Friday, 20 Sep 2024

ഗുരുപൂർണ്ണിമ, മിഥുനത്തിലെ പൗർണ്ണമി വ്രതം; ഈ ആഴ്ചത്തെ നക്ഷത്രഫലം

( 2021 ജൂലൈ 2 – 8 )

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2023 ജൂലൈ 2 ന് വൃശ്ചികക്കൂറിൽ തൃക്കേട്ട നക്ഷത്രം മൂന്നാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷം ഗുരുപൂർണ്ണിമയാണ്. ആഷാഢമാസത്തിലെ പൗർണ്ണമിയാണ് ഗുരുപൂർണ്ണിമയായി ആചരിക്കുന്നത്. ജൂലൈ 3 ന് തിങ്കളാഴ്ചയാണ്
ഗുരു പൂർണ്ണിമ. വേദവ്യാസമുനിയുടെ ജന്മദിനമാണിത്. മിഥുനത്തിലെ പൗർണ്ണമി വ്രതം, ക്രിസ്തുമത വിശ്വാസികൾക്ക് വിശേഷപ്പെട്ട സെന്റ് തോമസ് ദിനം എന്നിവയും തിങ്കളാഴ്ചയാണ്. പ്രത്യക്ഷ ദൈവങ്ങളായ മാതാപിതാക്കൾ കഴിഞ്ഞാൽ ആദ്യം ഗുരുവും പിന്നീട് ദൈവവും എന്നാണ് വിശ്വാസം. ഗുരുമുഖത്തു നിന്നാണ് ഈശ്വരശക്തിയുടെ പോലും ആവിർഭാവം. അതിനാൽ ഗുരു ഈശ്വരതുല്യനാകുന്നു. ഏത് വിദ്യ അഭ്യസിക്കാനും ഗുരുവിന്റെ അനുഗ്രഹം വേണം. ഗുരുകടാക്ഷം ലഭിച്ചാൽ ലക്ഷക്കണക്കിന് ദോഷങ്ങൾ പോലും ബാധിക്കാതെ പോകും. ഇത് നേടുന്നതിന് ഏറ്റവും ഉത്തമമായ ദിനമാണ് ആഷാഢമാസത്തിലെ പൗർണ്ണമി ദിനമായ ഗുരുപൂർണ്ണിമ. ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും പൗർണ്ണമി വ്രതം അനുഷ്ഠിക്കാനും ഈ ദിവസം നല്ലതാണ്. ഇന്ത്യയിൽ ആദ്യമായി സുവിശേഷ ദൗത്യവുമായി എത്തിയ അപ്പോസ്തലനാണ് സെന്‍റ് തോമസ്. യേസുക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരില്‍ ഒരാള്‍.
മലയാളികൾ അദ്ദേഹത്തെ തോമാശ്ലീഹയുടെ എന്ന്
പറയുന്നു. ഇന്ത്യയിൽ ദിവംഗതനായ തോമാശ്ലീഹയുടെ ഭൗതികാവശിഷ്ടം പിന്നീട് മെസപൊട്ടാമിയയിലേക്ക്
കൊണ്ടുപോയി. അതൊരു ജൂലൈ മൂന്നിനായിരുന്നു. അതുകൊണ്ടാണ് ഈ ദിവസം സെന്‍റ് തോമസ് ദിനമായി ആചരിക്കുന്നത്. ജൂലൈ 8 ന് മീനക്കൂറിൽ ഉത്തൃട്ടാതി നക്ഷത്രം രണ്ടാം പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1 )
ഔദ്യോഗിക രംഗത്ത് മികച്ച ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മികവും കഠിനാധ്വാനവും പരിഗണിച്ച് ശമ്പള വർദ്ധനവ് നേടാൻ കഴിയും. ഒഴിവുസമയം
കുടുംബത്തിനായി മാറ്റിവയ്ക്കും. രോഗങ്ങളിൽ നിന്ന്
മുക്തി നേടും. മാനസിക സമ്മർദ്ദം മാറും. ഭക്ഷണരീതി
ക്രമീകരിക്കും. സ്വർണ്ണാഭരണം, വീട്, ഭൂമി എന്നിവയിൽ
നിക്ഷേപം നടത്തും. നിർമ്മാണ പ്രവർത്തനങ്ങൾ
തുടങ്ങും. കുടുംബാഗങ്ങളുടെ ആവശ്യങ്ങൾക്ക് നല്ല പരിഗണന നൽകും. ഓം ശരവണ ഭവ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
സന്താനങ്ങളുടെ കാര്യങ്ങൾ സാധിച്ചു കൊടുക്കും.
ധാരാളം പണം സമ്പാദിക്കാൻ അവസരങ്ങൾ ലഭിക്കും. കരാറുകളിൽ ഒപ്പിടും മുമ്പ് ശാന്തമായി പരിശോധിച്ചു നോക്കണം. ജീവിതത്തിലെ അസ്ഥിരത സ്വഭാവത്തിൽ ചില അസ്വസ്ഥതകളുണ്ടാക്കും. കുടുംബാംഗങ്ങളോട് തർക്കത്തിന് സാധ്യതയുണ്ട്. വിവാഹം നിശ്ചയിക്കും.
വിവേകപൂർവം പെരുമാറാൻ ശ്രദ്ധിക്കണം. അകന്ന്
പോയവരടുക്കും. തൊഴിൽപരമായി നല്ല കാലമാണ്.
ദിവസവും ഓം ലളിതാംബികായൈ നമഃ ജപിക്കണം.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ആശങ്ക പരിഹരിക്കാൻ കഴിയും. വിദേശത്ത് നല്ല
