Saturday, 23 Nov 2024

ചോറൂണ് 148 ദിവസം കഴിഞ്ഞ് ; കാതുകുത്ത് 3, 5 വയസിൽ

പലരുടെയും സംശയമാണ് കുഞ്ഞുങ്ങൾക്ക് എപ്പോഴാണ് ചോറൂണ് അഥവാ അന്നപ്രാശനം നടത്തേണ്ടത് ? എത്രാമത്തെ വയസിലാണ് കാതു കുത്തേണ്ടത് ?
ജീവിതം തിരക്കേറിയതായതോടെ,  ഒട്ടേറെപ്പേർ അന്യദേശത്തോ വിദേശത്തോ സ്ഥിരതാമസമാക്കിയതോടെ ഇത്തരം ചടങ്ങുകൾക്ക് അത്ര വലിയ പ്രാധാന്യം നല്കാൻ  കഴിയാത്ത അവസ്ഥയിലാണ്.  എന്നാലും അധികമാരും ഇതൊന്നും ഒഴിവാക്കാറില്ല. സാഹചര്യത്തിന് അനുസരിച്ച് കഴിയുന്നതു പോലെ നടത്താറുണ്ട്. ഒരു കുഞ്ഞിന്റെ ജീവിതത്തിലെ അതിപ്രധാനമായ  ചടങ്ങാണ് ചോറൂണ്. കുഞ്ഞ് ജനിച്ച് 148 ദിവസത്തിന് മുമ്പ്  ഒരു കാരണവശാലും  നടത്താൻ പാടില്ലഎന്നാണ് വിധി. 148 തികയുന്ന ഈ ദിവസത്തിന് ദേവകി എന്നാണ് പറയുന്നത്. 148 ദിവസം കഴിഞ്ഞാൽ 182 ദിവസം വരെയുള്ള  ഏതു ദിവസവും വാരവും തിഥിയും നക്ഷത്രവും നോക്കി ചോറൂണ് നടത്താം. 182തികയുന്ന ദിവസം രജകി ആണ്. ദേവകിക്കും രജകിക്കും മദ്ധ്യേ വേണം ചോറൂണ് എന്നാണ് പ്രമാണം. 
ചോറൂണ്  ക്ഷേത്രത്തിൽ വച്ച് നടത്തുന്നതാണ് ഏറ്റവും ഉത്തമം. ക്ഷേത്രത്തിൽ ചോറു കൊടുക്കുമ്പോൾ മുഹൂർത്തം നോക്കുന്നതിന് പ്രാധാന്യമില്ല. അതിന് കഴിയാത്ത സാഹചര്യത്തിൽ ശുദ്ധിയും വൃത്തിയും പാലിച്ച് വീട്ടിലും നടത്താം. പലരും ചോറൂണിന് ഏതെങ്കിലും ക്ഷേത്രം നേരത്തെ നേർച്ച പറയാറുണ്ട്. ഇങ്ങനെ നേർച്ച പറഞ്ഞാൽ കൃത്യമായും അതു പാലിക്കേണ്ടതാണ്. നേർച്ച പാലിക്കപ്പെടാതിരുന്നാൽ കുഞ്ഞിന് ദോഷമാണെന്ന് വിശ്വസിക്കപ്പെടുന്നു. നേർച്ച പാലിക്കാത്ത പലരെയും പലവിധത്തിൽ ആരാധനാ മൂർത്തികൾ തന്നെ        ഓർമ്മിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാകാറുണ്ട്.അതിനാൽ നേർച്ച പറഞ്ഞ ക്ഷേത്രമുണ്ടെങ്കിൽ അതു മുടക്കരുത്. അതിന് ഏന്തെങ്കിലും കാരണവശാൽ നിവർത്തി ഇല്ലാത്തപക്ഷം അപ്പോൾ മന‌സിൽ വരുന്ന ക്ഷേത്രത്തിൽ വച്ച് നടത്താം. ഭഗവാന്റെ നേദ്യമാണ് കുഞ്ഞുങ്ങൾക്ക് അന്നപ്രാശനത്തിന് നൽകുന്നത് എന്നതുതന്നെയാണ് ക്ഷേത്രത്തിൽ  ചോറൂണ് നടത്തുന്നതിന്റെ പ്രാധാന്യം. ചോറു കൊടുത്ത ശേഷം കുഞ്ഞിന് ഒരു തുലാഭാരം കൂടി ചെയ്യുന്നത് നല്ലതാണ്.
