Saturday, 23 Nov 2024

കൊല്ലവർഷം 1200 ; മലയാളംകലണ്ടർ പുതിയ നൂറ്റാണ്ടിലേക്ക്

ആർ ശ്രീദേവൻ, പ്രീത സൂരജ്

കേരളത്തിൽ വളരെയധികം പ്രചാരത്തിലുള്ള സൗര കലണ്ടർ അഥവാ കാലഗണനാ സമ്പ്രദായമാണ്
കൊല്ലവർഷം. എഡി 825 വർഷത്തിലാണ് ഇതിന്റെ ഉത്ഭവം. കൊല്ലവർഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല സിദ്ധാന്തങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തെ സംബന്ധിക്കുന്ന, ഇപ്പോൾ ലഭ്യമായ ആദ്യരേഖ എ.ഡി പത്താം നൂറ്റാണ്ടിൽ എഴുതപ്പെട്ട മാമ്പള്ളി ചെമ്പ് തകിടാണ്.

വേണാട് എന്ന് ഇപ്പോൾ പറയപ്പെടുന്ന പഴയ രാജ്യത്തെ ചോളരാജവംശത്തിന്റെ ഭരണത്തിൽ നിന്ന് മോചിപ്പിച്ച ശേഷം കൊടുങ്ങല്ലൂരിലെ ചേരചക്രവർത്തി വേണാട്ടു രാജാവായ കുലശേഖരന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് മൂന്ന് വർഷം നീണ്ട ഒരു മഹാസമ്മേളനം നടന്നു. ഇതിന് ഒടുവിലായി കൊല്ലവർഷത്തിന്റെ പ്രാരംഭം CE 825 ആയി സമീപകാല സിദ്ധാന്തം അനുസരിച്ച് കണക്കാക്കുന്നു.

മഹാസമ്മേളനത്തിൽ പടിഞ്ഞാറും കിഴക്കും നിന്നുള്ള പണ്ഡിതർ പങ്കെടുത്ത തമിഴ് കണക്ക് കലണ്ടറിന്
സ്വീകരിച്ചു. അന്ന് വേണാടിന്റെ തലസ്ഥാനവും ചേര രാജ്യത്തെ പ്രധാന തുറമുഖ നഗരവുമായിരുന്നു കൊല്ലം.
ഈ മഹാസമ്മേളനം നടന്ന പട്ടണത്തിന്റെ പ്രാധാന്യം കൊണ്ടാണ് മലയാളം കലണ്ടറിനെ കൊല്ലവർഷം എന്ന് വിളിക്കുന്നത്. മലയാളം സംസാരിക്കുന്ന കേരളത്തിൽ ഇപ്പോൾ ഇതിനെ മലയാള കലണ്ടറെന്നും പറയുന്നു.

കൊല്ലവർഷത്തെ പരാമർശിക്കുന്ന ആദ്യരേഖ വേണാട് രാജാവായിരുന്ന ശ്രീവല്ലവന്‍ ഗോദയുടെ കല്പനയാണ്.
973 CE (കൊല്ലവർഷം 149) ലിഖിതത്തിൽ കൊല്ലം തൊണ്ടി ആണ്ടു എന്ന പ്രയോഗം ഉപയോഗിച്ചിരിക്കുന്നു.
1097 CE മുതൽ കൊല്ലം കഴിഞ്ഞ ആണ്ട് എന്നറിയപ്പെടുന്ന മറ്റൊരു യുഗം ചോളന്മാർ കുറച്ചുകാലം കണക്കാക്കിയിരുന്നു.

