Monday, 8 Jul 2024

ചോറൂണ്, നാമകരണം, വിദ്യാരംഭം നടത്താൻ ശുഭമുഹൂർത്തം പരമപ്രധാനം

ജോതിഷി പ്രഭാസീന.സി.പി

ചോറൂണ് ക്ഷേത്രത്തിൽ നടത്തണം കുഞ്ഞുങ്ങളുടെ ചോറൂണ് ശുഭമുഹൂർത്തം നോക്കി ക്ഷേത്രത്തിൽ വച്ച് നടത്തണം. ജനിച്ച് ആറാം മാസത്തിലാണ് അന്നപ്രാശനം വേണ്ടത്. ഏഴാം മാസം പാടില്ല. അതു കഴിഞ്ഞുള്ള മാസങ്ങളാവാം. ഏകാദശി തിഥിയും തൃക്കേട്ട, തിരുവാതിര, ഭരണി, കാർത്തിക, മകം, പൂരം, പൂരാടം, പൂരുരുട്ടാതി, വിശാഖം, മൂലം, ആയില്യം എന്നീ 11 നക്ഷത്രങ്ങളും പാടില്ല. അഷ്ടമത്തിൽ ചൊവ്വയും, മുഹൂർത്ത രാശിയിൽ സൂര്യനും, ചന്ദ്രനും നാലാമെടുത്ത് വ്യാഴവും, ഒമ്പതിൽ ബുധനും ചന്ദ്രനും, പത്താമെടുത്ത് ഒരു ഗ്രഹവും പാടില്ല. മീനം, മേടം, വൃശ്ചികം എന്നീ രാശികളും അർദ്ധരാത്രി രണ്ട് നാഴികയും വിഷദ്രേക്കാണവും കുഞ്ഞിൻ്റെ പിറന്നാളും ഒഴിവാക്കുക.

കുഞ്ഞിൻ്റെ അമ്മയുടെ കുടുംബക്ഷേത്രം, താമസിക്കുന്ന വീടിന് ഏറ്റവും അടുത്തുള്ള ക്ഷേത്രം, ഗ്രാമക്ഷേത്രം, മഹാക്ഷേത്രം എന്നിവിടങ്ങളിൽ ഒരിടത്ത് വച്ച് വേണം ചോറൂണ് നടത്താൻ. ക്ഷേത്രത്തിൽ ദേവതയ്ക്ക് അഭിമുഖമായി ഇരുന്ന് കുഞ്ഞിനെ അച്ഛൻ്റെ മടിയിൽ ഇരുത്തി ഇലയിൽ വിളമ്പിയ അന്നം തള്ളവിരലും, മോതിര വിരലും കൊണ്ടെടുത്ത് ഇവിടെ പറയുന്ന മന്ത്രം ജപിച്ചു കുഞ്ഞിന് നൽകണം.

ദാരിദ്ര്യദുഃഖ ദഹന മന്ത്രം

അന്നപൂർണ്ണേ സദാപൂർണ്ണേ
ശങ്കരപ്രാണവല്ലഭേ
ജ്ഞാന വൈരാഗ്യസിദ്ധ്യർത്ഥം
ഭിക്ഷാം ദേഹീ ച പാർവ്വതി

ചോറ് വിളമ്പിയ ഇല മുകളിൽ നിന്ന് താഴേക്ക് മടക്കി ഒരെണ്ണം പോലും താഴെ പോകാതെയും എച്ചിലാക്കാതെയും എടുത്ത് വടക്കോട്ട് നടന്ന് ഇല കളഞ്ഞ ശേഷം കൈയും മുഖവും കഴുകി ക്ഷേത്രത്തിൽ എത്തി മൂർത്തിയെ ദർശിച്ച് വണങ്ങി വീണ്ടും ആദ്യം പറഞ്ഞ ദാരിദ്ര്യദുഃഖ ദഹന മന്ത്രം ജപിക്കണം

വിദ്യാരംഭത്തിന് ഉത്തമോത്തമം അത്തം

ഗുരുതുല്യരായ വ്യക്തിയുടെ മടിയിൽ കുട്ടിയെ ഇരുത്തി ക്ഷേത്രത്തിൽ ദേവതയ്ക്ക് അഭിമുഖമായി ഇരുന്ന് വേണം വിദ്യാരംഭം എന്നാണ് അഭിജ്ഞമതം.

