Friday, 5 Jul 2024

എട്ട് സ്വയംഭൂവിഷ്ണു ക്ഷേത്ര ദർശനം മഹാപുണ്യം

മഹാവിഷ്ണുവിന് എട്ട് സ്വയംഭൂക്ഷേത്രങ്ങൾ ഉണ്ട്. ഇതിൽ നാലെണ്ണം തെക്കേ ഇന്ത്യയിലുംനാലെണ്ണം  ഉത്തരദേശത്തുമാണ്.  ശ്രീപരമേശ്വരന്റെ സ്വയംഭൂക്ഷേത്രങ്ങളായ പഞ്ചഭൂതക്ഷേത്രങ്ങൾ പോലെയാണിത്. തിരുവരംഗം, തിരുപ്പതി, ശ്രീമുഷ്ണം,വാനമാമല എന്നിവയാണ് മഹാവിഷ്ണുവിന്റെ ദക്ഷിണദേശത്തെ സ്വയംഭൂക്ഷേത്രങ്ങൾ:

ബദരീകാശ്രമം, നൈമിഷികാരണ്യം, പുഷ്‌ക്കരം, നേപ്പാളിലെ സാളഗ്രാമം എന്നിവയാണ്മഹാവിഷ്ണുവിന്റെ ഉത്തര ദേശത്തെ  സ്വയംഭൂക്ഷേത്രങ്ങൾ.
ഈ എട്ടു ക്ഷേത്രങ്ങളിലും ദർശനം നടത്തി തൊഴുത് പ്രാർത്ഥിക്കുന്നത് ജീവിതത്തിലെ മഹാഭാഗ്യവും പുണ്യവുമായി വിഷ്ണുഭക്തർ കരുതുന്നു. 

തെക്കെ ഇന്ത്യയിലെ 4 സ്വയംഭൂവിഷ്ണു ക്ഷേത്രങ്ങൾ:

1 തിരുവരംഗം

മഹാവിഷ്ണുവിന് എട്ട് സ്വയംഭൂക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനം ഇതത്രേ. ഭൂലോകവൈകുണ്ഠം എന്നറിയപ്പെടുന്നത് തിരുവരംഗം ശ്രീരംഗനാഥ ക്ഷേത്രത്തെയാണ്. ഇവിടെ പ്രണവരുപനായി ഭഗവാൻ കുടിക്കൊള്ളുന്നു. പ്രണവാകാരൻ എന്നും ഇവിടുത്തെ ഭഗവാനെ വിശേഷിപ്പിക്കുന്നു. ബ്രഹ്മാവാണ് ഭഗവാനെ ഇവിടെ പ്രതിഷ്ഠിച്ചത്. പിന്നീട് ശ്രീരാമൻ വിഭീഷണന് ദാനമായി നൽകിയ പുണ്യസ്ഥലമാണിത്. തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളിക്ക് അടുത്താണിത്.

2 തിരുവെങ്കിടേശ്വര സ്വാമി ക്ഷേത്രം:  

തിരുപ്പതി ക്ഷേത്രത്തെയാണ് തിരുവെങ്കിടം എന്നു പറയുന്നത്. ആന്ധാപ്രദേശിലെ തിരുപ്പതിയിൽ ഭഗവാൻ വിഷ്ണുവിന്റെ അംശമാണ് കുടിക്കൊള്ളുന്നത്. ശ്രീരാമാനുജൻ മുതലായ ആദികാല ഭക്തന്മാർ തിരുപ്പതി ദേവനോടുള്ള ഭക്തി കാരണം പാദം നിലത്തു തൊടാതെ മുട്ടിലിഴഞ്ഞായിരുന്നുവത്രെ ക്ഷേത്രദർശനം നടത്തിയിരുന്നത്.