മലയാളം കലണ്ടറിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചില വൈരുദ്ധ്യങ്ങൾ നിലവിലുണ്ട്. അതിൽ പ്രധാനം
മേടവിഷുവുമായി ബന്ധപ്പെട്ടതാണ്. ചിങ്ങ മാസത്തിൽ ആണ്ടുപിറപ്പ് തുടങ്ങുന്ന കൊല്ലവർഷ കലണ്ടറിൽ തന്നെ കേരളത്തിലെ പരമ്പരാഗതരീതി അനുസരിച്ച് മേടവിഷു സംക്രമം ധാരാളം ആളുകൾ ആണ്ട് പിറപ്പായിക്കൂടി ആചരിക്കുന്നു. ഇത് പ്രകാരം മേട വിഷു ഫലത്തിന് വലിയ പ്രസക്തി കല്പിക്കപ്പെടുന്നു. വിഷു കേരളത്തിന്റെ സമൃദ്ധിയെയും ഐശ്വര്യത്തെയും കുറിക്കുന്ന ദിനമായി വൻ പ്രാധാന്യത്തോടെ മലയാളികൾ ആഘോഷിക്കുന്നു. അന്നേദിവസം പുലരും മുൻപ് ഗൃഹത്തിൽ വിഷുക്കണി ഒരുക്കുകയും കണിദർശനം നടത്തുകയും ശ്രീകൃഷ്ണനെ സ്മരിച്ച് പ്രാർത്ഥിച്ച് ക്ഷേത്രദർശനം നടത്തുകയും പ്രധാന വ്യക്തികളിൽ നിന്നും വീട്ടിലെ മുതിർന്നവരിൽ നിന്നും കൈനീട്ടം വാങ്ങി ഒരു വർഷത്തേക്ക് സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്ന രീതി കേരളത്തിൽ നിലവിലുണ്ട്. വിഷുക്കൈനീട്ടം കിട്ടുന്ന പണം ഒരു വർഷം വരെ അതായത് അടുത്ത മേടവിഷു വരെ സമ്പാദ്യത്തിലേക്ക് നീക്കി സൂക്ഷിച്ചു വയ്ക്കും. മേടം ഒന്നാം തീയതി എല്ലാ ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കുകയും അവിടത്തെ പൂജാരിമാർ ഭക്തർക്ക് കൈനീട്ടം കൊടുക്കുകയും ചെയ്തുവരുന്നുണ്ട്. ഗുരുവായൂർ ഈ കാര്യത്തിൽ വളരെ പ്രശസ്തിയാർജ്ജിച്ചതാണ്. ഗുരുവായൂരപ്പനെ കണികാണാനും കണ്ണൻ്റെ കൈനീട്ടം വാങ്ങുന്നതിനും വിവിധദേശങ്ങളിൽ നിന്നും ധാരാളം ഭക്തർ എത്താറുണ്ട്.

കൊല്ലവർഷാരംഭം ചിങ്ങമാസം ഒന്നാം തീയതിയാണ്. ചിങ്ങം ഒന്നും വളരെ പ്രാധാന്യത്തോടെ കൂടി എല്ലാ ക്ഷേത്രങ്ങളും ആചരിച്ചു പോകുന്നു. ചുരുക്കിപ്പറഞ്ഞാൽ കൊല്ലവർഷ കലണ്ടർ ആചാരങ്ങളുമായി ബന്ധപ്പെട്ട് മലയാളികളുമായി ഇഴുകിച്ചേർന്ന ഒന്ന് തന്നെയാണ്. അതുപോലെ ചിങ്ങമാസത്തിലെ തിരുവോണ നക്ഷത്ര ദിവസമാണ് കേരളീയരുടെ ദേശീയ ഉത്സവമായ ഓണം. വൈഷ്ണവ ആചാരവുമായി ബന്ധപ്പെട്ട കഥയുമായി ചേർത്താണ് തിരുവോണത്തെ പറയുക. എങ്കിലും മലയാളികൾ ജാതിമതഭേദമന്യേ ഇത് ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രദിവസമാണ് ദശാവതാരത്തിലെ വാമന മൂർത്തിയുടെ പിറവി എന്നാണ് വിശ്വസിച്ചു പോരുന്നത്. കേരളത്തിലെ ആബാല വൃദ്ധം ജനങ്ങളും തിരുവോണവുമായി ബന്ധപ്പെട്ട് ചിന്തിക്കുന്ന ബിംബങ്ങളാണ് മഹാബലിയും വാമനനും. മഹാബലി തിരുമേനിയുടെ അത്ര സ്വീകാര്യത ലഭിച്ച മറ്റൊരു ഐതിഹ്യ കഥാപാത്രം മലയാളിയുടെ മനസ്സിൽ ഇല്ല.