മൂന്ന് വയസ്സിൽ വിദ്യാരംഭം നടത്തണം. ബുധൻ ദിവസം അത്യുത്തമം. വ്യാഴം, വെള്ളി ദിവസങ്ങൾ ഉത്തമം. വെളുത്തപക്ഷം ആണെങ്കിൽ ശ്രേഷ്ഠം. അത്തം വിദ്യാരംഭത്തിന് ഉത്തമോത്തമം. പൂയം ശ്രേഷ്ഠം. അശ്വതി അത്യുത്തമം. പൊതുവേ 16 ഊൺനാളുകളും തിരുവാതിരയും നവമിയും വിദ്യാരംഭത്തിന് കൊള്ളാം. (അമാവാസി വേണ്ട ) സ്ഥിരരാശികളും ബുധമൗഢ്യവും പാടില്ല. ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം രാശികളും അഷ്ടമത്തിൽ ചൊവ്വയും അഞ്ചാ മെടത്തും രണ്ടാമെടത്തും പാപന്മാരും, തിങ്കൾ ചൊവ്വ, ശനി ദിവസങ്ങളും പിറന്നാളും വർജ്ജ്യമാണ്.തിങ്കൾ മദ്ധ്യമമായി എടുക്കാറുണ്ട്

വിജയദശമി ദിവസം എഴുത്തിനിരുത്തുന്നതാണ് ഏറ്റവും നല്ലത്. മറ്റ് ദിവസങ്ങളിൽ വിദ്യാരംഭം നടത്തുമ്പോൾ മുഹൂർത്തം നോക്കണം എന്നാണ് പ്രമാണം. കുഞ്ഞിൻ്റെ നാക്കിൽ ആദ്യം സ്വർണ്ണം കൊണ്ട് ഓം ഹരിശ്രീ ഗണപതയേ നമ: എന്നെഴുതണം. പിന്നീട് ഉരുളിയിൽ നിരത്തിയിട്ടുള്ള ഉണക്കലരിയിൽ ഹരിശ്രീ മുതലുള്ള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും കുട്ടിയുടെ മോതിരവിരൽ കൊണ്ട് എഴുതിക്കണം. എഴുതിക്കുന്ന ആൾ വിദ്യാ ഗോപാല മന്ത്രവും ഹയഗ്രീവ ഗോപാല മന്ത്രവും ജപിക്കണം. വിദ്യാരംഭം നടത്തുന്ന ദിവസം മുതൽ സരസ്വതി ദേവിയുടെ ചിത്രം വീട്ടിൽ വച്ച് നിലവിളക്ക് കൊളുത്തി കുട്ടിയെക്കൊണ്ട് സരസ്വതി സ്തോത്രം ദിവസവും 18 പ്രാവശ്യം ജപിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

വിദ്യാ ഗോപാല മന്ത്രം
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവ്വജ്ഞത്വം പ്രസീദമേ
രമാരമണ വിശ്വേശ
വിദ്യാമാശു പ്രയശ്ചമേ

ഹയഗ്രീവ ഗോപാല മന്ത്രം
ഉൽഗിരിൽ പ്രണവോൽ ഗീഥ
സർവ്വവാഗ്വീരേശ്വര
സർവ്വവേദമയാചിന്ത്യ
സർവ്വംബോധയ ബോധയ

സരസ്വതി സ്തോത്രം
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതുമേ സദാ

മൂന്നു വയസിന് മുമ്പ് മുടി മുറിക്കരുത്

കുഞ്ഞിൻ്റെ മൂന്നാം വയസ്സിൽ മുടി മുറിക്കാം. ഗർഭത്തിൽ വച്ചുള്ള മുടി മൂന്നു വയസ്സിന് മുമ്പ് മുറിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും ഹാനികരമാണത്. ജന്മ മാസവും ജന്മ നക്ഷത്ര ദിവസവും മുടി മുറിക്കരുത് എന്നാണ് വിധി.

