Saturday, 23 Nov 2024

ഒരോ അമാവാസിയിലെ ഉപാസനയ്ക്കും ഒരോ ഫലം; അതിവേഗമുള്ള ഫലസിദ്ധി

അശോകൻ ഇറവങ്കര
എല്ലാവരും വളരെ ദോഷങ്ങൾ നിറഞ്ഞ ദിനമായാണ് അമാവാസിയെ കണക്കാക്കുന്നത്. അതിനാൽ ആരും തന്നെ പൊതുവെ ശുഭകാര്യങ്ങൾക്ക് അമാവാസി തിരഞ്ഞെടുക്കാറില്ല. എന്നാൽ പിതൃപ്രീതികരമായ കർമ്മങ്ങൾക്ക് ശ്രേഷ്ഠമായ ദിവസമാണ് അമാവാസി. എല്ലാ മാസങ്ങളിലേയും അമാവാസി ദിവസം വ്രതം നോൽക്കുന്നത് പിതൃപ്രീതിക്ക് ഉത്തമമാണ്. 2024 മേയ് 8 നാണ് മേടമാസത്തിലെ അമാവാസി. ഓരോ മാസത്തിലെയും അമാവാസി അഥവാ കറുത്ത വാവിലെ ശ്രാദ്ധകർമ്മങ്ങൾക്ക് ഓരോ ഫലം പറയുന്നുണ്ട്.

മേടം ………………………. ദാമ്പത്യ സൗഖ്യം
ഇടവം ……………………..ദീർഘായുസ്സ്
മിഥുനം ……………………ഭാഗ്യാഭിവൃദ്ധി
കർക്കടകം …………….. കർമ്മഗുണം
ചിങ്ങം ……………………. ഐശ്വര്യം
കന്നി ………………………. മോക്ഷം
തുലാം ……………………..ആരോഗ്യം
വൃശ്ചികം ………………….സമൃദ്ധി
ധനു ………………………. സഹായലബ്ധി
മകരം ……………………..ഗൃഹസുഖം
കുംഭം …………………….. സന്താന സുഖം
മീനം ……………………….രോഗനാശം

സന്ധ്യയ്ക്കു മുൻപ് മൂന്നേമുക്കാൽ നാഴിക പ്രഥമയുള്ള ദിവസത്തെ സ്ഥാലീപാകം എന്നു പറയുന്നു. ഇങ്ങനെ സ്ഥാലീഭാഗം വരുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസമാണ് അമാവാസിവ്രതം ആചരിക്കേണ്ടത്.
ഉപാസനാപരമായും ഈ ദിവസം ശ്രേഷ്ഠമാണ്. അതിവേഗമുള്ള ഫലസിദ്ധിയാണ് അമാവാസി നാളിലെ ഉപാസനകൾക്ക്. സര്‍വ്വദേവതാ പ്രാര്‍ത്ഥനകളും ഈ ദിവസം ചെയ്യാം. ഉപാസനാപരമായി അമാവാസിയും കറുത്തപക്ഷവും വളരെ വേഗം ഫലം നല്കുന്നു. വെളുത്ത പക്ഷം ദേവീപ്രീതിക്കും കറുത്ത പക്ഷം ശിവപ്രീതിക്കും ഗുണകരമായി വിശ്വസിക്കുന്നു.

ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്ത പക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. അഘോര ശിവൻ, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, രക്തേശ്വരി, രക്തചാമുണ്ഡീ, ഹനുമാന്‍ സ്വാമി, ബഹളാമുഖി, ശനി, നാഗങ്ങള്‍ തുടങ്ങിയ മൂര്‍ത്തികളെ ഉപാസിക്കുന്നതിന് അമാവാസി നല്ലതാണ്. അമാവാസിയില്‍ ക്ഷിപ്രകാര്യസിദ്ധിക്ക് ജപിക്കാൻ ഉത്തമമായ ചില മന്ത്രങ്ങളുണ്ട് :

ഭദ്രകാളി മന്ത്രം
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം വെളുത്തവാവിന്റെ പിറ്റേന്ന് തുടങ്ങി കറുത്ത വാവുവരെ എന്നും 108 പ്രാവശ്യം ജപിക്കുക. ഇങ്ങനെ അഞ്ചു മാസം കൃത്യമായി ചെയ്താല്‍കാര്യസിദ്ധിയുണ്ടാകും.

അഘോര മന്ത്രം
ഭയം മാറുന്നതിനും, ധൈര്യത്തിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന് 336 വീതം കറുത്തപക്ഷത്തിലെ മൂന്നുമാസം മുഴുവനും രണ്ട് നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം.

പിതൃ മന്ത്രം
പിതൃപ്രീതിക്ക് ഓം പിതൃഭ്യോനമഃ എന്നും 108 വീതം നിത്യേന ചൊല്ലാം. നിത്യവും പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥനകള്‍ക്ക് നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല. അച്ഛനോ അമ്മയോ മരിച്ചവർ മാത്രമല്ല ബലിയും, മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നര്‍ക്കും അമാവാസിയിൽ ബലിയും, തര്‍പ്പണവും ചെയ്യാം. മുത്തശ്ശനും, മുത്തശ്ശിക്കും വേണ്ടിയോ അതിനുമുമ്പേയുള്ളവര്‍ക്ക് വേണ്ടിയോ ചെയ്യാം. ഏതൊരു ബന്ധുവിനു വേണ്ടിയും ചെയ്യാം. ഇതൊന്നുമല്ലാതെ എല്ലാ പൂര്‍വികര്‍ക്ക് വേണ്ടിയും ചെയ്യാം.

Story Summary: Significance of Amavasya Upasana

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version