Sunday, 19 May 2024

മാധവമാസം മേയ് 9 മുതൽ; കലിദോഷംമാറ്റാൻ ഹരേ രാമ ജപിക്കാൻ പറ്റിയ സമയം

ജ്യോതിഷരത്നം വേണു മഹാദേവ്
മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ. ശകവർഷത്തിലെ ഈ 3 മാസങ്ങളില്‍ ഉപാസനയ്ക്ക് ഏറ്റവും മുഖ്യം വൈശാഖമാണ്. 2024 മേയ് 9 മുതൽ ജൂൺ 6 വരെയാണ് വൈശാഖമാസം. സര്‍വ്വ വിദ്യകളിലും ശ്രേഷ്ഠമായത് വേദം. സര്‍വ്വ മന്ത്രങ്ങളിലും ശ്രേഷ്ഠം പ്രണവം. സര്‍വ്വ വൃക്ഷങ്ങളിലും മഹത്തായത് കല്പവൃക്ഷം. സര്‍വ്വ പക്ഷികളിലും ശ്രേഷ്ഠം ഗരുഡൻ. സര്‍വ്വ നദികളിലും ദിവ്യം ഗംഗ. സർവ്വ രത്‌നങ്ങളിലും ശ്രേഷ്ഠം കൗസ്തുഭം. സര്‍വ്വ മാസങ്ങളിലും ശ്രേഷ്ഠം വൈശാഖം – ഇതാണ് വിശ്വാസം.

മാധവമാസം അവതാരമാസം
ഭഗവദ്‌ഗീതയിലെ വിഭൂതി യോഗത്തിൽ ശ്രീകൃഷ്ണ ഭഗവാൻ പറയുന്നുണ്ട് : കാലപ്രവാഹത്തിലെ കാലവും, ഋതുക്കളിലെ വസന്ത ഋതുവും ഞാനാകുന്നു. അങ്ങനെ ശ്രീകൃഷ്ണൻ്റെ മാസമായതിനാൽ മാധവമാസം എന്നും വൈശാഖമാസം അറിയപ്പെടുന്നു.

വൈശാഖത്തിലെ ശുക്ലപക്ഷ ചതുർദ്ദശിയിലാണ് ഭഗവാൻ നരസിംഹമായത്. ശുക്ലപക്ഷ തൃതീയയിലാണ് പരശുരാമനായതും ബലരാമനായും അവതരിച്ചത്. പരശുരാമ, ബലരാമ അവതാരങ്ങൾ അക്ഷയതൃതീയ ദിവസം നടന്നതായി പുരാണങ്ങൾ പറയുന്നു. അതിനാൽ വിഷ്ണുവിനെ ഭജിച്ച് പാപങ്ങളകറ്റി പുണ്യം നേടാൻ ഏറ്റവും അനുയോജ്യമായ കാലമാണ് വൈശാഖം. ഈ മാസം മുഴുവൻ പ്രഭാതത്തിലും സന്ധ്യയ്ക്കും നിലവിളക്കു കൊളുത്തി ശ്രീകൃഷ്ണ നാമം ജപിക്കുന്നത് അത്യുത്തമമാണ്. അഷ്ടാക്ഷരി മന്ത്രമായ ഓം നമോ നാരായണായ ദ്വാദശാക്ഷരീ മന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ എന്നിവ വൈശാഖമാസത്തിൽ നിത്യവും ജപിക്കുന്നത് പുണ്യകരമാണ്.

കലിസന്തരണ മന്ത്രജപം ശ്രേഷ്ഠം

ജന്മാന്തര കർമ്മദോഷങ്ങളും പാപങ്ങളും തീർക്കാനും
ഈ ജന്മത്തിൽ കർമ്മദോഷങ്ങൾ കൂടുതലായി
വരാതിരിക്കാനും ശനിദോഷം ബാധിക്കാതിരിക്കാനും വൈശാഖമാസത്തിൽ നിസ്വാർത്ഥ ഭക്തിയോടെ കലിസന്തരണ മന്ത്രം ജപിക്കണം:

ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

എന്ന കലിസന്തരണ മന്ത്രം എന്നും 8 തവണ വീതം ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ പ്രകാശിക്കും. 16 തവണ ജപിച്ചാൽ ഹൃദയ കമലത്തിൽ ഭഗവാൻ തെളിഞ്ഞു വരും. 108 തവണ ജപിക്കുന്നവരുടെ കൂടെ കണ്ണൻ സദാ ആനന്ദ നടനമാടും എന്നാണ് കലിസന്തരണ മന്ത്രത്തിന്റെ ഫലശ്രുതി.

ദാഹജല ദാനം ഏറ്റവും പ്രധാനം
വൈശാഖമാസത്തിലെ വ്രതം കൊണ്ട്‌ വിശുദ്ധമാക്കാൻ കഴിയാത്തതായി ഒന്നുമില്ല. രാത്രി ഭക്ഷണം കഴിക്കരുത്; ശരീരം മുഴുവൻ എണ്ണ തേച്ചു കുളിക്കുരുത്; ആസുരിക ഭക്ഷണം – തണുത്തത്, വീണ്ടും ചുടാക്കിയത്, പഴകിയത്,
മത്സ്യ മാംസാദികൾ, മദ്യം ഇവയെല്ലാം ഈ വ്രതകാലത്ത്‌ നിഷിദ്ധങ്ങളാണ്‌. വൈശാഖത്തിൽ നമ്മുടെ ഓരോരോ പ്രവർത്തിയും ചിന്തയും വളരെ ശ്രദ്ധാപൂർവ്വം വേണം. കാരണം ഇക്കാലത്ത് സൽക്കർമ്മങ്ങളും സത്ചിന്തകളും കൊണ്ട് അക്ഷയമായ പുണ്യം വന്നു ചേരുന്നത് പോലെ ദുർചിന്തകളും ദുഷ്പ്രവൃത്തികളുംവഴി കണക്കില്ലാത്ത ദുരിതങ്ങളുമുണ്ടാകും. അതിനാൽ മനസും വാക്കും കർമ്മവും കൊണ്ട് ഒരു തെറ്റു പോലും ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വൈശാഖത്തില്‍ പ്രഭാത സ്‌നാനത്തിനു വളരെ പ്രാധാന്യമുണ്ട്. ശ്രീകൃഷ്ണ പ്രീതി നേടാന്‍ ഇതു തന്നെ ധാരാളം. അതുപോലെ ദാനത്തിന് ഉത്തമമായ മാസവുമാണിത്. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനം ദാഹജല ദാനമാണ്. ദാഹിച്ചു വലയുന്ന മനുഷ്യർക്ക് മാത്രമല്ല പക്ഷി മൃഗങ്ങൾക്കും, വൃക്ഷ ലതാദികൾക്കും ജലം നല്കുന്നത് പോലെ ശ്രേഷ്ഠമായ ദാനം വേറെയില്ല. ഇത് കൂടാതെ അന്നവും വസ്ത്രവും വൈശാഖത്തിൽ ദാനം ചെയ്യുന്നത് ഏറെ പുണ്യമാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്,
+91 9847475559

Story Summary: Significance of Madhava Masam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version