Monday, 20 May 2024

കൂടുതൽ പണം ചെലവിട്ട് നടത്തുന്ന വഴിപാടുകളെക്കാൾ ഇരട്ടി ഫലം ഇതിന്

നാരായണൻ പോറ്റി

ജീവിതപ്രാരാബ്ധങ്ങളാണ് അധികം ആൾക്കാരെയും ഈശ്വരചിന്തയിലേക്ക് നയിക്കുന്നത്. വിഷമതകൾക്ക് ഭഗവാൻ ഒരു പരിഹാരമാർഗ്ഗം തരും എന്ന ഉത്തമവിശ്വാസം നമ്മളിൽ നിലനിൽക്കുന്നു. ജ്യോത്സ്യനെ കണ്ടും വഴിപാടുകൾ നടത്തിയും പരിഹാരപൂജകൾ ചെയ്തും ദുരിതനിവൃത്തിക്കായി നാം പരിശ്രമിക്കുന്നു. എന്നാൽ പലപ്പോഴും ഉചിതമായ പരിഹാരം ലഭിക്കാറില്ല. എന്താണിതിന് കാരണം? എന്താണിനിയൊരു പരിഹാരം?

പണം ചെലവഴിച്ച് വഴിപാടുകളും ദോഷപരിഹാര കർമ്മങ്ങളും നടത്തിയാൽ ദുരിതനിവൃത്തിയുണ്ടാകും എന്ന ചിന്ത തന്നെയാണ് ദുരിതനിവൃത്തി വരാത്തതിനു പ്രധാനകാരണം. പണം കൊണ്ടുമാത്രം നടത്തുന്ന പരിഹാരങ്ങൾക്ക് പരിമിതികളുണ്ട് എന്ന കാര്യം തിരിച്ചറിയണം. പരിഹാരപൂജകളുടെ പതിന്മടങ്ങ് ഫലം തരുന്നവയാണ് നാം സ്വയം ചെയ്യുന്ന ദേവാർപ്പിതമായ വഴിപാടുകൾ. ദുരിതനിവൃത്തിക്കും ഐശ്വര്യത്തിനും നാം സ്വയം ദേവങ്കൽ നടത്തുന്ന വഴിപാടുകൾക്കാണ് ഏറെ ഫലം ലഭിക്കുക. ഇത്തരം ചില വഴിപാടുകളെക്കുറിച്ച് വിശ്വാസികൾ തിരിച്ചറിയണം.

നക്ഷത്രആരാധന
എല്ലാ ജന്മനക്ഷത്രത്തിലും (മാസംതോറും വരുന്ന ജന്മനാളിന് പക്കപ്പിറന്നാൾ എന്ന് പറയും) ക്ഷേത്രത്തിൽ അഭിഷേകത്തിന് കരിക്ക് സമർപ്പിച്ച് നിർമ്മാല്യം, അഭിഷേകം എന്നിവ കണ്ടു തൊഴുന്നത് വളരെ ഫലപ്രദമാണ്. ഇപ്രകാരം മുടങ്ങാതെ ഒരു വർഷം ആചരിച്ചാൽ സകല മനോകാമനകളും സഫലമാകും. കർമ്മദോഷത്തെയും ജന്മദോഷത്തെയും മഹാദുരിതത്തെയും ലഘൂകരിക്കാൻ ഏറ്റവും ഉചിതമായ ഈശ്വര പ്രീതി കർമ്മങ്ങളാണിവ. ദുരിതങ്ങൾ ദേവനിൽ അർപ്പിച്ച് ദുരിതത്തെ ദൂരത്താക്കുന്ന കർമ്മങ്ങളാണിവ. പണം മുടക്കി ചെയ്യുന്ന പല പൂജകളേക്കാളും ഉചിതമായ പരിഹാരവുമാണിത്.

ഛായാസമർപ്പണം
ദേവിക്ക് അഭിഷേകത്തിന് നല്ലെണ്ണ സമർപ്പിക്കുന്ന പ്രത്യേക ആചാരമാണ് ഛായാസമർപ്പണം. പരന്ന ഒരു തളികയിൽ നല്ലെണ്ണ ഒഴിച്ചശേഷം ആ എണ്ണയിലേക്ക് സ്വയം നോക്കണം. നമ്മുടെ പ്രതിബിംബം അതിൽ കാണാൻ കഴിയും. ഇങ്ങനെ സ്വന്തം മുഖം പ്രതിബിംബിച്ച ഈ നല്ലെണ്ണ അഭിഷേകത്തിനായി നൽകുക. നമ്മുടെ ദുരിതങ്ങളെല്ലാം ഭഗവാനിൽ സമർപ്പിക്കുന്ന പ്രതീകാത്മകമായ വഴിപാടാണ് ഛായാസമർപ്പണം. ഇഷ്ട ദേവീ സമക്ഷം ഇപ്രകാരം ഛായാസമർപ്പണം ഏഴുദിവസം നടത്തിയാൽ ദുരിതനിവൃത്തിയും രോഗനിവൃത്തിയും ഫലം. രാവിലെ നിർമ്മാല്യസമയത്ത് ക്ഷേത്രത്തിലെത്തി വേണം ഈ വഴിപാട് നടത്തേണ്ടത്.