148 ദിവസം കഴിഞ്ഞ്  182 ദിവസത്തിനിടയിൽ വേണം ചോറു കൊടുക്കാൻ. ദിനപ്രകാരമുള്ള കണക്കാണ്  ഇവിടെ പറഞ്ഞത്.  എന്നാൽ മാസം  നോക്കിയാണ് കൂടുതൽ പേരും അന്നപ്രാശനം  നടത്തുന്നത്.  . അങ്ങനെയാണെങ്കിൽ ആറാം മാസത്തിലാണ് ചോറു കൊടുക്കേണ്ടത്. അപ്പോൾ കൊടുത്തില്ലെങ്കിൽ ഏഴാം മാസത്തിൽ ചോറുകൊടുക്കരുത്. പിന്നീട് ഏതു മാസം വേണമെങ്കിലും കൊടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചോറു കൊടുക്കുന്നതിന് യാതൊരു വ്യത്യാസവും നോക്കേണ്ടതില്ല.
അർദ്ധരാത്രിയിലോ ജന്മനക്ഷത്രദിവസങ്ങളിലോ ചോറു കൊടുക്കരുത്. തൃക്കേട്ട, ഭരണി, തിരുവാതിര, ആയില്യം, മകം, കാർത്തിക, പൂരാടം, പൂരം, പൂരുരുട്ടാതി, വിശാഖം, മൂലം എന്നീ നക്ഷത്രങ്ങളിൽ ചോറൂണ് നടത്തരുത്. വീട്ടിലാണ്  ചോറൂണെങ്കിൽ  മാതാപിതാക്കൾക്കോ  അവരുടെ അച്ഛനമ്മമാർക്കോ  കുഞ്ഞിന്റെ അന്നപ്രാശം നടത്താം. മുഹൂർത്തം നോക്കുകയും വേണം.
കുഞ്ഞുങ്ങളുടെ കാതുകുത്തുന്നതിന്  3,5 വയസാണ് വിധിച്ചിട്ടുള്ളത്. ഒറ്റസംഖ്യാ വയസാണ് ഏറ്റവും നല്ലത്.  അതായത് ഒന്നു  മുതൽ ഒമ്പതു വയസ് വരെ. ഇതിൽ തന്നെ 3 വയസ്‌, 5 വയസ്‌ ഇവയാണ് ഏറ്റവും ഉത്തമം. ഉത്രം, ഉത്രാടം, രേവതി, ഉത്തൃട്ടാതി, തിരുവാതിര, പുണർതം, പൂയം, തിരുവോണം, അത്തം, അവിട്ടം, മകയിരം, ചിത്തിര എന്നീ നക്ഷത്രങ്ങൾ ആണ് കാതുകുത്തലിന് നല്ലത്. കാതു കുത്താനുള്ള സമയം ഏതെങ്കിലും ജ്യോതിഷനെ കൊണ്ട് ഗണിപ്പിച്ചു വേണം  ചെയ്യാൻ. ഈ ദിവസം രാവിലെ ദേവീക്ഷേത്രത്തിൽ കുഞ്ഞിന്റെ പേരിൽ പൂജകളോ അർച്ചനകളോ നടത്തുന്നത് നല്ലതാണ്.

സരസ്വതി ജെ. കുറുപ്പ്

+91 90745 80476

error: Content is protected !!
Exit mobile version