Friday, 20 Sep 2024

എന്ത് ആഗ്രഹവും നടത്തിത്തരും കണ്ണൻ്റെ മുന്നിലെ കൃഷ്ണനാട്ടം

ഗുരുവായൂരപ്പന്റെ ഇഷ്ടവഴിപാടാണ് കൃഷ്ണനാട്ടം. നട തുറന്നിരിക്കുന്ന സമയത്ത് കൃഷ്ണനാട്ടം നടത്തില്ല. കളിയാട്ടം നടക്കുമ്പോൾ  ഭഗവാൻ അവിടെ സന്നിഹിതനാകും എന്നതാണ് കാരണം. ഭക്തർ തൊഴാൻ വരുന്ന സമയത്ത് ശ്രീലകത്തു നിന്നിറങ്ങി കൃഷ്ണനാട്ടം കാണാൻ ഭഗവാൻ പോകുമെന്നതിനാലാണ് നടയടച്ച് കഴിഞ്ഞ്  രാത്രി 10 മണിക്കുശേഷം വെളുപ്പിന് നട തുറക്കും മുൻപാണ് ഈ വഴിപാട് നടത്തുന്നത്. എട്ടു ദിവസം തുടർച്ചയായി ഒരു ദിവസം ഒരു കഥ എന്ന രീതിയിലാണ് ആടുന്നത്.ഭഗവാന്റെ ഇഷ്ടവഴിപാടായതു കൊണ്ട് പെട്ടെന്ന് ഫലം ലഭിക്കും. കൃഷ്ണനാട്ടത്തിലെ എട്ടുകഥകളിൽ ഓരോന്നും വഴിപാടായി നടത്തിയാൽ  ഓരോ ഫലങ്ങളാണ്. 1500 രൂപയാണ് വഴിപാടിന് നൽകേണ്ടത്. സ്വർഗ്ഗാരോഹണം കഥയ്ക്ക് 200 രൂപ അധികം കൊടുക്കണം.

1 അവതാരം:  ഇഷ്ടസന്താനലബ്ധി, ബാലാരിഷ്ടതാ നിവാരണം, ഭയബാധാ മോചനം.

2 കാളീയമർദ്ദനം:  വിഷബാധാശമനം, ശത്രുപീഡാശമനം, സർപ്പദോഷനിവാരണം, രോഗശമനം.

3 രാസക്രീഡ: വിവാഹലബ്ധി, പ്രണയലാഭം, സൗഭാഗ്യ ദാമ്പത്യം.

4 കംസവധം: ശത്രുതാ നിവാരണം, കീർത്തി.

5 സ്വയംവരം: മംഗല്യഭാഗ്യം, ദാമ്പത്യസൗഖ്യം, അപവാദവിമോചനം.

6 ബാണയുദ്ധം: ജന്മനാളിൽ നടത്താം. മോഹസാഫല്യം,കേസുകളിൽ വിജയം, കർമ്മസിദ്ധി.

7 വിവിധവധം: ദാരിദ്ര്യമോചനം,ഉദ്ദിഷ്ടകാര്യലാഭം, കാർഷികലാഭം, വ്യാപാരലാഭം.

8 സ്വർഗ്ഗാരോഹണം: പിതൃക്കളുടെ മോക്ഷപ്രാപ്തി, സന്താനസൗഖ്യം, അനായാസ മരണം, മോക്ഷം

കൃഷ്ണനാട്ടത്തിന്റെ തുടക്കത്തെക്കുറിച്ച് ഒരു കഥയുണ്ട്:

വൈകുണ്ഠനാഥനെ എപ്പോഴും നേരിട്ടുകാണാൻ കഴിഞ്ഞിരുന്ന ഒരേയൊരു യതിവര്യൻ വില്വമംഗലം സ്വാമിയാണ്. അദ്ദേഹം എപ്പോഴും  ഭഗവാന്റെ ബാലലീലകൾ കണ്ട് ആനന്ദക്കണ്ണീർ പൊഴിച്ചിരുന്നു.  ഒരിക്കൽ കോഴിക്കോട് സാമൂതിരി കോവിലകത്തെ മാനവേദൻ തമ്പുരാൻ ക്ഷേത്രദർശനത്തിന്  വന്നപ്പോൾ ക്ഷേത്രത്തിലെ ഇലഞ്ഞിമര ചുവട്ടിൽ, ഇപ്പോൾ കൂത്തമ്പലം നിൽക്കുന്ന സ്ഥലത്ത് വില്വമംഗലം സ്വാമിയാർ ആനന്ദാശ്രുക്കളിൽ ആറാടുന്നത് കണ്ടു. ഒഴുകിവന്ന കണ്ണുനീർ തുടച്ച വില്വമംഗലത്തോട് തമ്പുരാൻ ചോദിച്ചു: ‘ഇവിടുന്നെന്താ ഇന്നിങ്ങനെ?’