3 ശ്രീമുഷ്ണം ശ്രീഭൂവരാഹസ്വാമി

ക്ഷേത്രം:മഹാവിഷ്ണു  ഇവിടെ വായു രൂപിയായാണ്  കുടികൊള്ളുന്നത്. ദണ്ഡകാസുരവധം ഇവിടെ വച്ചായിരുന്നു എന്ന് ഐതിഹ്യം. ചിദംബരം ക്ഷേത്രത്തിനു സമീപം കൂടല്ലൂരിലാണ് ശ്രീഭൂവരാഹദേവ സന്നിധി

4 വാനമാമല പെരുമാൾ ക്ഷേത്രം: 

തിരുനൽവേലിക്കടുത്താണ് വാനമാമല പെരുമാൾക്ഷേത്രം.ശ്രീ വാരമങ്കെ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ഇവിടത്തെ ദേവൻ തൈലാഭിഷേകപ്രിയനാണ്. നല്ലെണ്ണ അഥവാ എള്ളെണ്ണയാണ് അഭിഷേകം ചെയ്യുന്നത്. ഇവിടെ അഭിഷേകം ചെയ്ത് കിട്ടുന്ന എണ്ണ ഒരു ദിവ്യഔഷധമാണ്.

ഉത്തരദേശത്തെ 

4 സ്വയംഭൂവിഷ്ണു ക്ഷേത്രങ്ങൾ

1 ബദരീകാശ്രമം: 

സമുദ്രനിരപ്പിൽ നിന്ന് പതിനായിരത്തിമൂന്നൂറ് അടി ഉയരത്തിൽ ആണ് ബദരീകാശ്രമം. അളകനന്ദാ നദിക്കരയിൽ ബദരീനാഥ ക്ഷേത്രത്തിനു സമീപമുള്ള ഉഷ്ണ ജലപ്രവാഹത്തിൽ ഭഗവാൻ നീരാട്ടിനിറങ്ങും എന്നാണ് സങ്കല്പം. ഉത്തരാഖണ്ഡിൽ നൈറ്റിത്താളിന് സമീപമാണിത്. ബദരിനാരായണസ്വാമിയാണ് പ്രതിഷ്ഠ.

2 നൈമിഷികാരണ്യം:  

ഉത്തർപ്രദേശിൽ ലക്നൗവിനടുത്ത് സീതാപൂരിന് വടക്കാണ് നൈമിഷികാരണ്യം. ഇവിടെ മഹാവിഷ്ണു മഹാവനമായി അവതരിച്ചു എന്ന് വിശ്വാസം. ചക്രനാരായണനാണ്  പ്രതിഷ്ഠ. ഇവിടെയാണ് മഹർഷിമാർ തപസനുഷ്ഠിച്ചതും ഭഗവാന്റെ നിർദ്ദേശമനുസരിച്ച് സനാതന ധർമ്മം പ്രചരിപ്പിച്ചതും. 

3 പുഷ്‌ക്കരം: 

രാജസ്ഥാനിൽ അജ്മീറിൽ നിന്ന് 10 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഇവിടെ വിഷ്ണു ഭഗവാൻ  തീർത്ഥരൂപിണിയാണ്. ഈ നാട്ടുകാർ പുഷ്‌കർജി എന്നു വിളിച്ചാരാധിക്കുന്നു. വിഷ്ണുവാണ് പ്രതിഷ്ഠ

4 സാളഗ്രാമം:   നേപ്പാളിലെ കാണ്ഠ്മണ്ഡുവിൽ മുക്തിനാഥിലാണ് ഈ ക്ഷേത്രം. ഹിമാലയസാനുക്കളിലുള്ള ഈ ക്ഷേത്രം അതിമനോഹരമാണ്. മഞ്ഞു മലകളിൽ മുങ്ങിക്കളിച്ചാണ് ക്ഷേത്രം നിൽക്കുന്നത്. പോകാനും വരാനും വലിയ പ്രയാസമാണ്. ചക്രപാണിയാണ് പ്രതിഷ്ഠ.

– ടി. ജനാർദ്ദനൻ നായർ

error: Content is protected !!
Exit mobile version