Monday, 30 Sep 2024

കാളസര്‍പ്പയോഗം കണ്ടാലുടൻ 8 നാണയം തലയ്ക്കുഴിഞ്ഞ് വച്ച ശേഷം ഇത് ചെയ്യുക

ബ്രഹ്മശ്രീ ഗോപാകുമാരന്‍ പോറ്റി

എത്ര കഴിവുണ്ടായാലും അത് പ്രയോജനപ്പെടാതെ വരുക, വിവാഹതടസം, സന്താനമില്ലായ്മ, ദാമ്പത്യദു:ഖം, ഒരു ജോലിയിലും സ്ഥിരത ലഭിക്കാതിരിക്കുക, വലിയ ഭാഗ്യാനുഭവങ്ങള്‍ അടുത്തു വന്നിട്ട് നഷ്ടമാകുക, ധനം കൈവശം നില്‍ക്കാതിരിക്കുക, ജാതകത്തിലുള്ള ഭാഗ്യയോഗങ്ങള്‍ അനുഭവത്തില്‍ വരാതിരിക്കുക, ഇതെല്ലാമാണ് കാളസര്‍പ്പദോഷ ലക്ഷണങ്ങൾ. ശരിയായി രാഹു, കേതു പ്രീതി വരുത്തിയാല്‍ ദോഷാനുഭവങ്ങൾ മാറിക്കിട്ടും. കാളസർപ്പയോഗത്തിന് ഏറ്റവും ഫലപ്രദമായ പരിഹാരം കാളഹസ്തിയില്‍ പോയി രുദ്രാഭിഷേകവും രാഹുപൂജയും നടത്തുകയാണ്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് കാളഹസ്തി ക്ഷേത്രം. തിരുപ്പതിയിൽ നിന്നും 36 കിലോമീറ്ററുണ്ട്, ദക്ഷിണകൈലാസം എന്നും രാഹു – കേതു ക്ഷേത്രം എന്നുമെല്ലാം പ്രസിദ്ധമായ ശ്രീകാളഹസ്തീശ്വര ശിവ സന്നിധിയിലേക്ക്. പഞ്ചഭൂത സ്ഥലങ്ങളിൽ ഒന്നായ ഇവിടെ വായു ലിംഗമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ ക്ഷേത്രം സന്ദര്‍ശിച്ച് 108 തവണ ഓം ഹ്രീം നമഃ ശിവായ മന്ത്രം ജപിച്ച ശേഷം മറ്റു ക്ഷേത്രങ്ങളില്‍ പോകാതെ സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങുകയാണ് കാളസർപ്പ യോഗദോഷപരിഹാര നിഷ്ഠ.

എന്നാൽ വിവാഹ തടസം, തൊഴിൽ തടസം, കർമ്മ ക്ലേശം, സാമ്പത്തിക ദുരിതം, സന്താന ഭാഗ്യം ഇല്ലായ്മ എന്നിവയാല്‍ വിഷമിക്കുന്നവര്‍ക്ക് ജാതവശാല്‍ കാളസര്‍പ്പയോഗമാണ് കാരണമെന്ന് കണ്ടാല്‍ ഉടനെ ആന്ധ്രായില്‍ കാളഹസ്തിയിൽ പോയി പരിഹാരം നടത്താൻ കഴിഞ്ഞെന്ന് വരില്ല. ഇവർ ചെയ്യേണ്ടത് ഇത്ര മാത്രമാണ്. കൈവശമുള്ള 8 നാണയം തലയ്ക്കുഴിഞ്ഞ് കാളഹസ്തിയില്‍ ഒരവസരം വരുമ്പോള്‍ വന്ന് തൊഴുത് കൊള്ളാമെന്ന് പ്രാര്‍ത്ഥിച്ച് വീട്ടിലെ പൂജാമുറിയിൽ അല്ലെങ്കിൽ വിശുദ്ധമായ പൂജാ സ്ഥാനത്തു വയ്ക്കുക. ശേഷം അടുത്തുള്ള ഒരു ശിവക്ഷേത്രത്തില്‍ പക്കനാള്‍ തോറും ജലധാരയും കൂവളമാലയും സമര്‍പ്പിക്കണം. നാഗക്ഷേത്രത്തിൽ സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തുക. അനന്തന്‍കാട് നാഗരാജ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യം സമര്‍പ്പിക്കുക, നാഗര്‍കോവില്‍ നാഗരാജ ക്ഷേത്രത്തില്‍ പുറ്റും നാഗവും നവധാന്യവുമായി സമര്‍പ്പിക്കുക, വെട്ടിക്കോട്ട് നാഗക്ഷേത്രത്തില്‍ പാമ്പും മുട്ടയും സമര്‍പ്പിക്കുക, പെരളശേരിയില്‍ മുട്ട സമര്‍പ്പിച്ച് മഞ്ഞള്‍തൂവിക്കൽ നടത്തുക എന്നിവ കാളസർപ്പയോഗ ദോഷം പരിഹാരമാണ്. ഈ കർമങ്ങൾ കൊണ്ട് തന്നെ ദോഷശാന്തി വന്ന് ഉദ്ദിഷ്ടകാര്യസാദ്ധ്യം ലഭിച്ച് എല്ലാം മംഗളകരമായാലും, കാളഹസ്തിയില്‍ ഒരിക്കലെങ്കിലും പോയി തൊഴുത് രാഹുപൂജയില്‍ പങ്കെടുക്കണം. കാളഹസ്തീശ്വരനെ തൊഴുതാല്‍ വരും ജന്മങ്ങളിലും സര്‍പ്പദോഷങ്ങളില്‍ നിന്നു മുക്തി നേടാമെന്നൊരു ചൊല്ലുണ്ട്.

നമ്മുടെ ജാതകത്തില്‍ രാഹുവിനും കേതുവിനും വലിയ പ്രാധാന്യമുണ്ട്. ഗ്രഹനിലയെടുത്ത് അതില്‍ രാഹുവിനെ ‘സ’ എന്നും കേതുവിനെ ‘ശി’ എന്നും അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കുക. ചിലരുടെ രാശിചക്രത്തില്‍ (ഗ്രഹനില) രാഹുവിനും (സ) കേതുവിനും (ശി) ഇടയിലായി ഒരുവശത്ത് മറ്റെല്ലാ ഗ്രഹങ്ങളും നില്‍ക്കുന്നതായി കാണാം. ഇതാണ് കാളസര്‍പ്പയോഗം. അനന്ത, വാസുകി, പത്മ, മഹാപത്മ, തക്ഷക, കാർക്കോടക, ശംഖചൂഢ, ഘാതക, വിഷധാര, ശേഷനാഗ എന്നിങ്ങനെ പല കാളസർപ്പയോഗങ്ങൾ ഉണ്ട്. ഇവ ഒരോന്നിനും വിവിധയിനം ദോഷങ്ങളാണ് അനുഭവത്തിൽ വരിക.

  • ബ്രഹ്മശ്രീ ഗോപാകുമാരന്‍ പോറ്റി
    ( അന്തന്‍കാട് നാഗരാജാക്ഷേത്രം മേല്‍ശാന്തി )
  • 91 6282434247

Story Summary: Remedies For Kalasarppa Dosham


error: Content is protected !!
Exit mobile version