Thursday, 21 Nov 2024

കുമാരഷഷ്ഠി ശനിയാഴ്ച; ശ്രീ മുരുകനെ അതിവേഗം പ്രീതിപ്പെടുത്താവുന്ന ദിനം

ജ്യോതിഷരത്നം വേണുമഹാദേവ്

വിജയത്തിന്റെ ദേവനായി പ്രകീർത്തിക്കുന്ന ഭഗവാൻ
സുബ്രഹ്മണ്യസ്വാമിയെ അതിവേഗം പ്രീതിപ്പെടുത്താൻ കഴിയുന്ന ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണ് കുമാര ഷഷ്ഠിയെന്ന് പ്രസിദ്ധമായ മിഥുനത്തിലെ വെളുത്തപക്ഷ ഷഷ്ഠി. എല്ലാ മാസത്തിലും ഷഷ്ഠി വ്രതം ഉണ്ടെങ്കിലും അതിൽ സ്കന്ദഷഷ്ഠിയും കുമാരഷഷ്ഠിയുമാണ് ഏറെ പ്രധാനം. ഭഗവാൻ അവതാര ലക്ഷ്യമായ ശൂരസംഹാരം നിറവേറ്റിയ പുണ്യദിനം എന്ന മഹിമയാണ് തുലാം മാസത്തിലെ സ്കന്ദഷഷ്ഠിക്ക് ഉള്ളത്.. അതേസമയം മിഥുന മാസത്തിലെ ശുക്ലപക്ഷ ഷഷ്ഠി കൊണ്ടാടുന്നത് ഭഗവാന്റെ അവതാര ദിനം എന്ന സങ്കല്പത്തിലാണ്. തമിഴ് പഞ്ചാംഗ പ്രകാരം വൈകാശി മാസത്തെ വിശാഖം നക്ഷത്രമാണ് ഭഗവാൻ ശ്രീ മുരുകന്റെ അവതാരദിനം.

അതിവേഗം ആഗ്രഹസാഫല്യം നേടുന്നതിനും ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കാനും പ്രണയസാഫല്യത്തിനും ഐശ്വര്യത്തിനും സന്താന ഭാഗ്യം
നേടാനും സന്താന ക്ഷേമത്തിനും ഗൃഹ സംബന്ധമായ ദുരിത ദോഷങ്ങൾ പരിഹരിക്കുന്നതിനും മന:ശാന്തിക്കും എല്ലാം കുമാരഷഷ്ഠി നാളിലെ ഷൺമുഖ ഉപാസന ഉപകരിക്കും. മനോമാലിന്യങ്ങളെല്ലാം അകന്നു പോയി മനസ് ശുദ്ധമാകുന്നതിനും ഈ ദിവസത്തെ സുബ്രഹ്മണ്യ ഉപാസന ശ്രേഷ്ഠമാണ്.

എല്ലാ മാസത്തെയും സാധാരണ ഷഷ്ഠികളെക്കാൾ സവിശേഷ പ്രാധാന്യമുള്ള കുമാര ഷഷ്ഠി ദിവസം ശ്രീമുരുകനെ വ്രതം അനുഷ്ഠിച്ചും സുബ്രഹ്മണ്യ ക്ഷേത്ര ദർശനവും വഴിപാടുകളും പ്രാർത്ഥനകളും നടത്തിയും ഉപാസിക്കാം. വ്രതം നോറ്റ് ഭജിച്ചാൽ കൂടുതൽ ഫലം ലഭിക്കും എന്നാണ് പറയുന്നത്.

ജാതകവശാൽ ചൊവ്വ അനിഷ്ടത്തിൽ നിൽക്കുന്നവരും ചൊവ്വാദോഷമുള്ളവരും ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. പഞ്ചമി നാൾ മത്സ്യ മാംസാദികൾ ത്യജിച്ച് ഒരിക്കലെടുത്ത് ഷഷ്ഠി ദിവസം പൂർണ്ണ ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും നടത്തി ഉച്ചയ്ക്ക് ഷഷ്ഠി പൂജ തൊഴുത് അവിടെ നിന്നും ലഭിക്കുന്ന അന്നം കഴിച്ചാണ് വ്രതം അനുഷ്ഠിക്കേണ്ടത്. മാനസിക, ശാരീരിക, പരിസരശുദ്ധി പാലിച്ചാവണം വ്രതം. ഷഷ്ഠി ദിവസത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതിയും ചൊല്ലുന്നത് നല്ലതാണ്. തുളസീതീർഥം സേവിച്ച് പിറ്റേന്ന് രാവിലെ പാരണ വിടാം.

മൂലമന്ത്രം
ഓം വചദ്ഭുവേ നമഃ
ഓം ഷൺമുഖായ നമഃ

ഷഷ്ഠി ദിവസം കഴിയുന്നത്ര വട്ടം മൂലമന്ത്രം ജപിക്കണം. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാർ ജാതകത്തില്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം രാശികളില്‍ ചൊവ്വ നില്‍ക്കുന്നവർ കുമാരഷഷ്ഠിക്ക് സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് വളരെ നല്ലതാണ്. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്കും സുബ്രഹ്മണ്യ ഗായത്രി ജപം ഉത്തമമാണ്. നിത്യജപത്തിന് സുബ്രഹ്മണ്യ ഗായത്രി പോലെ നല്ലതാണ്
സുബ്രഹ്മണ്യ അഷ്ടോത്തരം ജപം

സുബ്രഹ്മണ്യ ഗായത്രി
സനത്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്

പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം ഭാവയേ കുക്കുട ധ്വജം

ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

ശ്രീമുരുകനെ ധ്യാനിച്ച് രൂപം സങ്കല്പിച്ച് ധ്യാനശ്ലോകം ജപിക്കണം. ശ്ലോകത്തിന്റെ അർത്ഥം മനസ്സിലാക്കി ജപിച്ചാൽ വേഗം ഫലസിദ്ധി ഉണ്ടാകും.

(അർത്ഥം: തിളങ്ങുന്ന കിരീടം, പത്രകുണ്ഡലം എന്നിവ ചാർത്തിയ ചമ്പകമാലയാൽ അലങ്കരിക്കപ്പെട്ട കഴുത്തോടുകൂടിയ ഇരുകൈകളിൽ വേലും വജ്രവും ധരിച്ചിരിക്കുന്ന കുങ്കുമ വർണശോഭ ഉള്ള മഞ്ഞപ്പട്ടുടുത്ത സുബ്രഹ്മണ്യ സ്വാമിയെ ധ്യാനിക്കുന്നു.)

സുബ്രഹ്മണ്യ അഷ്ടോത്തരം
https://youtu.be/kP9RF7ygyPU

ജ്യോതിഷരത്നം വേണുമഹാദേവ്

+91 9847475559

Story Summary: Date and Significance of Kumara Shasti Vritham

Attachments area
Preview YouTube video ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരം | Sri Subramanya Ashtottaram | ദാമ്പത്യദുരിതം മാറാൻ | ചൊവ്വാദോഷം തീരാൻ

error: Content is protected !!
Exit mobile version