Sunday, 22 Sep 2024

ഇപ്പോൾ നവദുർഗ്ഗകളെ ആരാധിച്ചാൽ`സർവ്വൈശ്വര്യങ്ങളും ലഭിക്കും

ജ്യോതിഷരത്നം വേണു മഹാദേവ്

ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളാണ് നവദുർഗ്ഗ. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂശ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവരാണ് നവദുർഗ്ഗകൾ. ദുർഗതികൾ ശമിപ്പിച്ച് ദുഖങ്ങൾ അകറ്റുന്ന ദുർഗ്ഗയുടെ അതിപാവനമായ രൂപങ്ങളാണ് ഇത്. വിശേഷ ഗുണങ്ങളും ആടയാഭരണങ്ങളുടെ വർണ്ണവും ഭാവങ്ങളും കണക്കിലെടുത്താണ് നവദുർഗ്ഗകളെ വേർതിരിക്കുന്നത്. ഈ ഒൻപത് ദേവതകളെ വീണ്ടും മൂന്ന് രൂപങ്ങളിൽ ആവിഷ്കരിക്കുന്നു. അതാണ് നവരാത്രി ദിനങ്ങളിൽ എല്ലായിടത്തും ആരാധിക്കപ്പെടുന്ന മഹാകാളിയും മഹാലക്ഷ്മിയും മഹാസരസ്വതിയും – ദേവീ കവചത്തിൽ പ്രഥമം ശൈലപുത്രീ തി ദ്വിതീയം ബ്രഹ്മചാരിണീ ത്രിതീയം ചന്ദ്രഘണ്ഡേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം പഞ്ചമം സ്കന്ദമേതേതി ഷഷ്ടം കാത്യായനീതി ച സപ്തമം കാലരാത്രീതി മഹാഗൗരീതി ചാ അഷ്ടമം നവമം സിദ്ധിതാ പ്രോക്താ നവദുര്‍ഗ്ഗാ: പ്രകീര്‍ത്തിതാ: ഇപ്രകാരം പറയപ്പെട്ടിരിക്കുന്ന നവ ദുർഗ്ഗകളുടെ ഓരോ രൂപങ്ങളെപ്പറ്റിയും മനസിലാക്കാം:

1 ശൈലപുത്രി

ഉത്ഭവം: പർവതപുത്രി എന്നാണ് ശൈലപുത്രി എന്ന വാക്കിന്റെ അർത്ഥം. ഹിമവാന്റെ മകളായ ശ്രീ പാർവതിയാണ് ശൈലപുത്രി.
ഭാവം: ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ചൈതന്യം ഒത്തു ചേർന്ന ദുർഗ്ഗാ ഭഗവതിയുടെ മാതൃഭാവമാണിത്. ആത്മാഹൂതി ചെയ്ത സതീദേവി ഹിമവാന്റെ കൊട്ടാരത്തിൽ ജനിച്ചു. ഭവാനി, പാർവതി, ഹേമാവതി എന്നെല്ലാം പേരുകളുണ്ട്.
ഉപാസനാ ദിനം: നവരാത്രിയുടെ ഒന്നാം രാത്രി
കാരകഗ്രഹം: ചന്ദ്രൻ
മന്ത്രം: ഓം ദേവി ശൈലപുത്രിയൈ നമ:
സങ്കല്പം: രണ്ടു കൈകൾ, ശിരസിൽ ചന്ദ്രക്കല, വലതുകൈയിൽ ത്രിശൂലവും ഇടതു കൈയിൽ താമരയും ഏന്തി നിൽക്കുന്നു. വാഹനം നന്ദിയാണ്.

2 ബ്രഹ്മചാരിണി

ഉത്ഭവം: പരമമായ ചൈതന്യമാണ് ബ്രഹ്മം, പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളാണ്. ചാരിണി എന്നാൽ ചലിക്കുന്നവൾ എന്ന് അർത്ഥം. ശിവന്റെ പത്നിയായിത്തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു.
ഭാവം: ദക്ഷ പ്രജാപതി സതിയുടെ പുനർജന്മം, കന്യക, സന്ന്യാസത്തിന്റെയും തപസിന്റെയും ഭാവം. ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന പുരുഷന് തുല്യ. പാർവതി, ഉമ, അപർണ്ണ എന്നെല്ലാം പേര്.
ഉപാസനാ ദിനം: നവരാത്രിയുടെ രണ്ടാം രാത്രി
കാരകഗ്രഹം: ചൊവ്വ
മന്ത്രം: ഓം ദേവി ബ്രഹ്മചാരിണി നമ :
സങ്കല്പം : നഗ്ന പാദ. കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗ.

