Monday, 8 Jul 2024

ഈ ബുധനാഴ്ച ഭക്തരുടെ ഭാഗ്യദിനം; സർവ്വഭീഷ്ടസിദ്ധിക്ക് പ്രാർത്ഥിക്കാം

മംഗള ഗൗരി
പാര്‍വ്വതി ദേവിയെ സന്തോഷിപ്പിക്കാൻ ശിവഭഗവാന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് എല്ലാ മാസത്തിലെയും കൃഷ്ണപക്ഷത്തിലെയും ശുക്ലപക്ഷത്തിലെയും ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യകൾ. കറുത്തവാവിനും വെളുത്തവാവിനും മുമ്പ് വരുന്ന ത്രയോദശി തിഥികളെ പ്രദോഷം എന്ന് പറയുന്നു. പരമശിവന്‍റെയും ശ്രീപാർവതിദേവിയുടെയും ക്ഷേത്രദർശനത്തിനും അനുഗ്രഹത്തിന് പ്രാർത്ഥിക്കാനും മറ്റ് അനുഷ്ഠാനങ്ങൾക്കും ഇതിലും മഹത്തായ ദിവസം
ശിവരാത്രി മാത്രമാണ്. മാസത്തില്‍ 2 പക്ഷത്തിലെയും പ്രദോഷ ദിവസം വ്രതം അനുഷിക്കുന്നത് ആഗ്രഹങ്ങൾ സാധിക്കാൻ ഉത്തമമാണ്. 1199 കന്നിയിലെ ശുക്ലപക്ഷ പ്രദോഷം 2023 സെപ്തംബർ 27 ബുധനാഴ്ചയാണ്.

പ്രദോഷ വ്രതത്തിന്റെ ചിട്ടകൾ ഇപ്രകാരമാണ്: തലേന്ന് മത്സ്യമാംസാദികൾ ഒഴിവാക്കി വ്രതം തുടങ്ങണം. പ്രദോഷ ദിവസം ഉദയത്തില്‍ തന്നെ കുളിച്ച് ശുദ്ധമായി ഭസ്മം ധരിച്ച് പരമാവധി ശിവഭജനം ചെയ്യുക. സന്ധ്യാവേളയില്‍ ശിവക്ഷേത്രദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം. അന്ന് പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കാം. ഇതിൽ നിങ്ങൾക്ക്
സൗകര്യപ്രദമായത് സ്വീകരിക്കാം.

അന്ന് ശിവക്ഷേത്രദര്‍ശനം നടത്തി ധാര, കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ സമർപ്പിക്കുന്നതും പുണ്യപ്രദമാണ്. ജന്മജന്മാന്തരമായുള്ള പാപങ്ങള്‍ തീരുന്നതിനും, ദുരിതങ്ങള്‍ മാറി ശാന്തിയും സമാധാനവും ലഭിക്കുന്നതിനും പ്രദോഷ വ്രതം ഏറെ ഉത്തമമാണ്.
പഞ്ചാക്ഷരമന്ത്രം വ്രതദിനങ്ങളില്‍ എല്ലായ്‌പ്പോഴും ജപിക്കണം. ശിവപുരാണം, അഷേ്ടാത്തര ശതനാമാവലി, സഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ഉത്തമം.
ശിവസ്വരൂപം അതിമനോഹരമായ പദഭംഗിയോടെ വർണ്ണിക്കുന്ന ശങ്കരധ്യാന പ്രകാരം ഗ്രഹിക്ക നീ
തിങ്കൾക്കലാഞ്ചിതം കോടീര ബന്ധനം എന്ന് തുടങ്ങുന്ന കീർത്തനം 11 പ്രദോഷങ്ങളിൽ തുടർച്ചയായി ജപിച്ചാൽ ആഗ്രഹസാഫല്യം സുനിശ്ചിതം എന്ന് പറയപ്പെടുന്നു.

ശങ്കരധ്യാന പ്രകാരം കീർത്തനം

വൈകുന്നേരം അഞ്ചു മണിക്ക് ശേഷമാണ് പ്രദോഷ
സന്ധ്യവേള പുണ്യകാലം. ഈ സമയത്ത് ക്ഷേത്രത്തിൽ ആരാധനയും അഭിഷേകവും നടത്തണം. ശിവലിംഗം പോലെ ശക്തിയുള്ളതാണ് അതിനു മുന്നിൽ ഭഗവാനെ നോക്കി ശയിക്കുന്ന നന്ദിദേവനും. നന്ദിയുടെ അനുമതി ഇല്ലാതെ ശിവലിംഗ പ്രതിഷ്ഠയുള്ള ശ്രീകോവിലിൽ ആർക്കും പ്രവേശിക്കാനാകില്ല; ആരാധിക്കുവാനും കഴിയില്ല. അതിനാലാണ് നന്തിദേവനെ തൊഴുതശേഷം ശാന്തിക്കാർ ശ്രീകോവിലിൽ പ്രവേശിക്കുന്നത്. ഭക്തർ നന്തിദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം പ്രാർത്ഥിച്ചിട്ട് സങ്കടങ്ങൾ ശ്രീപരമേശ്വരനോട് പറഞ്ഞാൽ അതിവേഗം
ശിവഭഗവാൻ പ്രസാദിച്ചിരിക്കും. കാര്യസാദ്ധ്യത്തിന് വേണ്ടിയുള്ള അപേക്ഷ ആത്മാർത്ഥമാണെങ്കിൽ ഉടൻ ശിവ പ്രസാദമുണ്ടാകും. ഈ ദിവസം വ്രതം നോറ്റാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖ ശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. ദശാദോഷം, ജാതകദോഷം എന്നിവയുടെ ദുരിതകാഠിന്യം കുറയ്ക്കാനും ഈ വ്രതം ഉത്തമമത്രേ.

സദാസമയവും സങ്കടഹരനായ പരമശിവൻ പ്രദോഷ
സമയത്ത് സർവ്വശക്തനായി അനുഗ്രഹമൂർത്തി ഭാവം കൈകൊള്ളും. അതിനാൽ പ്രദോഷ വേളയിൽ ഭക്തർ
എന്ത് തന്നെ ആവശ്യപ്പെട്ടാലും ഭഗവാൻ തരും. എല്ലാ പ്രദോഷ വ്രത ദിനങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. സർവ്വഭീഷ്ടസിദ്ധിക്കായി ഈ ദിനം മറക്കാതിരിക്കുക.
മൂലമന്ത്രം
ഓം നമഃ ശിവായ

പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം

Story Summary: Importance & Benefits of Shani Pradosha Vritham

error: Content is protected !!
Exit mobile version