ഗണപതിക്ക് മുമ്പിൽ എത്ര തവണ ഏത്തമിടണം?
ജ്യോതിഷി സുജാത പ്രകാശൻ
വിഘ്‌നനിവാരണനായ ഗണപതി ഭഗവാനെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടൽ. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞും നിവർന്നുമാണ് ഏത്തമിടുന്നത്.
ഗണപതിക്കു മുന്നിൽ ഏത്തമിടുന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ മഹാവിഷ്ണു ശിവകുടുംബത്തെ വൈകുണ്ഠത്തിലേക്കു ക്ഷണിച്ചു. എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഗണപതി ഭഗവാൻ വൈകുണ്ഠം ചുറ്റി നടന്നു. ഈ സമയത്തു ഭഗവാന്റെ സുദർശനചക്രം കാണാനിടയാകുകയും എന്തു കണ്ടാലും വായിലിടുന്ന ഉണ്ണിഗണപതി ചക്രായുധം വായിലിടുകയും ചെയ്തു. വിഴുങ്ങാൻ പറ്റാത്തത് കൊണ്ട് ഉണ്ണി ഗണപതി ചക്രായുധം വായില്‍ത്തന്നെ വച്ചു കളിച്ചു കൊണ്ടിരുന്നു. ചക്രായുധം തിരഞ്ഞ ഭഗവാൻ വിഷ്ണുവിന് വായ പൂട്ടി കള്ളത്തരത്തിൽ നില്‍ക്കുന്ന ഗണപതിയെ കണ്ടപ്പോള്‍ കാര്യം മനസ്സിലായി. ഉണ്ണിഗണപതിയെ ചിരിപ്പിക്കാന്‍ ഭഗവാന്‍ ഗണപതിയുടെ മുന്നില്‍നിന്ന് ഏത്തമിട്ടു കാണിച്ചു. ഭഗവാൻ വിഷ്ണു ഏത്തമിടുന്നതു കണ്ടപ്പോള്‍ ഗണപതി കുടുകുടെ ചിരിച്ചു. ആ സമയത്തു വായിൽ നിന്നും ചക്രായുധം നിലത്തു വീണു.
ഗണപതി ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്നങ്ങള്‍ നീക്കാനുള്ള ഉത്തമ മാർഗ്ഗമായാണ് ഭക്തർ ഏത്തമിടലിനെ കാണുന്നത്. ഏത്തമിടല്‍ കൊണ്ട് ശാരീരികമായി ഗുണങ്ങള്‍ ഉണ്ട്. ശാസ്ത്രീയമായി ഏത്തമിടൽ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമാണ്.
ഈ വ്യായാമ മുറയിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർദ്ധിച്ച് ബുദ്ധിക്കുണർവുണ്ടാകുന്നു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഏത്തമിടണം. അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ദ്ധിപ്പിക്കാവുന്നതാണ്. പന്ത്രണ്ടു തവണ ഏത്തമിടുന്നതാണ് ഉത്തമം.
ഭാഗ്യവർദ്ധനവിനും ജീവിതത്തിൽ തടസങ്ങൾ അകറ്റി മുന്നേറുന്നതിനും ഗണേശോപാസന ഉത്തമമാണ്. ഗണേശപ്രീതി നേടിയാൽ അറിവും ബുദ്ധിശക്തിയും വർദ്ധിപ്പിച്ച് ഏത് രംഗത്തും ശോഭിക്കാനാകും. മനസിലെ മാലിന്യങ്ങൾ അകറ്റാനും ഗണേശ പൂജ നല്ലതാണ്. എന്ത് നല്ല കാര്യം ആരംഭിക്കും മുൻപ് ഗണേശഭഗവാനെ സ്മരിച്ച് പൂജിച്ചാൽ വിജയ പ്രദവും ഐശ്വര പൂർണ്ണവും ആകും.
വെള്ളിയാഴ്ചകളിൽ ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് എല്ലാ വിഘ്നങ്ങളുമകറ്റും എന്ന് മാത്രമല്ല രോഗദുരിതങ്ങളും ശത്രു ശല്യവും ദാരിദ്രവും അവസാനിപ്പിക്കും. ഗണേശ മൂലമന്ത്രം എന്നും ജപിച്ചാൽ ജീവിതത്തിൽ നിന്നും അഹിതങ്ങളും അശുഭങ്ങളും അകന്ന് മാറും. നിത്യേന വക്രതുണ്ഡഗണേശ മന്ത്രം ജപിച്ചാൽ അറിവും ഭാഗ്യവും വർദ്ധിക്കുകയും ഐശ്വര്യം, ധനം, വിജയം എന്നിവ കരഗതമാകുകയും ചെയ്യും.
മൂലമന്ത്രം
ഓം ഗം ഗണപതയേ നമഃ
വക്രതുണ്ഡഗണേശ മന്ത്രം
വക്രതുണ്ഡ മഹാകായ
സൂര്യ കോടി സമ പ്രഭ
നിർവിഘ്നം കുരു മേ സ്വാഹ
സർവ കാര്യേഷു സർവദാ
ജ്യോതിഷി സുജാത പ്രകാശൻ,
+91 9995960923
(ശങ്കരം, കാടാച്ചിറ, കണ്ണൂർ)
Story Summary: How to bow before the Great Lord Ganesha
Copyright 2022 Neramonline.com. All rights reserved