അവസരങ്ങൾ ലഭിക്കും. ബിസിനസ്, കൃഷി എന്നിവയിൽ
പുരോഗതിയുണ്ടാകും. പൊതുപ്രവർത്തന രംഗത്ത്
നല്ല കാലമാണ്. ആഗ്രഹങ്ങൾ സഫലമാകും. വിദൂര യാത്രകൾ ഒഴിവാക്കാൻ കഴിയില്ല. എന്നാലും രാത്രിയാത്ര
വേണ്ട. പ്രതികൂല സാഹചര്യങ്ങൾ എന്നും കാണില്ലെന്ന് മനസ്സിലാക്കണം. ദേഷ്യം വർദ്ധിക്കും. ശാരീരിക വേദന
ബുദ്ധിമുട്ടിക്കും. പങ്കാളിത്ത ബിസിനസ്സിലെ പ്രശ്നങ്ങൾ
പരിഹരിക്കും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കണം.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും.
സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. പങ്കാളിയോട്
നിയന്ത്രണം വിട്ട് പെരുമാറരുത്. മുൻകാല നിക്ഷേപങ്ങൾ
ഗണ്യമായ വരുമാനം നൽകും. പുതിയ നിക്ഷേപത്തിന് വളരെ നല്ല സമയമാണ്. മാനസികസമ്മർദ്ദം വർദ്ധിക്കും.
ലഹരി വസ്തുക്കൾ ഒഴിവാക്കണം. അലസതയുണ്ടാകാം.
ജോലിയിൽ മുന്നേറാൻ മികച്ച അവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ ഉയരങ്ങളിലെത്തും. യാത്ര മാറ്റിവയ്ക്കും.
ഓം ദും ദുർഗ്ഗായ നമഃ ദിവസവും 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ഭാഗ്യം അനുകൂലമാകും. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തും. പുതിയ സൗഹൃദങ്ങൾ സ്വാധീനിക്കും.
മറ്റുള്ളവരുടെ കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ
ശ്രമിക്കണം. ജോലിയിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. ക്ഷമ പരീക്ഷിക്കപ്പെടും തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. മക്കൾ മികച്ച
നേട്ടങ്ങൾ കരസ്ഥമാക്കും. നിയമ തടസ്സങ്ങൾ മാറും.
ദിവസവും 108 തവണ ഓം നമഃ ശിവായ ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
പുതിയ സംരംഭങ്ങൾക്ക് പണം മുടക്കും. സ്വജനങ്ങൾ
സഹായിക്കും. ആരോഗ്യപ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടും.
സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം.
ധാരാളം പണം ചിലവഴിക്കേണ്ടി വരും. സന്താന ഭാഗ്യം
കാണുന്നു. പുതിയ ജോലി മാറ്റം ഗുണകരമായി ഭവിക്കും.
സർക്കാർ സഹായം ലഭിക്കും. ഏറ്റെടുത്ത ജോലികൾ‌ പൂർ‌ത്തിയാക്കാൻ കഴിയാതെ വിഷമിക്കും. മാനസിക പിരിമുറുക്കം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് സമയം
നല്ലതാണ്. ദിവസവും ഓം നമോ നാരായണ ജപിക്കുക.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
പുതിയ കൂട്ടുകെട്ടുകൾ ഗുണകരമാകും. തെറ്റിദ്ധാരണ
പരിഹരിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ജോലി
സംബന്ധമായി നല്ല സമയമാണ്. അസുഖങ്ങളുടെ കാരണം മാനസിക വിഷമങ്ങളാണെന്ന് മനസ്സിലാക്കും.
ചെലവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. ബന്ധുക്കളുമായി ബന്ധം പുതുക്കാൻ കഴിയും. ആഗ്രഹിച്ച ചില കാര്യങ്ങൾ സാധ്യമാകും. ജീവിത പങ്കാളിയുടെ മുന്നിൽ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ചിലർ ശ്രമിക്കും. യാത്ര വേണ്ടി വരും.
ഓം ഗം ഗണപതയെ നമഃ എന്നും 108 തവണ ജപിക്കണം.

വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിയും. തീരുമാനം എടുക്കാൻ നേരിട്ട ബുദ്ധിമുട്ടുകൾ മാറും. കർമ്മ രംഗത്ത്
പുരോഗതി കൈവരിക്കും. അഭീഷ്ട സിദ്ധിക്ക് പുതിയ
വഴികൾ തുറന്നു വരും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ
നടക്കും. സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കും.
പരാതികൾ പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിക്ഷേപ സംബന്ധമായ തീരുമാനം
എടുക്കാൻ സമയം അനുയോജ്യം. ബിസിനസ്സിൽ നേട്ടം
ലഭിക്കും. ദിവസവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
തെറ്റിദ്ധരണകൾ പരിഹരിക്കും. രോഗശമനമുണ്ടാകും.
തൊഴിൽ രംഗത്തെ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും. സന്താനങ്ങളുടെ നേട്ടങ്ങളിൽ സന്തോഷം
തോന്നും. ഈശ്വരാധീനം ബോദ്ധ്യപ്പെടുന്ന ഒരു സന്ദർഭം
ജീവിതത്തിലുണ്ടാകും. ശരിയായ തീരുമാനം എടുക്കും.
ജോലി, വിദ്യാഭ്യാസം ഇവയുമായി ബന്ധപ്പെട്ട് വീട്ടിൽ
നിന്ന് അകന്നു നിൽക്കേണ്ടി വരും. മൂന്നാമതൊരാൾ
ദാമ്പത്യത്തിൽ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ട്.
ഓം നമോ നാരായണായ എന്നും 108 ഉരു ജപിക്കണം.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2, )
എല്ലാം ഉണ്ടായാലും സങ്കടം ഒഴിയില്ല. അനിശ്ചിതത്വം അനുഭവപ്പെടും. ഏത് പ്രശ്‌നത്തിൽ നിന്നും രക്ഷപ്പെടാൻ
ജീവിത പങ്കാളി സഹായിക്കും. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. ആഗ്രഹിച്ച രീതിയിൽ ഉപരി പഠനത്തിന്
സാധിക്കും. കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മക്കൾ സഹായിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.
അർപ്പണബോധവും കഠിനാധ്വാനവും ശ്രദ്ധിക്കപ്പെടും.
കടം തീർക്കും . പുതിയ തൊഴിൽ മേഖല കണ്ടെത്തും.
ശനിയാഴ്ച ശാസ്താവിന് നീരാജനം സമർപ്പിക്കണം.

കുംഭക്കൂറ്
( അവിട്ടം 3, 4 , ചതയം, പൂരുരുട്ടാതി 1, 2, 3 )
ബിസിനസ്സ് വിപുലീകരിക്കാൻ വായ്പ എടുക്കാൻ തീരുമാനിക്കും. പണവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
പിതാവിന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ
അവസാനിക്കും. കുടുംബത്തിൽ ഒരു നല്ല അന്തരീക്ഷം സംജാതമാകും. സാമ്പത്തികമായി പുരോഗതി നേടും.
മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല നിലപാടുണ്ടാകും.
ഓം ഹം ഹനുമതേ നമഃ എന്നും 108 തവണ ജപിക്കണം.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
അപ്രതീക്ഷിതമായ സഹായങ്ങൾ ലഭിക്കും. രോഗ
മുക്തി നേടാൻ കഴിയും. ചിരകാലമായ ആഗ്രഹങ്ങൾ സാധിക്കും. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം
കണ്ടെത്താൻ കഴിയും. പണമിടപാട് നടത്തുമ്പോൾ
കുടുംബത്തിന്റെ ഉത്തമ താല്പര്യങ്ങൾ സംരക്ഷിക്കണം.
ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.
വാഹനമോടിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.
മത്സര പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ
കഴിയും. എന്നും ഓം നമോ നാരായണായ ജപിക്കണം.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 8921709017
Summary: Predictions: This week for you

error: Content is protected !!
Exit mobile version