Friday, 22 Nov 2024

ചോറ്റാനിക്കര അമ്മയെ തൊഴുതാൽശത്രുദോഷവും ബാധകളും രോഗവും ഒഴിയും

മംഗള ഗൗരി
മൂകാംബികയിൽ ഭജനമിരുന്ന ശങ്കരാചാര്യർ  കേരളത്തിലേക്ക് ആനയിച്ച  ദേവിയാണ് ചോറ്റാനിക്കര ഭഗവതി. പഴയ കേരളത്തിലെ 64 നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്നായ വേന്ദനാടിന്റെ ഗ്രാമക്ഷേത്രമായ ചോറ്റാനിക്കര ക്ഷേത്രത്തിൽ സ്വയംഭൂ വിഗ്രഹമാണുള്ളത്. ഇവിടുത്തെ വിഗ്രഹത്തിൽ വിഷ്ണു ചൈതന്യം കൂടിയുള്ളതിനാൽ  ലക്ഷ്മീനാരായണനായും ഈ മൂർത്തിയെ സങ്കല്പിക്കുന്നു. അതുകൊണ്ടാണ് അമ്മേ നാരായണ ലക്ഷ്മീ നാരായണ എന്ന് ദേവിയെ സ്തുതിക്കുന്നത്. ലക്ഷ്മീനാരായണനായി ദേവി വസിക്കുന്നത് മേലേക്കാവിലാണ്; ഭദ്രകാളിയായി കിഴേക്കാവിലും അധിവസിക്കുന്നു. കീഴേക്കാവിലെ ഭദ്രകാളിയെ പ്രതിഷ്ഠിച്ചത് വില്വമംഗലം സ്വാമിയാരാണ്.

മനോരോഗവും ശത്രുദോഷവും മാറും

മനോരോഗശാന്തിക്കും ബാധാദോഷനിവാരണത്തിനും ശത്രുദോഷനിവാരണത്തിനും പ്രസിദ്ധമായ ക്ഷേത്രമാണ് ചോറ്റാനിക്കര. ഇവിടെ ഭജനമിരുന്നാൽ ബാധാദോഷ ശാന്തിയും മനോരോഗശാന്തിയും സിദ്ധിക്കും. ശത്രുദോഷ നിവാരണത്തിന് കീഴേക്കാവിൽ ഗുരുതിയുണ്ട്. നിത്യവും ഏറ്റവുമധികം ഭക്തർ എത്തിച്ചേരുന്ന കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര. ദിവസവും ഗുരുതി നടക്കുന്ന കേരളത്തിലെ 2 കാളീ ക്ഷേത്രങ്ങളിൽ ഒന്നിതാണ്; മറ്റൊന്ന് തിരുവനന്തപുരം ചെന്തിട്ട ഭഗവതി ക്ഷേത്രമാണ്. 

ലക്ഷ്മീ നാരായണൻ പ്രധാന മൂർത്തി

മേൽക്കാവ്, കീഴ്ക്കാവ് എന്നു രണ്ടു ഭാഗങ്ങൾ ഈ ക്ഷേത്രത്തിനുള്ളതിൽ മേൽക്കാവിൽ രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകിട്ട് ദുർഗയായും ദേവിയെ സങ്കൽപ്പിച്ചു പൂജിക്കുന്നു.  108 ദുർഗ്ഗാലയങ്ങളിൽപ്പെട്ടതാണ് ചോറ്റാനിക്കര മേൽക്കാവും കീഴ്ക്കാവും. ലക്ഷ്മീ നാരായണനാണ് പ്രധാന മൂർത്തി. സ്വയംഭൂ സങ്കൽപ്പം. വെട്ടുകല്ലിലുള്ള വിഗ്രഹത്തിന്   ഒന്നരക്കോൽ ഉയരം. ഇതോടു ചേർന്ന് കൃഷ്ണശിലയിൽ തീർത്ത ചെറിയ ശ്രീനാരായണ വിഗ്രഹമുണ്ട്. ഈ ലക്ഷ്മീനാരായണവിഗ്രഹത്തെ ലക്ഷ്മിയായും സരസ്വതിയായും ദുർഗ്ഗയായും ഭക്തർ സങ്കൽപ്പിക്കുന്നു. ദേവിക്ക് രാവിലെ വെളുപ്പും ഉച്ചയ്ക്ക് ചുവപ്പും വൈകിട്ട് നീലയും പട്ട് ചാർത്തുന്നു. യഥാക്രമം സരസ്വതി, ഭദ്രകാളി, ദുർഗ്ഗ എന്നീ സങ്കൽപ്പത്തിലാണ് ചെയ്യുന്നത്. ശ്രീകോവിലിൽ ബ്രഹ്മാവ്, മഹാവിഷ്ണു, ശിവൻ, സുബ്രഹ്മണ്യൻ, ഗണപതി, ശാസ്താവ് എന്നിവരുടെ പ്രതിഷ്ഠകളുണ്ട്. ഈ മൂർത്തികൾക്കും പൂജകൾ ശ്രീകോവിലിനുള്ളിൽ നടത്തുന്നു.