3 ചന്ദ്രഘണ്ഡാ

ഉത്ഭവം: ചന്ദ്രൻ എന്ന പദത്തിന്റെയും ഘണ്ഡ എന്ന പദത്തിന്റെയും സംയോജനം, ഘണ്ഡ എന്നാൽ മണി എന്ന് അർത്ഥം. നെറ്റിയിൽ ഇവയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ഭാവം: മംഗല്യവതിയായ ആദിപരാശക്തിയുടെ ഭാവം. ശിവനെ വിവാഹം ചെയ്ത ശേഷം ദേവി
നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കല സ്വീകരിച്ചു. ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു.
ഉപാസനാ ദിനം: നവരാത്രിയുടെ മൂന്നാം രാത്രി
കാരകഗ്രഹം: ബുധൻ
മന്ത്രം: ഓം ദേവി ചന്ദ്രഘണ്ഡായൈ നമ:
സങ്കല്പം : നെറ്റിയിൽ ഒരു മണി പോലുളള ചന്ദ്രക്കല. കടുവ വാഹനം. ദേവിക്ക് പത്ത് കൈകളുണ്ട്. ഓരോ കൈകളിലുമായ് പത്മം, ധനുസ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദ, ത്രിശൂലം, അഭയ മുദ്ര, അമ്പ്, ജപമാല എന്നിവ.
ശക്തി : പൈശാചിക ശക്തികൾക്ക് എതിരെ അമ്മ എപ്പോഴും യുദ്ധസന്നദ്ധയാണ്. പ്രകോപിപ്പിക്കുന്ന ആരെയും അമ്മ വച്ചേക്കില്ല. എന്നാൽ ആശ്രിതരെ സദാ കാത്തു രക്ഷിക്കും. അമ്മയുടെ നെറ്റിയിലെ മണിനാദം കേട്ടാൽ മതി സകല ആസുര ശക്തികളും അമ്മയുടെ ഭക്തരിൽ നിന്നും അകന്ന് മാറും.

4 കൂശ്മാണ്ഡ

ഉത്ഭവം: പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂശ്മാണ്ഡ.
ഭാവം: സിദ്ധിദാത്രി ഭാവമെടുത്ത ആദി പരാശക്തി സൂര്യ തേജസിൽ കുടികൊണ്ട് പ്രപഞ്ചത്തിന് സൗരോർജ്ജമേകുന്നു. സൂര്യ കിരണങ്ങളും പ്രഭയും കൂശ്മാണ്ഡ ദേവിയുടെ ശരീരത്തിൽ നിന്നും പ്രസരിക്കുന്നതാണ് .
ഉപാസനാ ദിനം: നവരാത്രിയുടെ നാലാം രാത്രി
കാരകഗ്രഹം: സൂര്യൻ
മന്ത്രം: ഓം ദേവി കൂശ്മാണ്ഡയൈ നമ:
സങ്കല്പം : സിംഹവാഹിനിയാണ് ദേവി. എട്ടു കൈകൾ. താമര, കമണ്ഡലു, അമൃതകലശം, ഗദ, ചക്രം തുടങ്ങിയ വിവിധ ആയുധങ്ങൾ, ജപമാല മുതലായവ കൈകളിൽ ധരിച്ചിരിക്കുന്നു.
ശക്തി : ഒരു ചെറു പുഞ്ചിരി പ്രഭയിൽ അമ്മ ഈ പ്രപഞ്ചം സൃഷ്ടിച്ചു. ഭക്തർക്ക് സിദ്ധികൾ – അതീന്ദ്രിയ സിദ്ധികൾ, നിധികൾ – ധനം നൽകുന്നത് പാർവതിയുടെ അവതാരമായ ഈ ദേവിയാണ്.

