Monday, 8 Jul 2024

ജപമാല ഗുരുവിൽ നിന്ന് വാങ്ങണം; ഈ മന്ത്രങ്ങൾ ആർക്കും ജപിക്കാം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

പുല, വാലായ്മ തുടങ്ങിയവ ഉള്ളപ്പോഴും അശുദ്ധിയുടെ ദിവസങ്ങളിലും മന്ത്രജപം പാടില്ല. വീട്ടിൽ പൂജമുറിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്തവർക്ക് ശുദ്ധിയും വൃത്തിയുമുള്ള സൗകര്യപ്രദമായ ഏതൊരു സ്ഥലത്തിരുന്നും ജപം നടത്താം. വീട്ടിലുള്ള ഏതു മുറിയാണെങ്കിലും ആ മുറി തൂത്തു വൃത്തിയാക്കി, അൽപം വെള്ളം തളിച്ചു ശുദ്ധമാക്കി വിളക്ക് കൊളുത്തി വച്ച് അവിടിരുന്ന് മന്ത്രം ജപിക്കാം. വീട്ടിൽ അതിനുള്ള സൗകര്യം പോലുമില്ലെങ്കിൽ വിളക്ക് കത്തിച്ചു വയ്ക്കാതെ പോലും ജപം നടത്താവുന്നതാണ്.

രാവിലെ ചെയ്യുന്ന എല്ലാ ജപങ്ങൾക്കും കിഴക്ക് ദർശനമായും വൈകിട്ട് ചെയ്യുന്ന എല്ലാ ജപങ്ങൾക്കും പടിഞ്ഞാറ് ദർശനമായും ഇരുന്നാണ് ജപിക്കേണ്ടത്. പൂജാമുറിയിലെ ചിത്രങ്ങൾക്ക് മുൻപിലിരുന്നാണ് ജപിക്കുന്നതെങ്കിൽ ദിക്ക് നോക്കേണ്ടതില്ല. രണ്ടു നേരവും പൂജാമുറിയിലെ ചിത്രങ്ങൾക്കു മുൻപിൽ അഭിമുഖമായിരുന്ന് ജപിക്കാം. പ്രത്യേകിച്ച് പൂജാമുറിയായി ഇല്ലെങ്കിൽ മേൽപറഞ്ഞ ദിക്കുകൾ അഭിമുഖമായിരുന്നു വേണം ജപിക്കേണ്ടത്.

ജപിക്കുന്ന സമയത്ത് ജപസംഖ്യയുടെ എണ്ണം കണക്കാക്കാൻ നമ്മുടെ കൈയിലെ വിരലുകൾ നിവർത്തിയും മടക്കിയും പിടിക്കാവുന്നതാണ്. അതല്ലെങ്കിൽ ജപമാല ഉപയോഗിക്കാം. എന്നാൽ ശുദ്ധമായ ജപമാല ഒരു ഗുരുനാഥൻ്റെ കൈയ്യിൽ നിന്ന് തന്നെ സ്വീകരിക്കണം. പ്രത്യേകിച്ച് ഒരു ഗുരുനാഥനില്ലെങ്കിൽ ആചാര്യ സ്ഥാനത്തുള്ള ഒരു വ്യക്തിയുടെ കൈയ്യിൽ ഒരു നല്ല മാല വാങ്ങി കൊടുത്തിട്ട് അവരിൽ നിന്നും അത് ഏറ്റുവാങ്ങാം. സ്ഥടികം, രുദ്രാക്ഷം, തുളസി , രക്തചന്ദനം തുടങ്ങിയവയുടെ മുത്തുകൾ കോർത്ത മാല ജപത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. ജപമാല അലക്ഷ്യമായി വയ്ക്കാൻ പാടില്ല; അശുദ്ധമാക്കാൻ പാടില്ല. അത് പൂജാമുറിയിൽ തന്നെ സൂക്ഷിക്കണം. കഴുത്തിൽ അണിയണമെങ്കിൽ അണിയാം. പക്ഷെ ശുദ്ധിയും വൃത്തിയും സൂക്ഷിക്കണം. ഗുരുവിന്റെ ഉപദേശമില്ലാതെ മന:ശുദ്ധി, ശരീരശുദ്ധി, ഏകാഗ്രത, ശ്രദ്ധ, ഭക്തിഭാവം, വിശ്വാസം എന്നീ നിഷ്ഠകളോടെ ആർക്കും ജപിക്കാവുന്ന മന്ത്രങ്ങളാണ് സിദ്ധമന്ത്രങ്ങള്‍. ഗായത്രി മന്ത്രവും ഇത്തരത്തിൽ ആർക്കും ജപിക്കാം. ഒരോ ഗ്രഹങ്ങൾക്കും ദേവതകൾക്കുമുള്ള ഗായത്രികളെല്ലാം തന്നെ ഇങ്ങനെ ജപിക്കാം.

ഏത് മന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ് എന്നിവയുണ്ട്. മന്ത്രം ആദ്യം ദർശിച്ച ഗുരുവാണ് ഋഷി. മന്ത്രത്തിലൂടെ ആരാധിക്കുന്ന ദേവത ഏതാണോ അതാണ് ദേവത. ഉച്ചാരണരീതി വ്യക്തമാക്കുന്നതാണ് ഛന്ദസ്. മന്ത്രങ്ങളെ സ്ത്രീ, പുരുഷ, നപുംസക മന്ത്രങ്ങളായി തിരിച്ചിട്ടുണ്ട്. അഭിവൃദ്ധിക്കും രോഗശാന്തിക്കും ഉപയോഗിക്കുന്നത് സ്ത്രീ മന്ത്രങ്ങൾ; ഇത് സ്വാഹാ, വൌഷ്ട് എന്നിവയിൽ അവസാനിക്കുന്നു. ശക്തി കൂടിയ, ദോഷങ്ങൾ അകറ്റുന്നതിനുള്ളത് പുരുഷമന്ത്രങ്ങൾ; ഫട്, വഷ്ട് എന്നിങ്ങനെ ഇത് അവസാനിക്കുന്നു. സർവ്വം സമർപ്പണത്തിനുള്ള നമ:, ഹും എന്നിവയിൽ അവസാനിക്കുന്നവയാണ് നപുംസക മന്ത്രങ്ങൾ.

പ്രധാന സിദ്ധമന്ത്രങ്ങള്‍

1 ഓം ഗം ഗണപതയേ നമ:

2 ഓം നമ: ശിവായ

3 ഓം നമോ നാരായണായ

4 ഓം നമോ ഭഗവതേ വാസുദേവായ

5 ഹരി ഓം

6 ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

(മന്ത്രജപം എങ്ങനെ വേണം, മന്ത്രം മുറിഞ്ഞാൽ എന്തു പറ്റും , മന്ത്രം എത്ര തവണ ജപിച്ചാൽ ഫലസിദ്ധിയുണ്ടാകും – ഇവ ഈ പരമ്പരയിൽ മുൻപ് രണ്ടു ഭാഗമായി പോസ്റ്റ് ചെയ്തിരുന്നു )

error: Content is protected !!
Exit mobile version