Friday, 20 Sep 2024

ഐശ്വര്യത്തിന്റെ പുതുവർഷഫലം

ജ്യോതിഷരത്നം വേണു മഹാദേവ്
2024 ആഗസ്റ്റ് 16 വെള്ളിയാഴ്ച (കർക്കടകം 32 ) ഉദിച്ച് 33 നാഴിക 32 വിനാഴികയ്ക്ക് പൂരാടം നക്ഷത്രം ധനുക്കൂറിൽചിങ്ങ സംക്രമം. അടുത്ത ചിങ്ങം വരെയുള്ള ഒരു വർഷത്തെ ഫലമാണ് ഇവിടെ പറയുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വളരെയേറെ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന പുതുവർഷമാണ്.ഒരു വർഷത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ചാരവശാലുള്ള ഫലപ്രവചനമാണിത്. ജാതകാൽ ഉള്ള ഗ്രഹസ്ഥിതി ബലവും ഭാവഅംശകാദി ബലവും ദശാപഹാരവും ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ കൂടി അടിസ്ഥാനമാക്കിയാണ് ഒരു ജാതകന്റെ യഥാർത്ഥ ഫലം നിർണ്ണയം നടത്തേണ്ടത്.

പൊതുവിൽ മേടക്കൂറ് ഒഴികെ മറ്റെല്ലാ കൂറുകാർക്കും ഗുണ ദോഷ സമ്മിശ്രമാണ് ഫലം.മേടകൂറിന് മാത്രം ശനി വ്യാഴം കേതു ഇവ മാരക സ്ഥാനങ്ങളിൽ അല്ല അതിനാൽ ഗുണഫലം കൂടുതലായിരിക്കും. കണ്ടകശനി നടക്കുന്ന ഇടവം, ചിങ്ങം വൃശ്ചികം രാശിക്കാർക്കും അഷ്ടമശനി നടക്കുന്ന കർക്കടക രാശിക്കാർക്കും ഏഴര ശനി നടക്കുന്ന മകരം കുംഭം മീനം രാശിക്കാർക്കും ദോഷ ഫലം ഏറിയ സമയമായതിനാൽ വാക്കിലും പ്രവർത്തിയിലും അതീവ ജാഗ്രത വേണം. അസമയ യാത്രകൾ ദുഷിച്ച കൂട്ടുകെട്ടുകൾ അനധികൃത ഇടപാടുകൾ ഇവ ഒഴിവാക്കണം.

മേടക്കൂറ്
( അശ്വതി, ഭരണി , കാർത്തിക 1/4 )
ജോലിയിൽ ഗുണകരമായ മാറ്റം.പൊതുവിൽ ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും കർമ്മമേഖലയിൽ നല്ല ഉയർച്ച ഉണ്ടാകും. കച്ചവടത്തിൽ നേട്ടമുണ്ടാകും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. വിദേശ പഠനത്തിനും ജോലിക്കും.ആലോചിക്കുന്നവർക്ക് നല്ല അവസരം ലഭിക്കും. ജീവിത പങ്കാളിയുമായി തെറ്റിദ്ധാരണകൾക്ക് സാധ്യത. നഷ്ടപ്പെട്ടു എന്നു കരുതിയ ധനം തിരിച്ചു കിട്ടും. കലാകാരന്മാർക്ക് വിചാരിച്ചതു പോലെ അവസരങ്ങൾ ലഭിക്കില്ല. വർഷ മധ്യത്തോടെ കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്നം വേണ്ടി വരും. ദൈവാധീനം വർദ്ധിപ്പിക്കണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങൾ അവഗണിക്കരുത്. ശത്രുക്കളെ കരുതിയിരിക്കുക. ചാമുണ്ഡി ദേവിക്ക് ഗുരുതി പുഷ്പാഞ്ജലി, നവാക്ഷരി ജപം, ഗണപതി ഹോമം, സർപ്പക്ഷേത്രത്തിൽ നൂറു പാലും.

