Friday, 22 Nov 2024

ഗുരുവായൂർ ഏകാദശി നോറ്റാൽ 7 ജന്മത്തെ പാപം തീരും; ചുറ്റു വിളക്ക് ഏറ്റെടുത്തിട്ട് അരനൂറ്റാണ്ട്

രാമയ്യർ പരമേശ്വരൻ

ഗുരുവായൂർ ഏകാദശി നാളിലെ ഉദയാസ്തമന പൂജയും ചുറ്റുവിളക്കും ദേവസ്വം ഏറ്റെടുത്തിട്ട് 50 വർഷം തികയുന്നു. കുന്നംകുളം ചിറളയം രാജകുടുംബമാണ് ഏകാദശിനാൾ ഉദയാസ്തമന പൂജയും ചുറ്റുവിളക്കും ദ്വാദശി ദിവസം സദ്യയും നടത്തിവന്നത്. 1970 നവംബർ 29 ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഉണ്ടായ അഗ്നിബാധക്ക് ശേഷം മണപ്പാട്ട് എന്ന് അറിയപ്പെടുന്ന ചിറളയം രാജകുടുബത്തിന് അത് തുടരുവാൻ കഴിയാതെ വന്നു. ഇതേ തുടർന്നാണ് കോഴിക്കോട് സാമൂതിരി മാങ്കാവ് പടിഞ്ഞാറെ കോവിലകത്ത് മാനവേദൻ എന്ന കുഞ്ഞേട്ടൻ രാജ ചെയർമാനായ ഗുരുവായൂർ ദേവസ്വം കമ്മറ്റി ഈ ചുമതല ഏറ്റെടുത്തത്.

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വിശേഷമാണ് വൃശ്ചിക മാസം വെളുത്ത പക്ഷത്തിലെ ഏകാദശിയും അതിന് മുന്നോടിയായി നടക്കുന്ന ഏകാദശി വിളക്കും. 1971 നവംബർ 14 ന് 16 ദിവസത്തെ ചുറ്റുവിളക്കാണ് അന്ന് ഏകാദശിയോടനുബന്ധിച്ച് നടന്നു വന്നിരുന്നതെങ്കിൽ ഇന്ന് 30 ദിവസമാണ് വിളക്ക്. 1970 നവംബർ 29 ന് ഉണ്ടായ അഗ്നിബാധക്ക് ശേഷം ആ വർഷം കൂടി ചിറളയം രാജകുടുബം വകയായിരുന്നു എകാദശിയിലെ ഉദയാസതമനപൂജയും ചുറ്റുവിളക്ക് വഴിപാടും. സാമ്പത്തിക പരാധീനതകൾ മൂലമാണ് അവർ പിന്മാറിയത്.

1971 ൽ ഗുരുവായൂരപ്പന്റെ ഏകാദശി വിളക്കുകൾ 16 ആയിരുന്നത് ഇപ്പോൾ 30 ആയി. ഇ.പി.അച്യുതൻ നായർ, ആനന്ദ് ഫിലിംസ്, കോയമ്പത്തൂർ, ഉള്ളനാട്ട് മീനാക്ഷി അമ്മ, എന്നിവർ നടത്തിവന്ന ഏകാദശി വിളക്കുകൾ 1974 ന് ശേഷം നിലച്ചുപോയപ്പോൾ ഈ ചുറ്റുവിളക്കുകൾ മറ്റു ഭക്തന്മാരും സംഘടനകളു ഏറ്റെടുത്തു. ആദ്യകാലത്ത് ഉദയാസ്തമന പൂജയോടെ ആണ് പല വഴിപാടുകാരും ഏകാദശി വിളക്ക് നടത്തി വന്നത്. തുടർന്ന് പുതിയ വഴിപാടുകാർ വർദ്ധിക്കുകയും, വിശേഷാൽ കാഴ്ചശീവേലിയും വാദ്യഘോഷങ്ങളുടെ വിസ്താരവും കൊണ്ട് സമയക്കുറവും ചടങ്ങുകൾ ബുദ്ധിമുട്ടില്ലാതെ നടത്തുന്നതിന് സൗകര്യവും നോക്കി ഉദയാസ്തമനപൂജ ഒഴിവാക്കി ചുറ്റുവിളക്കുകൾ മാത്രമാക്കി. 1977 മുതൽ ഏകാദശിവിളക്ക് 27 ആക്കി. പിന്നീട് 31 വരെ എത്തി. എന്നാൽ ചിലവർഷങ്ങളിൽ ഇത് 30 ആയി ക്രമീകരിച്ചു.