മൂകാംബികാ സാന്നിധ്യം

മൂകാംബികദേവിയുടെ സാന്നിധ്യം ഇവിടുള്ളതായി ഭക്തജനങ്ങൾ വിശ്വസിക്കുന്നു. ശാസ്താവിന്റെതായി ഒരു ശ്രീകോവിലും നാലമ്പലത്തിൽ പടിഞ്ഞാറ് ദർശനമായി വടക്കു കിഴക്കേ മൂലയിലുണ്ട്. ഇവിടെ കൃഷ്ണശിലാ വിഗ്രഹമാണ്. പൂർണപുഷ്‌കലാസമേത ശാസ്താവെന്ന് സങ്കൽപ്പം. നാലമ്പലത്തിനു വെളിയിൽ മതിലിനുള്ളിൽ തെക്കു പടിഞ്ഞാറേ മൂലയോടടുത്ത് കിഴക്കോട്ടു ദർശനമായി ശിവന് ഒരു കോവിലുണ്ട്. കപാലീശ്വരമൂർത്തി എന്ന സങ്കൽപത്തിലുള്ള ശിവലിംഗമാണ് ഇവിടെ. തിരുവാങ്കുളത്തു നിന്നു കൊണ്ടുവന്നതത്രേ ഈ പ്രതിഷ്ഠ. കീഴ്ക്കാവിൽ ഭദ്രകാളിയെയാണു പ്രതിഷ്ഠിച്ചിട്ടുള്ളത്. ചുണ്ണാമ്പും മഞ്ഞളും ചേർത്ത ഗുരുതിയാണ് ഇവിടത്തെ വഴിപാട്. ഇവിടെയെത്തുന്ന മാനസികവിഭ്രാന്തിയുള്ളവർ ഉറഞ്ഞുതുള്ളിക്കൊണ്ട് കീഴ്ക്കാവിനടുത്തുള്ള പാലവൃക്ഷത്തിൽ ആണിയടിച്ചാൽ ബാധയൊഴിയുമെന്നു വിശ്വാസമുണ്ട്.

സ്ത്രീകൾക്ക് മകംതൊഴാം

കുംഭത്തിലെ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടെ ഉത്സവം നടത്തുന്നു. ഓരോ ദിവസവും പ്രത്യേകം ആറാട്ട് എന്ന സവിശേഷതയുണ്ട് ഇവിടെ. കുംഭമാസത്തിലെ മകം നാളിൽ സ്ത്രീകൾ മകംതൊഴാനായി ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. ഈനാളിലാണ് വില്വമംഗലം ക്ഷേത്രത്തിലെത്തിയതെന്നും അദ്ദേഹത്തിനു ദേവീദർശനമുണ്ടായതെന്നുമുള്ള വിശ്വാസമനുസരിച്ചാണ് ആ ദിവസം മകം തൊഴൽ ആഘോഷിക്കുന്നത്.

പുരുഷന്മാർക്ക് പൂരം
സ്ത്രീകൾക്കു മകം തൊഴൽപോലെ പുരുഷന്മാർ പൂരം നാൾ പ്രാധാന്യം കൽപിച്ചു തൊഴാനെത്തുന്നു. പൂരം നാളിൽ കീഴ്ക്കാവിൽ നിന്നു ദേവിയെ പൂരപ്പറമ്പിലേക്ക് എഴുന്നള്ളിക്കുന്നു. ഏഴ് ആനപ്പുറത്താണ് എഴുന്നള്ളിപ്പ്. ചോറ്റാനിക്കര ദേവി, കീഴ്ക്കാവിൽ ദേവി, ഓണക്കൂർദേവി, കുഴേറ്റിൽ ദേവി എന്നിവരും വിഷ്ണുവിന്റെ രണ്ടു രൂപത്തിലുള്ള തിടമ്പും ശാസ്താവിന്റെ തിടമ്പുമാണ് 7 ആനപ്പുറത്ത് എഴുന്നള്ളിക്കുന്നത്. ബാധ ഒഴിപ്പിക്കൽ പണ്ടു പണ്ടേ നടത്തി വരുന്നതാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം.

Story Summary: Chottanikkara Bhagavati Temple: Deities, Significance and Main Festivals 

error: Content is protected !!
Exit mobile version