ഇടവക്കൂറ്
( കാർത്തിക 3/4 , രോഹിണി, മകയിര്യം 1/2)
ധനപരമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തണം. യാത്രകൾ ഗുണമല്ല .ജോലിയിൽ മാനസിക സമ്മർദ്ദ സാധ്യത. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കാനുള്ള വഴികൾ സ്വയം കണ്ടെത്തണം. വാക്കുകളിൽ നിയന്ത്രണം വേണം. കരാറു ജോലികൾ, .റിയൽ എസ്റ്റേറ്റ് മേഖലകളിൽ വിജയ സാധ്യത കുറവ്. പുതിയ കച്ചവടങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാവുകയില്ല. പണ ചെലവിൽ നിയന്ത്രണം വേണം. കുട്ടികളിൽ നിരീക്ഷണം ഏർപ്പെടുത്തുക. ക്രമേണ ഗുണാനുഭവങ്ങൾ വർദ്ധിക്കും ആഗ്രഹിച്ച വിവാഹം, ജോലി,വിദേശയാത്ര ഇവ സഫലമാകും. ഭൂമി സ്വന്തമാക്കും. ഗൃഹമാറ്റത്തിന് സാധ്യത. പഠനത്തിൽ വിജയം.കലാരംഗത്ത് നേട്ടം കൈവരിക്കാൻ കഴിയും. ഗണപതിഹോമം, ദേവിക്ക് കുങ്കുമാർച്ചന, വിഷ്ണുവിന് ത്രിമധുരം, ഭാഗ്യസൂക്തം

മിഥുനക്കൂറ്
( മകയിര്യം 1/2 , തിരുവാതിര , പുണർതം 3/4 )
അപ്രതീക്ഷിത ധനലാഭം.അകന്നിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും വീണ്ടും വന്നുചേരും. കർമ്മത്തിൽ ജാഗ്രത വേണം. മുൻകോപം നിയന്ത്രിക്കണം. അന്യദേശവാസം അപ്രതീക്ഷിത ധനാഗമം . പ്രതിസന്ധികൾ കഠിന പ്രയത്നത്തിലൂടെ തരണം ചെയ്യാൻ കഴിയും. പണമിടപാടുകളിൽ ജാഗ്രത. അനാവശ്യ സൗഹൃദങ്ങളിൽ നിന്നും നിന്നും പിൻമാറുക. തൊഴിൽ രംഗത്ത് മാറ്റം. യാത്രകളിൽ നേട്ടം കുറയും. കർമ്മമേഖലയിൽ അനുഭവം കുറയും. പുതിയ സൗഹൃദങ്ങൾ വഴി നേട്ടം. കലാകാർക്ക് ഗുണഫലങ്ങൾ. വിദ്യയിൽ തടസ്സം ഉണ്ടാകാതെ ശ്രദ്ധിക്കണം. വിഷ്ണു സഹസ്രനാമജപം,വിഷ്ണുവിൻ്റെ അവതാര മൂർത്തികൾക്ക് പാൽപായസം, തുളസി മാല, നവാക്ഷരി ജപം ,ചാമുണ്ഡി പ്രീതി, സർപ്പ പ്രീതി.

കർക്കടകക്കൂറ്
( പുണർതം 1/4 , പൂയ്യം , ആയില്യം )
ദാമ്പത്യസുഖം.അകന്നിരുന്നവർ തമ്മിൽ അടുക്കാൻ അവസരം ഒരുങ്ങും. കുടുംബത്തിൽ സന്തോഷാനുഭവങ്ങൾ. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും.സ്വപ്ന പദ്ധതികൾ വിജയപഥത്തിലെത്തിക്കുവാൻ സാധിക്കും. പഠനം
ജോലി വിദേശയാത്ര ഇവയും അനുകൂല വിജയമുണ്ടാകും ജീവിതപങ്കാളിയുമായി പിണക്കം ഉണ്ടാകാതെ സൂക്ഷിക്കുക. കൃഷിയിൽ ഗുണഫലം കുറയും. സൗഹൃദങ്ങളിൽ വിപരീത പ്രതികരണങ്ങൾ വരാം. വിദ്യാർത്ഥികളെ നിരീക്ഷിക്കുക.മകര മാസത്തിനു ശേഷം എല്ലാ കാര്യങ്ങളിലും അലസത വർദ്ധിക്കും. വീട് പണി, പുതിയ ബിസിനസ് ഇവയിൽ കാലതാമസം നേരിടും. ശാസ്താവിന് എള്ള് പായസം വൃദ്ധർക്ക് അന്നം വസ്ത്രം.ഹനുമാൻ സ്വാമിക്ക് വെറ്റില മാല,ഹനുമാൻ ചാലിസ പാരായണം.