കണ്ണെഴുതുന്നത് ഒമ്പതാം ദിവസം

പ്രസവിച്ച് ഒമ്പതാം ദിവസം രാവിലെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം കണ്ണെഴുതണം. കയ്യോന്നിനീരും, നാരങ്ങാനീരും സമം ചേർത്ത മിശ്രിതത്തിൽ മുണ്ടിൻ്റെ തിരശ്ശീല മുക്കി ഉണക്കണം. ഈ തുണി തിരിയാക്കി വെളിച്ചെണ്ണയിൽ വീണ്ടും മുക്കണം. പ്ലാവിൻ വിറകിൻ്റെ ദീപത്തിൽ ഈ തിരി കത്തിച്ച കരി വാഴപ്പോളയിൽ വയ്ക്കണം. കരിയിൽ വെണ്ണ ചേർത്ത് തയ്യാറാക്കുന്ന കൺമഷി വലത് കയ്യിലെ മോതിര വിരൽ കൊണ്ട് കിഴക്കോട്ട് തിരിഞ്ഞു നിന്ന് കുഞ്ഞിൻ്റെ ഇടതു കണ്ണിൽ ആദ്യവും വലതുകണ്ണിൽ പിന്നീടും എഴുതണം.

പേരിടുന്നത് ഇരുപത്തെട്ടാം ദിവസം

കുഞ്ഞിന് ഇരുപത്തെട്ടാം ദിവസം പേരിടണം. ഇതിന് മുഹൂർത്തം നോക്കുന്നത് നല്ലതാണ്. കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച കുഞ്ഞിനെ അച്ഛനോ മുത്തച്ഛനോ മുത്തശ്ശിയോ അമ്മാവനോ മടിയിലിരുത്തി കിഴക്ക് ദർശനമായിരിക്കണം. കുഞ്ഞിൻ്റെ ഇടതു ചെവി വെറ്റില കൊണ്ട് അടച്ചു വച്ച് ആദ്യം വലത് ചെവിയിൽ മൂന്ന് പ്രാവശ്യം പേര് വിളിക്കണം. പിന്നീട് വെറ്റില കൊണ്ട് വലതു ചെവി അടച്ചു വച്ച് ഇടതു ചെവിയിൽ മൂന്ന് പ്രാവശ്യം പേര് വിളിക്കണം. വെറ്റിലയുടെ ഞെട്ട് മുകളിലും വാൽ താഴെയുമായിരിക്കണം. ചെവിയിൽ വിളിച്ച പേര് പിന്നീട് മാറ്റരുത്

തൊട്ടിലിൽ കിടത്തുന്നത് 56 കഴിഞ്ഞ്

കുഞ്ഞിനെ 56 ദിവസം കഴിഞ്ഞേ തൊട്ടിലിൽ കിടത്താവൂ. രോഹിണി തിരുവാതിര, പൂയം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്തൃട്ടാതി ഈ നാളുകളും പ്രഥമയും ഷഷ്ടിയും രിക്തകളും ഒഴിച്ചുള്ള തിഥികളും അഷ്ടമശുദ്ധിയും ശുഭദൃഷ്ടിയുള്ള രാശിയും വെളുത്ത പക്ഷത്തിലെ വ്യാഴാഴ്ച ദിവസവും മഹാവിഷ്ണുവിനെയും പരമശിവനെയും ധ്യാനിച്ച് കുട്ടിയെ ആദ്യമായി തൊട്ടിലിൽ കിടത്താൻ ഉത്തമം.

മഹാമൃത്യുജ്ഞയ മന്ത്രം 18 പ്രാവശ്യം ജപിച്ച് വേണം ആദ്യ ദിവസം തൊട്ടിലിൽ കിടത്തി ആട്ടേണ്ടത്. വീടിൻ്റെ തെക്ക് കിഴക്കേ മൂലയിലുള്ള മുറിയിൽ തൊട്ടിൽ കെട്ടരുത്. തെക്കു പടിഞ്ഞാറെ മൂലയാണ് ഏറ്റവും ഉചിതം. തൊട്ടിലിൽ കുഞ്ഞിൻ്റെ തല തെക്കോട്ടോ കിഴക്കോട്ടോ ആയി വേണം കിടത്താൻ തെക്കോട്ടോ, പടിഞ്ഞാട്ടോ നിന്ന് തൊട്ടിൽ ആട്ടാതിരിക്കാനും തൊട്ടിലിൽ മറ്റ് തുണികൾ ഒന്നും ഇടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കറുത്ത വസ്ത്രങ്ങൾ കൊണ്ട് തൊട്ടിൽ കെട്ടരുത്.