അര നൂറ്റാണ്ട് മുമ്പ് ഏകാദശി ചുറ്റുവിളക്കിനും മറ്റ് ആഘോഷങ്ങളും ഭംഗിയായി നടത്താൻ 6806 രൂപ 41 പൈസയും 695 ലിറ്റർ 50 മില്ലി ലിറ്റർ നെല്ലിനും കൂടിയാണ് സാമൂതിരി കോവിലകം എസ്റ്റിമേറ്റ് അംഗീകരിച്ചത്. ഇപ്പോൾ എത്തിയപ്പോൾ ഗുരുവായൂരപ്പന്റെ ഏകാദശി മഹോത്സവം രാജസൂയയാഗം പോലെ ഏകാദശി, ദ്വാദശി, ത്രയോദശി ആഘോഷങ്ങളും, ചെമ്പൈ സംഗീതോത്സവവും മറ്റുമായി ദേവസ്വം നടത്തുന്നു.

ഇത്തവണ 30 ദിവസത്തെ ഏകാദശി വിളക്ക് 2021 നവംബർ 15ന് ആരംഭിക്കും. പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ് ആദ്യ വിളക്ക്. പതിറ്റാണ്ടുകളായി ഈ കുടുംബമാണ് ആദ്യ ദിനവിളക്ക് നടത്തുന്നത്. മേളം, പഞ്ചവാദ്യം, തായമ്പക, കാഴ്ചശീവേലി കലാപരിപാടികൾ എന്നിവയോടെ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഓരോ ദിവസത്തെയും ഏകാദശിവിളക്ക് ആഘോഷമാക്കുന്നു. രാത്രി വിളക്കെഴുന്നള്ളിപ്പാണ് പ്രധാനം.

എഴുന്നള്ളത്തിന്റെ നാലാമത്തെ പ്രദക്ഷിണത്തിൽ ക്ഷേത്രം വിളക്കുമാടത്തിലെ പതിനായിരത്തിലേറെ ചുറ്റുവിളക്കുകൾ തെളിക്കും. ചില ദിവസങ്ങളിൽ നെയ്‌വിളക്കായിരിക്കും. വിളക്കാചാരത്തോടെ ഇടയ്ക്ക നാഗസ്വര വാദ്യ അകമ്പടിയിൽ ഗുരുവായൂരപ്പൻ ആനപ്പുറത്ത് എഴുന്നള്ളും. 2021 ഡിസംബർ 14നാണ് ഏകാദശി. അന്ന് ഉദയാസ്തമന പൂജയോടെ ഏകാദശി വിളക്ക് ദേവസ്വം നേരിട്ട് നടത്തും. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന ചെമ്പൈ സംഗീതോത്സവം നവംബർ 29 ന് തുടങ്ങി ഏകാദശി ദിവസം രാത്രി സമാപിക്കും. ഗുരുവായൂർ ഏകാദശി നോറ്റാൽ 7 ജന്മങ്ങളിലെ പാപം തീരുമെന്നാണ് വിശ്വാസം.

രാമയ്യർ പരമേശ്വരൻ,
റിട്ട. മാനേജർ, ഗുരുവായൂർ ദേവസ്വം

Story Summary: Guruvayoor Ekadeshi Vilakku Dedication and Festival


error: Content is protected !!
Exit mobile version