Sunday, 19 May 2024

ഈ ശ്ലോകം ജപിച്ച് കൊടുങ്ങല്ലൂരമ്മയെ ഭജിച്ചാൽ വ്യാധി നാശം, ഭയ വിമുക്തി

അശോകൻ ഇറവങ്കര
ആധിവ്യാധികൾ അകറ്റുന്ന ഭദ്രകാളി ഭഗവതിയാണ് കൊടുങ്ങല്ലൂരമ്മ. ബാധോപദ്രവമുള്ളവരും രോഗബാധിതരുമായ കോടാനുകോടി ജനങ്ങൾക്ക് അമ്മ അഭയം നൽകിയ കഥകൾ പ്രസിദ്ധമാണ്. കേരളത്തെ ദുരിതദുഃഖങ്ങൾ, തീരാവ്യാധികൾ തുടങ്ങിയവയിൽ നിന്നും രക്ഷിക്കാൻ പരശുരാമൻ പ്രതിഷ്ഠിച്ച 4 ദേവിമാരിൽ ലോകാംബികയാണ് കൊടുങ്ങല്ലൂരമ്മ. ആദിപരാശക്തി കാളീരൂപത്തിൽ കുടികൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ ശരിയായ പേര് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം എന്നാണ്. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമാണിത്.

ത്രേതായുഗത്തോളം പഴക്കമുള്ള ദേവിചൈതന്യത്തിന്റെ അക്ഷയ തീർത്ഥമായ ഈ ക്ഷേത്രത്തിൽ ഏതൊരു വിശ്വാസിക്കും ജാതിമതഭേദമെന്യേ പ്രവേശിച്ച് ദേവിയെ തൊഴാം ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ക്ഷേത്രനാഥനായ ശ്രീപരമേശ്വരന്റെ അനുഗ്രഹവർഷവും
ഇവിടെയുണ്ട്.

കൊടുങ്ങല്ലൂരമ്മയെ സങ്കല്പിച്ച് താഴെ പറയുന്ന ശ്ലോകം പതിവായി ജപിച്ചാൽ വ്യാധി നാശം ഉൾപ്പെടെ
എല്ലാത്തരത്തിലുള്ള ഭയത്തിൽ നിന്നും ഏതൊരാൾക്കും മോചനം ലഭിക്കും.

ഭദ്രകാളി സ്തുതി

ഭദ്രകാളി മഹാദേവി
ഭദ്രതേ രുദ്ര നന്ദിനി
യാ നസന്ത്രായസേ നിത്യം
നമസ്തസ്യൈ നമോ നമഃ

വടക്ക് ദർശനമായി മഹാകാളിയുടെ രൗദ്രമായ ദാരുവിഗ്രഹമാണ് കൊടുങ്ങല്ലൂരിൽ മുഖ്യ ശ്രീകോവിലിൽ ഉള്ളത്. പീഠത്തോടുകൂടി ആറടി പൊക്കമുള്ള അമ്മയുടെ ഈ വിഗ്രഹം പുറത്ത് ദീപസ്തംഭത്തിനടുത്ത് നിന്ന് ദർശനം നടത്തുന്നവർക്കും കാണാനാക്കും.വലതുകാൽ മടക്കി ഇടതുകാൽ താഴേക്ക് വച്ചാണ് ദേവിയിരിക്കുന്നത്. ദേവിയുടെ 8 കൈകളിൽ അറുത്തെടുത്ത ദാരികന്റെ ശിരസും വാളും ശൂലവുമെല്ലാമുണ്ട്. ആദിശങ്കരൻ സ്ഥാപിച്ച അഞ്ച് ശ്രീചക്രങ്ങളാണ് കൊടുങ്ങല്ലൂരമ്മയുടെ ശക്തിക്ക് കാരണമെന്ന് വിശ്വസിക്കുന്നു.

ശ്രീകോവിലിനോട് ചേർന്ന് സപ്തമാതൃക്കളെ വടക്ക് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു. പന്ത്രണ്ടടിയോളം പൊക്കമുള്ള ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ് മറ്റൊന്ന്. പുളിഞ്ചാമൃതമാണ് ക്ഷേത്രപാലകന്റെ നടയിലെ പ്രധാന വഴിപാട്. സർവ്വവിഘ്‌നങ്ങളും മാറ്റി ആഗ്രഹങ്ങളെല്ലാം നിറവേറുന്നതിന് നാളികേരം തലയ്ക്കുഴിഞ്ഞ്
ക്ഷേത്രപാലകന് മുന്നിലടിക്കുന്നു. തുടർന്ന് പുളിഞ്ചാമൃതം വഴിപാട് നടത്തുന്നു. ശർക്കരപ്പായസത്തിൽ
തൈരു ചേർത്താണ് പുളിഞ്ചാമൃതം തയ്യാറാക്കുന്നത്.

മേൽക്കൂരയില്ലാതെ മതിൽക്കെട്ടിനകത്തുള്ള മൂക്കും മുലയുമില്ലാത്ത ദാരിക പത്‌നിമനോദരിയാണ് കൊടുങ്ങല്ലൂരിലെ മറ്റൊരു പ്രധാന പ്രതിഷ്ഠ. ഇത് വസൂരി എന്നാണ് ഐതിഹ്യം. ശിവശാപം കാരണമാണ് മനോദരിയുടെ മൂക്കും മുലയും നഷ്ടപ്പെട്ടതത്രേ. കുരുമുളകും മഞ്ഞൾപ്പൊടിയും ഈ പ്രതിഷ്ഠയിൽ തൂകുന്ന വഴിപാട് ജ്വരരോഗങ്ങളിൽ നിന്നും രക്ഷിക്കും.

ക്ഷേത്രത്തിന് കിഴക്കവശത്ത് പുറത്തെ പ്രദക്ഷിണ വഴിയിലുള്ള പ്രതിഷ്ഠ തവിട്ടുമുത്തി ദേവിയാണ്. വഴിപാടായി തവിട്ട് തൂകുന്നത് ഇവിടെ വിശേഷമാണ്. നാലമ്പലത്തിനടുത്ത്‌ തെക്കുപടിഞ്ഞാറ് മൂലയിലുള്ള
വിഘ്‌നേശ്വരന്റെ ഇഷ്ടവഴിപാട് ഒറ്റയപ്പമാണ്.

അടികൾ സമുദായക്കാരാണ് പൂജാരിമാർ. രക്തപുഷ്പാഞ്ജലി, ശത്രുസംഹാര പുഷ്പാഞ്ജലി, സ്വയംവര പുഷ്പാഞ്ജലി, നെയ്പായസം, വെള്ളനിവേദ്യം, ചതുശ്ശതം അര, ചതുശ്ശതം കാൽ, വെടിവഴിപാട്, ശർക്കര പന്തീരുനാഴി, ഇടിച്ചുപിഴിഞ്ഞ പായസം, നിറമാല, ധാര, ഗണപതിഹോമം, വെള്ള പന്തീരുനാഴി എന്നിവയാണ് കൊടുങ്ങല്ലൂരിലെ മറ്റ് ചില വഴിപാടുകൾ .

Story Summary: Kodungallur Sree Kurumba Bhagavathy Temple : Powerful Sloka for Chanting and Special offerings

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version