കണ്ടില്ലേ കള്ളക്കണ്ണന്റെ ഈ കുസൃതിത്തരങ്ങൾ?, വില്വമംഗലം പറഞ്ഞു. ‘ഉവ്വോ എനിക്കു കാണാൻ സാധിക്കുന്നില്ലല്ലോ.’ഇങ്ങനെ പറഞ്ഞ ശേഷം നാലുപാടും തിരഞ്ഞിട്ട് വില്വമംഗലത്തിനു മുൻപിൽ തമ്പുരാൻ മുട്ടുകുത്തി.

‘ഒരുനോക്കു ദർശനം  തരായെങ്കിൽ’ ഇതു പറയുമ്പോഴേക്കും തമ്പുരാന്റെ കണ്ഠമിടറിയിരുന്നു. ‘വില്വമംഗലത്തിന്റെ മനസിളകി.’ഞാൻ ഭഗവാനോടൊന്ന് ചോദിക്കട്ടെ. തമ്പുരാൻ പോയിട്ട് നാളെ കാലത്തുവന്നാലും.’

വില്വമംഗലത്തിന്റെ മറുപടികേട്ട് പ്രതീക്ഷയോടെ മാനവേദൻ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങി.പിറ്റേന്നുകാലത്ത് ക്ഷേത്രത്തിലെത്തി വില്വമംഗലത്തെ കണ്ടു.’തമ്പുരാന് ഭാഗ്യമുണ്ട്. ഭഗവാൻ സമ്മതിച്ചിരിക്കുന്നു.’ വില്വമംഗലം പറഞ്ഞുതീരും മുമ്പേ തമ്പുരാൻ ചോദിച്ചു: എവിടെ, എവിടെ നിൽക്കുന്നു എന്റെ ഭഗവാൻ?

‘എന്നെ തൊട്ടുകൊണ്ടു നോക്കൂ’നിർദ്ദേശം കേട്ട തമ്പുരാൻ വില്വമംഗലത്തെയൊന്നു തൊട്ടു. മണ്ണുവാരിക്കളിക്കുന്ന കണ്ണനതാ മുൻപിൽ നിൽക്കുന്നു. നിർവൃതിയോടെ തമ്പുരാൻ  ഭഗവാനെ നോക്കിനിന്നു.കരുണാവർഷം പൊഴിയുന്ന കള്ളക്കണ്ണുകൊണ്ട് വെണ്ണക്കള്ളൻ തമ്പുരാനെ അടിമുടി നോക്കിചിരിച്ചു. എല്ലാം മറന്ന തമ്പുരാൻ കണ്ണനു നേരെ ഓടിച്ചെന്നു. ഒന്നു വാരിപ്പുണരാൻ ഇരുകൈകളും വിടർത്തി . അപ്പോഴേക്കും ‘ ഇത് വില്വമംഗലം പറഞ്ഞിട്ടില്ലല്ലോ’ എന്ന് പറഞ്ഞ് കണ്ണൻ തെന്നിമാറി. കണ്ണൻ തന്റെ കരവലയത്തിലൂടെ ഊർന്നിറങ്ങിയ പോലെ തമ്പുരാന് തോന്നി. കണ്ണൊന്ന് ചിമ്മിയപ്പോഴേക്കും ഭഗവാൻ മറഞ്ഞുകളഞ്ഞു. കണ്ണുതുറന്നപ്പോൾ കണ്ടത് കൈത്തണ്ടയിൽ തങ്ങിക്കിടക്കുന്ന വർണ്ണമയിൽപ്പീലിക്കതിർ മാത്രമാണ്. ഭഗവാന്റെ ശിരസിലെ  മയിൽപ്പീലിത്തണ്ടായിരുന്നു അത്. പിന്നീടദ്ദേഹം മനോഹരമായ ഒരു കൃഷ്ണമുടി നിർമ്മിച്ച് ആ പീലി അതിലുറപ്പിച്ചു. അതു ശിരസിലണിഞ്ഞ് നൃത്തമാടുവാൻ തക്കവണ്ണം ഭാഗവതകഥകൾ കോർത്തിണക്കി ഒരു കാവ്യവും രചിച്ചു. കൃഷ്ണഗീതി എന്നു പ്രസിദ്ധമായ ആ കാവ്യത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ഗുരുവായൂരപ്പന് ഏറ്റവുംപ്രിയപ്പെട്ട കൃഷ്ണനാട്ടമായി മാറിയത്.

പി. എം. ബിനുകുമാർ,

+91 9447694053

error: Content is protected !!
Exit mobile version