തിരുവോണം എന്നാൽ പൂക്കളവും തിരുവാതിരകളിയും വള്ളംകളിയും, ഓണപ്പാട്ടും മഹാബലിയും ആണ്.
കൊല്ലവർഷ കലണ്ടർ മലയാളിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞതിന് തെളിവ് തന്നെയാണ് ഓണം എന്ന കാർഷിക വിളവെടുപ്പ് ഉത്സവം. അന്നേദിവസം സ്ത്രീകൾ എല്ലാം കേരളത്തിന്റെ തനത് വേഷമായ മുണ്ടും നേരിയതും പുരുഷന്മാർ എല്ലാം മുണ്ടും ധരിച്ച് മനോഹരമായി ഒരുങ്ങി നടക്കുന്ന ദൃശ്യങ്ങളും നമുക്ക് എവിടെയും കാണുവാൻ സാധിക്കും. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന പഴമൊഴിയെ അർത്ഥമാക്കുന്ന കാഴ്ചയാണ് അത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വളരെ പ്രസിദ്ധിയാർജിച്ചതാണ്. വള്ളസദ്യയുടെ രുചിയും വള്ളപ്പാട്ടിന്റെ ഈണവും അറിയാത്ത മലയാളികൾ വളരെ വിരളമാണ്.

കൊല്ലവർഷ കലണ്ടറുമായി ബന്ധപ്പെട്ട ചിങ്ങമാസം ഒന്നാം തീയതിയും മേട മാസം ഒന്നാം തീയതിയും മലയാളികൾ പുതുവർഷമായി ആഘോഷിക്കുന്നു. രണ്ടും വിഷ്ണു പ്രാധാനമാണ്. മേടമാസം ഒന്നാം തീയതി വിഷുവായും ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രം പൊന്നോണമായും മലയാളികൾ ആഘോഷിക്കുന്നു.

വർഷത്തിന്റെ തുടക്കമായി 825 വരെ കണക്കാക്കിയ വിഷുവിന് പകരമായി ചിങ്ങത്തിലെ ആദ്യദിവസം കേരള പുതുവർഷമായി ആഘോഷിക്കുന്നു എന്നു കരുതണം. ഇപ്പോഴും പരമ്പരാഗത മലയാളികൾ പുതുവർഷമായി ആഘോഷിക്കുന്നത് വിഷുദിനമായ മേടം ഒന്നാണ്. ജ്യോതിശാസ്ത്രപരമായി കൊല്ലവർഷ കലണ്ടറിന്റെ പ്രാധാന്യം അനുസരിച്ച് മേടം മുതൽ മീനം വരെ 12 മാസങ്ങളും . 12 രാശിചക്രങ്ങളും 12 രാശി ചിഹ്നങ്ങളും (ഒരു സൗരവർഷത്തിലെ 12 മാസങ്ങളുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ) നൽകിയിരിക്കുന്നു.

അതുപോലെതന്നെ മകരമാസം ഒന്നാം തീയതിയാണ് ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവം ആഘോഷിക്കുന്നത്. മേട മാസത്തിലെ പൂരം നക്ഷത്ര ദിവസമാണ് തൃശ്ശൂർ പൂരം ആഘോഷിക്കുന്നത് ‘ അങ്ങനെ മലയാളം പഞ്ചാംഗവുമായി ബന്ധപ്പെട്ട തീയതികളിലാണ് കേരളത്തിലെ എല്ലാ പ്രധാന ക്ഷേത്ര ഉത്സവങ്ങളും കാർഷിക വിളവെടുപ്പ് ഉത്സവങ്ങളും കൊണ്ടാടുന്നത്. ഇത് അടിസ്ഥാനപ്പെടുത്തി നക്ഷത്രം നോക്കിയാണ് മലയാളികൾ പിറന്നാൾ ആഘോഷിക്കുന്നത്. മലയാളം പഞ്ചാംഗത്തെ ആസ്പദമാക്കിയാണ് കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികൾ അവധിയെടുത്ത് നാട്ടിലെ ഉത്സവങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നത് എന്നത് കൊല്ലവർഷ കലണ്ടറിന്റെ ഇന്നത്തെ തലമുറയിലും പ്രാധാന്യമുള്ളതിനെ സൂചിപ്പിക്കുന്നു. മലയാളികളുമായി അത്ര ഇഴുകിചേർന്ന ഒന്നുതന്നെയാണ് കേരള കലണ്ടർ അഥവാ കൊല്ലവർഷ കലണ്ടർ.