കിഴിപ്പണം
നാണയത്തുട്ട് തലയ്ക്കുഴിഞ്ഞ് ചെറിയൊരു കിഴികെട്ടി നടയ്ക്കൽ സമർപ്പിക്കുക. ധനപ്രാപ്തിക്കും ജോലി ലഭിക്കാനും കിഴിപ്പണം സമർപ്പിക്കുന്നത് ഉചിതമാണ്. വ്യവസായികൾക്ക് കിഴിപ്പണ സമർപ്പണം വിജയകാരണമായി കരുതപ്പെടുന്നു. അന്നന്നത്തെ വരവിൽനിന്നും ഒരു നാണയത്തുട്ട് തലയ്ക്കുഴിഞ്ഞു മാറ്റിവയ്ക്കുക. ആഴ്ചയിൽ ഒരിക്കൽ ഈ തുക കിഴികെട്ടി ഇഷ്ടദേവന്റെ നടയ്ക്കൽ വയ്ക്കുക. ഒന്നിലധികം ദേവതകളെ കരുതുന്നവർ പ്രത്യേകമായി മാറ്റി കിഴികെട്ടി സമർപ്പിക്കുക. തൊഴിൽ സംബന്ധമായ ആഭിചാരദോഷവും ശത്രുബാധയും മാറിക്കിട്ടും.

പലതരം പൂക്കൾ ചേർത്ത മാല

സകല ദുരിതനിവൃത്തിക്കും ഉത്തമമായ മാർഗ്ഗമാണ് പലതരം പൂക്കൾ ചേർത്ത പൂമാല സമർപ്പിക്കുക. ഓരോ ദേവകൾക്കും പ്രത്യേകം സങ്കല്പ പുഷ്പങ്ങളുണ്ട്. അപ്രകാരം മാലകെട്ടി ചാർത്താവുന്നതാണ്. എന്നാൽ പലതരം പൂക്കൾ ചേർത്ത് സ്വയം കെട്ടിയുണ്ടാക്കുന്ന മാല കുടുംബത്തിന്റെ ഐശ്വര്യത്തിന് വളരെ ഉത്തമമാണ്. ഇപ്രകാരം മാലകെട്ടുമ്പോൾ, അതാത് ദേവതയ്ക്ക് പ്രിയമുള്ള പൂക്കൾ കൂടി ഉൾപ്പെടുത്തണം. പന്ത്രണ്ടു ദിവസം ചെത്തിമാല ദേവിക്ക് സമർപ്പിക്കുക. തുളസിമാല ഏഴുദിവസം വിഷ്ണുവിന് സമർപ്പിക്കുക. കൂവള മാല ശിവന് സമർപ്പിക്കുക (മൂന്നുദിവസം) എന്നിവ ഉത്തമ കാര്യസിദ്ധിയായി വിശ്വസിച്ചു പോരുന്നു. പിച്ചിയും മുല്ലയും ചേർത്ത മാല യക്ഷിക്ക് സമർപ്പിച്ചാൽ സ്ത്രീകൾക്ക് ഐശ്വര്യവും സമ്പത്തും ആരോഗ്യവും ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഇലക്കുമ്പിളിൽ പൂക്കൾ
ഇലക്കുമ്പിൾ നിറയെ പൂക്കൾ സമർപ്പിക്കുന്നത് മറ്റൊരു ദുരിതനിവൃത്തിയാണ്. ഒരു ഇലക്കുമ്പിൾ പൂവുമായി ക്ഷേത്രത്തിലെത്തി ശ്രീകോവിലിന് ഒരു വലം പ്രദക്ഷിണം വച്ചശേഷം ഈ കുമ്പിൾ പൂക്കൾ ക്ഷേത്രാചാരപ്രകാരം സമർപ്പിക്കുന്ന സ്ഥലത്ത് വെയ്ക്കുക. മറ്റ് പലതരത്തിലെ പരിഹാരപൂജകളേക്കാളും ഉത്തമമാണ് ഇലക്കുമ്പിൾ
നിറയെ പൂക്കൾ സമർപ്പിക്കുന്നത്.

നാരായണൻ പോറ്റി

Story Summary: Importance and Benefits of
Personal Pooja and offerings

error: Content is protected !!
Exit mobile version