Friday, 22 Nov 2024

ഈ ഞായറാഴ്ച ശിവനെ പൂജിക്കൂ, എല്ലാം ആഗ്രഹവും സഫലമാകും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
പരമശിവന്‍റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്രദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും മാസത്തോറുമുള്ള ഏറ്റവും മഹത്തായ ദിവസമാണ് പ്രദോഷ വ്രതം. മാസത്തില്‍ 2 പക്ഷത്തിലെയും പ്രദോഷ ദിവസം വ്രതം നോൽക്കുന്നത് ഉത്തമമാണ്. ശ്രീ പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിന് ശിവന്‍ നടരാജ ഭാവത്തിൽ നൃത്തം ചെയ്യുന്ന സമയമാണ് എല്ലാ മാസവുമുള്ള 2 ത്രയോദശി പ്രദോഷസന്ധ്യകൾ
എന്ന് കരുതുന്നു. പൗർണ്ണമിക്കും അമാവാസിക്കും മുമ്പ് ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതം
ആചരിക്കുന്നത്. അസ്തമയത്തിന് മുൻപും പിൻപുമായി വരുന്ന മൂന്ന് മണിക്കൂറാണ് പ്രദോഷകാലം. 2024 മേയ് 5, 1199 മേടം 22 ഞായറാഴ്ചയാണ് മേടമാസത്തിലെ കൃഷ്ണപക്ഷപ്രദോഷം. അന്ന് വൈകിട്ട് 4:58 മുതൽ 7:58 ഈ സമയത്ത് ശിവസ്തോത്രങ്ങളും മന്ത്രങ്ങളും ജപിച്ച് ഭക്തർ ക്ഷേത്രങ്ങളിലുണ്ടാകണം.

പ്രദോഷത്തിന്റെ തലേദിവസം വ്രതം തുടങ്ങുന്നതാണ് ഉത്തമം. മത്സ്യമാംസാദി ഭക്ഷണം 3 ദിവസങ്ങളില്‍ ഉപേക്ഷിക്കണം. പ്രദോഷദിവസം ഉദയത്തില്‍ തന്നെ വ്രതത്തിന്റെ പൂര്‍ണ്ണചിട്ട തുടങ്ങണം. ഭസ്മം ധരിച്ച് പരമാവധി ശിവഭജനം ചെയ്യുക. സന്ധ്യാവേളയില്‍ ശിവക്ഷേത്രദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം. അന്ന് പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കും. സൗകര്യപ്രദമായത് സ്വീകരിക്കാം. ഓം നമഃ ശിവായ മന്ത്രം വ്രതദിനങ്ങളില്‍ എപ്പോഴും ജപിക്കണം. ശിവ അഷേ്ടാത്തരം, സഹസ്രനാമം, ഉമാമഹേശ്വര സ്തോത്രം, ശങ്കര ധ്യാന പ്രകാരം എന്നിവ പാരായണം ചെയ്യുന്നത് ഉത്തമം. ശിവ സ്വരൂപ വർണ്ണനയായ ശങ്കര ധ്യാനപ്രകാരം 11 പ്രദോഷത്തിന് തുടർച്ചയായി ജപിച്ചാൽ കാര്യസിദ്ധി നിശ്ചയമാണ്. പ്രദോഷ ദിവസം ശിവക്ഷേത്രദര്‍ശനം നടത്തി ധാര, കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ സമർപ്പിക്കുന്നതും പുണ്യപ്രദമാണ്. ജന്മജന്മാന്തര പാപങ്ങള്‍ തീരുന്നതിനും, ദുരിതങ്ങള്‍ മാറി ശാന്തിയും സമാധാനവും ലഭിക്കുന്നതിനും ഈ വ്രതം ഉത്തമമാണ്.

ശിവലിംഗത്തോളം തന്നെ ശക്തി അതിനു മുന്നിൽ ശിവനെ നോക്കി ശയിക്കുന്ന നന്ദിദേവനുണ്ട്. നന്ദിദേവന്‍റെ അനുമതിയില്ലാതെ ശിവലിംഗ പ്രതിഷ്ഠയുള്ള ശ്രീകോവിലിലേക്ക് ആർക്കും പ്രവേശിക്കുവാൻ കഴിയില്ല; ആരാധിക്കുവാനും സാധിക്കില്ല. അതിനാൽ നന്ദിയെ തൊഴുത് വേണം ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ. നന്ദിദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം പ്രാർത്ഥിച്ച് നിങ്ങൾക്ക് ശ്രീപരമേശ്വരനോട് പറയുവാനുള്ള സങ്കടങ്ങൾ നന്ദിദേവനോടും പറയുക. അത്‌ മതി; അതിവേഗം ശിവഭഗവാൻ പ്രസാദിച്ചിരിക്കും. കാര്യസാദ്ധ്യത്തിന് വേണ്ടിയുള്ള അപേക്ഷ ആത്മാർത്ഥമാണെങ്കിൽ ഉടൻ ശിവ പ്രസാദമുണ്ടാകും. കാര്യസാദ്ധ്യത്തിന് പിന്നീട് ഒട്ടും തന്നെ താമസമുണ്ടാകില്ല.

പരമശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷ വേളയിൽ ഭഗവാൻ സർവ്വശക്തമായ അനുഗ്രഹമൂർത്തി ഭാവം കൈകൊള്ളും. അതിനാൽ പ്രദോഷ വേളയിൽ എന്ത് ആവശ്യപ്പെട്ടാലും ശിവൻ തരും. എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. സർവ്വഭീഷ്ടസിദ്ധിക്കായി ഈ പുണ്യദിനങ്ങൾ മറക്കാതിരിക്കുക.

മൂലമന്ത്രം
ഓം നമഃ ശിവായ

പ്രാർത്ഥനാ മന്ത്രം
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം

ശിവ ധ്യാനം
ബിഭ്രദ്ദോർഭി: കുഠാരം മൃഗമഭയവരൗ
സുപ്രസന്നോ മഹേശ:
സർവ്വാലങ്കാരദീപ്ത: സരസിജനിലയോ
വ്യാഘ്രചർമ്മാത്തവാസാ:
ധ്യേയോ മുക്താപരാഗാമൃതരസകലിതാ
ദ്രിപ്രഭ: പഞ്ചവക്ത്ര-
സ്ത്ര്യക്ഷ: കോടീരകോടീഘടിത
തുഹിനരോ ചിഷ്ക്കലാതുംഗമൗലി:

ഉമാമഹേശ്വര സ്തോത്രം


സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Significance of Krishna Paksha Pradosha Viratham on 2024 May 5 Sunday

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version