കേരളത്തിലെ കാർഷിക വൃത്തി സീസണുകൾ കേന്ദ്രീകരിച്ചുള്ളതാണ്. ജൂൺ ഒന്നിന് ആരംഭിക്കുന്ന തെക്ക് പടിഞ്ഞാറ് കാലവർഷത്തെ ഇടവപ്പാതി എന്ന് വിളിക്കുന്നു. ഇടവപ്പാതി എന്നാൽ മലയാള കലണ്ടറിലെ ഇടവമാസത്തിന്റെ മധ്യം എന്നാണ് അർത്ഥം. ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന വടക്ക് കിഴക്കൻ കാലവർഷത്തെ തുലാവർഷം എന്ന് വിളിക്കുന്നു. കേരളത്തിൻറെ പ്രധാന കാർഷിക വിളയായ നെല്ലിൻ്റെ രണ്ട് വിളവെടുപ്പുകളെ കന്നിക്കൊയ്ത്ത് എന്നും മകരക്കൊയ്ത്ത് എന്നും വിളിക്കുന്നു.

ഇന്ത്യാ ഗവൺമെൻറ് അംഗീകരിച്ചിരിക്കുന്ന കേരള സർക്കാരിന്റെ പ്രാദേശിക കലണ്ടർ ആണ് കൊല്ലവർഷ കലണ്ടർ. ജ്യോതിഷികൾ ഇതിനെ കൊല്ലവർഷ പഞ്ചാംഗമായി കണക്കിലെടുത്ത് പല പ്രാധാന്യമുള്ള ദിവസങ്ങളും അതിൽ കുറിച്ചുവയ്ക്കുന്നു. ഈ ദിവസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് കേരളത്തിലെ പല ഉത്സവങ്ങളും കാർഷിക വിളവെടുപ്പും ക്ഷേത്ര ആചാരങ്ങളും .

കേരള സർക്കാർ കൊല്ലവർഷം പ്രാദേശിക കലണ്ടറായി സ്വീകരിച്ചപ്പോൾ ഓണത്തിന്റെ ഉത്സവമായ ചിങ്ങമാസത്തിലെ ഒന്നാം തീയതി മലയാളത്തിന്റെ പുതുവർഷമായി അംഗീകരിച്ചു. ഇന്ത്യാ ഗവൺമെൻ്റ് അംഗീകരിച്ചിരിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനനഗരിയുടെയും സൂര്യോദയത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള കലണ്ടർ ആണ് അതാതു പ്രദേശത്തെ പ്രാദേശിക കലണ്ടറായി അംഗീകരിച്ചു നൽകിയിരിക്കുന്നത്. കേരളത്തിലെ കൊല്ലവർഷ കലണ്ടർ സർക്കാർ സ്വീകരിച്ചിരിക്കുന്ന സൂര്യോദയവും സൂര്യാസ്തമനവും തിരുവനന്തപുരം അടിസ്ഥാനമാക്കി ഉള്ളതാണ്.

മലയാളി മനസ്സുമായി ഇഴുകി ചേർന്ന മറ്റൊരു കലണ്ടറും കേരളത്തിൽ ഇന്നേവരെ കൊല്ലവർഷ കലണ്ടറിന് കിട്ടിയിരിക്കുന്നതിന്റെ സ്വീകാര്യതയോടെ ലഭിച്ചിട്ടില്ല.

തയ്യാറാക്കിയത്:
ആർ ശ്രീദേവൻ . കാർഡ്,
ദിവാൻസ് റോഡ്, എറണാകുളം .
പ്രീത സൂരജ്
ശ്രീനരസിംഹസ്വാമി ജ്യോതിഷാലയം, തുറവൂർ പി.ഒ,.ചേർത്തല, ആലപ്പുഴ

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version