ചിങ്ങക്കൂറ്
( മകം , പൂരം ഉത്രം 1/4 )
ആരോഗ്യ ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങളിൽ അതീവ ജാഗ്രത. കർമ്മരംഗത്ത് അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടാകും. വ്യാപാര രംഗത്ത് അലസത പാടില്ല. പഠനത്തിൽ വിജയിക്കാൻ കഠിന പ്രയത്നം
വേണ്ടി വരും. അന്യരിൽ അമിത വിശ്വാസം നന്നല്ല. മറ്റുള്ളവർക്ക് വേണ്ടി ജാമ്യം , മദ്ധ്യസ്ഥത പാടില്ല. ദൂരെ യാത്രകൾ ഒഴിവാക്കണം. ആദ്യ പകുതിക്കു ശേഷം കാര്യങ്ങൾ പലതും മെച്ചപ്പെടും. തടസ്സപ്പെട്ട വിവാഹം നടക്കും. ഗ്യഹനിർമ്മാണത്തിനും ഭൂമി വാങ്ങാനും കാലം അനുകൂലം. ശാസ്താവിനും ശിവനും പാലഭിഷേകം, ദേവിക്ക് കുങ്കുമാർച്ചന, നവാക്ഷരി ജപം. സർപ്പ ക്ഷേത്രത്തിൽ നൂറും പാലും.

കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
ധനപരമായി ഗുണകരമായ കാലം. ജോലിയിൽ മാറ്റം പ്രതീക്ഷിക്കാം. ഭൂമി, വീട് വാങ്ങാൻ അവസരമുണ്ടാകും. കലാ-സാഹിത്യ രംഗത്ത് നേട്ടം. ചിരകാല സ്വപന പദ്ധതികൾ നടപ്പിലാക്കും. വീട് പണി പൂർത്തിയാകും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. പരീക്ഷയിൽ വിജയം, മംഗല്യഭാഗ്യം, സന്താനങ്ങൾക്ക് ഗുണാനുഭവം. അനുയോജ്യമായ ജോലി കൈവരുകയും ചെയ്യും. കച്ചവടത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രതിസന്ധികൾ മാറും. ആരോഗ്യം ശ്രദ്ധ വേണം. മാനസികോല്ലാസത്തിന് സൗഹൃദങ്ങൾ കാരണമാകും. തൊഴിൽ രംഗത്ത് അശ്രദ്ധ കാരണം ചില തടസ്സങ്ങളും നഷ്ടങ്ങളും സംഭവിക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ അശ്രദ്ധ ഒഴിവാക്കണം.
ദേവിക്ക് രക്തപുഷ്പാജ്ഞലി ,സർപ്പക്ഷേത്രത്തിൽ നാഗരൂട്ട്, ആദിത്യ മന്ത്രജപം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ധന ഇടപാടുകളിൽ ജാഗ്രത പുലർത്തണം. രാഷ്ട്രീയ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധയോടെ വർത്തിക്കണം. ജാമ്യം, മധ്യസ്ഥത, അന്യരുടെ കാര്യങ്ങളിൽ ഇടപെടുക ഇവ പാടില്ല. തൊഴിൽപരമായ തടസ്സങ്ങൾ വരാം. ബിസ്സിനസ്സിൽപ്രതീക്ഷിത തിരിച്ചടികൾ വരാം. ശത്രുക്കളെ കരുതിയിരിക്കുക. കടം വർദ്ധിക്കാതെ നോക്കണം. ബന്ധുക്കളെ അവഗണിക്കരുത്. സുഹൃദ് ബന്ധങ്ങൾ വർദ്ധിക്കുമെങ്കിലും നിലവിലുള്ള സുഹൃത്തുക്കളുമായി അകൽച്ചയുണ്ടാകാം. പുതിയ ധനാഗമ മാർഗ്ഗങ്ങൾ തെളിയും. സംരംഭങ്ങൾ ആരംഭിക്കുന്നത് ഉടൻ വേണ്ട. പ്രണയത്തിൽ നിലനിന്ന തടസ്സങ്ങൾ ഒഴിവാകും. കുടുംബത്തിൽ സമാധാനം. വിദേശയാത്രയ്ക്കു വഴി തെളിയും. ഉപരിത്തിന് പഠന ശ്രമിക്കുന്നവർക്ക് യാത്രാ തടസ്സങ്ങൾ ഒഴിവാകും. സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താന ഭാഗ്യം പ്രതീക്ഷിക്കാം. ഹനുമാൻ സ്വാമിക്ക് വെണ്ണ ചാർത്തുക വിഷ്ണു ക്ഷേത്രത്തിൽ വിദ്യാരാജ ഗോപാല അർച്ചന സംവാദസൂക്തം ഗണപതി ഹോമം ഇവ ഗുണകരം.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
ധനപരമായ കാര്യങ്ങൾ ഇടപെടുന്നവർ ജാഗ്രത വേണം. ജോലിയിൽ ഗുണകരമായ മാറ്റം.ബിസിനസ് പുഷ്ടിപ്പെടും. വിവാഹവിഷയത്തിൽ അനുകൂല സാഹചര്യം വന്നു ചേരും. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത.സാമൂഹ്യ പ്രവർത്തകർ വിശ്വസ്തരെ ശ്രദ്ധിക്കേണ്ടതായി വരും. സന്താനങ്ങളെ കൊണ്ട് അഭിമാനിക്കുന്ന നേട്ടം. പ്രണയകാര്യത്തിൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. സർക്കാർ കാര്യങ്ങൾ അത്ര ശുഭമായിരിക്കില്ല. തർക്കങ്ങളിലും വാദ പ്രതിവാദങ്ങളിലും ഏർപ്പെടാനുള്ള പ്രവണത ഉപേക്ഷിക്കണം. കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ തലപൊക്കും . ശത്രുത ഉണ്ടാകാൻ ഇടയുള്ളതിനാൽ അനാവശ്യകാര്യങ്ങളിൽ ഇടപെടരുത്. സംശയങ്ങൾ ഭാര്യാഭർത്താക്കൻമാർ പരസ്പരം ഒഴിവാക്കണം. ഭൂമി ക്രയവിക്രയങ്ങൾക്ക് കാലം അനുകൂലമല്ല. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസ്സമുണ്ടാകാം. വിഷ്ണു സഹസ്രനാമജപം, ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അവൽ നിവേദ്യം,മുഖ ചാർത്ത്,ശാസ്താവിനും ഹനുമാൻ സ്വാമിക്കും നിവേദ്യം