5 സ്കന്ദമാതാ

ഉത്ഭവം: വീരയോദ്ധാവായ കാർത്തികേയന്റെ, സ്കന്ദന്റെ മാതാവായതിനാൽ ആദിപരാശക്തി ദേവിയെ സ്കന്ദമാതാ എന്ന് വിളിക്കുന്നു.
ഭാവം: ബാലമുരുകനെ മടിയിലിരുത്തി അനുഗ്രഹം തൂകുന്ന ദിവ്യരൂപം
ഉപാസനാ ദിനം: നവരാത്രിയുടെ അഞ്ചാം രാത്രി
കാരകഗ്രഹം: ശുക്രൻ
മന്ത്രം: ഓം ദേവി സ്കന്ദമാതായൈ നമ:
സങ്കല്പം : ക്രുദ്ധയായ സിംഹപ്പുറത്തേറി ദേവി വരുന്നു. അഗ്നി ദേവതയായും സ്കന്ദമാതായെ കീർത്തിക്കപ്പെടുന്നു. ചതുർഭുജയും ത്രിനേത്രയും ആണ് ഈ ദേവി. രണ്ടു കൈകളിൽ പത്മം, വലത്
കൈയിൽ സ്കന്ദൻ , ഇടതു കൈ അഭയ മുദ്ര.
ശക്തി: സ്കന്ദമാതായെ ആരാധിച്ചാൽ ഭഗവാൻ സ്കന്ദൻ അഥവാ ശ്രീ മുരുകന്റെ അനുഗ്രഹവും ലഭിക്കും.

6 കാർത്യായനി

ഉത്ഭവം: മഹിഷാസുര നിഗ്രഹത്തിന് അവതരിച്ച ദേവി ; കാർത്യായന മഹർഷിയുടെ മകളായി ദേവന്മാരെ സഹായിക്കാൻ പാർവതി ദേവി കാർത്യായനിയായി അവതരിച്ചു.
ഭാവം: ആസുര ശക്തികളോടുള്ള ഒടുങ്ങാത്ത ക്രോധം, പക, അന്തിമ വിജയം ഇതെല്ലാമാണ് ഈ അമ്മയുടെ പ്രത്യേകത. പൂർണ്ണ ഭക്തിയോടെ നിർമ്മല മനസോടെ ഉപാസിച്ചാൽ ദേവി സംപ്രീതയായി അനുഗ്രഹിക്കും.
ഉപാസനാ ദിനം: നവരാത്രിയുടെ ആറാം രാത്രി
കാരകഗ്രഹം: വ്യാഴം
മന്ത്രം: ഓം ദേവി കാർത്യായനിയൈ നമ:
സങ്കല്പം: സിംഹവാഹിനിയാണ് ദേവി. ചതുർഭുജങ്ങൾ. പത്മവും വാളും അഭയ മുദ്രയും വരമുദ്രയും കൈകളിൽ ധരിച്ചിരിക്കുന്നു .

7 കാലരാത്രി

ഉത്ഭവം: ആദിപരാശക്തിയുടെ അതി രൗദ്രവും പ്രചണ്ഡമായ ഈ രൂപം: ദേവി ഈ രൗദ്ര രൂപം സ്വീകരിച്ചത് ശുംഭ നിശുംഭ വധത്തിനാണ്. കാലരാത്രി എന്നാൽ മരണത്തിന്റെ രാത്രി എന്നാണ് വിവക്ഷ.
ഭാവം: കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി
ഉപാസനാ ദിനം: നവരാത്രിയുടെ ഏഴാം രാത്രി
കാരകഗ്രഹം: ശനി
മന്ത്രം: ഓം ദേവി കാലരാത്രിയൈ നമ:
സങ്കല്പം: ഇരുളിന്റെ രൂപത്തിലുള്ള ദേവി ഗർദ്ദഭ വാഹിനിയാണ്. ചതുർഭുജങ്ങളുണ്ട്. ജടയും ത്രിലോചനങ്ങളുമുള്ള ദേവിയുടെ വലതുകരങ്ങൾ എപ്പോഴും ഭക്തർക്ക് അഭയവും വരവും നൽകി ആശിർവദിച്ചു കൊണ്ടിരിക്കുന്നു. ഇടതുകരങ്ങളിൽ വാളും ഇരുമ്പു ദണ്ഡുമുണ്ട്.
ശക്തി: എല്ലാവിധ ഭയങ്ങളും ക്ലേശങ്ങളും അകറ്റി ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.