മഹാമൃത്യുജ്ഞയ മന്ത്രം
ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയ മാ മൃതാത്

വീടിനു പുറത്ത് മൂന്നാം മാസത്തിൽ

കുഞ്ഞിനെ ആദ്യമായി വീടിന് പുറത്ത് കൊണ്ടു വരുന്നത് മൂന്നാം മാസത്തിൽ പൗർണ്ണമി പക്ഷത്തിലെ ഞായാഴ്ചയായിരിക്കണം. അന്ന് കുഞ്ഞിനെ പുറത്ത് കൊണ്ടുവന്ന് സൂര്യനെ കാണിക്കണം. വാതിൽ പുറപ്പാട്, നിഷ്ക്രമണം എന്നീ പേരുകളിൽ ഈ ചടങ്ങ് അറിയപ്പെടുന്നു. നാലാം മാസത്തിൽ പൗർണ്ണമി ദിവസം കുഞ്ഞിനെ പുറത്ത് കൊണ്ട് വന്ന് ചന്ദ്രനെ കാണിക്കണം. സൂര്യനേയും ചന്ദ്രനേയും നോക്കി അമ്മയും അച്ഛനും കുഞ്ഞിനെ കയ്യിൽ വച്ചു കൊണ്ട് ആയുർ ഗോപാല മന്ത്രവും മഹാബല ഗോപാല മന്ത്രവും ജപിക്കണം. കുഞ്ഞിൻ്റെ ആരോഗ്യത്തിനും മനോബലത്തിനും ആയുസിനും ഈ ജപങ്ങൾ ഉത്തമമാണ്.

ആയുർ ഗോപാല മന്ത്രം
ദേവകി സുധ ഗോവിന്ദ
വാസുദേവ ജഗൽപതേ
ദേഹി മേ ശരണം കൃഷ്ണ
ത്വാമഹം ശരണം ഗത:

മഹാബല ഗോപാല മന്ത്രം
നമോ വിഷ്ണവേ സുരപതയേ
മഹാബലായ നമഃ

കാത് കുത്തിന് 12 നക്ഷത്രങ്ങൾ

ജനിച്ച് ഏഴാം മാസത്തിലും എട്ടാം മാസത്തിലും ഒന്ന്, മൂന്ന്, അഞ്ച് വയസ്സുകളിലും മാത്രമേ കാത് കുത്താവൂ. പ്രത്യേക മുഹൂർത്തം നോക്കണം. രേവതി, ഉത്രം, ഉത്രാടം, പൂരുരുട്ടാതി, തിരുവാതിര, പുണർതം, പൂയം, തിരുവോണം, അവിട്ടം, അത്തം, മകയിരം, ചിത്തിര എന്നീ 12 നക്ഷത്രങ്ങൾ സ്വീകരിക്കാം. ചിങ്ങം, വൃശ്ചികം, കുംഭം രാശികളും കുട്ടിയുടെ ജന്മാനുജന്മ നക്ഷത്രങ്ങളും പാടില്ല. കാതു കുത്തിയ ശേഷം അവിടെ ഉടൻ തന്നെ വെണ്ണ പുരട്ടണം. ആദ്യം വലതു കാതിലും പിന്നീട് ഇടതു കാതിലും. വടക്കോട്ട് ദർശനമായി നിന്ന് വേണം കമ്മൽ ഇടേണ്ടത്.

ജോതിഷി പ്രഭാസീന.സി.പി,
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി ഒ, പിണറായി, കണ്ണൂർ
Email ID prabhaseenacp@gmail.com)


error: Content is protected !!
Exit mobile version