ധനുക്കൂറ്
( മൂലം , പൂരാടം , ഉത്രാടം 1/4 )
വാക്കിലും പ്രവർത്തിയിലും നിയന്ത്രണം വേണം. സാമൂഹ്യപ്രവർത്തകർ അവസരങ്ങൾ വിനിയോഗിക്കാൻ ശ്രദ്ധിക്കണം. ബിസിനസ് വിജയിക്കാൻ അഹോരാത്രം പ്രവർത്തനവും സുഹൃത് സഹായവും വേണ്ടി വരും. ദാമ്പത്യ ഐക്യതയ്ക്ക് ശ്രമിക്കണം. സൗഹൃദങ്ങൾ നിലനിർത്താൻ ആത്മനിയന്ത്രണവും വിട്ടുവീഴ്ചാ മനോഭാവവും വേണ്ടി വരും. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് അകൽച്ച വരാൻ സാധ്യത. തീരുമാനങ്ങൾ എടുക്കുമ്പോൾ അനുഭവജ്ഞാനമുള്ളവരോട് ആലോചിക്കണം. ആത്മാർത്ഥ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ സമീപഭാവിയിൽ ഗുണകരമാവും. കടം മാറി ക്രമേണ ഗുണാനുഭവങ്ങൾ വന്നു തുടങ്ങും. ബിസിനസ് കാര്യങ്ങൾ നടപ്പിലാകും.വിദേശയാത്ര തടസ്സം നീങ്ങും.പരീക്ഷകളിൽ വിജയിക്കാൻ നിഷ്പ്രയാസം സാധിക്കും. കലാ മേഖലയിൽ സാധ്യത.വീടുപണി പൂർണതയിലെത്തിക്കുവാനും സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. വിഷ്ണുവിന്റെ അവതാര മൂർത്തികൾക്ക് തുളസിമാല പായസം,ദേവിക്ക് കുങ്കുമാർച്ചന ഗണപതി ഹോമം.