8 മഹാഗൗരി

ഉത്ഭവം: പവിത്രതയുടെയും നിർമ്മലതയുടെയും പ്രതിരൂപമാണ് ദേവി. ശിവൻ കാളിയെന്ന് കളിയാക്കിയപ്പോൾ ബ്രഹ്മാവിനെ തപസ് ചെയ്ത് ദേവി നേടിയതാണ് ഗൗരവർണ്ണമെന്ന് പുരാണ കഥയുണ്ട്. പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരീ.
ഭാവം: വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. ഗൗരിയെ പ്രീതിപ്പെടുത്തിയാൽ എല്ലാ തെറ്റുകുറ്റങ്ങളും വീഴ്ചയും പാപങ്ങളും ദേവീ കൃപയാൽ ഭസ്മീകരിക്കപ്പെടും.
ഉപാസനാ ദിനം: നവരാത്രിയുടെ എട്ടാം രാത്രി
കാരകഗ്രഹം: രാഹു
മന്ത്രം: ഓം ദേവി മഹാഗൗരിയൈ നമ:
സങ്കല്പം: ശൈലപുത്രി ദേവിയെപ്പോലെ
മഹാഗൗരിയുടെയും വാഹനം കാളയാണ്. ചതുർഭുജങ്ങളുണ്ട്. ത്രിശൂലം , അഭയ മുദ്ര, ഡമരു, കമണ്ഡലു അല്ലെങ്കിൽ വര മുദ്ര എന്നിവ ദേവി ഈ കൈകളിൽ ധരിച്ചിരിക്കുന്നു
ശക്തി: ക്ഷമാ രൂപിണിയാണ് മഹാഗൗരി.
പാപികൾക്ക് മാപ്പ് നൽകുകയും അവരെ പരിശുദ്ധരാക്കി അമ്മ നേർവഴിക്ക് നയിക്കുകയും ചെയ്യുന്നു.

9 സിദ്ധിദാത്രി

ഉത്ഭവം: പ്രപഞ്ചാരംഭത്തിൽ സൃഷ്ടിക്കായി ശ്രീ മഹാരുദ്രൻ ആദി പരാശക്തിയെ ആരാധിച്ചു. രൂപരഹിതയായി ദേവി രുദ്രന്റെ വലതുകരത്തിൽ ആവിർഭവിച്ചു.
ഭാവം: സർവദാ ആനന്ദകാരിയായ സിദ്ധിദാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു.
ഉപാസനാ ദിനം: നവരാത്രിയുടെ ഒൻപതാം രാത്രി
കാരകഗ്രഹം: കേതു
മന്ത്രം: ഓം ദേവി സിദ്ധിദാത്രിയൈ നമ:
സങ്കല്പം: താമരപ്പൂവിലിരിക്കുന്ന ദേവി സിംഹവാഹിനിയാണ്. അല്ലെങ്കിൽ വ്യാഘ്രത്തിന്റെ പുറത്തേറി വരും. ചതുർഭുജങ്ങളുണ്ട്. ഒരു വലതു കൈയിൽ ഗദ, അടുത്ത വലതു കൈയിൽ ചക്രം. ഇടതു കരങ്ങളിൽ പത്മവും ശംഖ്.
ശക്തി : എല്ലാത്തരത്തിലുള്ള അതീന്ദ്രിയ സിദ്ധികളും ഭക്തർക്ക് സമ്മാനിക്കുന്ന ദേവിയാണിത്. അതിനാൽ യക്ഷ കിന്നര ഗന്ധർവന്മാരും മനുഷ്യരും അസുരരും ദേവന്മാരും ഒരുപോലെ ആരാധിക്കുന്നു.

(നവരാത്രി ദിനങ്ങളിൽ കേരളത്തിൽ പൊതുവേ ആദിപരാശക്തിയെ ആദ്യ മൂന്നു ദിവസം മഹാകാളിയായും, പിന്നീടുള്ള മൂന്നു ദിനം മഹാലക്ഷ്മിയായും, അവസാന മൂന്നു ദിവസം മഹാസരസ്വതിയായും ആരാധിക്കുന്ന പതിവാണ് ഉള്ളത് )

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Pic Design: Prasanth Balakrishnan
Mobile: +91 7907280255 |email: dr.pbkonline@gmail.com

error: Content is protected !!
Exit mobile version