസുകി: പ്രചോദയാത്

നാഗയക്ഷിമൂലമന്ത്രം
ഓം വിനായതനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷി യക്ഷിണീ സ്വാഹാനമ:

നവനാഗസേ്താത്രം
അനന്തോ വാസുകി: ശേഷ: പത്മനാഭശ്ചകംബല:
ധൃതരാഷ്ട്ര ശംഖപാല: തക്ഷകകാളിയസ്തഥാ
ഏതാനി നവ നാമാനി നാഗാനാം ച മഹാത്മനാം
സായം കാലേ പഠേന്നിത്യം പ്രാത:കാലേ വിശേഷതം

മംഗള ഗൗരി

Story Summary: Significance Of Naga Upasana and
Naga Mantras


error: Content is protected !!
Exit mobile version