മകരക്കൂറ്
( ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
ധനപരമായി ഗുണകാലം.കിട്ടില്ലെന്ന് എഴുതി തള്ളിയ ധനം ലഭിക്കും.പരീക്ഷകളിൽ ശരാശരി വിജയഫലം പ്രതീക്ഷിക്കാം. വിദേശയാത്ര ഗുണം.മംഗല്യഭാഗ്യം ആഗ്രഹിക്കുന്നവർക്ക് ഫലം അനുകൂലമാണ്. കുടുംബ സ്വത്ത് കൈവശം വരാൻ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. റിയൽ എസ്റ്റേറ്റിൽ ഗുണകാലം. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കടബാധ്യതകൾ കുറഞ്ഞ് ധനനേട്ടം. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. പ്രണയത്തിൽചെറിയ പ്രയാസങ്ങൾ ഉണ്ടാകും. ശത്രുശല്യം കരുതിയിരിക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ജാഗ്രത. കൂടുതൽ യാത്രയിൽ മറവി വരാതെ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ അവഗണിക്കരുത്. ശനീശ്വര പൂജ ,ആദിത്യ പൊങ്കാല, ഹനുമാൻ സ്വാമിക്ക് വട മാല.

കുംഭക്കൂറ്
( അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 )
അപ്രതീക്ഷിത ധന ലാഭം.സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങൾ. വിശ്വസ്തരിൽ നിന്ന് ചതി വരാതെ സൂക്ഷിക്കുക. തന്നിഷ്ട തീരുമാനങ്ങൾ അത്ര ഗുണകരമല്ല . തൊഴിൽ പരമായ തടസ്സങ്ങൾ വരാം. അന്യരെ സഹായിക്കുക വഴി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. യാത്രാവേളയിൽ ക്ലേശങ്ങൾക്കിട ഉള്ളതിനാൽ സൂക്ഷിക്കണം വിദ്യാർത്ഥികൾ അലസത ഒഴിവാക്കണം.ചിലവ് വർദ്ധിക്കുമെങ്കിലും നിയന്ത്രിച്ചാൽ മതി. മനസ്സ് ഏകാഗ്രമാക്കി തീരുമാനങ്ങൾ കൈക്കൊള്ളണം. ഉദ്യോഗാർത്ഥികൾ പഠനത്തിൽ ശ്രദ്ധിച്ചാൽ മികച്ച വിജയം കൈവരിക്കാം.ദൈവാധീനം വർദ്ധിപ്പിച്ചാൽ എല്ലാ കാര്യങ്ങളും അനുകൂലമായി വരും അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും സാമൂഹ്യ പ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും അനുയോജ്യമായ വിവാഹാലോചനകൾ വന്നു ചേരും. ശനീശ്വര പൂജ ,ശാസ്താവിനും ശിവനും പാലഭിഷേകം, ദേവിക്ക് കുങ്കുമാർച്ചന, ഗുരുതി പുഷ്പാഞ്ജലി’ഗണപതി ഹോമം

മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി )
ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ വരുത്തരുത്. കച്ചവടക്കാരും സാമൂഹ്യപ്രവർത്തകരും വിശ്വസ്തരെ രഹസ്യമായി നിരീക്ഷിക്കുക. ജോലിസ്ഥലത്ത് എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ ആവശ്യമാണ്. സൗഹൃദത്തിൽ ആത്മ നിയന്ത്രണം വേണം. അമിതാവേശത്താൽ തീരുമാനങ്ങൾ എടുക്കരുത്.കോപം നിയന്ത്രിക്കണം. സാമ്പത്തി ചെലവുകൾ വർദ്ധിക്കും . ദുർവാശി കലഹം ഒഴിവാക്കണം. നഷ്ടങ്ങങ്ങൾക്ക് കാരണമാകും എന്നതിനാൽ ബിസിനസിൽ പുതിയ മാറ്റങ്ങൾ ഒഴിവാക്കുവാൻ നോക്കണം. വാഹനം യന്ത്രങ്ങൾ എന്നിവ കൈകാര്യം ചെയുമ്പോൾ ജാഗ്രത വേണം. കർമ്മ മേഖലയിൽ ആലോചിതമായ അവലംബിക്കണം. വിട്ടുവീഴ്ചകൾ വഴി വഴി മനസ്സമാധാനമുണ്ടാകുംകലാ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സർവ്വവിധത്തിലുള്ള ആദരവിനും വഴി തെളിയും. ദൈവാധീനം നന്നായി വർദ്ധിപ്പിക്കുക. ഹനുമാൻ അയ്യപ്പൻ, വിഷ്ണു ദേവി എന്നിവർക്ക് നിവേദ്യം ഗണപതിക്ക് മോദകം ഇവ നക്ഷത്ര ദിവസം നടത്തണം.

ജ്യോതിഷരത്നം വേണു മഹാദേവ്
91 8921709017


Summary: Yearly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version